ബീഹാർ:ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു.ഗവർണർക്കു രാജിക്കത്ത് കൈമാറി.ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജി വയ്ക്കാത്ത പശ്ചാത്തലത്തിലാണ് നിതീഷ് കുമാറിന്റെ രാജി.ഇതോടെ മഹാസഖ്യം തകർച്ചയിലേക്ക്.അഴിമതി ആരോപണം നേരിടുന്ന തേജസ്വി 72 മണിക്കൂറിനുള്ളിൽ രാജിവെക്കണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.ഇത് തേജസ്വി യാദവ് നിരസിച്ചു.ഇതാണ് നിതീഷിന്റെ രാജിയിലേക്കു നയിച്ചത്.
രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് നിർത്തിവെച്ചു
ന്യൂഡൽഹി:രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് നിർത്തിവെച്ചു.200 രൂപ അടക്കമുള്ള ചെറിയ രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നതിനു വേണ്ടി അഞ്ചു മാസം മുൻപ് തന്നെ റിസേർവ് ബാങ്ക് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവെച്ചിരുന്നതായി ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.500,1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്നാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ അച്ചടിച്ചത്.പക്ഷെ ആവശ്യത്തിന് ചില്ലറയില്ലാത്തതു മൂലം ജനം വലയുന്നതിനാലാണ് ചെറിയ മൂല്യമുള്ള നോട്ടുകൾ അച്ചടിക്കാൻ റിസേർവ് ബാങ്ക് തീരുമാനിച്ചത്.റിസർവ് ബാങ്കിന്റെ മൈസൂർ കേന്ദ്രത്തിൽ അച്ചടിക്കുന്ന 200 രൂപ നോട്ടുകൾ അടുത്ത മാസത്തോടെ ക്രയവിക്രയത്തിനു ലഭിക്കുമെന്നാണ് സൂചന.എന്നാൽ ഇക്കാര്യം റിസർവ് ബാങ്ക് ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല.
തമിഴ്നാട്ടില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി
ചെന്നൈ:തമിഴ്നാട്ടിലെ സ്കൂളുകളിലും എല്ലാ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി. മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ജസ്റ്റിസ് എം വി മുരളീധരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും വന്ദേമാതരം ആലപിക്കണം. കൂടാതെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും മാസത്തിൽ ഒരിക്കലെങ്കിലും വന്ദേമാതരം ആലപിക്കണം. സംസ്കൃതത്തിലോ ബംഗാളിയിലോ ആലപിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ തമിഴിലേക്ക് തർജമ ചെയ്യാനുള്ള നടപടിയെടുക്കാം. ആലപിക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തികളെയോ സ്ഥാപനങ്ങളെയോ അതിനായി നിർബന്ധിക്കേണ്ടതില്ല. എന്നാൽ കാരണം ബോധ്യപ്പെടുത്തണം. വന്ദേമാതരം എഴുതിയത് സംസ്കൃതത്തിലാണോ ബംഗാളിയിലാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ വീരമണി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവിറക്കിയത്.
മുംബൈയിൽ നാലു നില കെട്ടിടം തകർന്നു വീണു 7 മരണം
മുംബൈ:മുംബൈ ഖാദ്‌കോപ്പറിൽ നാലുനില കെട്ടിടം ഇടിഞ്ഞു വീണു ഏഴുപേർ മരിച്ചു.നാൽപ്പതോളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.ഒമ്പതുപേരെ രക്ഷപ്പെടുത്തി.ഇന്ന് രാവിലെയായിരുന്നു അപകടം.പതിനാലു ഫയർ എൻജിനുകളും മുംബൈ പോലീസും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുന്നു.കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് കരുതുന്നത്.തകർന്ന കെട്ടിടത്തിൽ ഒരു നഴ്സിംഗ് ഹോം പ്രവർത്തിച്ചിരുന്നു.നഴ്സിംഗ് ഹോമിന്റെ നവീകരണ പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.
