ന്യൂഡല്‍ഹി:251 രൂപയ്ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച റിങ്ങിങ് ബെല്‍ കമ്പനി പ്രതിസന്ധിയില്‍. മോഹിത് ഗോയല്‍ എം ഡി സ്ഥാനവും, ഇദ്ദേഹത്തിന്റെ ഭാര്യ ധര്‍ന ഡയറക്ടര്‍ സ്ഥാനവും രാജിവെച്ചു. ഓഫര്‍ പ്രഖ്യാപിച്ച ശേഷം വലിയ പ്രതിസന്ധിയിലെത്തിയ കമ്പനിയുടെ നോയിഡയിലെ ഓഫീസ് രണ്ടാഴ്ചയായി അടഞ്ഞു കിടക്കുകയാണ്. ഇതോടെ ഫോണ്‍ ബുക്ക് ചെയ്തവരെല്ലാം നിരാശരായിരിക്കുകയാണ്.
കമ്പനി പൂട്ടി എന്ന വാർത്ത പരന്നതോടെ ഡീലർമാരാണ് കുടുങ്ങിയിരിക്കുന്നത്.കുറച്ചു നാളായി റിങ്ങിങ് ബെല്സിന്റെ വിവരമൊന്നുമില്ലെന്നു അവർ പറഞ്ഞു.നോയിഡയിലെ ഫേസ് 3 പോലീസ് സ്‌റ്റേഷനില്‍ റിങ്ങിങ് ബെല്‍സിനെതിരെ ഐ പി സി സെക്ഷന്‍ 420, ഐ ടി ആക്ടിലെ 66 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ 251 രൂപയ്ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഫ്രീഡം 251 എന്ന ഇവരുടെ വെബ്‌സൈറ്റ് വഴി നിരവധി പേരാണ് ഫോണ്‍ ബുക്ക് ചെയ്തത്.
നേരത്തെ തന്നെ കമ്പനിക്കെതിരെ മറ്റു ചില സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ രംഗത്ത് വന്നിരുന്നു. ഒരിക്കലും ഈയൊരു തുകയ്ക്ക് സ്മാര്‍ട് ഫോണ്‍ നിര്‍മിക്കാന്‍ കഴിയില്ലെന്നായിരുന്നു മറ്റു കമ്പനികള്‍ പറഞ്ഞത്. എന്നാല്‍ 251 രൂപക്ക് ഫോണ്‍ വില്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് 35 രൂപയോളം ലാഭം കിട്ടുമെന്നായിരുന്നു റിങ്ങിങ് ബെല്ലിന്റെ അവകാശ വാദം.
ഫ്രീഡം 251 അറിയിപ്പ് വന്നതിനു ശേഷം 7 കോടി ജനങ്ങൾ ഇതിനു വേണ്ടി രജിസ്റ്റർ ചെയ്തു,30,000 ജനങ്ങൾ അഡ്വാൻസ് പേയ്‌മെന്റും നടത്തി.ഫ്രീഡം 251-ലൂടെ പ്രതിസന്ധിയിലായിരിക്കുന്നത് ഡീലർമാർ തന്നെ.തങ്ങളുടെ കൈയിൽ വിശ്വസിച്ച് അഡ്വാൻസ് തന്ന ജനങ്ങളോട് ഉത്തരം പറയാനാകാതെ കുഴങ്ങിയിരിക്കുകയാണിവർ.