ന്യൂഡൽഹി:പലിശ നിരക്കിൽ കാൽ ശതമാനത്തിന്റെ കുറവ് വരുത്തി ആർ.ബി.ഐ പുതിയ വായ്‌പ്പാ നയം പ്രഖ്യാപിച്ചു.റിപ്പോ നിരക്കിൽ 0.25 കുറവാണു ആർ.ബി.ഐ വരുത്തിയത്.6.25 ശതമാനത്തിൽ നിന്നും 6 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചത്.റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനത്തിൽ നിന്നും 5.75 ശതമാനമായും കുറച്ചു.ഇതോടെ റിപ്പോ നിരക്ക് ഏഴുവർഷത്തെ ഏറ്റവും താണ നിരക്കിലെത്തി.വാണിജ്യ ബാങ്കുകൾക്ക് റിസേർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പ്പയുടെ പലിശയാണ് റിപ്പോ.ബാങ്കുകൾ ആർ.ബി.ഐയിൽ സൂക്ഷിക്കുന്ന പണത്തിനുള്ള പലിശയാണ് റിവേഴ്‌സ് റിപ്പോ. റിപ്പോ നിരക്കിൽ കുറവ് വരുത്തിയതോടെ വാഹന-ഭവന വായ്‌പ്പാ പലിശ നിരക്കുകൾ കുറയ്ക്കുന്നതിനുള്ള സാഹചര്യമൊരുക്കി.
പാവപ്പെട്ടവർക്കുള്ള പാചകവാതക സബ്സിഡി തുടരും
ന്യൂഡൽഹി:പാവപ്പെട്ടവർക്കുള്ള പാചകവാതക സബ്സിഡി തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ.പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം അർഹതപ്പെട്ടവർക്ക് സബ്സിഡി നിരക്കിൽ പാചകവാതക സിലിണ്ടർ ലഭിക്കും.പാചക വാതക വില കൂട്ടാനും സബ്സിഡി കുറയ്ക്കാനുമുള്ള തീരുമാനം യു.പി.എ സർക്കാരിന്റേതാണ്.ഈ സർക്കാർ പാവപ്പെട്ടവരെ വഞ്ചിക്കില്ലെന്നും എന്നാൽ അനർഹരെ ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി
ന്യൂഡൽഹി:കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയ പരിധി ഓഗസ്റ്റ് അഞ്ചു വരെ നീട്ടി.റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി.മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ പരിഷ്‌ക്കാരങ്ങൾ വരുത്തിയത് നികുതിദായകർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുകയായിരുന്നു അതിലൊന്ന്.നിലവിൽ അമ്പതു ശതമാനത്തോളം നികുതി ദായകർ മാത്രമാണ് പാൻ കാർഡ് ലിങ്ക് ചെയ്തിട്ടുള്ളതെന്നാണ് വിവരം.
പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കുന്നു
ഗുജറാത്ത് തീരത്തു നിന്നും 3500 കോടി രൂപയുടെ ഹെറോയിൻ പിടികൂടി
അഹമ്മദാബാദ്:ഗുജറാത്ത് തീരത്തു നിന്നും പനാമ രെജിസ്ട്രേഷനുള്ള കപ്പലിൽ നിന്നും 3500 കോടി രൂപ വിലമതിക്കുന്ന 1500 കിലോഗ്രാം മയക്കുമരുന്ന് തീര സംരക്ഷണ സേന പിടികൂടി.കപ്പലിലെ എട്ടു ജീവനക്കാരെയും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എം.വി ഹെന്റി എന്ന് പേരുള്ള കപ്പലാണ് മൂന്നു ദിവസം നീണ്ടുനിന്ന നീക്കത്തിനൊടുവിൽ പിടിച്ചെടുത്തത്.ഇത് ഇറാനിൽ നിന്നും എത്തിയതാണെന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഗുജറാത്തിലെ അലാങ് വഴി മയക്കുമരുന്ന് രാജ്യത്തേക്ക് എത്തിക്കാനുള്ള നീക്കമാണ് രഹസ്യ വിവരത്തെ തുടർന്ന് തീര സംരക്ഷണ സേന പരാജയപ്പെടുത്തിയത്.
ബിഹാറിൽ വിശ്വാസം നേടി നിതീഷ്
പാട്ന: അഭ്യൂഹങ്ങളെ കാറ്റിൽ പറത്തി ബിഹാറിൽ നിതീഷ് കുമാർ സർക്കാർ വിശ്വാസ വോട്ട് നേടി. കേവല ഭൂരിപക്ഷത്തിന് 122 സീറ്റു വേണ്ട ബിഹാർ നിയമസഭയിൽ ഒന്പത് എംഎൽഎമാരുടെ അധികം പിന്തുണ നേടിയാണ് നിതീഷ് മുഖ്യമന്ത്രി കസേരയിൽ ഇരിപ്പുറപ്പിച്ചത്. 131 എംഎൽഎമാർ നിതീഷ് കുമാറിന് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം, 108 എംഎൽഎമാർ എതിർത്ത് വോട്ട് ചെയ്തു.
