കൊൽക്കത്ത:പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് പമ്പുകളുടെ പ്രവർത്തനം നിർത്തിവെയ്ക്കാനൊരുങ്ങി കൊൽക്കത്തയിലെ പമ്പുടമകൾ.ജൂലായ് 7 ന് 30 മിനിറ്റ് നേരത്തേക്കാണ് പമ്പുകൾ അടച്ചിടുക.നിലവിൽ 100 രൂപയ്ക്കടുത്താണ് നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില.വില കുത്തനെ ഉയർന്നത് മൂലം സംസ്ഥാനത്ത് ഇന്ധന വിൽപ്പനയിൽ വൻ ഇടിവുണ്ടായതായി പശ്ചിമ ബംഗാൾ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പ്രസൻജിത് സെൻ പറഞ്ഞു.നഗരത്തിൽ ഏതുനിമിഷവും പെട്രോളിന്റെ വില 100 രൂപയിലെത്തും.കുത്തനെയുള്ള വിലവർദ്ധനവിൽ പ്രതിഷേധിച്ച് എല്ലാ പെട്രോൾ പമ്പുകളിലും ബുധനാഴ്ച രാത്രി 7 നും 7.30 നും ഇടയിൽ വിൽപ്പന നിർത്തിവെയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വ്യാപനം പോലെയുള്ള പകർച്ചവ്യാധികൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വ്യക്തിഗത വാഹനങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടും പെട്രോൾ വിൽപ്പന 25-30 ശതമാനം കുറഞ്ഞു.വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഇന്ധന വിൽപ്പനയിൽ വർദ്ധനവ് ഉണ്ടാകേണ്ടതാണെങ്കിലും വിലവർദ്ധനവ് മൂലം വിൽപ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.സംസ്ഥാനത്ത് ഡീസൽ വിൽപ്പനയിൽ 50 ശതമാനത്തിലധികം കുറവുണ്ടായി.കമ്മീഷൻ വർദ്ധനവ് ആവശ്യപ്പെട്ട് ഇന്ധന റീട്ടെയിലർമാരും ധർണ നടത്താൻ ഒരുങ്ങുന്നുന്നതായും സെൻ പറഞ്ഞു.പെട്രോൾ വില 70 രൂപയിൽ നിന്ന് 99 രൂപയായി ഉയർന്നിട്ടും കമ്മീഷൻ മാറ്റമില്ലാതെ തുടരുകയാണ്.ഇത് ചെലവും ഓവർഹെഡും കുതിച്ചുയരാൻ കാരണമായി.വരുമാനം ഉയരാത്തതിനാൽ ചെറിയ പെട്രോൾ പമ്പുകൾ പ്രവർത്തനം നിർത്താൻ നിർബന്ധിതരായി.ഡാർജിലിംഗ്, മുർഷിദാബാദ്, നാദിയ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ നിരവധി ജില്ലകളിൽ പെട്രോൾ വില ഇതിനകം 100 രൂപ കവിഞ്ഞതായും പ്രസൻജിത് സെൻ പറഞ്ഞു.
