ബെയ്‌ജിങ്:ഇന്ത്യൻ അതിർത്തിക്ക് സമീപം ചൈനയുടെ പ്രകോപനം തുടരുന്നു.35 ടണ്ണുള്ള ടാങ്ക് വിവിധ തരത്തിലുള്ള നീക്കങ്ങളും മേഖലയിൽ നടത്തി.പുതിയ നീക്കം ഇന്ത്യയെ ലക്‌ഷ്യം വച്ചാണോ എന്ന ചോദ്യത്തിന് ഏതെങ്കിലും ഒരു രാജ്യത്തെ പ്രത്യേകം ലക്‌ഷ്യം വച്ചെല്ലാനായിരുന്നു സൈന്യത്തിന്റെ മറുപടി.അതേസമയം സിക്കിമിന്റെ അതിർത്തിയിൽ ഇന്ത്യയുടേയും ചൈനയുടെയും സൈനികർ തമ്മിലുള്ള സംഘർഷത്തെ കുറിച്ചും ചൈന പ്രതികരിച്ചു.ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചുവെന്നും ഇവർ പിന്മാറിയാൽ മാത്രമേ ചർച്ചക്കുള്ളൂ എന്നുമാണ് ചൈനയുടെ നിലപാട്.
കൊൽക്കത്തയിൽ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടുത്തം
കൊൽക്കത്ത:പശ്ചിമബംഗാളിലെ ഹൗറയിലെ പ്ലാസ്റ്റിക് കസേര നിർമാണ ഫാക്ടറിയിൽ വൻതീപിടുത്തം.ഇന്ന് പുലർച്ചയാണ് അപകടം ഉണ്ടായത്. ജീവനക്കാരെ അടിയന്തിരമായി ഒഴിവാക്കിയാൽ വൻദുരന്തം ഒഴിവായി.ആളപായമില്ലെന്നാണ് റിപ്പോർട്ട്.ഫാക്ടറിയുടെ ചില ഭാഗങ്ങൾ കത്തി നശിച്ചെന്നും തീയണക്കുവാൻ വലിയ പ്രയാസം നേരിട്ടെന്നും അഗ്നിരക്ഷാസേന അറിയിച്ചു.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 5ന്
ന്യൂഡൽഹി:ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 5ന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നസീം സെയ്‌ദി അറിയിച്ചു.വോട്ടെണ്ണലും അന്ന് വൈകുന്നേരം തന്നെ നടക്കും.നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ കാലാവധി ഓഗസ്റ്റിൽ അവസാനിക്കുകയാണ്.പുതിയ ഉപരാഷ്ട്രപതി ഓഗസ്റ്റ് പതിനൊന്നിന് സ്ഥാനമേൽക്കുമെന്നും നസീം സെയ്‌ദി അറിയിച്ചു.
എയർഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള നിർദേശത്തിനു കേന്ദ്രമന്ത്രിസഭാ അംഗീകാരം
ന്യൂഡൽഹി:എയർഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കണമെന്ന നീതി ആയോഗിന്റെ നിർദേശത്തിനു കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകി.മന്ത്രിസഭാ യോഗത്തിനു ശേഷം കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.കടക്കെണിയിൽ മുങ്ങിയ എയർഇന്ത്യക്കു കൂടുതൽ സഹായധനം നൽകുന്നത് ഒഴിവാക്കാനാണ് സ്വകാര്യവൽക്കരണം നടപ്പിലാക്കുന്നതെന്നാണ് വിശദീകരണം.
