അഹമ്മദാബാദ്:ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ് പട്ടേലിന് വിജയം.മണിക്കൂറുകൾ നീണ്ടു നിന്ന നാടകീയ രംഗങ്ങൾക്കൊടുവിൽ ബുധനാഴ്ച പുലർച്ചെയാണ് ഫലം പ്രഖ്യാപിച്ചത്.രാജ്യം ഉറ്റുനോക്കിയ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി യുടെ തന്ത്രങ്ങളെ അതിജീവിച്ചാണ് കോൺഗ്രസ് വിജയം സ്വന്തമാക്കിയത്.അഹമ്മദ് പട്ടേലിന് പുറമെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ,കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരും ഗുജറാത്തിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാർഥിയായ ബൽവന്ത് സിംഗ് രജ്‌പുത് ആണ് അഹമ്മദ് പട്ടേലിനോട് പരാജയപ്പെട്ടത്.വോട്ടിങ് പൂർത്തിയാക്കി ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണൽ 45 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്.വോട്ടെണ്ണൽ ആരംഭിച്ചു അല്പസമയത്തിനകം തന്നെ നിർത്തിവെക്കേണ്ടി വന്നു.രണ്ടു എം എൽ എമാരുടെ വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് വോട്ടെണ്ണൽ നിർത്തിവെച്ചത്.ഇവർ വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പർ അമിത് ഷായെ ഉയർത്തി കാണിച്ചു എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.കൂറുമാറി വോട്ട് ചെയ്ത വിമത എംഎൽഎ മാരുടെ വോട്ട് റദ്ദാക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതോടെ വോട്ടെണ്ണൽ പുനരാരംഭിച്ചു.ഇതിനിടെ സമാന ആരോപണവുമായി ബിജെപി യും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.രണ്ടു വോട്ടുകൾ റദ്ദാക്കിയതോടെ ഒരു സ്ഥാനാർഥിക്കു ജയിക്കാൻ 44 വോട്ടുകൾ മതി എന്നായി.കൃത്യം 44 വോട്ടുകൾ നേടിയാണ് അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
കൂറുമാറൽ; രാജ്യസഭാ വോെട്ടണ്ണൽ തെര.കമ്മീഷെൻറ തീരുമാനത്തിന് ശേഷം
ജസ്റ്റിസ് ദീപക് മിശ്ര 45 ആമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി:സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ദീപക് മിശ്രയെ 45 ആമത് ചീഫ് ജസ്റ്റിസായി നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.നിലവിലെ ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ ഓഗസ്റ്റ് 27 ന് സ്ഥാനമൊഴിയുന്നതോടെ അദ്ദേഹം ചുമതലയേൽക്കും.1953 ഇൽ ജനിച്ച മിശ്ര 1977 ഇൽ ഒഡിഷ ഹൈക്കോടതി അഡിഷണൽ ജഡ്ജിയായി.1997 ലാണ് സ്ഥിരം ജഡ്ജിയായത്.2009 ഇൽ പട്ന ഹൈക്കോടതിയുടെയും തുടർന്ന് ഡൽഹി ഹൈക്കോടതിയുടെയും ചീഫ് ജസ്റ്റിസായ അദ്ദേഹം 2011 ഒക്ടോബറിലാണ് സുപ്രീം കോടതി ജഡ്ജിയായത്.
500,2000 രൂപയുടെ നോട്ടുകൾ അച്ചടിച്ചതിൽ അഴിമതിയെന്ന് കോൺഗ്രസ്
ന്യൂഡൽഹി:500,2000 രൂപയുടെ നോട്ടുകൾ അച്ചടിച്ചതിൽ അഴിമതിയെന്ന് കോൺഗ്രസ്.രാജ്യസഭയിലാണ് കോൺഗ്രസ് ഇക്കാര്യം ഉന്നയിച്ചത്.ശൂന്യ വേളയിൽ കോൺഗ്രസ് അംഗവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബലാണ് വിഷയം സഭയിൽ ഉയർത്തിയത്.പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്സും ജെഡിയു അംഗങ്ങളും രംഗത്തെത്തി.എന്നാൽ മുൻകൂർ നോട്ടീസ് നൽകാതെ നിസാരമായ പ്രശ്നങ്ങൾ ഉയർത്തി ശൂന്യവേള തടസപ്പെടുത്താണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ബിജെപി യുടെ രാജ്യസഭയിലെ നേതാവും മന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.
