നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രമുഖ നടനെ ചോദ്യം ചെയ്തു

keralanews actress kidnapping

ആലുവ: പ്രമുഖ മലയാളി നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മലയാളത്തിലെ പ്രമുഖ നടനെ പോലീസ് ചോദ്യം ചെയ്തു. ആലുവയിലുള്ള വീട്ടിലെത്തിയാണ് മഫ്തിയിലെത്തിയ പോലീസ് സംഘം നടനെ  ചോദ്യം ചെയ്തത്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ സംശയത്തിന്റെ നിഴലിലായിരുന്നു ഈ നടന്‍. ഇതൊക്കെ ഒരാള്‍ക്കുവേണ്ടിയുള്ള ക്വട്ടേഷനാണെന്ന് ഉപദ്രവിക്കുന്നതിനിടെ പള്‍സര്‍ സുനി പറഞ്ഞതായി നടി പോലീസിന് മൊഴി നല്‍കിയിരുന്നു.എന്നാല്‍, പള്‍സര്‍ സുനിയെ പിടികിട്ടാതെ കൂടുതല്‍ അന്വേഷണവുമായി പോലീസിന് മുന്നോട്ടുപോകാനുമാകില്ല. സ്‌റ്റേജ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് വിദേശത്തെത്തിയ നടി ഒരു ഹോട്ടലില്‍ വെച്ച് താന്‍ കാണാനിടയായതും കേള്‍ക്കാനിടയായതുമായ കാര്യങ്ങള്‍ മറ്റൊരു നടിയോട് വെളിപ്പെടുത്തിയതാണ് നടനെ പ്രകോപിപ്പിച്ചതെന്നും തട്ടിക്കൊണ്ടുപോകലിന് ഇരയായ നടിക്ക് പിന്നീട് ഈ നടന്‍ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും പ്രചരിച്ചിരുന്നു.സുനിയെ പിടികിട്ടി ചോദ്യം ചെയ്തശേഷം അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നടനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

അന്വേഷണം പൾസർ സുനിയുടെ കാമുകിമാരിലേക്ക്

keralanews palsar suni frequently contacted his lovers says police
കൊച്ചി: ഒളിവിലായ ശേഷവും സുനി കാമുകിമാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്ന് പോലീസ്‌ വൃത്തം. സുനിക്ക് രണ്ടു കാമുകിമാരുണ്ടെന്നും ഒളിവിലായ ശേഷം ഇയാൾ കാമുകിമാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുമെന്നുമാണ് ഇപ്പോള്‍ കിട്ടിയ വിവരം. സുനിയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. സുനിയുടെ കാമുകിമാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരാനാണ് പോലീസിന്റെ നീക്കം. സുനിയ്ക്ക് ഒളിവില്‍ പോകാന്‍ ഇവര്‍ സഹായം ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അന്വേഷണം വ്യാപിപ്പിച്ചതോടെ സുനി തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെ അതിനുമുമ്പേ ഇയാളെ പിടികൂടാനാണ് പോലീസിന്റെ ശ്രമം.

മരിച്ച പതിനാറുകാരൻ ശവസംസ്കാരത്തിനു തൊട്ടു മുൻപ് എഴുന്നേറ്റു

keralanews return to life

കർണാടക: പേ വിഷ ബാധയെ തുടർന്ന് ആശുപത്രി അധികൃതർ മരിച്ചെന്നു വിധി എഴുതിയ പതിനാറുകാരൻ തിരികെ ജീവിതത്തിലേക്ക്. കർണാടകയിലെ മന്ഗണ്ടി ഗ്രാമത്തിൽ നിന്നുള്ള കുമാർ മാറാടിയാണ് സംസ്കാരത്തിന് തൊട്ടുമുൻപുള്ള വിലാപയാത്രയ്ക്കിടെ പെട്ടെന്ന് ഉണർന്ന് എണീറ്റത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നാലു ദിവസം  മുൻപ് നായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന കുമാർ 18 നു രാത്രിയാണ് മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചത്.  ശ്വാസകോശവും ഹൃദയവും നിലച്ചതായി വിധി എഴുതി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയായിരുന്നു.

