ന്യൂഡൽഹി: തീവ്രമല്ലാത്ത കോവിഡ് അണുബാധയുള്ളവര്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ.കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഡോ.ഗുലേരിയയുടെ മുന്നറിയിപ്പ്. സ്റ്റിറോയ്ഡ് മരുന്നുകള്‍ രോഗിയുടെ പ്രതിരോധ സംവിധാനത്തെ അമര്‍ത്തി വയ്ക്കുന്നത് ബ്ലാക്ക് ഫംഗസ് പിടിപെടാന്‍ കാരണമാകുന്നുണ്ട്.ഈ മരുന്നുകള്‍ രക്തത്തിലെ പഞ്ചസാര 300-400 തോതിലേക്ക് ഉയര്‍ത്തുമെന്നതിനാല്‍ ഇവ കഴിക്കുന്നവര്‍ ഇടയ്ക്കിടെ ബ്ലഡ് ഷുഗര്‍ പരിശോധന നടത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. രക്തത്തിലെ പഞ്ചസാര ഉയരുന്നതും ബ്ലാക്ക് ഫംഗസ് അണുബാധ സാധ്യത വര്‍ധിപ്പിക്കും.വലിയ അളവില്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ കോവിഡ് രോഗികള്‍ അകത്താക്കുന്നത് അപകടകരമാണെന്നും പരമാവധി അഞ്ച് മുതല്‍ പത്ത് ദിവസം വരെയാണ് കണക്കുകള്‍ പ്രകാരം സ്റ്റിറോയ്ഡ് നല്‍കാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് രോഗിയുടെ ഓക്സിജന്‍ തോത് സാധാരണവും രോഗാവസ്ഥ തീവ്രവും അല്ലെങ്കില്‍ സ്റ്റിറോയ്ഡുകളുടെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്ലാക്ക്, വൈറ്റ് ഫംഗസുകള്‍ക്ക് പുറമെ രാജ്യത്ത് ആശങ്കയായി യെല്ലോ ഫംഗസും
ന്യൂഡല്‍ഹി: ബ്ലാക്ക്, വൈറ്റ് ഫംഗസ് (Fungus) ബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസും സ്ഥിരീകരിച്ചതായായി റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് (Yellow Fungus) ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗാസിയാബാദിലെ ബ്രിജ്പാല്‍ ത്യാഗി ഇഎന്‍ടി ആശുപത്രിയില്‍ ചികിത്സിയിലുള്ള വ്യക്തിക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കടുത്ത ക്ഷീണം, ശരീര ഭാരം കുറയുക, അമിതമായ വിശപ്പ് എന്നിവയാണ് യെല്ലോ ഫംഗസിന്റെ ലക്ഷണങ്ങള്‍. മുറിവുകളില്‍ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷണം. മുറിവുകള്‍ ഉണങ്ങാതിരിക്കുക, കണ്ണ് കുഴിയുക,അവയവങ്ങള്‍ പ്രതികരിക്കാതിരിക്കുക തുടങ്ങിയവയും യെല്ലോ ഫംഗസ് ബാധയുടെ ലക്ഷണങ്ങളാണ്.ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് രോഗത്തേക്കാള്‍ അപകടകാരിയാണ് യെല്ലോ ഫംഗസ്. ശരീരത്തിലെ ആന്തരിക അവയവങ്ങളെയാണ് യെല്ലോ ഫംഗസ് ബാധിക്കുക. രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ ബന്ധപ്പെടണമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി. പ്രമേഹം, അര്‍ബുദം, മറ്റ് രോഗാവസ്ഥ എന്നിവയുള്ളവരും ജാഗ്രത പാലിക്കണം.
വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രം; ഇനി 18 നും 45 വയസ്സിനും ഇടയിൽ പ്രായത്തിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന് സൗകര്യം
ന്യൂഡല്‍ഹി:രാജ്യത്ത് വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ വാക്സിന്‍ കേന്ദ്രങ്ങളില്‍ മാത്രമേ ഇതിന് സൗകര്യമുണ്ടാകൂ. വാക്സിന്‍ പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഇതുവരെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് വാക്സിന്‍ ലഭിച്ചിരുന്നത്. ബുക്ക് ചെയ്യുമ്പോൾ അനുവദിക്കുന്ന ദിവസം വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാണ് വാക്സിന്‍ സ്വീകരിച്ചത്. പുതുക്കിയ നിര്‍ദേശമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് വരാതിരിക്കുന്നവരുടെ വാക്സിന്‍ നേരിട്ടെത്തുന്നവര്‍ക്ക് ലഭിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാകാത്തവരെ കൂടി കണക്കിലെടുത്താണ് നടപടി. പതിനെട്ടിനും നാല്‍പ്പത്തിയഞ്ചിനും മധ്യേ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ വൈകുന്നുവെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം. സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിലവിലുള്ളതുപോലെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി മാത്രമായിരിക്കും നിലവില്‍ വാക്സിന്‍ വിതരണം.അതാത് സസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കുന്നത് അനുസരിച്ചാവും നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
എസ്ബിഐ നെറ്റ് ബാങ്കിങ് യോനോ ആപ്പ് സേവനങ്ങള്‍ 14 മണിക്കൂര്‍ നേരത്തേക്ക് തടസ്സപ്പെടും
മുംബൈ:എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങള്‍ അടുത്ത 14 മണിക്കൂര്‍ നേരത്തേക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). നെഫ്റ്റ് സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം നടത്തുന്നതിനാലാണ് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുകയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.ഇന്ന് ബാങ്ക് സമയം അവസാനിച്ചതിന് ശേഷമാണ് എസ്ബിഐ ഡിജിറ്റല്‍ ബാങ്കിങ് (Digital Banking) സേവനങ്ങള്‍ തടസ്സപ്പെടുക.എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഞായറാഴ്ച വെളുപ്പിന് 12 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് എന്നിവ ഉപയോഗിക്കാന്‍ സാധിക്കില്ല. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്. അതേസമയം, 2 ലക്ഷം രൂപയ്ക്കു മുകളില്‍ കൈമാറാനുള്ള റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) സംവിധാനം മുടങ്ങില്ല. ആര്‍ടിജിഎസ് അപ്‌ഡേറ്റ് നേരത്തേ പൂര്‍ത്തിയായിരുന്നു. 2 സംവിധാനങ്ങളും എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്.
തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി
ചെന്നൈ:തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 31 വരെയാണ് നീട്ടിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിച്ചത്. ഇന്നും നാളെയും രാത്രി ഒൻപത് മണിവരെ കടകള്‍ പ്രവര്‍ത്തിക്കാം. ഈ രണ്ടുദിവസം പൊതുഗതാഗതവും ഉണ്ടായിരിക്കും.സ്വകാര്യ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. എ ടി എമ്മുകളും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കും. കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള ഗതാഗതം അനുവദിച്ചിട്ടുണ്ട്. പാല്‍, പത്രം പോലുള്ള അവശ്യ സര്‍വീസുകളെയും ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ മേയ് 10 മുതല്‍ 24 വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നു. കൊവിഡ് വ്യാപനത്തിന് ശമനം വന്നിട്ടില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. മൂന്നാഴ്‌ചത്തേക്ക് സമ്പൂർണ്ണ അടച്ചിടല്‍ വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
ബ്ലാക്ക് ഫംഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാര്‍;രോഗബാധ കൂടുതലും പ്രമേഹരോഗികളിൽ
ന്യൂഡൽഹി:രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരെന്ന് കണ്ടെത്തല്‍. ഇന്ത്യയിലെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബ്ലാക്ക് ഫംഗസ് ബാധിച്ച 101 പേരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. രോഗം കൂടുതലും കണ്ടെത്തിയത് പ്രമേഹ രോഗികളിലാണ്.പരിശോധന നടത്തിയ 101 പേരില്‍ 83 പേരും പ്രമേഹരോഗികളായിരുന്നു.ഇന്ത്യ, അമേരിക്ക, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളെയാണ് പഠനവിധേയമാക്കിയത്.76 പേര്‍ സ്റ്റിറോയിഡ് മരുന്ന് കഴിച്ചിരുന്നു. 89 പേരില്‍ മൂക്കിലും സൈനസിലും ആണ് ഫംഗല്‍ ബാധ കണ്ടത്. ഇന്ത്യ, അമേരിക്ക, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളെയാണ് പഠനവിധേയമാക്കിയത്. ഫംഗസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളം ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള കേരളത്തില്‍ ബ്ലാക്ക് ഫംഗസിനെ സൂക്ഷിക്കണമെന്നും കോവിഡ‍് വന്ന് രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും നേത്രരോഗ വിദഗ്ധന്‍ പറഞ്ഞു.ഫംഗസിനെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് ഋഷികേശ് എയിംസില്‍ പ്രവേശിപ്പിച്ച 50 രോഗികളില്‍ 10 പേരുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടതായും ഡോ. അതുല്‍ പറഞ്ഞു.കണ്ണ് വേദനയും കണ്ണിൽ നിന്ന് വെള്ളം വരുന്നതുമായ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ചികിൽസിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. ചികിത്സ വൈകിയാൽ കണ്ണ് ചലിക്കാതെ ആവുകയും കാഴ്ച പെട്ടെന്ന് ഇല്ലാതാവുകാണ് ചെയ്യുക. മൂക്ക് ചീറ്റുമ്പോൾ കറുത്ത നിറത്തിലുള്ളത് വരുന്നു എങ്കിൽ അതും ബ്ലാക്ക് ഫംഗസിൻറെ ലക്ഷണമാണെന്നാണ് വിദഗ്ധർ പറയുന്നത്. കൊറോണ ബാധിച്ച് പ്രതിരോധ ശേഷി ഇല്ലാതാകുന്നതോടെയാണ് ബ്ലാക്ക് ഫംഗസ് പിടികൂടുന്നതെന്നും വിദഗ്ധർ പറയുന്നത്.
