ടെൽ അവീവ് :പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലെത്തി.ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.മോദിയെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് ഇസ്രായേൽ ഭരണകൂടം നടത്തിയിരിക്കുന്നത്.ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെൽ അവീവ് വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കാനെത്തി.ഇന്ത്യയുടെ ദേശീയ ഗാനം മുഴക്കിയാണ് ഇസ്രായേൽ മോദിയെ സ്വീകരിച്ചത്.ഇസ്രായേൽ തനിക്കു നൽകിയ സ്വീകരണത്തിൽ മോദി നന്ദി പറഞ്ഞു.അമേരിക്കൻ പ്രസിഡന്റിനും മാർപാപ്പക്കും സമാനമായ സ്വീകരണമാണ് മോദിക്ക് നൽകുകയെന്ന് ഇസ്രായേൽ നേരത്തെ അറിയിച്ചിരുന്നു.
ജി.എസ്.ടി:പാചകവാതക സിലിണ്ടറിന് 32 രൂപ കൂടി
ന്യൂഡൽഹി:ജി.എസ്.ടി നിലവിൽ വന്നതോടെ പാചകവാതക സിലിണ്ടറിന്റെ വില 32 രൂപ കൂടി.ആറു വർഷത്തെ ഏറ്റവും കൂടിയ വർദ്ധനവാണിത്.ഡൽഹിയിൽ ഒരു സിലിണ്ടറിന് 446.65 ആയിരുന്നത് 477.46 ആയി വർധിച്ചു.മുംബൈയിൽ നേരത്തെ മൂന്നു ശതമാനം വാറ്റ് കൂടുതലുണ്ടായതിനാൽ സിലിണ്ടറിന്റെ വില ഡൽഹിയെ അപേക്ഷിച്ച് 14.28 രൂപ വർധിച്ച് 491.25 രൂപയാകും.സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 11.5 രൂപ വർധിച്ച് 564 രൂപയായി.സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 18 ശതമാനമാണ് ജി.എസ്.ടി.
മതിയായ കാരണങ്ങളുള്ളവർക്ക് അസാധു നോട്ടുകൾ മാറ്റി നൽകുന്നതിന് സമയം അനുവദിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:അസാധു നോട്ടുകൾ മാറ്റി നൽകുന്നതിനായി ജനങ്ങൾക്ക് സമയം നൽകണമെന്നും മതിയായ കാരണങ്ങളുള്ളവരെ അസാധു നോട്ടുകൾ മാറ്റിയെടുക്കുന്നതിൽ നിന്നും തടയാനാവില്ല എന്ന് സുപ്രീം കോടതി.ഈ വിഷയത്തിൽ മറുപടി നല്കാൻ കേന്ദ്ര സർക്കാരിനും റിസേർവ് ബാങ്കിനും സുപ്രീം കോടതി 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.അസാധു നോട്ടുകൾ മാറിയെടുക്കാൻ സമയം അനുവദിക്കണമെന്നുള്ള ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹർ റിസേർവ് ബാങ്കിൽ നിന്നും കേന്ദ്ര സർക്കാരിൽ നിന്നും പ്രതികരണം ആവശ്യപ്പെട്ടിട്ടുള്ളത്.ന്യായമായ കാരണങ്ങൾ ചൂണ്ടി കാണിച്ച ഒരു വ്യക്തിക്ക് അനുവദിച്ച സമയത്തിനുള്ളിൽ പണം നിക്ഷേപിക്കാൻ കഴിഞ്ഞില്ലെങ്കിൽ അയാളെ അസാധുനോട്ടുകൾ മാറിയെടുക്കുന്നതിൽ നിന്നും വിലക്കാൻ കഴിയില്ലെന്നാണ് കോടതിയുടെ വാദം.പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട കോടതി തീരുമാനം പുനഃപരിശോധിക്കാൻ തയ്യാറായില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
നടി ആക്രമിക്കപ്പെട്ട സംഭവം;ദൃശ്യങ്ങൾ തിരിച്ചറിഞ്ഞു,നടന്നത് ക്രൂരമായ ലൈംഗികാക്രമണം
കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പോലീസിനു ലഭിച്ച ദൃശ്യങ്ങളിലുള്ളത് നടിയും സുനിയും തന്നെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.ഓടുന്ന വാഹനത്തിനുള്ളിൽ നടിയെ ക്രൂരമായിഅപമാനിക്കുന്നതിൻറെ ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.കേസിൽ ഏറ്റവും നിർണായകമായ തെളിവാണ് ഇതെന്നാണ് പോലീസ് പറയുന്നത്.ഞായറാഴ്ച ലോക്നാഥ് ബെഹ്‌റ ഉൾപ്പെടെയുള്ള പോലീസ് സംഘം ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.ദൃശ്യങ്ങൾ ചോരാതിരിക്കാൻ പോലീസ് മേധാവി കർശന നിർദേശം നൽകിയിട്ടുണ്ട്.കേസിൽ കൂടുതൽ അറസ്റ്റ് അനിവാര്യമാക്കിയത് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കടുത്ത നടപടികളാണ്.ബാഹ്യ ഇടപെടലുകൾ അസാധ്യമാക്കി കേസിൽ നിന്നും പിന്നോക്കം പോകാൻ പറ്റാത്ത വിധം അന്വേഷണ സംഘത്തെ ബെഹ്‌റ തളച്ചു. കേസിൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് സ്ഥിതീകരിച്ചിട്ടുണ്ടെങ്കിലും ചെറിയ പിഴവുപോലും സർക്കാരിനെയും പോലീസിനെയും പ്രതിക്കൂട്ടിലാക്കുമെന്നതിനാൽ എല്ലാ പഴുതുകളും അടച്ചശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനം.ചോദ്യം ചെയ്യൽ സമയത്ത് നാദിർഷായുടെ ഭാഗത്തുനിന്നുമുണ്ടായ നിസ്സഹകരണമാണ് സംഭവത്തിൽ കൂടുതൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ട് എന്ന സംശയങ്ങൾക്ക് വഴിവെച്ചത്.
ആവി പറക്കുന്ന മദ്യം കഴിച്ച യുവാവിന്റെ ആമാശയത്തിൽ തുള വീണു
ന്യൂഡൽഹി: ‘ആവി’ പറക്കുന്ന മദ്യം കഴിച്ച യുവാവിന്റെ ആമാശയത്തിൽ തുള വീണു.മുപ്പതു വയസ്സുകാരനായ യുവാവ് കഴിച്ച മദ്യത്തിലെ നൈട്രജൻ ദ്രാവകം ആമാശയത്തിനുള്ളിൽ പ്രവേശിച്ച് വികസിച്ചതാണ് തുള വീഴാൻ കാരണം.അസഹ്യമായ വേദനയും ശ്വാസതടസ്സവും വയറുവീർക്കലും അനുഭവപ്പെട്ട യുവാവിനെ ഉടനടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡൽഹി ബാറിലെ ആകർഷകമായ ഇനങ്ങളിലൊന്നാണ് വെള്ള പുക ഉയരുന്ന കോക്‌ടെയ്ൽ. ഇതിലെ പുക പൂർണ്ണമായും പോയാൽ മാത്രമേ ഇത് കഴിക്കാൻ പാടുള്ളൂ.എന്നാൽ ഇതറിയാതെ യുവാവ് കോക്റ്റൈൽ കിട്ടിയപാടെ കഴിച്ചതാണ് അപകടകാരണം.ഒരു ലിറ്റർ നൈട്രജൻ ദ്രാവകത്തിനു ഇരുപതു ഡിഗ്രി സെൽഷ്യസിൽ 694 ലിറ്ററായി വികസിക്കാനുള്ള കഴിവുണ്ട്.നീരാവിയായി പുറത്തു പോകുന്ന ഈ നൈട്രജന് ചുറ്റിലുമുള്ളവയെ തണുപ്പിക്കാനും കഴിയും.എന്നാൽ ആമാശയത്തിലെത്തിയ നീരാവിക്കു പുറത്തു പോകാൻ കഴിയാത്തതിനാലാണ് തുള വീണത്.ആമാശയം പുസ്തകം പോലെ തുറന്നു പോയിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്.അതിനാൽ ആമാശയത്തിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടി വന്നു.യുവാവ് ആരോഗ്യനില വീണ്ടെടുത്ത് വരുന്നു.
