ന്യൂഡൽഹി:ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തു.എൻ.ഡി.എ സ്ഥാനാർഥിയായ രാംനാഥ് കോവിന്ദ് ദളിത് വിഭാഗക്കാരനാണ്.പാർലമെന്റ് മന്ദിരത്തിൽ നടന്ന വെട്ടെണ്ണലിൽ വിജയത്തിനാവശ്യമായ വോട്ടുമൂല്യം ഉറപ്പിച്ചതോടെയാണ് രാംനാഥ് കോവിന്ദ് പതിനാലാമതു രാഷ്ട്രപതിയാകുമെന്നു ഉറപ്പായത്.ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.പ്രവചനങ്ങൾ ശരിവെച്ച് ലോക്സഭാ,രാജ്യസഭാ എംപി മാരിൽ ഭൂരിപക്ഷവും എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിനോപ്പം നിലയുറപ്പിച്ചു.കോവിന്ദിന് 522 എംപി മാരുടെ വോട്ട് ലഭിച്ചു.225 എംപിമാർ മീരാകുമാറിന് വോട്ടു ചെയ്തു.അതിനിടെ ഗുജറാത്തിലും ഗോവയിലും കോൺഗ്രസ് വോട്ടു ചോർച്ചയുണ്ടായി.ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്;ഫലം ഇന്നറിയാം
ന്യൂഡൽഹി:രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ അറിയാം.എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥി മീര കുമാറും തമ്മിലാണ് മത്സരം.പാർലമെന്റ് മന്ദിരത്തിൽ രാവിലെ 11 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.പാർലമെന്റിലെ ബാലറ്റ് പെട്ടികളാണ് ആദ്യം തുറക്കുക.തുടർന്ന് സംസ്ഥാന നിയമസഭകളിൽ നിന്നെത്തിച്ച പെട്ടികളിലെ വോട്ടുകൾ സംസ്ഥാനങ്ങളുടെ പേരിന്റെ ഇംഗ്ലീഷ് അക്ഷരക്രമത്തിൽ എണ്ണും.776 എം.പി മാരും 4120 എം.എൽ.എ മാരുമാണ് ഇത്തവണ വോട്ടു ചെയ്തത്.ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ് ആയിരുന്നു ഇത്തവണ.വൈകിട്ട് അഞ്ചു മണിയോടെ ഫലം പ്രഖ്യാപിക്കും.വോട്ടെണ്ണൽ പൂർത്തിയായ ശേഷം വിജയിക്ക് വരണാധികാരി അനൂപ് മിശ്ര സാക്ഷ്യപത്രം നൽകും.
അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ ഇനി അവസരം നൽകാനാവില്ല എന്ന് കേന്ദ്രം
ന്യൂഡൽഹി:അസാധുവാക്കിയ നോട്ടുകൾ മാറ്റിയെടുക്കാൻ ഇനിയും അവസരം നൽകാനാവില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.ഇനി ഒരു അവസരം കൂടി നൽകിയാൽ അത് നോട്ട് പിൻവലിക്കലിന്റെ ഉദ്ദേശ്യലക്ഷ്യം തന്നെ തകർക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ ഒരു അവസരം കൂടി നല്കിക്കൂടെയെന്നു ഇത് സംബന്ധിച്ച കേസുകൾ പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.ഇതിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.മാർച്ച് 31 നകം അസാധു നോട്ടുകൾ മാറ്റാൻ കഴിയാത്തവർക്ക് ഇനിയും സമയം നൽകണമെന്ന് കേന്ദ്രസർക്കാരിനോടും റിസേർവ് ബാങ്കിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.ഈ വിഷയത്തിലാണ് കേന്ദ്രം ഇപ്പോൾ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡൽഹി:രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്.സംസ്ഥാന നിയമ സഭകളിലും പാര്ലമെന്റിലുമാണ് പോളിംഗ് ബൂത്തുകൾ.സംസ്ഥാന നിയമസഭകളിലെ ബാലറ്റുപെട്ടികൾ ഡൽഹിയിൽ എത്തിച്ച ശേഷമാണ് വോട്ടെണ്ണുക.എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിന് പ്രതിപക്ഷ സ്ഥാനാർഥി മീരാകുമാറിനേക്കാൾ വ്യക്തമായ മുൻതൂക്കമുണ്ട്.വോട്ടെണ്ണൽ ഈ മാസം 20 നു നടക്കും.