സ്കൂളുകളിൽ യോഗ നിർബന്ധമാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി:രാജ്യത്തെ മുഴുവൻ സ്കൂളുകളിലും യോഗ നിർബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ചു സമർപ്പിച്ച പൊതു താല്പര്യ ഹർജി സുപ്രീം കോടതി തള്ളി.ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോടതിയല്ലെന്നും അതാതു സംസ്ഥാന സർക്കാരുകളാണ് ആ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് എം.ബി ലോക്കൂർ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളിൽ യോഗ നിർബന്ധമാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഗുജറാത്തില്‍ വോട്ടിംഗ് പുരോഗമിക്കുന്നു
അഹമ്മദാബാദ്:ഗുജറാത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് പുരോഗമിക്കുന്നു. കോണ്‍ഗ്രസിനൊപ്പമുള്ള നാല്‍പ്പത്തിനാല് എംഎല്‍എമാര്‍ നിയമസഭയിലെത്തി വോട്ട് രേഖപ്പെടുത്തി. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച എന്‍സിപിയുടെ രണ്ട് എംഎല്‍എമാരിലൊരാള്‍ അഹ്മദ് പട്ടേലിന് വോട്ട് ചെയ്തതായി മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ ജയിക്കാനുള്ള 45 വോട്ടുകള്‍ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അതേസമയം മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വഗേലയുള്‍പ്പെടെ അഞ്ച് വിമത എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തു. രാഷ്ട്രീയ കുതിരക്കച്ചവടം,കോൺഗ്രസ് എംഎൽഎ മാരുടെ റിസോട്ടിലെ ഒളിവു ജീവിതം,ആദായനികുതി റെയ്ഡ് തുടങ്ങിയ സംഭവ വികാസങ്ങൾക്കു സാക്ഷിയായ ഗുജറാത്ത് തിരഞ്ഞെടുപ്പ് രാജ്യം ആകാംക്ഷയോടെയാണ് കാണുന്നത്.മുതിര്‍ന്ന നേതാവായ അഹ്മദ് പട്ടേലിനെ ജയിപ്പിക്കാന്‍ വിമത ഭീഷണയില്‍ പതറിയ കോണ്‍ഗ്രസിനാകുമോ എന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ലഭിക്കും. ഇന്നത്തെ തെരഞ്ഞെടുപ്പോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആദ്യമായി രാജ്യസഭയിലേക്കെത്തും. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വിജയം ഉറപ്പിച്ചാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. ഗുജറാത്തിൽ ഒഴിവുള്ള മൂന്നു സീറ്റിൽ നാലുപേരാണ് മത്സരിക്കുന്നത്.അമിത് ഷാ,സ്‌മൃതി ഇറാനി,രാജ്‌പുത് എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികൾ.മുതിർന്ന നേതാവ് അഹമ്മദ് പട്ടേലാണ് കോൺഗ്രസ് സ്ഥാനാർഥി.മൂന്നാം സ്ഥാനത്തിനായി കനത്ത പോരാട്ടമാണ് നടക്കുന്നത്.
പത്തുലക്ഷത്തോളം പാൻ നമ്പറുകൾ കേന്ദ്ര സർക്കാർ അസാധുവാക്കി
ന്യൂഡൽഹി:പത്തുലക്ഷത്തോളം പാൻ നമ്പറുകൾ കേന്ദ്ര സർക്കാർ അസാധുവാക്കി.വ്യാജ കാർഡുകൾ കൈവശം വയ്ക്കുന്നവർക്കെതിരെയുള്ള നടപടിയുടെ ഭാഗമാണിത്.ഒരേ സാമ്പത്തിക ഇടപാടുകൾക്ക് ഒന്നിലധികം കാർഡുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് നടപടി.സർക്കാർ ചട്ട പ്രകാരം ഒരു വ്യക്തിയുടെ പേരിൽ ഒന്നിലധികം പാൻകാർഡുകൾ രജിസ്റ്റർ ചെയ്യാൻ പാടില്ല.ഇത് പ്രകാരം വ്യാജ വിവരങ്ങൾ നൽകി സമ്പാദിച്ചിട്ടുള്ള പാൻ കാർഡുകളാണ് സർക്കാർ അസാധുവാക്കിയിട്ടുള്ളത്.ഒരേ വ്യക്തി വ്യത്യസ്ത പാൻകാർഡുകൾ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുന്നത് വ്യാപകമായതോടെയാണ് ആദായനികുതി അടയ്ക്കുന്നതിന് ആധാർ നമ്പറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന ചട്ടം സർക്കാർ കർശനമാക്കിയത്.
ഓഗസ്റ്റ് 22 ന് ബാങ്ക് പണിമുടക്ക്
ന്യൂഡൽഹി:ഓഗസ്റ്റ് 22 ന് ബാങ്ക് ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി പണിമുടക്കും.സാധാരണക്കാരന്റെ താല്പര്യങ്ങൾക്കെതിരെ സർക്കാർ നടപ്പിലാക്കിയ നയങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യുണിയൻസാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. സമീപകാലത്തുണ്ടായ കേന്ദ്ര സർക്കാരിന്റെ ചില നയപ്രഖ്യാപനങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രത്യേകിച്ച് ബാങ്കിങ് മേഖലയെ തകർക്കുക എന്ന എന്ന ലക്ഷ്യത്തോടെയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർസ് അസോസിയേഷൻ ചണ്ടീഗഡ് മേഖല ജനറൽ സെക്രെട്ടറി ദീപക് ശർമ്മ ആരോപിച്ചു.
ഡൽഹിയിൽ അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയ മൂന്നുപേർ ശ്വാസംമുട്ടി മരിച്ചു
ന്യൂഡൽഹി:ഡൽഹിയിൽ അഴുക്കുചാൽ വൃത്തിയാക്കാൻ മാൻഹോളിലിറങ്ങിയ മൂന്നുപേർ വിഷവാതകം ശ്വസിച്ച് മരിച്ചു.ലജ്പത് നഗറിൽ ഇന്നലെയാണ് സംഭവം.അഴുക്കുചാൽ വൃത്തിയാക്കാൻ ഡൽഹി ജൽ ബോർഡ് വാടകയ്‌ക്കെടുത്ത തൊഴിലാളികളാണ് മരിച്ചതെന്ന് വാർത്ത ബോർഡ് നിഷേധിച്ചു.മരിച്ചവർ ജൽ ബോർഡിലുള്ള തൊഴിലാളികളല്ല.എന്നാൽ അധികൃതരുടെ നിർദേശമില്ലാതെ എങ്ങനെ ഇവർ മാൻഹോളിലിറങ്ങി എന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് ജൽ ബോർഡ് അധികൃതർ പറഞ്ഞു.ആദ്യം അഴുക്കുചാൽ വൃത്തിയാക്കുന്നതിനായി ഒരാൾ മാന്ഹോളിലിറങ്ങി.കുറെ സമയം കഴിഞ്ഞിട്ടും അയാളെ കാണാത്തതിനെ തുടർന്ന് ജോലി കരാറെടുത്തിരുന്നയാൾ രണ്ടാമനെ ഇറക്കി വിട്ടു.അയാളെയും കാണാതായപ്പോൾ മൂന്നാമത്തെയാളെയും ഇറക്കി.മൂന്നാമനെയും കാണാതായതോടെ നാലാമത്തെയാളെ കയറുകെട്ടി താഴെ ഇറക്കി.ശ്വാസം കിട്ടുന്നില്ലെന്ന് ഇയാൾ നിലവിളിച്ചതിനെ തുടർന്ന് ഇയാളെ വലിച്ചു കയറ്റി.പിന്നീട് പോലീസെത്തി മറ്റു മൂന്നുപേരെയും പുറത്തെടു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.വിഷവാതകം ശ്വസിച്ച നാലാമനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
എം.വെങ്കയ്യ നായിഡു പുതിയ ഉപരാഷ്ട്രപതി
ന്യൂഡൽഹി:ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എം.വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടു.പ്രതിപക്ഷ സ്ഥാനാർഥിയായ ഗോപാൽ കൃഷ്ണ ഗാന്ധിയെയാണ് വെങ്കയ്യ നായിഡു പരാജയപ്പെടുത്തിയത്.വെങ്കയ്യ നായിഡുവിന് 516 വോട്ട് കിട്ടിയപ്പോൾ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടാണ് ലഭിച്ചത്.രാവിലെ പത്തു മുതൽ അഞ്ചു വരെയാണ് തിരഞ്ഞെടുപ്പ് നടന്നത്.ലോക്സഭാ,രാജ്യസഭാ അംഗങ്ങൾ അടങ്ങുന്ന ഇലക്റ്ററൽ കോളേജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.ഉപരാഷ്ട്രപതിയാണ് രാജ്യസഭാ അധ്യക്ഷൻ.ലോക്സഭയിൽ 337 ഉം രാജ്യസഭയിൽ 80 അംഗങ്ങളും ഉള്ള എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയം അനായാസമായിരുന്നു. അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അബ്ദുൽ വഹാബിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും വോട്ടു ചെയ്യാനായില്ല.ഇവർ സഞ്ചരിച്ച വിമാനം മുംബൈയിൽ പിടിച്ചിട്ടതിനാൽ ഇരുവർക്കും സമയത്തിന് ഡൽഹിയിൽ എത്താനായില്ല.