മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനിടെ മുംബൈ തീരത്ത് ബാര്‍ജുകള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 22പേര്‍ മരിച്ചെന്ന് സ്ഥിരീകരണം. 65പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് നാവികസേന അറിയിച്ചു. പി305 ബാര്‍ജില്‍ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്.ദുഷ്‌കമരായ കാലാവസ്ഥയെ അതിജീവിച്ച് നടത്തിയ തെരച്ചിലില്‍ ഈ ബാര്‍ജിലുണ്ടായിരുന്ന 186പേരെ രക്ഷപ്പെടുത്തിയെന്നും നാവികസേന അറിയിച്ചു. ടഗ്‌ബോട്ടായ വാരപ്രദയിലുണ്ടായിരുന്ന രണ്ടുപേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. മരിച്ച 22പേരുടെയും മൃതദേഹങ്ങള്‍ മുംബൈ തീരത്ത് എത്തിച്ചു. യുദ്ധക്കപ്പലായ ഐഎന്‍എസ് കൊച്ചിലിയിലാണ് മൃതദേഹങ്ങല്‍ എത്തിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മറ്റുള്ളവരെയും തിരികെയെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണെന്നും നേവി അറിയിച്ചു. നാവികസേനയുടെ ടഗ്ഗുകളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെ യുദ്ധക്കപ്പലുകളായ ഐന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി എന്നിവയാണ് തെരത്തില്‍ നടത്തുന്നത്.ഒഴുക്കില്‍പ്പെട്ട ജിഎഎല്‍ കണ്‍സ്ട്രക്ഷന്‍ ബാര്‍ജിലുണ്ടായിരുന്ന 137പേരേയും എസ്‌എസ് 3 ബാര്‍ജിലുണ്ടായിരുന്ന 101പേരേയും രക്ഷപ്പെടുത്തി.ടൗാട്ടെ ചുഴലിക്കാറ്റ് തീരം തൊടുന്നതിന് തൊട്ടുമുന്‍പാണ് അപകടം നടന്നത്. ഓഫ്‌ഷോര്‍ ട്രഞ്ചിങ് നത്തിക്കൊണ്ടിരുന്ന ബാര്‍ജുകളാണ് ശക്തമായ തിരമാലകളില്‍പ്പെട്ട് ഒഴുക്കില്‍പ്പെട്ടത്.ശക്തമായ കാറ്റും, മഴയും തീരമായും ഉണ്ടായിരുന്നതിനാല്‍ കപ്പലുകളില്‍ നിന്ന് ഹെലികോപ്ടര്‍ ഉപയോഗപ്പെടുത്തിയുള്ള രക്ഷാപ്രവര്‍ത്തനം അസാധ്യമായിരുന്നു. പ്രതികൂലമായ കാലാവസ്ഥയില്‍ രക്ഷാബോട്ടുകള്‍ കടലിറക്കാന്‍ സാധിക്കാതെ വന്നത് അപകടത്തിന്റെ ആഘാതം കൂട്ടി.സാഹചര്യം പ്രതികൂലമാണെന്ന് കണ്ടയുടനെ തന്നെ തൊഴിലാളികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ തങ്ങളോട് ലൈഫ് ജാക്കറ്റ് ധരിച്ച് കടലിലേക്ക് ചാടാന്‍ നിര്‍ദേശിച്ചതായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സതീഷ് നര്‍വാദ് പറഞ്ഞു. ബാര്‍ജിന് നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയിലായിരുന്നു അത്. തക്കസമയത്ത് തന്നെ സഹായമെത്തിയതിനാൽ തന്നെപ്പോലെ ഒരുപാട് പേര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയതായും സതീഷ് കൂട്ടിച്ചേര്‍ത്തു.
ടൗട്ടെ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് നിയന്ത്രണം വിട്ട് മുങ്ങിയ ബാര്‍ജിലുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു;183 പേരെ നേവി കരയ്ക്കെത്തിച്ചു; 79 പേർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് നിയന്ത്രണം വിട്ട് മുങ്ങിയ ബാര്‍ജിലുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 79 ജീവനക്കാരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്.ബാര്‍ജിലുണ്ടായിരുന്ന 261 പേരില്‍ 183 പേരെ നേവി കരയ്ക്കെത്തിച്ചു. മുംബൈ തീരത്ത് നിന്ന് 80 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് അപകടം. നേവിയുടെ മൂന്ന് കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.മുംബൈ തീരത്തോടടുത്തായി ഒരു ഒഎന്‍ജിസി ഓയില്‍ റിഗ്ഗ്, നാല് കപ്പലുകള്‍ മറ്റൊരു ചരക്കുകപ്പല്‍ എന്നിവയാണ് ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ടത്. ഇതില്‍ നാല് കപ്പലുകളും ഒഎന്‍ജിസിയുടെ ഓഫ്‌ഷോറിലേക്ക് ജീവനക്കാരെയും സാധനങ്ങളും എത്തിക്കുന്നതിനായി സര്‍വീസ് നടത്തുന്നവയാണ്. രക്ഷപ്പെടുത്തിയവരില്‍ മിക്കവരും ഒഎന്‍ജിസി ഓഫ്‌ഷോര്‍ സൈറ്റില്‍ കോണ്‍ട്രാക്റ്റര്‍മാരുടെയും സബ് കോണ്‍ട്രാക്റ്റര്‍മാരുടെയും കീഴില്‍ ജോലിചെയ്യുന്ന ജീവനക്കാരാണ്.അതേസമയം ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലും കേന്ദ്രഭരണ പ്രദേശമായ ദമന്‍ ദിയു മേഖലകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വ്യോമനിരീക്ഷണം നടത്തും. തുടര്‍ന്ന് അഹമ്മദാബാദില്‍ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
കൊലപാതകക്കേസ്;സുശീല്‍ കുമാറിനെ കണ്ടെത്തുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്
ന്യൂഡല്‍ഹി: കൊലപാതക കേസില്‍ പ്രതിയാണെന്ന് സംശയിക്കുന്ന ഒളിംപിക്‌സ് മെഡല്‍ ജേതാവും ഗുസ്‌തി താരവുമായ സുശീല്‍ കുമാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡൽഹി പൊലീസ്.രണ്ടാഴ്‌ച മുന്‍പ് മേയ് നാലിന് ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്ബ്യൻ സാഗര്‍ റാണ(23)യുടെ മരണത്തെ തുടര്‍ന്നാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയത്.ന്യൂഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗറിനും കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റത്. ആശുപത്രിയില്‍ വെച്ച് സാഗര്‍ മരിച്ചു. സാഗറിന്‍റെ കൂടെയുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത് സംഭവം നടക്കുമ്പോൾ സുശീല്‍ കുമാര്‍ സ്ഥലത്തുണ്ടായിരുന്നു എന്നാണ്. സുശീല്‍ കുമാറിനെ കുറിച്ച് സാഗര്‍ മോശമായി പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സുശീലിനെ ഇതുവരെ കണ്ടെത്താനായില്ല. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയത്.സുശീലിനൊപ്പം അന്ന് കുറ്റകൃത്യത്തില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന അജയ് എന്നയാളെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപയും പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.തനിക്കും കൂട്ടുകാർക്കും സംഭവത്തില്‍ പങ്കില്ലെന്നായിരുന്നു മേയ് 5ന് സുശീല്‍ പറഞ്ഞത്.കേസിലെ പ്രതികള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും സുശീല്‍ കുമാറിനെ പിടികൂടാന്‍ കഴിഞ്ഞില്ല. സുശീലിനായി ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഹരിദ്വാറിലും ഋഷികേശിലും സുശീലിനെ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിയെങ്കിലും പിടികൂടാനായില്ല. സുശീല്‍ കുമാര്‍ ഒളിത്താവളം മാറിക്കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ഗുസ്‌തിയില്‍ വെളളി മെഡലും 2016 ബീജിംഗ് ഒളിംപിക്‌സില്‍ വെങ്കല മെഡലും നേടിയ മികച്ച താരമാണ് സുശീല്‍ കുമാര്‍.