രാജ്യത്ത് പുതിയ ആശങ്കയായി ബ്ലാക്ക് ഫംഗസ്;13 സംസ്ഥാനങ്ങളിലായി 7250 പേർക്ക് രോഗം സ്ഥിരീകരിച്ചു; 219 മരണം
ന്യൂഡൽഹി: കൊറോണയ്ക്ക് പിന്നാലെ രാജ്യത്ത് പുതിയ പ്രതിസന്ധിയായി ബ്ലാക്ക് ബാധയും. ഇന്ത്യയില്‍ 13 സംസ്ഥാനങ്ങളിലായി. 7250 ബ്ലാക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 219 പേര്‍ ഈ ഫംഗസ് ബാധിച്ച് മരിച്ചു. ബ്ലാക്ക് ഫംഗസ് രാജ്യത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 90 മരണങ്ങളും 1500 കേസുകളുമാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 61 പേർ മരണത്തിന് കീഴടങ്ങിയ ഗുജറാത്താണ് രണ്ടാമത്. 1163 കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തു. മദ്ധ്യപ്രദേശിൽ 575 കേസുകളും 31 മരണങ്ങളും റിപ്പോർട്ട് ചെയ്തപ്പോൾ ഹരിയാനയിൽ 268 കേസുകളും എട്ടു മരണങ്ങളുമുണ്ടായി.ഡൽഹിയിൽ 203 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഉത്തർ പ്രദേശിൽ എട്ടു പേർ രോഗം ബാധിച്ച് മരിച്ചു. 169 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ബ്ലാക്ക് ഫംഗസ് കേസുകൾക്കായി ഡൽഹി സർക്കാർ മൂന്ന് സർക്കാർ ആശുപത്രികളിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിട്ടുണ്ട്.ബീഹാറിൽ 103 കേസുകളും രണ്ടു മരണവും ഛത്തീസ്ഗഡിൽ 101 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ 97 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെലുങ്കാനയിൽ 90 കേസുകളിലായി 10 മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ഒരു മരണവും 15 കേസുകളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അതേസമയം ബ്ലാക് ഫംഗസിനെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക് ഫംഗസ് രോഗത്തിന് കാരണം. പ്രതിരോധ ശേഷി കുറഞ്ഞവരെയും പ്രമേഹ രോഗികളെയുമാണ് ഇത് ഏറ്റവും കടുത്ത രീതിയില്‍ ബാധിക്കുക. ഇത് പക്ഷേ പകര്‍ച്ച വ്യാധിയല്ല. ചിലരില്‍ അപൂര്‍വമായി ഗുരുതരമായ അണുബാധയുണ്ടാക്കാം. വായുവില്‍ നിന്നാണ് പൂപ്പല്‍ ശ്വാസകോശത്തില്‍ കടക്കുന്നത്.