ആദായ നികുതി അടയ്ക്കാൻ ആധാർ നിർബന്ധമല്ല
ന്യൂഡൽഹി:ജൂലൈ 9ലെ സുപ്രീം കോടതി നിർദേശമനുസരിച്ചു ആധാർ നമ്പറില്ലെങ്കിലും ആദായനികുതി നൽകാമെന്ന് ആദായനികുതി വകുപ്പ്.പാൻകാർഡുമായി ആധാർ നമ്പർ ബന്ധിപ്പിക്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും ആധാർ നമ്പർ ഇല്ല എന്നത് ഒരു പ്രശ്നമായി കാണുന്നില്ലെന്നും ആരെയും അതിനു നിർബന്ധിക്കില്ലെന്നും പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ രജനീഷ് കുമാർ പറഞ്ഞു.എന്നാൽ ഓൺലൈൻ വഴി ആദായ നികുതി അടക്കുമ്പോൾ ആധാർ നമ്പർ ഹാജരാക്കണം.ഇതിനും ഉടനെ മാറ്റമുണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ജൂലൈ 31 ആണ് ആദായ നികുതി അടയ്ക്കുന്നതിനുള്ള അവസാന തീയതി.
രാംനാഥ് കോവിന്ദ് ഇന്ന് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
ന്യൂഡൽഹി:രാജ്യത്തിൻറെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ഇന്ന് അധികാരമേൽക്കും.പാർലമെന്റ് ഹൗസിലെ സെൻട്രൽ ഹാളിൽ ഉച്ചയ്ക്ക് 12.15 നാണ് സത്യപ്രതിജ്ഞ.ഉപരാഷ്ട്രപതി ഹമീദ് അൻസാരി,പ്രധാനമന്ത്രി നരേന്ദ്ര മോഡി,ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.സൈനികരുടെ അകമ്പടിയോടെ രാഷ്‌ട്രപതി ഭവനിലെത്തുന്ന കോവിന്ദ് സ്ഥാനമൊഴിയുന്ന പ്രണബ് മുഖർജിയെ സന്ദർശ്ശിക്കും.അവിടെ നിന്നും ഇരുവരും ഒന്നിച്ചാണ് സെൻട്രൽ ഹാളിലെത്തുക.ലോക്സഭയിലെയും രാജ്യസഭയിലെയും അധ്യക്ഷന്മാർ ചേർന്ന് ഇരുവരെയും സ്വീകരിക്കും.ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിലായിരിക്കും സത്യപ്രതിജ്ഞ.പിന്നാലെ 21 ആചാരവെടി മുഴങ്ങും.തുടർന്ന് അധികാരമേറ്റു പാർലമെന്റിനെ അഭിസംബോധന ചെയ്യും.രാഷ്‌ട്രപതി ഭവനിലെത്തുന്ന കോവിന്ദിനെ മൂന്നു സേന വിഭാഗങ്ങളും ചേർന്ന് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും.
പാസ്സ്പോർട്ടിന് അപേക്ഷിക്കാൻ ഇനി ജനന സർട്ടിഫിക്കറ്റ് ആവശ്യമില്ല
ന്യൂഡൽഹി:പാസ്സ്പോർട്ടിന് അപേക്ഷിക്കാൻ ജനന സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കേന്ദ്ര സർക്കാർ ഒഴിവാക്കി.ഇന്ത്യൻ പൗരന്മാർക്ക് പാസ്സ്‌പോർട്ട് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.ജനന സർട്ടിഫിക്കറ്റിന് പകരം ആധാർ കാർഡോ പാൻ കാർഡോ ഉപയോഗിച്ചാൽ മതിയെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു.സർക്കാർ ജോലിക്കാർക്ക് സർവീസ് റെക്കോർഡോ പെൻഷൻ കാർഡോ ഹാജരാക്കിയാൽ മതിയെന്നും വി.കെ സിംഗ് പാര്ലമെന്റിൽ പറഞ്ഞു.പാസ്സ്പോർട്ടിന് വേണ്ടി ഇനിമുതൽ ഡിവോഴ്സ് രേഖകളോ ദത്തെടുക്കൽ രേഖകളോ ഹാജരാക്കേണ്ടതില്ല.അനാഥർക്ക് വയസ്സ് തെളിയിക്കുന്നതിന് വേണ്ടി അനാഥാലയത്തിൽ നിന്നും ഹാജരാക്കുന്ന രേഖ മതിയാകും.പുതിയ പാസ്സ്പോർട്ടുകളിൽ വ്യക്തിപരമായ വിവരങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിരിക്കും.അറുപതു വയസ്സിനു മുകളിലും എട്ടു വയസ്സിനു താഴെയുമുള്ളവർക്ക് പാസ്പോർട്ട് അപേക്ഷാഫീസിൽ പത്തു ശതമാനം ഇളവും വരുത്തിയിട്ടുണ്ട്.ഡിവോഴ്സ് ആയവരും മാതാവോ പിതാവോ മാത്രം കുട്ടിയുടെ രക്ഷാകർതൃ സ്ഥാനത്തുള്ളവർ ഒരാളുടെ പേര് മാത്രം രേഖപ്പെടുത്തിയാൽ മതി.സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധനയും ഒഴിവാക്കി.