ആധാര്‍ – പാന്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കി
ന്യൂഡൽഹി: ജൂലൈ ഒന്നു മുതല്‍ നികുതിദായകര്‍ ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ആദായനികുതി നിയമം ഭേദഗതി ചെയ്തും വിജ്ഞാപനം പുറപ്പെടുവിച്ചുമാണ് നടപടി കര്‍ശനമാക്കിയത്. ഇനി മുതല്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോഴും ആധാര്‍ നമ്പര്‍ നല്‍കണം.ഒന്നിലേറെ പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്താനുള്ള സാധ്യത തടയാനാണ് നടപടി. ജൂലൈ ഒന്നു മുതല്‍ ഇത് നടപ്പാക്കി തുടങ്ങും. ഇതിനോടകം രണ്ടു കോടിയിലേറെ പേര്‍ പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചു കഴിഞ്ഞു. രാജ്യത്ത് 25 കോടിയോളം പേര്‍ക്കാണ് പാന്‍ കാര്‍ഡുള്ളത്. പാന്‍ കാര്‍ഡ് എടുക്കുന്നതിനും ആദായ നികുതി അടക്കുന്നതിനും ആധാര്‍ വേണമെന്ന വ്യവസ്ഥ നേരത്തെ സുപ്രിംകോടതി ശരിവെച്ചിരുന്നു.
മുംബൈ ജയിലിൽ തടവുകാരി മരിച്ചത് പോലീസിന്റെ പീഡനം മൂലമെന്ന് റിപ്പോർട്ട്
മുംബൈ:മുംബൈ ബൈഖുല ജയിലിൽ തടവുകാരി മജ്ഞുള മരിച്ചത് പോലീസുകാരുടെ പീഡനം മൂലമെന്ന് റിപ്പോർട്ട്.ഫോറൻസിക് റിപ്പോർട്ട് വന്നാലുടൻ തന്നെ കാരണക്കാരായ വനിതാ ജയിൽ ഓഫീസറുടെയും ആറ് കോൺസ്റ്റബിൾമാരുടെയും അറസ്റ്റ് രേഖപ്പെടുത്തും.സഹോദര ഭാര്യയെ തീകൊളുത്തി കൊന്ന കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന മഞ്ജുള ഷെട്ടിയാണ് ജയിലർമാരുടെ ആക്രമണത്തിൽ മരിച്ചത്.ഭക്ഷണ സാധനത്തിൽ മാവും രണ്ടു മുട്ടയും കാണാതായതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്.ജയിൽ ഓഫീസറുടെ മുറിയിൽ നിന്നും മഞ്ജുളയുടെ കരച്ചിൽ കേട്ടെന്നും പിന്നീട് കണ്ടെത്തിയത് തളർന്നെത്തിയ മഞ്ജുളയെയായിരുന്നെന്നും പിന്നീട് അഞ്ചു വാർഡന്മാർ വന്നു മജ്ഞുളയെ മർദിക്കുകയും ചെയ്തുവെന്ന് സഹതടവുകാരി മൊഴി നൽകി.
വിവാഹവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു അഞ്ചു പേർ മരിച്ചു
ന്യൂഡൽഹി:സൗത്ത് ഡൽഹിയിലെ ഓഖ്‌ല ഫേസ് വണ്ണിലുള്ള വീട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു അഞ്ചു പേർ മരിച്ചു.ഒൻപതുപേർക്കു പരിക്കേറ്റു.മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത് പരിക്കേറ്റവരെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലും ഇ.എസ്.ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബുധനാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി നിരവധി ബന്ധുക്കൾ വീട്ടിൽ എത്തിയിരുന്നു.ഇവർക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.നാലു ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
റെയിൽവേ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കുമെന്നു സൂചന
ന്യൂഡല്‍ഹി: യാത്രാകൂലി അടക്കമുള്ള നിരക്കുകളില്‍ വര്‍ധന വരുത്താൻ റെയില്‍വേ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വര്‍ധനയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകിയതായും സൂചന.റെയില്‍വെയുടെ സ്ഥിതി വിവരങ്ങള്‍ വിലയിരുത്താന്‍ ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ റെയില്‍വേ മന്ത്രാലയ പ്രതിനിധികളുടെ യോഗം നിരക്ക് വര്‍ധന ചേർന്ന സംബന്ധിച്ചും ചര്‍ച്ച ചെയ്തിരുന്നു.സെപ്തംബര്‍ മുതല്‍ നിരക്കുവര്‍ധന കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. എന്നാല്‍ റെയില്‍വേ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.വര്‍ഷങ്ങളായി പല ക്ലാസുകളിലെയും നിരക്കുകള്‍ വര്‍ധന വരുത്താതെ തുടരുകയാണ്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് റെയില്‍വേ നിരക്കുകളില്‍ വര്‍ധന വരുത്തിയിരുന്നില്ല.കഴിഞ്ഞ വര്‍ഷം പ്രീമിയം ട്രെയിനുകളിലും എസി ക്ലാസുകളിലുംതിരക്കിനനുസരിച്ച് നിരക്കില്‍ മാറ്റംവരുന്ന വിധത്തില്‍ ചാര്‍ജ്ജ് പരിഷ്‌കരണം നടപ്പാക്കിയിരുന്നു. എന്നാല്‍ ജനറല്‍, നോണ്‍ എസി വിഭാഗങ്ങളില്‍ ഇത് നടപ്പാക്കിയിരുന്നില്ല.