കൊവാക്‌സിന്‍ 77.8% ഫലപ്രദം;ഡെല്‍ട്ട വകഭേദത്തെയും പ്രതിരോധിക്കും;മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങള്‍ പുറത്തുവിട്ട് ഭാരത് ബയോടെക്
ന്യൂഡല്‍ഹി: കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങള്‍ പുറത്ത് വിട്ട് ഭാരത് ബയോടെക്. വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നല്‍കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.നേരിയ, മിതമായ, ഗുരുതരമായ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് 78 ശതമാനവും ഗുരുതരമായ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് 98 ശതമാനവും വാക്സീന്‍ ഫലപ്രദമായി. വാക്സീന്‍ ഉപയോഗിച്ച രോഗികളെ ആശുപത്രിയിലെത്തേണ്ടത് പരമാവധി കുറച്ചു. ലക്ഷണങ്ങളില്ലാതെ രോഗം പകരുന്നതിനെതിരെ 63% വാക്സീന്‍ ഫലപ്രദമാണ്. ബി.1.617.2 ഡെല്‍റ്റ വഭേദത്തിനെതിരെ വാക്സീന്‍ 65% ഫലപ്രദമെന്ന് അവസാനവട്ട പരീക്ഷണങ്ങളില്‍ തെളിഞ്ഞെന്നും ഭാരത് ബയോടെക് അറിയിച്ചു. 0.5 ശതമാനത്തില്‍ താഴെയാണ് പ്രതീക്ഷിക്കുന്ന പാര്‍ശ്വഫലങ്ങള്‍. 2020 നവംബര്‍ 16 നും 2021 ജനുവരി 7 നുമിടയില്‍ 25,798 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. ഇതില്‍ 24,419 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും മറ്റുളളവര്‍ക്ക് പ്ലാസിബോയുമാണ് നല്‍കിയത്. പരീക്ഷണം നടത്തിയ ആര്‍ക്കും ഒരു തരത്തിലുള്ള ഗുരുതര പ്രശ്‌നങ്ങളും ഉണ്ടായില്ലെന്ന് കമ്പനി വ്യക്തമാക്കി.ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്‌സിന്‍ തികച്ചും സുരക്ഷിതമാണെന്ന് ഭാരത് ബയോട്ടെക് മേധാവി കൃഷ്ണ എല്ല ഉറപ്പ് നല്‍കി. രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച ആദ്യത്തെ തദ്ദേശ നിര്‍മ്മിത വാക്‌സിന്‍ കൂടിയാണ് കൊവാക്‌സിന്‍.
മദ്രാസ് ഐഐടിയില്‍ മലയാളി ഗസ്റ്റ് അധ്യാപകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി ഗസ്റ്റ് അധ്യാപകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.പ്രോജക്‌ട് കോ ഓഡിനേറ്ററും ഗസ്റ്റ് അധ്യപകനുമായ എറണാകുളം സ്വദേശി ഉണ്ണിക്കൃഷ്ണന്‍ നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്.വേളച്ചേരിയില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ താമസിച്ച സ്ഥലത്തു നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. അതെ സമയം ആരുടെയും പേര് ആത്മഹത്യക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടില്ല.വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. ക്യാമ്പസ്സിനുള്ളിൽ ഹോക്കി ഗ്രൗണ്ടിന് സമീപത്തുനിന്ന് വിദ്യാര്‍ഥികള്‍ മൃതദേഹം കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്ന് ഒരു കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പെട്രോള്‍ ആയിരുന്നുവെന്നാണ് അനുമാനം .പകുതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കോട്ടൂര്‍പുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിടെക് പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ഉണ്ണികൃഷ്ണന്‍ ഐഐടിയില്‍ പ്രോജക്‌ട് അസോഷ്യേറ്റും ഗസ്റ്റ് അധ്യാപകനുമായി ജോലിയില്‍ പ്രവേശിച്ചത്.ബന്ധുക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.
‘ഹൈഡ്രോ വീഡ്’ ഇനത്തില്‍പ്പെട്ട കഞ്ചാവുമായി കാസർകോട് സ്വദേശിയായ യുവാവും മെഡിക്കൽ വിദ്യാർത്ഥിനിയും പിടിയിൽ