ഓഗസ്റ്റ് 15 നു മുൻപ് വ്യാപാരികൾ ജി.എസ്.ടി യിൽ രജിസ്റ്റർ ചെയ്യണം
ന്യൂഡൽഹി:ഓഗസ്റ്റ് 15 നു മുൻപ് വ്യാപാരികൾ ജി.എസ്.ടി യിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.15 നു മുൻപ് രാജ്യത്തെ എല്ലാ വ്യാപാരികളും ജി.എസ്.ടി യിൽ രജിസ്റ്റർ ചെയ്തുവെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ചീഫ് സെക്രെട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗത്തി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് ഇതേ കുറിച്ച് തീരുമാനമുണ്ടായത്.
തമിഴ്‌നാട്ടിൽ ബസ്സിന് നേരെയുണ്ടായ കല്ലേറിൽ 20 പേർക്ക് പരിക്ക്
രാമേശ്വരം:തമിഴ്‌നാട്ടിൽ സർക്കാർ ബസ്സിന് നേരെയുണ്ടായ കല്ലേറിൽ 20 പേർക്ക് പരിക്ക്.കഴിഞ്ഞ ദിവസം തങ്കച്ചി മഠത്തിൽ മത്സ്യത്തൊഴിലാളി മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം.രണ്ടു ബസ് ഡ്രൈവർമാർക്ക് കല്ലേറിൽ ഗുരുതരമായി പരിക്കേറ്റു.സംഘർഷവുമായി ബന്ധപ്പെട്ട് പതിനൊന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രി മത്സ്യത്തൊഴിലാളി സഞ്ചരിച്ചിരുന്ന ബൈക്ക് സർക്കാർ ബസ്സിലിടിച്ചു മത്സ്യത്തൊഴിലാളി മരിച്ചിരുന്നു.അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
കർണാടക ആർ.ടി.സി ബസ്സിൽ പെൺകുട്ടി ജീവനക്കാരുടെ ക്രൂരബലാത്സംഗത്തിനിരയായി
മംഗളൂരു:കർണാടക ആർ.ടി.സി ബസ്സിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനക്കാരുടെ ക്രൂരബലാത്സംഗത്തിനിരയായി.കേസിൽ മൂന്നു ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.ജൂലൈ അഞ്ചിന് രാത്രിയായിരുന്നു സംഭവം.മണിപ്പാലിൽ നിന്നും റാണെബന്നൂരിലെ ബന്ധു വീട്ടിലേക്കു പോവുകയായിരുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്.അമ്മയാണ് കുട്ടിയെ ബസ്സിൽ കയറ്റി വിട്ടത്.രാത്രി ഒൻപതരയോടെ റാണെബന്നൂരിലെത്തേണ്ടതായിരുന്നു ബസ്.മറ്റു യാത്രക്കാരെല്ലാം ഇറങ്ങിയപ്പോൾ ബസ്സിൽ പെൺകുട്ടിയും ജീവനക്കാരും മാത്രമാവുകയായിരുന്നു.റാണെബന്നൂർ എത്തുന്നതിനു മുൻപുള്ള വിജനമായ സ്ഥലത്തെത്തിയപ്പോൾ ബസ് ഇരുട്ടത്ത് നിർത്തിയ ശേഷം മൂന്നു ജീവനക്കാരും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.രാത്രി തന്നെ പെൺകുട്ടി ബന്ധുവീട്ടിലെത്തിയെങ്കിലും ജൂലൈ എട്ടിന് വീട്ടിൽ തിരിച്ചെത്തിയ ശേഷമാണു സംഭവത്തെ കുറിച്ച് മാതാപിതാക്കളോട് പറയുന്നത്.