സാങ്കേതിക തകരാർ;വിമാനം അടിയന്തിരമായി നിലത്തിറക്കി
പെർത്:സാങ്കേതിക തകരാർ മൂലം വിമാനം അടിയന്തിരമായി തിരിച്ചിറക്കി.ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്നും ക്വലാലംപൂരിലേക്കു പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് വാഷിങ് മെഷീൻ പോലെ കുലുങ്ങി വിറച്ചതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കിയത്.ഞായറാഴ്ച രാവിലെ 359 യാത്രക്കാരുമായി പറന്നുയർന്ന വിമാനം യാത്ര തുടങ്ങി 90 മിനിട്ടിനു ശേഷമാണു കുലുങ്ങി വിറച്ചത്.സംഭവത്തിൽ എയർ ഏഷ്യ അന്വേഷണം പ്രഖ്യാപിച്ചു.
പ്രവാസികൾക്ക് പഴയ നോട്ട് മാറിയെടുക്കാനുള്ള സമയം ഈ മാസം 30ന് അവസാനിക്കും
ന്യൂഡൽഹി: പ്രവാസികൾക്ക് പഴയ നോട്ട് മാറ്റിയെടുക്കാൻ കേന്ദ്രസർക്കാർ അനുവദിച്ച സമയം ഈ മാസം 30ന് അവസാനിക്കും.2016 നവംബർ 8 ന് നോട്ടുനിരോധനം ഏർപ്പെടുത്തുമ്പോൾ പഴയനോട്ടുകൾ മാറ്റിവാങ്ങാനുള്ള അവസാന തീയതി 2016 ഡിസംബർ 31 ആയിരുന്നു.തിരഞ്ഞെടുത്ത റിസർവ് ബാങ്ക് ഓഫീസുകളിൽ നോട്ട് മാറ്റിവാങ്ങാൻ മാർച്ച് 31 വരെ അനുമതി നൽകുകയും ചെയ്തു.എന്നാൽ ആറുമാസത്തിലധികം വിദേശത്തു താമസമുള്ള ഇന്ത്യൻ പൗരന്മാർക്ക് 2017 ജൂൺ 30 വരെ റിസർവ് ബാങ്ക് അനുവദിച്ചിരുന്നു.റിസർവ് ബാങ്കിന്റെ മുംബൈ,ഡൽഹി,കൊൽക്കത്ത,ചെന്നൈ,നാഗ്‌പൂർ ഓഫീസുകളിൽ മാത്രമാണ് പ്രവാസികൾക്ക് പഴയ നോട്ടുകൾ മാറ്റിയെടുക്കാനാവുക.ഒരാൾക്ക് പരമാവധി വിദേശത്തുനിന്നും കൊണ്ടുവരാൻ പറ്റുന്ന തുക 25000 രൂപ മാത്രമാണ്.കൈവശമുള്ള തുക വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും അതിനുള്ള സാക്ഷ്യപത്രം വാങ്ങി റിസർവ് ബാങ്കിൽ സമർപ്പിക്കുകയും വേണം.