മുംബൈ തീരത്ത് ആഞ്ഞടിച്ച് ടൗട്ടേ ചുഴലിക്കാറ്റ്; ഒഎന്‍ജിസി ബാര്‍ജുകള്‍ അപകടത്തില്‍ പെട്ട് 127 പേരെ കാണാതായി
മുംബൈ: മുംബൈ തീരത്ത് കനത്ത നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ്.ചുഴലിക്കാറ്റില്‍ പെട്ട് ഒഎന്‍ജിസി ബാര്‍ജുകള്‍ മുങ്ങി 127പേരെ കാണാതായി. മൂന്നു ബാര്‍ജുകളിലായി നാനൂറിലേറെപ്പേര്‍ ഉണ്ടായിരുന്നപ്പോഴാണ് അപകടമുണ്ടായത്. 147 പേരെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അറബിക്കടലില്‍ മുംബൈ തീരത്തിന് സമീപം തിങ്കളാഴ്ച വൈകീട്ടാണ് ബാര്‍ജുകള്‍ മുങ്ങിയത്. ഗുജറാത്ത് തീരത്ത് 185 കിലോമീറ്റര്‍ വേഗതയില്‍ അതിതീവ്ര ചുഴലിക്കാറ്റ് വീശയടിക്കുന്നതിന് തൊട്ടുമുന്‍പാണ് ബാര്‍ജുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്. മൂന്ന് ബാര്‍ജുകളില്‍ ഉണ്ടായിരുന്ന 410 പേരെ രക്ഷിക്കണമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാവികസേന മൂന്ന് കപ്പലുകളെയാണ് രക്ഷാദൗത്യത്തിന് നിയോഗിച്ചത്.പി 305 ബാര്‍ജില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് താല്‍വര്‍ എന്നി കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്. 137 പേരുള്ള ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന ബാര്‍ജും അപകടത്തില്‍ പെട്ടിട്ടുണ്ട്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മുംബൈ തീരത്ത് നിന്ന് 8 നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് ഈ ബാര്‍ജ് അപകടത്തില്‍പ്പെട്ടത്. സാഗര്‍ ഭൂഷണ്‍ ഓയില്‍ റിഗും എസ്‌എസ്- 3 ബാര്‍ജും അപകടത്തില്‍പ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. 101 പേരാണ് റിഗില്‍ ഉണ്ടായിരുന്നത്. എസ്‌എസ്-3 ബാര്‍ജില്‍ 196 പേരാണ് ഉണ്ടായിരുന്നത്. ജീവനക്കാരെ രക്ഷിക്കുന്നതിന് ഐഎന്‍എസ് തല്‍വാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ തീരത്ത് നിന്ന് 175 കിലോമീറ്റര്‍ അകലെയാണ് ബാര്‍ജ് 305 നങ്കൂരമിട്ടിരുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 273 പേരാണ് ബാര്‍ജില്‍ ഉണ്ടായിരുന്നത്. നാവികസേനയുടെ പി 81 വിമാനം നിരീക്ഷണം നടത്തുന്നുണ്ട്.
ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി;ഇന്ന് വൈകീട്ട് ഗുജറാത്ത് തീരം തൊടും;മുംബൈ വിമാനത്താവളം അടച്ചു
മുംബൈ: അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈ തീരത്ത് നിന്ന് 160 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് 185 കിലോമീറ്റര്‍ വരെ വേഗതയില്‍ ഇന്ന് വൈകീട്ട് ഗുജറാത്ത് തീരം തൊടും.ഇന്ന് രാത്രി എട്ടുമണിക്കും 11 മണിക്കൂം ഇടയില്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിനെ തുടർന്ന് ഗുജറാത്തിലും മഹാരാഷ്ട്രയിലും അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.മുംബൈയില്‍ അതിതീവ്രമഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ഇതിന്റെ അടിസ്ഥാനത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്‍കരുതല്‍ നടപടിയെന്നോണം മുംബൈ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളം ഉച്ചയ്ക്ക് രണ്ടുമണി വരെ അടച്ചിടും. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മുംബൈയില്‍ നേരിയ തോതില്‍ മഴ ലഭിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം ചുഴലിക്കാറ്റിലും കനത്തമഴയിലും മുംബൈയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയിലാണ് മുംബൈ നഗരം.ദേശീയ ദുരന്തനിവാരണ സേന മുംബൈയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. മുംബൈയ്ക്ക് പുറമേ താനെ, പാല്‍ഘര്‍, റായ്ഗഡ് മേഖലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.ചുഴലിക്കാറ്റ് കരയില്‍ തൊടുന്ന ഗുജറാത്തില്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയതായി ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞദിവസം കേരളത്തിലും കര്‍ണാടകയിലും ഗോവയിലും വ്യാപകമായ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയിലെ കോവിഡ് സാഹചര്യം ആശങ്കാജനകം; വരും ദിവസങ്ങളില്‍ മരണനിരക്കിൽ വന്‍ വര്‍ധനവ് ഉണ്ടാകും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വ്യാപന സാഹചര്യം അതീവ ഗുരുതരമാണെന്നും മരണനിരക്കില്‍ വരും ദിവസങ്ങളില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സംസ്ഥാനങ്ങളിലെ പ്രതിദിന കണക്കുകളും ആശുപത്രികളിലെ അവസ്ഥകളും മരണനിരക്കുകളും എല്ലാം പരിശോധിക്കുമ്പോൾ ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമാകുകയാണെന്നാണ് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അധനോം ഗബ്രയേസസ് പറയുന്നത്. ആദ്യ വര്‍ഷത്തെ മഹാമാരിക്കാലത്തേക്കാള്‍ രൂക്ഷമായിരിക്കും രണ്ടാം തരംഗത്തിലേതെന്നും അദ്ദേഹം സൂചിപ്പിച്ചു.ഇത് ഇന്ത്യയില്‍ മാത്രമായി പരിമതിപ്പെടുന്നില്ല. നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, കംബോഡിയ, തായ്‌ലാന്‍ഡ്, ഈജിപ്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകളും മരണങ്ങളും വര്‍ധിക്കുകയാണ്. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ഈ രാജ്യങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലോകാരോഗ്യ സംഘടന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യവര്‍ഷത്തേക്കാള്‍ കൂടുതല്‍ മാരകമായ കോവിഡ് രണ്ടാം മഹാമാരിയെയാണ് ലോകം നേരിടുന്നത്. വാക്‌സിന്‍ വിതരണം ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ആളുകളുടെ ജീവന്‍ രക്ഷിച്ച് കോവിഡിനെ മറികടക്കാന്‍ പൊതുജനാരോഗ്യ നടപടികള്‍ക്കൊപ്പം വാക്‌സിനേഷന്‍ മാത്രമാണ് ഒരേയൊരു വഴിയെന്നും ടെഡ്രോസ് അഥനോം പറഞ്ഞു.
