ന്യൂഡൽഹി:കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയില്‍. ജന്തര്‍ മന്ദറിലാണ് കാര്‍ഷിക പ്രക്ഷോഭം നടക്കുക. പ്രതിഷേധ പരിപാടിക്ക് ബുധനാഴ്ച ഡല്‍ഹി പൊലീസ് അനുമതി നല്‍കി.അതെ സമയം പ്രക്ഷോഭകര്‍ ജന്തര്‍ മന്ദറിലെത്തും മുൻപേ തന്നെ കര്‍ഷകര്‍ സംഗമിക്കാന്‍ തീരുമാനിച്ച സിംഘു അതിര്‍ത്തിയില്‍ കനത്ത സുരക്ഷയൊരുക്കിയാണ് പൊലീസ് ഇതിനെ നേരിടാനൊരുങ്ങുന്നത്. വിവിധ സ്ഥലങ്ങളില്‍നിന്നെത്തുന്ന കര്‍ഷകര്‍ ആദ്യം സിംഘുവില്‍ ഒരുമിച്ചുകൂടിയാണ് ജന്തര്‍ മന്ദറിലേക്ക് നീങ്ങുക.സംയുക്ത കിസാന്‍ മോര്‍ച്ചയിലെ 200 പേര്‍, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയില്‍നിന്ന് ആറു പേര്‍ എന്നിങ്ങനെയാണ് അനുമതി. രാവിലെ 11 മുതല്‍ അഞ്ചു വരെ പ്രതിഷേധം നടത്തി തിരിച്ചുപോകണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രക്ഷോഭത്തിന് ഡല്‍ഹി സര്‍ക്കാറും അനുമതി നല്‍കിയിരുന്നു.സിംഘു അതിര്‍ത്തിയില്‍നിന്ന് പൊലീസ് അകമ്പടിയിൽ ബസുകളിലായാണ് കര്‍ഷകരെ ജന്തര്‍ മന്ദറിലെത്തിക്കുക.
രാജ്യത്ത് സ്കൂളുകള്‍ തുറക്കാന്‍ ഐസിഎംആര്‍ അനുമതി;ആദ്യ ഘട്ടത്തില്‍ പ്രൈമറി സ്കൂളുകള്‍ തുറക്കാൻ നിര്‍ദേശം
ന്യൂഡൽഹി: രാജ്യത്ത് സ്കൂളുകള്‍ തുറക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍) അനുമതി.മുതിര്‍ന്നവരേക്കാള്‍ മികച്ച രീതിയില്‍ കുട്ടികള്‍ക്ക് വൈറസിനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അനുമതി. മുതിര്‍ന്നവരില്‍ ഉള്ളതുപോലെ തന്നെയാണ് കുട്ടികളിലെയും ആന്റിബോഡികള്‍ എന്നിരിക്കെ തന്നെ അവര്‍ ഇതില്‍ കൂടുതല്‍ മികവ് കാണിക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.ആദ്യ ഘട്ടത്തില്‍ പ്രൈമറി സ്കൂളുകള്‍ തുറക്കാനാണ് നിര്‍ദേശം.പ്രദേശത്തെ കോവിഡ് സാഹചര്യങ്ങള്‍കൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കണം നടപടികളുമായി മുന്നോട്ട് പോകേണ്ടതെന്നും പ്രത്യേകം നിര്‍ദേശിക്കുന്നു. അധ്യാപക-അനധ്യാപക ജീവനക്കാരെല്ലാം വാക്സിന്‍ സ്വീകരിച്ചിരിക്കണം. ബസ് ഡ്രൈവര്‍മാരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കണം. ഇന്ത്യയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ അത് പ്രൈവറി സ്‌ക്കൂളുകള്‍ തന്നെയാകാമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. നാലാമത്തെ ദേശീയ സെറോ സര്‍വേയുടെ കണ്ടെത്തലുകള്‍ അനുസരിച്ച്, 6-17 വയസ് പ്രായമുള്ള പകുതിയിലധികം കുട്ടികള്‍ ആന്റിബോഡികളുടെ സാന്നിധ്യം കാണിക്കുന്നു. 6-9 വയസ് പ്രായമുള്ളവരില്‍ 57.2 ശതമാനമാണ് സെറോ-പോസിറ്റിവിറ്റി. സ്ഥിതിഗതികള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാകുമെന്ന് എടുത്തുകാട്ടിക്കൊണ്ട്, സ്കൂളുകള്‍ ആരംഭിക്കാനുള്ള തീരുമാനം അവരുടെ പോസിറ്റീവ് നിരക്ക്, വാക്സിനേഷന്‍ നില, പൊതുജനാരോഗ്യ സാഹചര്യം എന്നിവ അനുസരിച്ച് ജില്ലാതലത്തില്‍ എടുക്കേണ്ടത്.
