മുംബൈ:പുതിയ 200 രൂപ നോട്ടുകൾ നാളെ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് 200 രൂപ നോട്ട് ആർബിഐ അവതരിപ്പിക്കുന്നത്.മഞ്ഞ നിറത്തിലുള്ള നോട്ടിൽ രാഷ്‌ട്രപതി മഹാത്മാ ഗാന്ധിയുടെ ചിത്രം മുൻവശത്ത് കാണാം.പുറകു വശത്ത് സാഞ്ചി സ്തൂപമാണുള്ളത്.റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ ഒപ്പും റിസർവ് ബാങ്ക് ലോഗോയും നോട്ടിൽ ഉണ്ടായിരിക്കും.200 രൂപ നോട്ടുകൾ ആദ്യമെത്തുക ബാങ്കുകളുടെ തിരഞ്ഞെടുത്ത ശാഖകളിൽ മാത്രമാണ്.
ജസ്റ്റീസ് കർണനെതിരായ ശിക്ഷയുടെ സാധുത പരിശോധിക്കില്ലെന്ന് കോടതി
ന്യൂഡൽഹി: കോടതിയലക്ഷ്യ നടപടിയുടെ സാധുത ചോദ്യം ചെയ്ത് കോൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് സി.എസ്. കർണൻ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. സുപ്രീം കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ച വിധി വീണ്ടും പരിഗണിക്കുന്നതിൽ ന്യായീകരണമില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീത മിത്തൽ, ജസ്റ്റീസ് സി. ഹരിശങ്കർ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട പ്രതികരണം അറിയിക്കാൻ കർണനു ധാരാളം സമയം നൽകിയതാണെന്നും കോടതി വിലയിരുത്തി.കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ജസ്റ്റീസ് സി.എസ്. കർണന് ആറു മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം കോടതി തടവു ശിക്ഷ വിധിക്കുന്നത്.ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹാർ അധ്യക്ഷനായ ബെഞ്ചാണ് കർണനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്.മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും വിരമിച്ച ജഡ്ജിമാർക്കുമെതിരേ അഴിമതി ആരോപിച്ചു ചീഫ് ജസ്റ്റീസ്, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർക്ക് കത്തയച്ചതാണു ജസ്റ്റീസ് കർണനെതിരേ കോടതിയലക്ഷ്യ നടപടികൾ തുടങ്ങാൻ കാരണം.
2000 രൂപയുടെ നോട്ടുകൾ അസാധുവാക്കാൻ പദ്ധതിയില്ലെന്ന് അരുൺ ജെയ്റ്റ്ലി
ന്യൂഡൽഹി:2000 രൂപയുടെ നോട്ടുകൾ അസാധുവാക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി.അത്തരത്തിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം.പുതിയ 200 രൂപ നോട്ടുകൾ എപ്പോൾ പുറത്തിറക്കുമെന്ന് റിസേർവ് ബാങ്ക് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത് സംബന്ധിച്ച ആദ്യ ഔദ്യോഗിക പ്രസ്താവനയാണ് ജെയ്‌റ്റിലി നടത്തിയത്.