എ.സി കോച്ചുകൾ ഉള്ള എല്ലാ ട്രെയിനിലും എക്കണോമി എ.സി കോച്ചുകൾ ആരംഭിക്കാനൊരുങ്ങി റെയിൽവേ
ന്യൂഡൽഹി:നിലവിൽ എ.സി കോച്ചുകളുള്ള എല്ലാ ട്രെയിനുകളിലും എക്കണോമി എ.സി കോച്ചുകൾ ആരംഭിക്കാനൊരുങ്ങി റെയിൽവേ.എക്കണോമി എ.സി കോച്ചുകളിൽ നിരക്ക് തേർഡ് എ.സി യിലും താഴെ ആയിരിക്കും.ഇവിടെ താപനില 24-25 ഡിഗ്രി ആയി നിലനിർത്തും.ചില ട്രെയിനുകൾ പൂർണമായി ശീതീകരിക്കാനും പദ്ധതിയുണ്ട്.
യു.എ.ഇ കടലിൽ നൂറോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു
ദുബായ്:ഇരുപത്തിരണ്ടോളം കപ്പലുകളിലായി നൂറോളം ഇന്ത്യക്കാർ കടലിൽ കുടുങ്ങി കിടക്കുകയാണെന്ന് റിപ്പോർട്ട്.സഹായം ആവശ്യപ്പെട്ട് നാവികർ ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ സഹായം തേടിയെന്നാണ് സൂചന.കടലിൽ കുടുങ്ങിയ നാവികരുടെ നിരവധി കോളുകൾ ലഭിച്ചതായി ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു.എന്നാൽ ഇപ്പോൾ പരിഗണിക്കുന്നത് ഇരുപത്തി രണ്ടു കപ്പലുകളിലെ നാവികരെയാണ്.ദീർഘ കാലമായി ഇവർക്ക് ശമ്പളമോ ഭക്ഷണമോ വെള്ളമോ ഇന്ധനമോ ലഭിക്കാറില്ലെന്നു നാവികർ പരാതി നൽകിയിട്ടുണ്ട്.ശമ്പളകുടിശ്ശിക ലഭിച്ചാൽ ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാൻ തയ്യാറായി നിൽക്കുകയാണ് ഇവരിൽ ഭൂരിഭാഗവും തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ കോൺസുലർ കപ്പൽ ഉടമകളുമായും ഏജന്റുമാരുമായും ബന്ധപ്പെട്ടുവരികയാണ്.കഴിഞ്ഞ ഏതാനും നാളുകളായി 36 നാവികരെ നാട്ടിലേക്കു അയക്കാൻ കോൺസുലേറ്റിനു സാധിച്ചിട്ടുണ്ട്.
കെ.കെ വേണുഗോപാൽ അറ്റോർണി ജനറൽ
ന്യൂഡൽഹി:സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മലയാളിയുമായ കെ.കെ.വേണുഗോപാലിനെ അറ്റോർണി ജനറലായി നിയമിച്ചു.ആദ്യമായാണ് ഒരു മലയാളി ഈ പദവിയിലെത്തുന്നത്.കാഞ്ഞങ്ങാട് സ്വദേശിയാണ് ഇദ്ദേഹം.സ്വാതന്ത്രസമര സേനാനി കെ.മാധവന്റെ സഹോദരനും ബാരിസ്റ്റർ എം.കെ നമ്പ്യാരുടെ മകനുമാണ് കെ.കെ വേണുഗോപാൽ.
കുടിവെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച കുട്ടികൾ ഗുരുതരാവസ്ഥയിൽ
ഹൈദരാബാദ്:കുടിവെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച സഹോദരങ്ങളായ രണ്ടു കുട്ടികൾ ഗുരുതരാവസ്ഥയിൽ.തെലുങ്കാനയിലെ മെഹ്ബൂബ നഗറിനു സമീപത്തെ സേക്രട് ഹാർട്ട് സ്കൂളിലെ വിദ്യാർത്ഥിയും സഹോദരനുമാണ് വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ചത്.കുട്ടികളുടെ മുത്തശ്ശി ഈ സ്കൂളിൽ ജോലി നോക്കിയിരുന്നു.ഇവരുടെ കൊച്ചു മകൻ ഈ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.മുത്തശ്ശി സ്കൂളിലേക്ക് വരുമ്പോൾ മൂന്നു വയസ്സുള്ള ഇളയ കുട്ടിയേയും ഒപ്പം കൂട്ടിയിരുന്നു.സംഭവം നടക്കുന്ന ദിവസം മുത്തശ്ശി ഇരിക്കുന്ന സ്ഥലത്തു സൂക്ഷിച്ചിരുന്ന ദ്രാവകം വെള്ളമാണെന്നു കരുതി കുട്ടികൾ കുടിക്കുകയായിരുന്നു.നേർപ്പിച്ച ആസിഡായിരുന്നു ഇത്.വെള്ളം കുടിച്ചതിനു പിന്നാലെ കുട്ടികൾ ഛർദിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.മുത്തശ്ശിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
ജി.എസ്.ടി ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും
ന്യൂഡൽഹി:ദേശീയ തലത്തിൽ ഒറ്റ നികുതി എന്ന ആശയവുമായി ചരക്കു സേവന നികുതി(ജി.എസ്.ടി)ഇന്ന് നിലവിൽ വരും.ഇന്ന് അർധരാത്രി മുതലാണ് ജി.എസ്.ടി പ്രാബല്യത്തിൽ വരുന്നത്.കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഈടാക്കി വരുന്ന പരോക്ഷ നികുതികൾ എടുത്തു കളഞ്ഞു കൊണ്ടാണ് പുതിയ നികുതി വ്യവസ്ഥ നിലവിൽ വരുന്നത്.പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന പ്രത്യേക യോഗത്തിൽ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ സാനിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി.എസ്.ടി വിളംബരം ചെയ്യും. പാർട്ടിനേതാക്കൾ,മുഖ്യ മന്ത്രിമാർ, രാജ്യസഭാ,ലോക്സഭാ എം.പി മാർ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.കൂടാതെ രത്തൻ ടാറ്റ മുതൽ അമിതാഭ് ബച്ചൻ വരെ വിധ മേഖലകളിലെ പ്രമുഖർക്കും ക്ഷണമുണ്ട്.ഒരു മണിക്കൂർ നീളുന്ന യോഗം രാത്രി 10.45 ന് ആരംഭിക്കും.ജമ്മു കാശ്മീർ ഒഴികെയുള്ള രാജ്യങ്ങളിലാണ് ജി.എസ്.ടി നിലവിൽ വരുന്നത്.ജി.എസ്.ടി നിലവിൽ വരുന്നതോടെ എക്‌സൈസ്, വാറ്റ്, ഒക്ട്രോയ്,സേവന,വില്പന,പ്രവേശന നികുതികളെല്ലാം ഇല്ലാതാവും.നികുതി ഘടനയിലെ മാറ്റം വിലക്കയറ്റമുണ്ടാക്കുമോ അതോ സാധനങ്ങൾക്ക് വിലകുറയുന്നതിലൂടെ ഉപഭോക്താക്കൾക്ക് നേട്ടമുണ്ടാകുമോ എന്നൊന്നും കൃത്യമായി വിലയിരുത്താനായിട്ടില്ല.ഉപഭോക്തൃ സംസ്ഥാനമായതിനാൽ ജി.എസ്.ടി കേരളത്തിനും നേട്ടം കൊണ്ടുവരുമെന്നാണ് കണക്കുകൂട്ടൽ.