പകുതി വിലയ്ക്ക് ‘അമ്മ’ ഇരുചക്ര വാഹനം; പളനിസ്വാമി

keralanews tamilnadu cm palaniswami offers amma two wheeler scheme
ചെന്നൈ: മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഞ്ച് ജനപ്രിയ പദ്ധതികളാണ് പഴനിസാമി പ്രഖ്യാപിച്ചത്. ഒരു ലക്ഷം സ്ത്രീകള്‍ക്ക് ജയലളിതയുടെ പേരില്‍ പകുതി വിലയ്ക്ക് ‘അമ്മ’ ഇരുചക്ര വാഹനം നൽകാനും മദ്യനിരോധനത്തിന്റെ ഭാഗമായി 500 മദ്യവില്‍പനശാലകള്‍ പൂട്ടാനും തീരുമാനമായി.
നിര്‍ധന സ്ത്രീകള്‍ക്ക് പ്രസവശുശ്രൂഷയ്ക്കായി നല്‍കി വരുന്ന ധനസഹായം 12,000 രൂപയില്‍നിന്ന് 18,000 രൂപയാക്കി ഉയര്‍ത്തി. തൊഴിലില്ലായ്മ വേതനം ഇരട്ടിയാക്കി. 5000 മത്സ്യബന്ധന തൊഴിലാളികള്‍ക്ക് 8500 കോടി രൂപ ചെലവില്‍ വീട്.  ആദ്യ മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ജയലളിതയുടെ സത്ഭരണം തുടരുമെന്നും അവരുടെ പേരില്‍ പുതിയ ചില പദ്ധതികള്‍ കൂടി നടപ്പാക്കുകയാണ് ഈ സര്‍ക്കാറിന്റെ ആദ്യ കടമയെന്നും അദ്ദേഹം പറഞ്ഞു.

ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങി

keralanews pakistani crickter shahid afridi announces international retirement
ഷാർജ: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു. ടെസ്റ്റ്,എകദിന ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച അഫ്രീദി ഇപ്പോള്‍ ട്വന്റി-20 യോടും വിടപറഞ്ഞാണ് നീണ്ട 21 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുന്നത്. വിവാദങ്ങളും തകർപ്പൻ ഇന്നിങ്ങ്സുകളും ചേർന്ന 21 വർഷത്തെ കരിയറാണ് മുപ്പത്തിയാറുകാരനായ അഫ്രീദി അവസാനിപ്പിക്കുന്നത്. തന്റെ ആരാധകര്‍ക്കായി പാകിസ്താന്‍ ക്രിക്കറ്റ് ലീഗില്‍ അടുത്ത രണ്ടു വര്‍ഷം തുടരുമെന്നും ഇപ്പോള്‍  അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുകയാണെന്നും അഫ്രീദി പറഞ്ഞു. പാക്ക് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു അഫ്രീദി. 1996ൽ ശ്രീലങ്കയ്ക്കെതിരെ 37 പന്തിൽ സെഞ്ചുറി നേടിയ അഫ്രീദിയുടെ മികവ് 17 വർഷം മാറ്റമില്ലാതെ തുടർന്നു. വെടിക്കെട്ട് ബാറ്റിംഗില്‍ പേരുക്കേട്ട അഫ്രീദി ‘ബൂം ബൂം’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

നടിയെ തട്ടിക്കൊണ്ടു പോകൽ; ക്വട്ടേഷൻ ആണെന്ന് പ്രതി

keralanews actress kidnapping

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴി. സുനി മുഖം മറച്ചാണ് കാറില്‍ കയറിയത്. ഇടയ്ക്ക് മുഖം മറച്ച തുണി മാറിയപ്പോള്‍ താന്‍ സുനിയെ തിരിച്ചറിഞ്ഞു. നീ സുനിയല്ലേ എന്ന് ചോദിച്ചപ്പോളാണ് ഇത് ക്വട്ടേഷനാണെന്നും സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്ലാറ്റിലെത്തിച്ചു ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയത്, നടി പറഞ്ഞു.  അവിടെ 20 പേരുണ്ടെന്നും മയക്കുമരുന്നു കുത്തിവച്ച് ഉപദ്രവിക്കുമെന്നും ഇവർ നടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

പള്‍സര്‍ സുനിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം. പ്രതികള്‍ കേരളം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പ്രതികള്‍ പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്. അതേസമയം സംഭവത്തില്‍ അന്വേഷണം സിനിമാരംഗത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയെ അവസാനം വിളിച്ചിരിക്കുന്നത് ഒരു നിര്‍മാതാവാണെന്ന്  പോലീസ് കണ്ടെത്തിയിരുന്നു.
സിനിമ  ലോകത്തെ പിടിച്ചുകുലുക്കിയ ഈ സംഭവത്തോട് വളരെ ശക്തമായാണ് നടീനടന്മാരുടെ പ്രതികരണങ്ങൾ.

 

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അന്തരിച്ചു

keralanews former chief justice of india altmas kabir passed away
കൊല്‍ക്കത്ത: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ (68) അന്തരിച്ചു. ഇന്ന് രാവിലെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. 1973 ല്‍ കൊല്‍ക്കത്ത ജില്ലാ കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അല്‍തമാസ് കബീര്‍ 1990 കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി.
2012 സെപ്റ്റംബര്‍ 29 നാണ് ഇദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്നത്. 2013 ജൂലൈ എട്ടിന് വിരമിച്ചു. മനുഷ്യാവകാശം, തിരഞ്ഞെടുപ്പ്, നിയമം തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ണായക വിധികള്‍ പ്രഖ്യാപിച്ച ജഡ്ജിയായിരുന്നു അല്‍തമാസ് കബീര്‍.

