കണ്ണൂർ : സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്ക് കാരണം നിയമങ്ങളുടെ അഭാവമല്ല മറിച്ച് അവ നടപ്പിലാകാത്തതാണ് എന്ന് കുടുംബ കോടതി ജില്ലാ ജഡ്ജി എൻ ആർ കൃഷ്ണകുമാർ. രാജ്യത്ത് നിലവിലുള്ള പോക്സോ ഉൾപ്പെടെയുള്ള നിയമങ്ങൾ ഇത്തരം കുറ്റകൃത്യങ്ങൾ തടയാനുതകുന്നതാണ്. എന്നാൽ പലകാരണങ്ങൾ കൊണ്ടും കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കാനാവാത്ത സാഹചര്യമാണ്. അതുകൊണ്ട് കൂടുതൽ ആളുകൾ കുറ്റകൃത്യം ചെയ്യാൻ ധൈര്യപ്പെടുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് ഒന്നുമുതൽ എട്ടുവരെ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.
ലോകം ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ അപലപനീയമാണെന്നും ഇതിനെ ചെറുക്കാൻ സ്ത്രീകൾ തന്നെ മുന്നോട്ട് വരണമെന്ന് സാമൂഹ്യനീതി ഓഫീസർ എൽ ഷീബ പരിപാടിയിൽ പറഞ്ഞു ‘മാറുന്ന ലോകത്ത് സ്ത്രീകൾ മാറ്റത്തിനായി ധൈര്യപ്പെടു ‘ എന്നുള്ളതാണ് ഈ തവണത്തെ വനിതാ ദിന മുദ്രാവാക്യമെന്നും അവർ പറഞ്ഞു.