കാസർകോട്: മുന്തിയ ഇനം കഞ്ചാവുമായി കാസര്‍കോട് സ്വദേശിയായ യുവാവും തമിഴ്നാട് സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയും പിടിയില്‍.മംഗല്‍പ്പാടി സ്വദേശിയായ അജ്മല്‍ തൊട്ടയും നാഗര്‍കോവില്‍ സ്വദേശിനിയായ മിനു രശ്മി മുരുഗന്‍ രജിതയുമാണ് മംഗളൂരു പോലീസിന്‍റെ പിടിയിലായത്. മിനു എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ്.’ഹൈഡ്രോ വീഡ്’ ഇനത്തില്‍പ്പെട്ട കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.മുഖ്യപ്രതിയായ മറ്റൊരു കാസര്‍കോട് സ്വദേശിക്കായി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.വിദേശത്തു ഡോക്ടറായ കാസർകോട് സ്വദേശി നദീറാണ് മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്നു. ഇയാൾ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.മുന്തിയ ഇനം കഞ്ചാവായ ഹൈഡ്രോ വീഡ് ഒരുകിലോ 200 ഗ്രാമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. സാധാരണ കഞ്ചാവിന്‍റെ പതിന്മടങ്ങ് വിലയാണ് ഹൈഡ്രോ വീഡ് വിഭാഗത്തിലെ കഞ്ചാവിനെന്ന് പോലീസ് പറഞ്ഞു. മംഗളൂരു, ഉള്ളാള്‍, ദര്‍ലക്കട്ട, ഉപ്പള, കൊണാജെ, കാസര്‍കോട് മേഖലകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്നവരാണിവര്‍.കഴിഞ്ഞ ആറുമാസത്തിനിടെ മംഗളൂരുവിൽ വൻ ലഹരിവേട്ടയാണ് നടക്കുന്നത്. കേസ് നടക്കുന്നത് മംഗളൂരുവില്‍ ആണെങ്കിലും കഞ്ചാവ് കടത്തുന്നവരില്‍ ബഹുഭൂരിപക്ഷവും മലയാളി യുവാക്കളാണെന്നാണ് റിപ്പോർട്ടുകൾ. ഡിസിപി ഹരിറാം ശങ്കറിന്‍റെ നേതൃത്വത്തില്‍ ഒന്നരക്കോടി രൂപയുടെ കഞ്ചാവാണ് ഇതിനോടകം പിടിച്ചെടുത്തത്.
രാജ്യദ്രോഹ പരാമർശം; ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യപേക്ഷയിൽ അന്തിമ വിധി ഇന്ന്
കൊച്ചി:രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേല്‍ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും.കേസില്‍ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം കവരത്തി പോലീസ് ഇന്നലെ ഐഷയെ വിട്ടയച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഐഷ സുല്‍ത്താന കവരത്തി പൊലീസിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായത്.ചാനല്‍ ചര്‍ച്ചയ്ക്കിടെ അബദ്ധത്തില്‍ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയെന്നാണ് ജാമ്യാപേക്ഷ പരിഗണിച്ച വേളയില്‍ ഐഷ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ഹര്‍ജിക്കാരി കൃത്യമായ ബോധ്യത്തോടെ കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യദ്രോഹപരാമര്‍ശം നടത്തുകയായിരുന്നുവെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം. ഐഷ നാളെ കൊച്ചിയിലേക്കു മടങ്ങിയേക്കും. എന്നാൽ കേരളത്തിലെത്തുന്ന ഐഷയ്ക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നാണ് സൂചന. ഐഷയ്‌ക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളാണ് ഉള്ളത്.മീഡിയാ വൺ ചാനൽ ചർച്ചയ്ക്കിടെ രാജ്യദ്രോഹ പരാമർശം നടത്തിയ സംഭവത്തിലാണ് ഐഷയ്‌ക്കെതിരെ പോലീസ് കേസെടുത്ത്. കേന്ദ്ര സർക്കാർ കൊറോണ വൈറസിനെ ലക്ഷദ്വീപിൽ ബയോവെപ്പണായി ഉപയോഗിച്ചു എന്നായിരുന്നു ഐഷയുടെ പരാമർശം. ഇത് പിൻവലിക്കാൻ പറഞ്ഞെങ്കിലും ഐഷ തയ്യാറായില്ല. തുടർന്നാണ് ഐഷയ്‌ക്കെതിരെ പരാതിയുമായി ബിജെപി നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയത്.
കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം; കേരളം അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്
പാലക്കാട്:തീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ പ്ലസ് കൊവിഡ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് കേരളമടക്കമുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം. ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കാനും കര്‍ശനമായി ക്വാറന്റൈന്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് നിലവില്‍ ഡെല്‍ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം രംഗത്ത് എത്തുന്നത്.മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വന്ന് ഭേദമായ 65കാരിയിലായിരുന്നു രോഗബാധ കണ്ടെത്തിയത്. ഇവര്‍ രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം ഇന്ന് മുതല്‍;18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം ഇന്ന് മുതല്‍.ഇന്നുമുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. ഡിസംബര്‍ മാസത്തോടെ സമ്പൂർണ്ണ വാക്‌സിനേഷന്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.75 ശതമാനം വാക്‌സിന്‍ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. 0.25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. രോഗവ്യാപനം, ജനസംഖ്യ, കാര്യക്ഷമമായ വാക്‌സിന്‍ വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ ക്വാട്ട നിശ്ചയിക്കുക.കൊവിഷീല്‍ഡിന് 780 രൂപയും കൊവാക്‌സിന് 1,410 രൂപയും സ്പുടിനിക് വാക്‌സിന് 1,145 രൂപയുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാനാകുക. വാക്‌സിന്‍ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 180 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം.
ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖാ സിങ് അന്തരിച്ചു
ചണ്ഡീഗഡ്: ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖാ സിങ്(91) അന്തരിച്ചു. കോവിഡ് ചികിത്സയില്‍ കഴിയവെയാണ് മരണം.മേയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വീണ്ടും കുറഞ്ഞതാണ് മില്‍ഖാ സിങ്ങിന്റെ ആരോഗ്യനിലയെ വീണ്ടും മോശമാക്കിയത്. തുടര്‍ന്ന് അദ്ദേഹത്തെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജന്‍ ലെവല്‍ കുറയുകയും ചെയ്തു.മില്‍ഖാ സിങ്ങിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ നിര്‍മല്‍ കൗറിനും കോവിഡ് ബാധിച്ചിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ ഇക്കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ടിരുന്നു.
പറക്കും സിങ് എന്ന പേരിലറിയപ്പെടുന്ന മില്‍ഖ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ സിങ് 1956 മെല്‍ബണ്‍ ഒളിമ്ബിക്സിലും 1960 റോം ഒളിമ്ബിക്സിലും 1964 ടോക്യോ ഒളിമ്ബിക്സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു.ഏഷ്യന്‍ ഗെയിംസില്‍ നാല് തവണ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്ബിക്‌സില്‍ 400 മീറ്ററില്‍ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. 1958-ല്‍ കട്ടക്കില്‍ നടന്ന ദേശീയ ഗെയിംസില്‍ 200, 400 മീറ്ററിലും അദ്ദേഹം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. 1964-ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ഗെയിംസില്‍ 400 മീറ്ററില്‍ അദ്ദേഹം വെള്ളിയും നേടി. രാജ്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1959-ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.മകള്‍ സോണിയ സന്‍വാല്‍ക്കയ്ക്കൊപ്പം ദി റേസ് ഓഫ് മൈ ലൈഫ് എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. മില്‍ഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഓംപ്രകാശ് മെഹ്റ 2013 ല്‍ ഭാഗ് മില്‍ഖാ ഭാഗ് എന്ന സിനിമ നിര്‍മിച്ചിരുന്നു.
രാജ്യത്ത് നാലാഴ്ചയ്ക്കുള്ളില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യതയെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്; ബാധിക്കുക കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ പ്ലസ്; രോഗം കുട്ടികളെ കൂടുതലായി ബാധിക്കും
ഡല്‍ഹി: കോവിഡ് രണ്ടാം തരംഗം അവസാനിക്കും മുൻപുതന്നെ രാജ്യത്ത് മൂന്നാം തരംഗവും ആരംഭിക്കുമെന്ന സൂചന നല്‍കി വിദഗ്ദര്‍. പരമാവധി നാലാഴ്ചയ്ക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മൂന്നാം തരംഗം ചെറുപ്രായക്കാരെ കാര്യമായി ബാധിക്കുമെന്ന മുന്നറിയിപ്പും വിദഗ്ദര്‍ നല്‍കുന്നുണ്ട്.അതുകൊണ്ടുതന്നെ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശം. കുട്ടികള്‍ക്ക് വേണ്ടി ഓരോ ആശുപത്രികളിലും ഓക്‌സിജന്‍ സൗകര്യങ്ങളോടു കൂടിയ കൂടുതല്‍ ബെഡ് ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നും അത്തരം വിഭാഗങ്ങളില്ലാത്തയിടങ്ങളില്‍ ഒരു ഡോക്ടറെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കണമെന്നും വിദഗ്ദര്‍ പറയുന്നു.അതിനിടെ മഹാരാഷ്ട്രയില്‍ മൂന്നാം തരംഗം ആരംഭിക്കുമെന്ന് കൊവിഡ് 19 ടാസ്‌ക് ഫോഴ്സിന്റെ മുന്നറിയിപ്പ് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളില്‍ മഹാരാഷ്ട്രയില്‍ മൂന്നാം തരംഗം ആരംഭിക്കാമെന്നാണ് മുന്നറിയിപ്പ്. മൂന്നാം തരംഗം ചെറുപ്രായക്കാരെ കൂടുതല്‍ ബാധിച്ചേക്കാമെന്നും ടാസ്‌ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കി.കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ പ്ലസ് വകഭേദമായിരിക്കും മൂന്നാം തരംഗത്തില്‍ ബാധിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാകുമെന്നും ഇവര്‍ സര്‍ക്കാരിനെ അറിയിച്ചു. അതേസമയം മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യത്ത് പ്രതിരോധ വിഭാഗം ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
സി.ബി.എസ്.ഇ 12 ആം ക്ലാസ് മൂല്യനിർണയത്തിന് മാനദണ്ഡമായി; 10, 11, 12ാം ക്ലാസുകളിലെ മാര്‍ക്ക് അടിസ്ഥാനമാക്കും;ഫലം ജൂലൈ 31നകം
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാനദണ്ഡം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.വിദ്യാര്‍ഥികള്‍ക്ക് ഗ്രേഡും മാര്‍ക്കും നല്‍കുന്നതിനുള്ള മാനദണ്ഡമാണ് സിബിഎസ്‌ഇ സമര്‍പ്പിച്ചത്. ഫലപ്രഖ്യാപനം ജൂലൈ 31ന് മുൻപ് നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം 10,11,12 ക്ലാസുകളിലെ പരീക്ഷാഫലത്തിന്‍റെ ആകെത്തുകയെന്ന നിലയിലാകും കണക്കാക്കുക.10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കും 12ാം ക്ലാസിലെ പ്രകടന മികവും അടിസ്ഥാനമാക്കിയാകും ഫലം നിര്‍ണയിക്കുക.12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷക്ക് 40 ശതമാനം വെയിറ്റേജ് നല്‍കും.കൂടാതെ 30 ശതമാനം മാര്‍ക്ക് 11ാം ക്ലാസിലെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാകും. 30 ശതമാനം മാര്‍ക്ക് 10ാം ക്ലാസിലെ മാര്‍ക്കിന്‍റെയും അടിസ്ഥാനമാക്കിയാകും. അഞ്ച് പ്രധാനവിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ ശരാശരി പരിഗണിച്ചായിരിക്കും വെയിറ്റേജ് നല്‍കുക. തിയറി പരീക്ഷകളുടെ മാര്‍ക്കുകളാണ് ഇത്തരത്തില്‍ നിര്‍ണയിക്കുക. പ്രാക്ടിക്കല്‍ പരീക്ഷകളുടേത് സ്കൂളുകള്‍ സമര്‍പ്പിക്കണം. ഉപരിപഠനത്തിന് യോഗ്യത നേടാത്തവരെ റിപീറ്റ് വിഭാഗത്തിലേക്ക് മാറ്റും. ഫലം തൃപ്തികരമല്ലാത്തവര്‍ക്ക് കൊവിഡിന് ശേഷം പരീക്ഷ നടത്തും. മാനദണ്ഡങ്ങള്‍ സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത്. ഫലനിര്‍ണയം നിരീക്ഷിക്കാന്‍ ഒരു സമിതിയെ നിരീക്ഷിക്കും. സ്കൂളുകള്‍ മാര്‍ക്ക് കൂട്ടി നല്‍കുന്നത് ഒഴിവാക്കുന്നത് നിരീക്ഷിക്കാനാണ് സമിതി. ഇതേ രീതിയില്‍ മൂല്യനിര്‍ണയം നടത്തി ജൂലൈ 11നകം ഫലം പ്രഖ്യാപിക്കാനാണ് തീരുമാനമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.