പക്ഷിപ്പനി ബാധിച്ചുള്ള രാജ്യത്തെ ആദ്യ മരണം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തു;മരിച്ചത് 11 വയസുകാരന്‍
ന്യൂഡൽഹി: പക്ഷിപ്പനി ബാധിച്ചുള്ള രാജ്യത്തെ ആദ്യ മരണം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഹരിയാനയില്‍ നിന്നുള്ള പതിനൊന്നുകാരനാണ് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.മറ്റ് വൈറസുകളെ അപേക്ഷിച്ച് ശക്തമാണ് എച്ച് 5 എന്‍ 1 വൈറസ് എങ്കിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണ്. പക്ഷിപ്പനി മരണത്തെ തുടര്‍ന്ന് കേന്ദ്രം കര്‍ശന ജാഗ്രത നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് ഏവിയന്‍ ഇന്‍ഫ്ലുവന്‍സ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എന്‍ 1. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്. ചത്ത പക്ഷികള്‍, രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്‌ഠം എന്നിവ വഴിയാണ് രോഗാണുക്കള്‍ മനുഷ്യരിലേക്കെത്തുന്നത്.
മുംബൈയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; ഗതാഗതം താറുമാറായി
മുംബൈ:കനത്ത മഴയില്‍ മുംബൈയിൽ വ്യാപക നാശനഷ്ടം.താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറിയ നിലയിലാണ്. നഗരത്തില്‍ പലയിടങ്ങളിലും വെള്ളം കയറിയതിനാന്‍ ഗതാഗതം താറുമാറായി കിടക്കുകയാണ്. വരുന്ന മണിക്കൂറുകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പ്.നിലവിലെ സാഹച്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിലയിരുത്തി. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. തകര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങളും മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളും നിരീക്ഷിക്കാന്‍ അധികൃര്‍ക്ക് നിര്‍ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക; മൂന്നാംതരംഗം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ മൂന്നാംതരംഗ സാധ്യത ഒഴിവാക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാമന്ത്രി പറഞ്ഞു. രാജ്യത്തെ 80 ശതമാനം രോഗികളും ആറ് സംസ്ഥാനങ്ങളിലായാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. വൈറസിന്റെ തുടര്‍ ജനിതകമാറ്റം പോലെയുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.വാക്‌സിനേഷന്റെയും രോഗ നിര്‍ണ്ണയ പരിശോധനയുടെയും നിരക്ക് കൂട്ടണം. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളില്‍ പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണം. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്സിനേറ്റ് എന്ന സമീപനം മുന്‍നിര്‍ത്തി മുന്നോട്ടുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. മഹാമാരിയെ പ്രതിരോധിക്കാനായി ഫലവത്തായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.രാജ്യത്തെ കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമാണെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ അതേ സമയത്ത് തന്നെ മഹാരാഷ്ട്രയിലും കേരളത്തിലും കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ ഏകദേശം 80 ശതമാനവും മരണനിരക്കിന്റെ 84 ശതമാനവും ഈ ആറു സംസ്ഥാനങ്ങളില്‍ നിന്നാണ്.കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് എല്ലാവരും ഓര്‍മിക്കണം. ഇത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.കോവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു.
ജയ്പൂരില്‍ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 11 മരണം
ജയ്പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് മരണപ്പെട്ടവരുടെ എണ്ണം 11 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഇടിമിന്നലേറ്റപ്പോള്‍ നിരവധിയാളുകള്‍ വാച്ച് ടവറിലുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. സംഭവം നടക്കുമ്പോൾ 27 പേർ വാച്ച് ടവറിലും കോട്ട മതിലിലുമുണ്ടായിരുന്നതായി റിപോര്‍ട്ടുണ്ട്. കനത്ത മഴയത്ത് നിരവധി പേരാണ് സെല്‍ഫിയെടുക്കാനായി വാച്ച് ടവറില്‍ കയറിയത്. മിന്നലുണ്ടായ ഉടനെ വാച്ച്‌ടവറില്‍ നിന്ന് താഴേക്ക് ചാടിയ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. താഴേക്ക് ചാടിയ ചിലരെ ഇതുവരെ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മഴയോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതു വകവയ്ക്കാതെയാണ് ആളുകള്‍ സെല്‍ഫിയെടുക്കാനായി വാച്ച് ടവറില്‍ കയറിയത്.വാച്ച് ടവര്‍ ദുരന്തത്തിന് പുറമെ ഇടിമിന്നലേറ്റ് രാജസ്ഥാനിലെ പല ഭാഗങ്ങളില്‍നിന്നായി ഒൻപത് മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലും ഇടിമിന്നല്‍ നിരവധിപേരുടെ ജീവനെടുത്തു. മൂന്നുസംസ്ഥാനങ്ങളിലായി ആകെ 68 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വടക്കേ ഇന്ത്യയില്‍ ഇന്നും കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
മുതിർന്ന കോൺഗ്രസ്സ് നേതാവും ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ വീരഭദ്ര സിങ് അന്തരിച്ചു
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ്സ് നേതാവും ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ വീരഭദ്ര സിങ്(87) അന്തരിച്ചു.ആറാം തീയതിയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഒൻപത് തവണ എംഎൽഎ ആയിട്ടുള്ള വീരഭദ്ര സിങ് ആറ് തവണ ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. നിലവിൽ ആർക്കി നിയോജകമണ്ഡലത്തില്നിന്നുള്ള നിയമസഭാ അംഗമാണ്.രണ്ട് മാസത്തിനിടെ രണ്ട് തവണയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യനില മോശമാകുകയായിരുന്നു. ഭാര്യ മുൻ എംപിയായിരുന്ന പ്രതിഭ സിങ് . മകൻ വിദ്രമാദിത്യ ഷിംല റൂറലിലെ എംഎൽഎയാണ്. വീരഭദ്ര സിങ് കേന്ദ്ര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിയമ വിധേയമായി പ്രവർത്തിക്കണം : കേരള ഹൈക്കോടതി
കൊച്ചി : പൊതുമേഖലാ ഓയിൽ കമ്പനികൾ നിയമത്തിൽ അനുശാസിക്കുന്ന വിധം പ്രവർത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിനോടനുബന്ധിച്ചുള്ള ഫിനാൻസ് ആക്ടിൽ 194Q എന്നൊരു ഭേദഗതി വരുത്തിയിരുന്നു.
10 കോടിയോ അതിലധികമോ വാർഷിക വിറ്റുവരവുളള ബയ്യറിൽ നിന്നും സെല്ലർ ഉൽപ്പന്ന വിലയുടെ 0.1% കുറച്ചുള്ള ഇൻവോയ്സ് വിലയെ വാങ്ങാവൂ എന്നും ബയ്യറാകട്ടെ ഓരോ മാസത്തെ മൊത്തം ഇൻവോയ്സ് മൂല്യം കണക്കാക്കി, ആ മൂല്യത്തിന്റെ 0.1% TDS അതിനടുത്ത മാസം ഏഴിനകം സെല്ലറുടെ ഇൻകം ടാക്സ് പാനിൽ അടക്കണമെന്നുമാണ് നിയമം പറയുന്നത്.
എന്നാൽ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ബഹു. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി യും എച്ച്.പി.സി യും ഈ നിയമത്തിന് വിരുദ്ധമായിപ്രവർത്തിക്കുന്നതായി ചൂണ്ടിക്കാണിച്ചു.
മേൽ സൂചിപ്പിച്ച ഓയിൽ കമ്പനികൾ ഡീലർമാർക്കയച്ച സർക്കുലറിലൂടെ അറിയിച്ചത് ഉൽപ്പന്ന വില തങ്ങൾ പൂർണ്ണമായി തന്നെ വാങ്ങുമെന്നും, ഡീലർമാർ 0.1% കണക്കാക്കി TDS അടച്ചതിന്റെ ത്രൈമാസ സ്റ്റേറ്റ്മെന്റ് ബന്ധപ്പെട്ട ഓയിൽ കമ്പനികൾക്ക് സമർപ്പിച്ചു കഴിയുമ്പോൾ ആ തുക റീഇമ്പേഴ്സ് ചെയ്യാമെന്നുമാണ്.
ഈ സർക്കുലറിനെയാണ് പെട്രോളിയം ഡീലർ സംഘടന ചോദ്യം ചെയ്തത്. പെട്രോളിയം ഡീലേഴ്സ് ലീഗൽ സൊസൈറ്റിയുടെ വാദം ബഹു. ഹൈക്കോടതി ജസ്റ്റിസ്.എ.എം.ബദർ അംഗീകരിക്കുകയും നിയമാനുസൃതമായി പ്രവർത്തിക്കാൻ ഓയിൽ കമ്പനികൾ ബാധ്യസ്ഥരാണെന്നും അതിനാൽ തന്നെ ഡീലർമാർക്കായി,കമ്പനികൾ പുറപ്പെടുവിച്ച സർക്കുലർ അസാധുവാക്കി ഉത്തരവിടുകയും ചെയ്തു.
ഓയിൽ കമ്പനികളുടെ സ്റ്റാൻഡിംങ്ങ് കൗൺസിൽ ഹൈക്കോടതിയിൽ ഡീലർ സംഘടന റിട്ട് പെറ്റീഷൻ ഫയൽ ചെയ്തതിന് ശേഷം, ആ പെറ്റീഷന് അനുസൃതമായി, തന്റെ കക്ഷികളായ സൂചിപ്പിച്ച ഓയിൽ കമ്പനികൾ സർക്കുലറിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അറിയിച്ചു.
പരിഷ്കരിച്ച സർക്കുലർ കോടതിയിൽ സമർപ്പിക്കാൻ ജസ്റ്റിസ് ബദർ നിർദ്ദേശിച്ചു.
ഹർജിക്കാർ ആവശ്യപ്പെട്ടതു പോലെ നിലവിലുള്ള സർക്കുലറിന്റെ പ്രയോഗക്ഷമത നിർത്തിവെക്കാനും ബഹു.ഹൈക്കോടതി ഉത്തരവിട്ടു.
ഹർജിക്കാരായ പെട്രോളിയം ട്രേഡേഴ്സ് വെൽഫയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിക്കു വേണ്ടി അഡ്വക്കേറ്റുമാരായ എ.കുമാർ, പി.ജെ.അനിൽകുമാർ,ജി.മിനി, പി.എസ്.ശ്രീപ്രസാദ്,ജോബ് എബ്രഹാം,അജയ്.വി.ആനന്ദ് എന്നിവർ ഹാജരായി.
വിശാഖപട്ടണത്ത് നിര്‍മാണത്തിലിരുന്ന ഫ്‌ളൈ ഓവര്‍ തകര്‍ന്ന് വീണ് രണ്ടുമരണം
വിശാഖപട്ടണം: നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. അനകപ്പള്ളിയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ചെന്നൈയെയും കൊല്‍ക്കത്തയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 16ലാണ് സംഭവം നടന്നത്. പാലത്തിന്റെ രണ്ട് കൂറ്റന്‍ ഗൈഡറുകള്‍ വീണ് ഒരുകാറും ട്രക്കും ഫ്‌ളൈ ഓവറിനടിയില്‍ കുടുങ്ങുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടുപേരാണ് മരണപ്പെട്ടത്. നഗരത്തിലെ ശ്രീഹരിപുരത്തുനിന്നുള്ള നാലുപേരടങ്ങുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുന്‍ സീറ്റുകളിലിരുന്ന രണ്ടുപേരാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി മരിച്ചത്.പിന്നിലിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സതീഷ് കുമാര്‍, സുശാന്ത് മൊഹന്തി എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ട്രക്കിന്റെ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. വലിയ ശബ്ദത്തോടെ ബീം പെട്ടെന്ന് തകര്‍ന്നുവീഴുകയും ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടുകയുമായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ബീം സ്ഥാപിക്കുന്നതിലുണ്ടായ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് വിശാഖപട്ടണം എസ്പി ബി കൃഷ്ണറാവു മാധ്യമങ്ങളോട് പറഞ്ഞു.
ബോളിവുഡ് താരം ദിലീപ് കുമാര്‍ അന്തരിച്ചു
മുംബൈ: ബോളിവുഡ് താരം ദിലീപ് കുമാര്‍(98) അന്തരിച്ചു.ന്യുമോണിയ ബാധയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ശ്വാസ തടസം രൂക്ഷമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബോളിവുഡില്‍ നാല് ദശാബ്ദങ്ങളോളം വിസ്മയം തീര്‍ത്ത താരമായിരുന്നു ദിലീപ് കുമാര്‍.1944ല്‍ പുറത്തിറങ്ങിയ ജ്വാര്‍ ഭാതയിലെ നായകനായാണ് അദ്ദേഹം സിനിമ ലോകത്ത് കാലെടുത്ത് വയ്ക്കുന്നത്. മുഹമ്മദ് യുസഫ് ഖാൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. 1922 ഡിസംബറില്‍ പാകിസ്ഥാനിലെ പെഷവാറില്‍ ലാല ഗുലാം സര്‍വാര്‍ ഖാന്റെ 12 മക്കളില്‍ ഒരാളായാണ് യൂസഫ് ഖാന്‍ ജനിക്കുന്നത്.പഴക്കച്ചവടക്കാരനായ പിതാവിനൊപ്പമാണ് അദ്ദേഹം മുംബൈയില്‍ എത്തുന്നത്. നാല്‍പതുകളില്‍ പൂനയിലെ മിലിറ്ററി ക്യാന്റീന്‍ നടത്തിവരികയായിരുന്നു. അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവന്നത് ബോംബെ ടാക്കീസ് ഉടമകളായിരുന്നു ദേവിക റാണിയും ഭര്‍ത്താവ് ഹിമാന്‍ഷു റായിയുമാണ്.ആന്‍, ധാഗ്, ആസാദ് ഗംഗ യുമന അടക്കമുള്ള സിനിമകള്‍ ദിലീപ് കുമാറിന്റെ അഭിനയശൈലി അടയാളപ്പെടുത്തിയ സിനിമകളായിരുന്നു. 80കളില്‍ റൊമാന്റിക് നായകനില്‍ നിന്ന് കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മാറി. ക്രാന്തി, ശക്തി, കര്‍മ്മ, സൗഗാദര്‍ അടക്കമുള്ള സിനിമകളില്‍ ശക്തമായ വേഷങ്ങളിലെത്തി.1998 ല്‍ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. 1966 ലാണ് ബോളിവുഡ് താരമായ സൈറ ബാനുവിനെ വിവാഹം കഴിച്ചത്. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ ദീലീപ് കുമാര്‍ രാജ്യസഭാംഗമായും നാമനിര്‍ദേശം ചെയ്യപ്പെട്ടു. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, പദ്മ ഭൂഷണ്‍, പത്മവിഭുഷന്‍ എന്നീ പുരസ്‌കാരങ്ങള്‍ അര്‍ഹനായിരുന്നു. റ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്. 1997 ല്‍ പാകിസ്താന്‍ സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ നിഷാന്‍ ഇ ഇംതിയാസ് നല്‍കി ആദരിച്ചു.