20 വര്‍ഷമായി വീട്ടുകാര്‍ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ട യുവതിക്ക് മോചനം
ഗോവ:ഇരുപത് വര്‍ഷമായി വീട്ടുകാര്‍ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ട യുവതിയെ മോചിപ്പിച്ചു.വടക്കന്‍ ഗോവയിലെ കാന്‍ഡോളിം ഗ്രാമത്തിലാണ് സംഭവം. വിവാഹിതയായ യുവതിയുടെ ഭര്‍ത്താവ് മുംബൈ സ്വദേശിയാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഗോവയിലുള്ള സ്വന്തം വസതിയിലെത്തിയ യുവതിയെ നോര്‍മല്‍ അല്ലായെന്ന കാരണത്താല്‍ വീട്ടുകാര്‍ മുറിയില്‍ പൂട്ടിയിടുകയായിരുന്നു.ഒരു കൂട്ടം വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് യുവതിയെ രക്ഷപ്പെടുത്തിയത്. പൊലീസ് എത്തുമ്പോള്‍ വസ്ത്രമില്ലാതെ അഴുക്ക് നിറഞ്ഞ മുറിയില്‍ കഴിയുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാതാപിതാക്കളുടെ അറിവോടെയാണ് യുവതിയെ പൂട്ടിയിട്ടത്. ഒരു ജനാല മാത്രമായിരുന്നു പുറംലോകത്തേക്കുള്ള ഏക ആശ്രയം. ഇതില്‍ കൂടിയാണ് യുവതിക്ക് വെള്ളവും ഭക്ഷണവും നല്‍കിയിരുന്നത്. ഇവരുടെ രണ്ട് സഹോദരന്‍മാരും കുടുംബവും ഈ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്.സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബൈലാഞ്ചോ സാഡ് എന്ന സംഘടനയാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ഒരു സംഘം പൊലീസെത്തി വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. യുവതിയ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഭര്‍ത്താവിന് മറ്റൊരു ഭാര്യയുണ്ടെന്നറിഞ്ഞാണ് യുവതി സ്വവസതിയിലെത്തിയത്. അന്ന് മുതല്‍ യുവതി മാനസിക പ്രശ്നമുള്ളവരെപ്പോലെ പെരുമാറിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സംഭവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യുവതിയുടെ ബന്ധുക്കളുടെ മൊഴിയെടുത്തിട്ടുണ്ട്.
അക്കൗണ്ടിൽ പണമില്ലെങ്കിൽ പിഴ;എസ്ബിഐ ഇടപാടുകാർക്ക് കനത്ത തിരിച്ചടി
മുംബൈ:സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസില്ലെങ്കിൽ ഈടാക്കുന്ന പിഴ സംബന്ധിച്ച് എസ്‌ബിഐ വിശദമായ കണക്കുകൾ പ്രസിദ്ധീകരിച്ചു.ഓരോ അക്കൗണ്ടുകളിലും നിലനിർത്തേണ്ട മിനിമം ബാലൻസ് സംബന്ധിച്ച് നേരത്തെ റിസേർവ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളതാണ്.50 രൂപ മുതൽ 100 രൂപ വരെയാണ് പിഴ ഈടാക്കുക.ഇതിനൊപ്പം നികുതിയും ചേരുമ്പോൾ തുക കൂടും.മെട്രോ.നഗര,അർദ്ധനഗര,ഗ്രാമ മേഖലകളിൽ പിഴ സംഖ്യകളിൽ മാറ്റം വരും.മെട്രോ നഗരങ്ങളിൽ 5000 രൂപയാണ് ബാലൻസ് വെക്കേണ്ടത്.നഗരങ്ങളിൽ 3000 രൂപയും അർദ്ധനഗരങ്ങളിൽ 2000 രൂപയും ബാലൻസ് വേണം.ഗ്രാമങ്ങളിൽ ഇത് 1000 രൂപയാണ്.ബാലൻസ് തുകയിൽ വരുന്ന കുറവിനനുസരിച്ച് പിഴസംഖ്യയിലും മാറ്റം വരും.പിഴ സംബന്ധിച്ച വ്യക്തമായ പട്ടിക എസ്.ബി.ഐ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മെട്രോ നഗരങ്ങളിൽ എ.ടി.എം ൽ നിന്നും സൗജന്യമായി എട്ടു തവണ പണം പിൻവലിക്കാം.നഗരങ്ങളിൽ ഇത് പത്തു തവണയും.ഈ പരിധി ലംഘിച്ചാൽ ഓരോ ഇടപാടുകൾക്കും 20 രൂപ പിഴയും നികുതിയും ഈടാക്കും.
കശാപ്പു നിയന്ത്രണ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി:കേന്ദ്ര സർക്കാരിന്റെ കശാപ്പുനിയന്ത്രണ വിജ്ഞാപനത്തിനു രാജ്യവ്യാപക സ്റ്റേ.വിജ്ഞാപനത്തിൽ കൂടുതൽ മാറ്റം വേണമെന്നും മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് രാജ്യവാപകമായി നിലനിൽക്കുമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.ആശങ്കകൾ പരിഹരിക്കുമെന്നും ഓഗസ്റ്റ് അവസാനം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.വിജ്ഞാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.ഈ പരാതികളെല്ലാം പരിഗണിച്ചായിരിക്കും പുതിയ വിജ്ഞാപനമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു.