ചെന്നൈ:ശ്രീലങ്കൻ നാവിക സേന നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു.സമുദ്രാതിർത്തി ലംഘിച്ചു എന്നാരോപിച്ചാണ് ഇവരെ പിടികൂടിയത്.നെടുന്തീവിനു സമീപത്തുനിന്നുമാണ് നാവികസേന മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചു നാവികസേനാ പിടികൂടിയ അഞ്ച് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.
ഡൽഹിയിൽ ഭർത്താവു ഭാര്യയെ കുത്തിക്കൊന്നു
ന്യൂഡൽഹി: ഡൽഹിയിലെ ദിൽഷാദ് ഗാർഡനിൽ ഭർത്താവു ഭാര്യയെ കുത്തിക്കൊന്നു.ബിനോദ് ബിഷ്ട് എന്നയാളാണ് തന്റെ ഭാര്യ രേഖയെ അതിക്രൂരമായി കുത്തിക്കൊന്നത്.അക്രമം തടയാൻ ചെന്ന മകനെയും ഇയാൾ കുത്തി പരിക്കേൽപ്പിച്ചു.ഒരു കാറ്ററിംഗ് കമ്പനിയിൽ ജോലിചെയ്തു വരികയായിരുന്ന ബിനോദിനു ഭാര്യയെ നേരത്തെ സംശയം ഉണ്ടായിരുന്നു.രേഖയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പലപ്പോഴും ഇയാൾ വീട്ടിൽ വഴക്കുണ്ടാക്കുമായിരുന്നു.പതിവുപോലെ ബുധനാഴ്ച രാവിലെ ജോലി കഴിഞ്ഞെത്തിയ ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കുകയും പെട്ടെന്ന് ബാഗിൽ നിന്നും കത്തിയെടുത്തു അവരെ കുത്തുകയായിരുന്നു.അമ്മയുടെ നിലവിളി കേട്ട് മൂത്തമകൻ വിനീത് ഓടിയെത്തുമ്പോൾ കാണുന്നത് അച്ഛന്റെ കുത്തേറ്റു പിടയുന്ന അമ്മയെയാണ്.തടയാൻ ശ്രമിച്ച വിനീതിനും കുത്തേറ്റു.നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും ബിനോദ് രക്ഷപ്പെട്ടിരുന്നു.രേഖയെയും വിനീതിനെയും അയൽക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രേഖയുടെ ജീവൻ രക്ഷിക്കാനായില്ല.
കർണാടകയിൽ 50000 രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളി
ബംഗളൂരു:കർണാടകയിൽ 50000 രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തീരുമാനം.മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കാർഷിക കടങ്ങൾ എഴുതി തള്ളാനുള്ള തീരുമാനം നിയമസഭയിൽ പ്രഖ്യാപിച്ചത്.ജൂൺ ഇരുപതു വരെ എടുത്ത വായ്പകളാണ് ഇങ്ങനെ എഴുതിത്തള്ളുക.ഇതോടെ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന നാലാമത്തെ സംസ്ഥാനമായി കർണാടക മാറി.സംസ്ഥാനത്തെ 22 ലക്ഷം കർഷകർക്ക് തീരുമാനത്തിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ മൂന്നു വർഷമായി തുടരുന്ന വരൾച്ച കർഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു.
അസാധുവാക്കിയ 1000,500 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ കേന്ദ്രം വീണ്ടും അവസരമൊരുക്കുന്നു
ന്യൂഡൽഹി:അസാധുവാക്കിയ 1000,500 രൂപ നോട്ടുകൾ റിസേർവ് ബാങ്കിന് കൈമാറാൻ ബാങ്കുകൾക്കും ജില്ലാ സഹകരണ ബാങ്കുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും വീണ്ടും അവസരം.ഒരു മാസത്തിനുള്ളിൽ ഇവരുടെ കൈവശമുള്ള പഴയ നോട്ടുകൾ കൈമാറിയാൽ പുതിയ നോട്ടുകൾ നല്കുമെന്നറിയിച്ചു കേന്ദ്ര ധനകാര്യ മന്ത്രാലയം വിജ്ഞാപനമിറക്കി.ബാങ്കുകൾക്കും പോസ്റ്റോഫീസുകൾക്കും ഡിസംബർ മുപ്പത്തിനുള്ളിൽ ശേഖരിച്ച നോട്ടുകളും സഹകരണ ബാങ്കുകൾക്ക് നവംബർ പതിനാലിനകം ശേഖരിച്ച നോട്ടുകളുമാണ് കൈമാറാൻകഴിയുക.കോടിക്കണക്കിനു രൂപയുടെ അസാധുവാക്കിയ നോട്ടുകൾ സ്വകാര്യ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും കെട്ടികിടക്കുന്ന സാഹചര്യത്തിൽ വിപണിയിൽ കടുത്ത നോട്ട് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം.അസാധുവാക്കിയ നോട്ടുകൾ ഇതുവരെ നിക്ഷേപിക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.
ക്ഷയരോഗികൾക്കും ആധാർ നിർബന്ധം
ന്യൂഡൽഹി:സർക്കാരിൽ നിന്നും ആനുകൂല്യം ലഭിക്കണമെങ്കിൽ ക്ഷയരോഗികൾക്കും ഇനി മുതൽ ആധാർ നിർബന്ധം.നാഷണൽ ട്യൂബെർക്കുലോസിസ് കൺട്രോൾ പ്രോഗ്രാമിന് കീഴിലാണ് ക്ഷയരോഗികൾക്കു സർക്കാരിൽ നിന്നും ധനസഹായം ലഭിക്കുന്നത്.സർക്കാർ,സ്വകാര്യ ആരോഗ്യ ഉദ്യോഗസ്ഥർ ക്ഷയരോഗികളെ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യിക്കേണ്ടതാണ്.ദേശീയ ആരോഗ്യ മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.പുതിയ നിയമമനുസരിച്ചു രോഗി ചികിത്സക്കായി ആശുപത്രിയിലെത്തുമ്പോൾ ആധാർ കാർഡും കരുതണം.
ജസ്റ്റിസ് കർണന്റെ ജ്യാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
ന്യൂഡൽഹി:കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി ആറുമാസം തടവിന് വിധിച്ച കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എസ് കർണൻ ശിക്ഷ അനുഭവിച്ചേ തീരൂ എന്ന് സുപ്രീം കോടതി.തനിക്കു ലഭിച്ച ശിക്ഷ റദ്ധാക്കണമെന്നും ഇടക്കാല ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടു കർണൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.കർണ്ണനെ ഇന്ന് കൽക്കത്തയിലെ പ്രെസിഡെൻസി ജയിലിലേക്ക് മാറ്റും.മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇന്ന് രാവിലെയാണ് കർണ്ണനെ കൊല്കത്തയിലെത്തിച്ചത്.ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ജസ്റ്റിസ് കർണ്ണനെ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ കൊൽക്കത്ത പോലീസ് അറസ്ററ് ചെയ്തത്.
ജസ്റ്റിസ് കർണൻ അറസ്റ്റിൽ
കോയമ്പത്തൂർ:കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ ജസ്റ്റിസ് കർണൻ അറസ്റ്റിലായി.കോയമ്പത്തൂരിൽ വച്ചാണ് അദ്ദേഹം അറസ്റ്റിലായത്.ബംഗാൾ-തമിഴ്നാട് പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് കർണൻ അറസ്റ്റിലായത്.കോയമ്പത്തൂരിലെ മരമാപിച്ച്ചം പെട്ടി എന്ന സ്ഥലത്തു വെച്ചാണ് അദ്ദേഹം അറസ്റ്റിലായത്.പിടിയിലായ ഇദ്ദേഹത്തെ കൊൽക്കത്തയിലേക്ക് കൊണ്ടുപോകും.സുപ്രീം കോടതി വിധിയെ തുടർന്ന് ഒളിവിൽ പോയ കർണൻ തമിഴ്‌നാട്ടിൽ തന്നെ ഉണ്ടാകുമെന്നും പിടിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു ബംഗാൾ ഡിജിപി സുർജിത് കൗർ തമിഴ്നാട് ഡിജിപി ടി.കെ രാജേന്ദ്രന് കത്തയക്കുകയുണ്ടായി.ഇതേ തുടർന്നാണ് സംയുക്ത പരിശോധന നടത്തിയതും ഒടുവിൽ കർണൻ പിടിയിലായതും.
പെട്രോൾ / ഡീസൽ വീട്ടുപടിക്കലെത്തും
ബംഗളൂരു: പെട്രോൾ / ഡീസൽ ഡോർ ഡെലിവറിയുമായി ഒരു സ്വകാര്യ സംരഭം ബാഗളൂരിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കമ്പനിയുടെ വെബ് സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഉപഭോക്താവിന് ഇന്ധനം ബുക്ക് ചെയ്യാം. നഗരത്തിലെ കോറമംഗല, ബെല്ലാന്തൂർ, HSR ലേ ഔട്ട് ,ബൊമ്മനഹള്ളി തുടങ്ങി ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ ഇപ്പോൾ ഈ സേവനം ലഭിക്കുകയുള്ളൂ.
അതാത് ദിവസത്തെ പ്രാദേശിക വിലയോടൊപ്പാം ആദ്യത്തെ ഒരു ലിറ്റർ മുതൽ 99 ലിറ്റർ വരെ 99 രൂപ ഡെലിവറി ചാർജ്ജ് നൽക്കണം. കൂടാതെ നൂറ് ലിറ്ററിന് മുകളിൽ വാങ്ങിക്കുന്ന ഓരോ ലിറ്ററിനും ഒരു രൂപ വെച്ച് ഡെലിവറിച്ചാർജാണ് ഉപഭോക്താവ് നൽകേണ്ടി വരിക .അതായത് 300 ലിറ്റർ ഡീസർ ഒരു ബസ് അല്ലെങ്കിൽ ട്രക്ക് ഉടമ വാങ്ങുമ്പോൾ 300 രൂപ ഡെലിവറി ചാർജ് ഇനത്തിൽ നഷ്ടമാകും.
രാംനാഥ് കോവിന്ദ് ഗവർണർ സ്ഥാനം രാജിവെച്ചു
ന്യൂഡൽഹി:എൻ.ഡി.എ യുടെ രാഷ്‌ട്രപതി സ്ഥാനാർഥി പ്രഖ്യാപനം വന്നതിനു തൊട്ടു പിന്നാലെ രാംനാഥ് കോവിന്ദ് ബീഹാർ ഗവർണർ സ്ഥാനം രാജിവെച്ചു.പശ്ചിമ ബംഗാൾ ഗവർണർ കേസരി നാഥ് ത്രിപാഠി താത്കാലികമായി ബീഹാറിന്റെ അധിക ചുമതല കൂടി വഹിക്കും.ചൊവ്വാഴ്ച സമർപ്പിച്ച രാജിക്കത്ത് രാഷ്‌ട്രപതി പ്രണബ് മുഖർജി സ്വീകരിച്ചു.2015 ലാണ് രാംനാഥ് കോവിന്ദ് ബീഹാർ ഗവർണറായി സ്ഥാനമേൽക്കുന്നത്.