മാൻബുക്കർ പട്ടികയിൽ വീണ്ടും അരുന്ധതി റോയ്
ലണ്ടൻ:ആദ്യ നോവലിലൂടെ മാൻബുക്കർ പ്രൈസ് നേടിയ അരുന്ധതി റോയ് വീണ്ടും മാൻബുക്കർ പട്ടികയിൽ.രണ്ടു പതിറ്റാണ്ടിനു ശേഷം എഴുതിയ രണ്ടാം നോവലായ ‘ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ്’ എന്ന നോവലാണ് 50,000 പൗണ്ട് സമ്മാനത്തുകയുള്ള മാൻബുക്കർ പുരസ്‌ക്കാരത്തിനുള്ള ആദ്യ പട്ടികയിൽ ഇടം പിടിച്ചത്.150 ഓളം കൃതികളിൽ നിന്നും 13 പേരെ ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയിൽ നാലുപേർ നേരത്തെ നാമനിർദേശം ലഭിച്ചവരാണ്.ഭിന്ന കഥാപാത്രങ്ങളിലൂടെ സമീപകാല ഇന്ത്യയുടെ ചരിത്രവും വർത്തമാനവും പങ്കുവെയ്ക്കുന്ന അരുന്ധതിയുടെ കൃതി ആശയസമ്പന്നവും ഊർജസ്വലവുമാണെന്നു വിലയിരുത്തിയാണ് ജൂറി അരുന്ധതിയെ ഒരിക്കൽ കൂടി പട്ടികയിൽ പരിഗണിച്ചത്.13 കൃതികളിൽ ഏറ്റവും മികച്ച ആറെണ്ണമടങ്ങിയ ചുരുക്കപ്പട്ടിക സെപ്റ്റംബർ പതിമൂന്നിന് പ്രഖ്യാപിക്കും.ഒക്ടോബർ 17 നാണ് വിജയിയെ പ്രഖ്യാപിക്കുക.
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് വിശ്വാസ വോട്ട് തേടും
പട്ന:ബീഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാർ ഇന്ന് നിയമ സഭയിൽ വിശ്വാസ വോട്ട് തേടും.ഇതിനായി നിയമ സഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരുമെന്ന് കാബിനറ്റ് കോ ഓർഡിനേഷൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബ്രിജേഷ് മൽഹോത്ര അറിയിച്ചു.ആർജെഡി-കോൺഗ്രസ് സഖ്യം വിട്ടു പുറത്തു വന്ന നിതീഷ് ബിജെപി യുമായി ചേർന്നാണ് പുതിയ സർക്കാരുണ്ടാക്കിയത്.മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോഡി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.ഇന്നലെ രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് ഇരുവരും അധികാരമേറ്റത്.ഗവർണ്ണർ കേസരിനാഥ് ത്രിപാഠി സത്യവാചകം ചൊല്ലി കൊടുത്തു.
നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
പട്ന:ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായി ഉയർന്നുവന്ന ബീഹാറിലെ മഹാസഖ്യം തകർന്നു.സഖ്യവുമായി മുന്നോട്ടു പോകാനാവില്ലെന്നും രാജി വെക്കുകയാണെന്നും നിതീഷ് കുമാർ പ്രഖ്യാപിച്ചു.തൊട്ടുപിന്നാലെ നിതീഷ് കുമാറിന് പിന്തുണയുമായി ബിജെപി എത്തി.ഇന്ന് രാവിലെ പത്തിന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും.ബുധനാഴ്ച രാത്രി ചേർന്ന ബിജെപി സംസ്ഥാന നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.ഇക്കാര്യം ബിജെപി യുടെ മുതിർന്ന നേതാവ് സുശീൽ കുമാർ മോഡി നിതീഷ് കുമാറിനെ അറിയിച്ചു.വ്യഴാഴ്ച പുലർച്ചെ ജെഡിയു,ബിജെപി നേതാക്കൾ ഗവർണറെ കണ്ടു 132 എം എൽ എ മാരുടെ പിന്തുണ അറിയിച്ചു.തുടർന്ന് പുറത്തെത്തിയ സുശീൽ കുമാർ രാവിലെ പത്തു മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് അറിയിക്കുകയായിരുന്നു.സി.ബി.ഐ രജിസ്റ്റർ ചെയ്ത അഴിമതി കേസിൽ പ്രതിയായ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജി വെക്കണമെന്ന നിലപാട് സഖ്യ കക്ഷിയായ ആർ ജെ ഡി പരസ്യമായി തള്ളിയതിന് തൊട്ടു പിന്നാലെ നിതീഷ് കുമാർ തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു.ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മകനാണ് തേജസ്വി.അഴിമതിക്കെതിരായ ഉറച്ച പോരാട്ടത്തിന് നിതീഷിനെ അഭിനന്ദിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിൽ കുറിച്ചു.
ദൂരദർശന് പുതിയ ലോഗോ വരുന്നു
ന്യൂഡൽഹി:ദൂരദർശൻ 1959 മുതൽ ഉപയോഗിക്കുന്ന ലോഗോയിൽ മാറ്റം വരുത്തുന്നു.കൂടുതൽ ആകർഷകമായ രീതിയിലേക്ക് ചാനലിന്റെ അവതരണം കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് ലോഗോയിൽ മാറ്റം വരുത്തുന്നത്.ഇതിനായി ലോഗോ മൽസരവും നടത്തുന്നുണ്ട്.മികച്ച ലോഗോ ഡിസൈനർക്കു ഒരു ലക്ഷം രൂപയാണ് സമ്മാനം.ഒരേ സമയം പുതിയകാലത്തെ അഭിലാഷങ്ങളും ഗൃഹാതുരത്വവും പ്രകടിപ്പിക്കുന്ന രീതിയിലായിരിക്കണം ലോഗോ ഡിസൈൻ ചെയ്യേണ്ടത്.ഓഗസ്റ്റ് 15 നു മുൻപ് പുതിയ ഡിസൈനുകൾ സമർപ്പിക്കേണ്ടതാണെന്നും പുതിയ തലമുറയെ ആകർഷിക്കുവാൻ ഇനിയും മാറ്റങ്ങൾ ആവിഷ്‌ക്കരിക്കുമെന്നും ദൂരദർശൻ സിഇഒ ശശി എസ് വെമ്പട്ടി പറഞ്ഞു.