പഞ്ചാബിൽ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു
പഞ്ചാബ്: പഞ്ചാബിൽ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു.മോഗ ജില്ലയിലെ ലാംഗിയാന ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനവ് ചൗധരിയാണ് വീരമൃത്യു വരിച്ചത്.പതിവ് പരിശീലന പറക്കലിനിടെയാണ് വിമാനം അപകടത്തില്‍ പെടുന്നത്. സാങ്കേതിക തകരാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.രാജ്യത്ത് ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ മിഗ് 21 വിമാന അപകടമാണിത്. മാര്‍ചില്‍ നടന്ന അപകടത്തില്‍ ഗ്രൂപ് ക്യാപ്റ്റനായിരുന്ന എ ഗുപ്ത കൊല്ലപ്പെട്ടിരുന്നു. അതിന് മുന്‍പ് ജനുവരിയില്‍ രാജസ്ഥാനിലെ സുറത്ത്ഗഡില്‍ മിഗ് 21 വിമാനം തകര്‍ന്നുവീണിരുന്നെങ്കിലും പൈലറ്റ് രക്ഷപ്പെട്ടിരുന്നു.
മുംബൈ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി;25 പേർക്കായുള്ള തെരച്ചിൽ തുടരുന്നു
മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു.വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു സുമേഷ്. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.വയനാട് കല്‍പ്പറ്റ സ്വദേശി ജോമിഷ് ജോസഫ്(35), കോട്ടയം ചിറക്കടവ് മൂങ്ങാത്രക്കവല അരിഞ്ചിടത്ത് സസിന്‍ ഇസ്മയില്‍ എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍. അപകടത്തിൽപ്പെട്ട 25 പേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. അപകടത്തിൽ ആകെ മരണം 49 ആയി. പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. 188പേരെ ഇതുവരെ നാവികസേന രക്ഷപെടുത്തി.രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്. ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കൊച്ചി തുടങ്ങിയ നാവിക സേനാ കപ്പലുകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ചൊവാഴ്ച്ചയാണ് ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ മുംബൈ ഹൈ റിഗിലെ ബാർജുകൾ അപകടത്തിൽപ്പെട്ടത്. അതിനിടെ ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും അവഗണിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
കോവിഡ് ടെസ്റ്റ് ഇനി വീട്ടിലിരുന്നും നടത്താം; ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റിന് ഐസിഎംആർ അംഗീകാരം
ന്യൂഡൽഹി:വീട്ടിലിരുന്ന് കോവിഡ് ടെസ്റ്റ് സ്വയം ചെയ്യാൻ സാധിക്കുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റിന് ഐസിഎംആർ അംഗീകാരം നൽകി. കൊവിസെൽഫ് എന്ന കിറ്റ് ഉടൻ പൊതുവിപണിയിൽ ലഭ്യമാക്കും. രോഗലക്ഷണം ഉള്ളവർക്കും രോഗികളുമായി അടുത്ത സമ്പർക്കമുള്ളവർക്കും മാത്രമേ ടെസ്റ്റ്കിറ്റ് ഐസിഎംആർ നിർദ്ദേശിക്കുന്നുള്ളൂ.കിറ്റിനൊപ്പം നൽകിയിരിക്കുന്ന നിർദ്ദേശമനുസരിച്ച് പരിശോധന സ്വയം നടത്താം. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന. ഇത് പരിചയപ്പെടുത്താൻ പുതിയ മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കുമെന്ന് ഐസിഎംആർ അറിയിച്ചു. റിസൾട്ട് 15 മിനിട്ടിനുള്ളിൽ ലഭ്യമാകും. കോവിഡ് ടെസ്റ്റ് നടത്തിയശേഷം ടെസ്റ്റ് സ്ട്രിപ്പിന്റെ പടമെടുത്ത് ഫോണില്‍ സൂക്ഷിക്കണമെന്ന് നിര്‍ദേശിക്കുന്നു. ടെസ്റ്റ് വിവരങ്ങള്‍ ഐസിഎം ആര്‍ സെര്‍വറില്‍ സൂക്ഷിക്കും. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുപോവില്ലെന്നും വ്യക്തമാക്കി. പൂനെയിലെ മൈ ലാബ് സിസ്‌കവറി സൊലൂഷൻസ് നിർമ്മിച്ച കിറ്റിനാണ് നിലവിൽ അംഗീകാരം നൽകിയിരിക്കുന്നത്.ഒരു പരിശോധനാ കിറ്റിന്റെ വില 250 രൂപയാണ്. പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കുന്നവർ കൊറോണ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഐസിഎംആർ നിർദ്ദേശിച്ചു. പോസിറ്റീവായാല്‍ കൂടുതല്‍ പരിശോധന ആവശ്യമില്ല, ക്വാറന്റീനിലേക്ക് മാറണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ ഗുരുതര രോഗലക്ഷണങ്ങളുള്ളവര്‍ ഹോം ടെസ്റ്റ് നെഗറ്റീവ് ആയാല്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.