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണ് പി കെ കുഞ്ഞാലിക്കുട്ടി

keralanews Kunhalikutty ready to contest from Malappuram

മലപ്പുറം:  പാര്‍ട്ടി പറഞ്ഞാല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറെന്ന് ആവര്‍ത്തിച്ച് മുസ്ലീം ലീഗ് അഖിലേന്ത്യ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. മികവുറ്റ നിരവധി നേതാക്കള്‍ ലീഗിലുണ്ട്. അവസരം ലഭിക്കുമ്പോഴെ എല്ലാവര്‍ക്കും മികവ് തെളിയിക്കാന്‍ സാധിക്കൂ,  കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുമുമ്പും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുന്നതിനിടെ മലപ്പുറത്ത് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറെന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയിരുന്നു.

അതിനിടെ ചെന്നൈയില്‍ ചേരുന്ന മുസ് ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം ദേശീയ ജനറല്‍ സെക്രട്ടറിയായി കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് വര്‍ക്കിങ് പ്രസിഡന്റായി തമിഴ്‌നാട്ടില്‍ നിന്നുള്ള ഖാദര്‍ മൊയ്തീനെ തെരഞ്ഞെടുത്തിട്ടുണ്ട്.അതേസമയം താന്‍ ദേശീയ നേതൃത്വത്തിലേക്ക് മാറിയാലും സംസ്ഥാന നേതൃത്വത്തിന് ക്ഷീണം സംഭവിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൾസർ സുനി; ഒരു സ്ഥിരം ക്രിമിനൽ

keralanews pulsar suni a fraud
കൊച്ചി: നടിയെ തട്ടിക്കൊണ്ട‌ു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് തിരയുന്ന ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സുനിൽ കുമാർ (പൾസർ സുനി–35) മുൻപും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി വിവരം. 2010 ൽ ഇയാൾ മറ്റൊരു നടിയെയും തട്ടിക്കൊണ്ടുപോയതായുള്ള റിപ്പോർട്ടാണ് പുറത്തു വന്നത്. എന്നാൽ മാനഹാനി ഭയന്ന് അന്ന് നടി സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യാത്തത് കാരണം സുനി രക്ഷപെടുകയായിരുന്നു.
കഴിഞ്ഞ ദിവസം  യുവ നടിയെ തട്ടിക്കൊണ്ടു പോകാനുള്ള പദ്ധതി തയ്യാറാക്കിയതിൽ മുഖ്യ സൂത്രധാരൻ സുനിയാണ്. ഒരു മാസം മുൻപേ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു എന്നാണ് കിട്ടിയ വിവരം.  ഇതുമായി ബന്ധപ്പെട്ട പോലീസ് പിടികൂടിയ മൂന്നുപേരും കുപ്രസിദ്ധ ഗുണ്ടകളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമാണ്. ശക്തമായ രാഷ്ട്രീയ സമർദ്ദമുള്ളതിനാൽ എത്രയും വേഗം പ്രതികളെ പിടികൂടി മുഖം രക്ഷിക്കാനാണ് സർക്കാരിന്റെയും പോലീസിന്റെയും ശ്രമം.

താജ്മഹലിന്റെ നിറം മാറുന്നു; ഉത്തർപ്രദേശ് സർക്കാരിന് 20 ലക്ഷം രൂപ പിഴ.

keralanews air pollution causing discolouration of tajmahal

ന്യൂഡൽഹി : ലോക മഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ നിറം മാറുന്നു. ഇതിനെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തർപ്രദേശ് സർക്കാരിന് 20 ലക്ഷം രൂപ പിഴ ചുമത്തി. കാർബൺ പുകപടലവുമായി ചേർന്ന് ടാജ്മഹലിൽ പതിക്കുന്നതിനെ തുടർന്നാണ് നിറം മാറുന്നതെന്നാണ് കണ്ടെത്തൽ.

ആഗ്ര നദീ തീരത്ത്  മുനിസിപ്പാലിറ്റി ഖര മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നെന്ന ആരോപണം എൻ ജി ഓ സംഘടനകളാണ് ഉയർത്തിയത്. ഇതിനു മറുപടി നൽകാത്ത സാഹചര്യത്തിലാണ് കോടതി യു പി സർക്കാരിന് പിഴ ചുമത്തിയത്. ജസ്റ്റിസ് സ്വതന്ത്രർ കുമാർ അധ്യക്ഷനായ ഹരിത ട്രൈബ്യുണൽ ബെഞ്ചാണ് ഉത്തരവിട്ടത്.

മറുപടി നൽകാത്ത ഓരോ ഉദ്യോഗസ്ഥർക്കും 20000 രൂപ പിഴ ചുമത്താനും കോടതി ഉത്തരവിട്ടു. താജ്മഹലിന് സമീപം പ്രവർത്തിക്കുന്ന കമ്പനികൾ അടയ്ക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഇത്രയധികം മാലിന്യങ്ങൾ കത്തിക്കുന്നത് മനുഷ്യജീവനും ആപത്താണ്, ട്രൈബ്യുണൽ വ്യക്തമാക്കി.