വിഷാംശമുള്ള ചായ കഴിച്ച് 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ലക്‌നൗ:വിഷാംശമുള്ള ചായ കഴിച്ച് 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉത്തർപ്രദേശിലെ മിൻസാപൂരിലാണ് സംഭവം.ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.മിൻസാപൂരിൽ രമീഷ് എന്ന വ്യാപാരിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ടീ സ്റ്റാളിൽ നിന്നും ചായ കുടിച്ചവരെയാണ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അധികൃതർ എത്തി ടി സ്റ്റാൾ സീൽ ചെയ്തു.കഴിഞ്ഞ ആഴ്ചയിലും ഇവിടെ നിന്നും ചായകുടിച്ചവരിൽ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
രാഷ്ട്രപതിയുടെ സെക്രട്ടറിയായി സഞ്ജയ് കൊത്താരിയെ നിയമിച്ചു
ന്യൂഡൽഹി:രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദിന്റെ സെക്രട്ടറിയായി മുൻ ഐ എ എസ് ഓഫീസർ സഞ്ജയ് കൊത്താരിയെ നിയമിച്ചു.പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് ചെയർമാനായി സേവനമനുഷ്ഠിക്കുകയായിരുന്നു സഞ്ജയ് കോത്താരി.ഹരിയാന കേഡറിൽ നിന്നുള്ള 1978 ബാച്ച് ഐ എ എസ് ഓഫീസറായിരുന്നു കോത്താരി.2016 ജൂണിലാണ് അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചത്.2016 നവംബറിലാണ് പബ്ലിക് എന്റർപ്രൈസസ് ബോർഡ് ചെയർമാനായി അദ്ദേഹം നിയമിതനായത്.ഗുജറാത്ത് കേഡറിൽ നിന്നുള്ള ഐ.എ.എസ് ഓഫീസറും മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥനുമായ ഭരത് ലാലിനെ ജോയിന്റ് സെക്രട്ടറി ആയും മുതിർന്ന മാധ്യമ പ്രവർത്തകൻ അശോക് മാലിക്കിനെ മീഡിയ സെക്രട്ടറിയായും നിയമിച്ചു.
കണ്ടുനിന്നവര്‍ ഫോട്ടോയും വീഡിയോയുമെടുത്തു; കാറിടിച്ച യുവാവ് രക്തം വാര്‍ന്ന് മരിച്ചു
ബെംഗളൂരു:ബംഗളൂരുവില്‍ കാറിടിച്ച് റോഡില്‍ വീണ യുവഎഞ്ചിനീയര്‍ രക്തംവാര്‍ന്ന് മരിച്ചു. അപകടം കണ്ടുനിന്ന ഒരാള്‍ പോലും റോഡില്‍ വീണ യുവാവിനെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ തയ്യാറായില്ല. അവരില്‍ പലരും രക്തംവാര്‍ന്ന് കിടന്നയാളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്ന തിരക്കിലായിരുന്നു.ബംഗളൂരുവിലെ ഇന്ദ്രായണി കോര്‍ണറിലാണ് സംഭവം നടന്നത്. 25കാരനായ സതീഷ് പ്രഭാകര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് കാര്‍ ഇടിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. ഏകദേശം അര മണിക്കൂര്‍ രക്തം വാര്‍ന്ന് യുവാവ് റോഡില്‍ കിടന്നു. ആ വഴി വന്ന കീര്‍ത്തിരാജ് എന്ന ദന്തഡോക്ടറാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ആള്‍ക്കൂട്ടം കണ്ടാണ് താന്‍ നോക്കിയതെന്നും അപ്പോള്‍ യുവാവ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ആളുകള്‍ ആ ജീവന്‍ രക്ഷിക്കാതെ ഫോട്ടോയും വീഡിയോയും എടുക്കുന്നതുകണ്ട് ഞെട്ടിപ്പോയെന്ന് ഡോക്ടര്‍ പറഞ്ഞു. ഉടന്‍തന്നെ ഒരു ഓട്ടോ പിടിച്ച് താന്‍ യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 15 മിനിറ്റെടുത്തു ആശുപത്രിയിലെത്താന്‍. ഓട്ടോറിക്ഷയില്‍ വെച്ച് ജീവനുണ്ടായിരുന്നു. അപകടം നടന്നയുടനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ആ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.