കേരളത്തിന് കോവിഡ് വാക്സീന്‍ എപ്പോള്‍ നല്‍കുമെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന കേരളത്തിന് ആവശ്യമായ കോവിഡ് വാക്സീന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം.വെള്ളിയാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.കേരളത്തിലെ സാഹചര്യം അതീവഗുരുതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വാക്സീന്‍ വിതരണം നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അഭിഭാഷകന്‍ പറഞ്ഞു.കേരളത്തിലെ സ്ഥിതി മനസിലാക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. കേരളത്തിന് അനുവദിച്ച വാക്സീന്റെ ലിസ്റ്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്നും കോടതി ചോദിച്ചു.കേരളത്തിന് കിട്ടിയ വാക്സീന്‍ ഡോസുകള്‍ വളരെ കുറവാണ് എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ രീതിയില്‍ വാക്‌സീന്‍ നല്‍കിയാല്‍ മുഴുവന്‍ പേര്‍ക്കും വാക്സീന്‍ ലഭ്യമാക്കാന്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.അതുകൊണ്ട് എപ്പോള്‍ സംസ്ഥാനത്തിന് വേണ്ട വാക്സീന്‍ മുഴുവന്‍ ലഭ്യമാക്കാനാവുമെന്ന് കേന്ദ്രം അറിയിക്കണമെന്നും കോടതി പറഞ്ഞു.വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി ടി പി പ്രഭാകരൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. കേരളത്തിലെ കോവിഡ് വാക്സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇന്ന് ഹരജി പരിഗണനക്ക് വന്നപ്പോഴാണ് കേരളത്തിന് ആവശ്യമായ വാക്‌സിൻ എപ്പോൾ നൽകാൻ കഴിയുമെന്ന് അറിയിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകിയത്.വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി; ഉടൻ നാട്ടിലെത്തിക്കും
ഡല്‍ഹി: ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇസ്രായേൽ അധികൃതർ മൃതദേഹം ഇന്ത്യൻ എംബസിയ്ക്ക് വിട്ടുകൊടുത്തത്.ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ക്ലിയറന്‍സ് കൂടി ലഭിച്ചാല്‍ മൃതദേഹം ഇന്ത്യയിലേക്ക് അയ്ക്കാനുള്ള നടപടികള്‍ തുടങ്ങും.ഏറ്റവും അടുത്തദിവസം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവില്‍ സൗമ്യയുടെ മൃതദേഹം ടെല്‍ അവിവിലെ ഫോറന്‍സിക് ലാബില്‍ സൂക്ഷിച്ചിരിക്കുകയാണ്.സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ അറിയിച്ചിരുന്നു. ഇസ്രയേലിലെ ഉദ്യോഗസ്ഥരുമായി നോര്‍ക്ക ബന്ധപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ അകാലവിയോഗത്തില്‍ കുടുംബത്തിന് സഹായകരമാകുന്ന വിധമുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നൽകി . പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും എംബസി നിർദ്ദേശം നൽകുന്നു.അടിയന്തിരഘട്ടത്തില്‍ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടണം. അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മലയാളം അടക്കം നാലുഭാഷകളിലാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുളളത്. അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്. നമ്പർ: +972549444120.
ഇസ്രായേല്‍ നടത്തിയ റോക്കറ്റാക്രമണത്തിനു മറുപടിയായി ഹമാസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷ് മരിച്ചത്. ഇസ്രായേലില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുകയാണ് സൗമ്യ. സൗമ്യ ജോലി ചെയ്യുന്ന വീട് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആ സമയത്ത് സൗമ്യ വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. സ്‌ഫോടനം നടന്ന സമയത്ത് സൗമ്യക്ക് പെട്ടെന്ന് സുരക്ഷാമുറിയിലേക്ക് മാറാന്‍ കഴിഞ്ഞില്ല. ഇസ്രായേലിന്റെ ആക്രമണത്തിനു പ്രതികരണമെന്ന നിലയിലാണ് ഹമാസ് ഇസ്രായേല്‍ പ്രദേശത്തേക്ക് ആക്രമണമഴിച്ചുവിട്ടത്. റോക്കറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.
ഉത്തര്‍പ്രദേശില്‍ ഗംഗാ തീരത്ത് മൃതദേഹങ്ങള്‍ മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തി;കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളെന്ന് സംശയം
ലക്‌നൗ: ( 13.05.2021) ഉത്തര്‍പ്രദേശില്‍ ഗംഗാ തീരത്ത് മൃതദേഹങ്ങള്‍ മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തി. ലക്‌നൗവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഉന്നാവിലാണ് സംഭവം. ഗംഗാ നദിയുടെ തീരത്ത് രണ്ടിടങ്ങളിലായാണ് നിരവധി മൃതദേഹങ്ങള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്.ഉത്തര്‍പ്രദേശില്‍ നിന്ന് നൂറുകണക്കിന് പേരുടെ മൃതദേഹങ്ങള്‍ മധ്യപ്രദേശിലേക്കും ബിഹാറിലേക്കും ഗംഗയിലൂടെ ഒഴുകിയെത്തിയിരുന്നു. കൂടാതെ കിഴക്കന്‍ യുപി ഭാഗങ്ങളില്‍ നദിയുടെ കരയില്‍ നിരവധി മൃതദേഹങ്ങള്‍ അടിയുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഉന്നാവില്‍ നദിക്കരയില്‍ മൃതദേഹങ്ങള്‍ മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്.പ്രദേശവാസികള്‍ മൃതദേഹങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്താത്തവരുടെ മൃതദേഹങ്ങള്‍ ആയിരിക്കാം ഇതെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്.ചിലര്‍ മൃതദേഹം ദഹിപ്പിക്കാറില്ലെന്നും അവര്‍ മൃതദേഹം മണലില്‍ കുഴിച്ചിടാറാണ് പതിവെന്നും ഇവിടെ കണ്ടെത്തിയ മൃതദേഹങ്ങള്‍ കോവിഡ് ബാധിതരുടേതാണെന്ന് ഉറപ്പില്ലെന്നുമാണ് ഉന്നതോദ്യോഗസ്ഥരുടെ പ്രതികരണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
തമിഴ്‌നാടും കര്‍ണാടകയുമടക്കം അഞ്ചിടങ്ങളിൽ കൂടി ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നു
ചെന്നൈ:തമിഴ്‌നാടും കര്‍ണാടകയുമടക്കം അഞ്ചിടങ്ങളിൽ കൂടി ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നു.ഇതോടെ രാജ്യത്തെ 16 സംസ്ഥാനങ്ങള്‍ പൂര്‍ണമായും നിശ്ചലമായിരിക്കുകയാണ്. രാജസ്ഥാന്‍, പുതുച്ചേരി, മിസോറാം എന്നിവിടങ്ങളിലാണ് ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ തുടങ്ങുന്നത്. ഡല്‍ഹിയും ഉത്തര്‍പ്രദേശും ലോക്ക്ഡൗണും രാത്രി കര്‍ഫ്യുവും മെയ് 17 വരെ നീട്ടിയിട്ടുണ്ട്. തമിഴ്‌നാട്, രാജസ്ഥാന്‍, പുതുച്ചേരി എന്നിവിടങ്ങളിൽ രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.കര്‍ണാടകയില്‍ മെയ് 24 വരെ കര്‍ശന ലോക്ക്ഡൗണ്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച മുതല്‍ കേരളവും ഒൻപത് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗണ്‍ തുടങ്ങിയിരുന്നു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിസോറാം ഇന്നുമുതല്‍ ഏഴ് ദിവസം ലോക്ക്ഡൗണിലാണ്. സിക്കിമില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങല്‍ മെയ് 16 വരെ തുടരും. ഡല്‍ഹിയില്‍ ഏപ്രില്‍ 19ന് ആരംഭിച്ച ലോക്ക്ഡൗണാണ് ഇന്നലെ ഈ മാസം 17 വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചത്. ബിഹാറില്‍ മെയ് നാലിന് തുടങ്ങിയ അടച്ചിടല്‍ മെയ് 15 വരെ തുടരും. ഒഡീഷ മെയ് അഞ്ച് മുതല്‍ 19 വരെ 14 ദിവസം സമ്പൂർണ്ണ അടച്ചിടലിലാണ്. ജാര്‍ഖണ്ഡും ഏപ്രില്‍ 22ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഈ മാസം 13 വരെയായി നീട്ടിയിരുന്നു. ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍, രാത്രി കര്‍ഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങളുണ്ട്.