പുതിയ 200 രൂപ നോട്ട് ആർബിഐ ഉടൻ പുറത്തിറക്കും
മുംബൈ: പുതിയ 200 രൂപ നോട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉടൻ പുറത്തിറക്കും. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 200 രൂപയുടെ മൂല്യമുള്ള അന്പതുകോടിയോളം നോട്ടുകളാണ് പുറത്തിറക്കുക. അതേസമയം, 100, 500 രൂപ നോട്ടുകൾ ഇനി ഉടൻ അച്ചടിക്കേണ്ടെന്നാണ് ആർബിഐ തീരുമാനം. ജൂണിലാണ് 200 രൂപ നോട്ടിന്‍റെ അച്ചടി ആരംഭിച്ചത്.500,1000 രൂപയുടെ നോട്ടുകൾ റദ്ദാക്കിയതിനുശേഷം പുതിയ നോട്ടുകൾ പുറത്തിറക്കിയെങ്കിലും ചില്ലറക്ഷാമം രൂക്ഷമായത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതു പരിഹരിക്കാനാണ് പുതിയ 200 രൂപ നോട്ട് ഇറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 200 രൂപയുടെ നോട്ട് പുറത്തിറങ്ങിയാൽ ഇടപാടുകൾ കൂടുതൽ സുഗമമായി നടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വിധിച്ചു. ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, റോഹിൽടണ്‍ നരിമാൻ, യു.യു.ലളിത് എന്നിവരാണ് മുത്തലാഖിനെതിരേ വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ, ജസ്റ്റീസ് എസ്.അബ്ദുൾ നസീർ എന്നിവർ വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തി.മുസ്‌ലിം വിവാഹമോചനത്തിന് ആറ് മാസത്തിനകം നിയമം കൊണ്ടുവരണമെന്ന് ഭരണഘടനാ ബെഞ്ച് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. ഈ ആറ് മാസക്കാലയളവിൽ മുത്തലാഖ് പ്രകാരം മുസ്‌ലിം വിവാഹമോചനങ്ങൾ കോടതി നിരോധിച്ചു. ആറ് മാസത്തിനകം നിയമം കൊണ്ടുവരുന്നില്ലെങ്കിൽ മുത്തലാഖ് നിരോധനം തുടരുമെന്നും കോടതി നിരീക്ഷിച്ചു.
ഇന്ന് ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം:യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്.ഒൻപതു യുണിയനുകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ബാങ്കിങ് സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെടാനിടയുണ്ട്. പത്തു ലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.ചീഫ് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് പണിമുടക്കുമായി മുന്നോട്ട് പോകാൻ യൂണിയനുകൾ തീരുമാനിക്കുകയായിരുന്നു. ഐസിഐസിഐ ബാങ്ക്,എച്.ഡി.എഫ്.സി ബാങ്ക്,തുടങ്ങിയ സ്വകാര്യ ബാങ്കുകൾ പണിമുടക്കിൽ പങ്കെടുക്കില്ല.എന്നാൽ ചെക്ക് ക്‌ളിയറൻസിൽ താമസം നേരിടാൻ സാധ്യതയുണ്ട്.
എസ്.ബി.ഐ എ.ടി.എം കാർഡുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു
ന്യൂഡൽഹി:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എം കാർഡുകൾ കൂട്ടത്തോടെ അസാധുവാക്കുന്നു. ഓൺലൈൻ ബാങ്കിങ്ങുകളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾ തടയാൻ വേണ്ടിയാണു എസ്.ബി.ഐ സുരക്ഷിതമല്ലാത്തതും പഴയതുമായ എ.ടി.എം കാർഡുകൾ അസാധുവാക്കുന്നത്.ആർ.ബി.ഐ അംഗീകരിച്ച ഇവിഎം ചിപ്പ് കാർഡുകളാണ് നിലവിലുള്ള മാഗ്നെറ്റിക് സ്ട്രിപ്പ് ഡെബിറ്റ് കാർഡുകൾ മാറ്റി വിതരണം ചെയ്യുക.താമസിയാതെ തന്നെ മാഗ്നെറ്റിക് കാർഡുകൾ കൈവശം ഉള്ളവരുടെ കാർഡുകൾ റദ്ദാക്കപ്പെടും.ഈ തടസ്സം നേരിടാതിരിക്കാൻ ബാങ്കുകളിൽ ചെന്ന് ഇവിഎം ചിപ്പ് കാർഡുകൾ കൈപ്പറ്റണമെന്ന് എസ്.ബി.ഐ അറിയിച്ചു.രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ.ബി.ഐയുടെ പരിഷ്‌ക്കാരം വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കും.പുതിയ കാർഡിനായി ഓൺലൈനായി അപേക്ഷിക്കാം.അല്ലെങ്കിൽ അതാത് ബാങ്ക് ശാഖകളെ സമീപിച്ചാലും മതിയാകും.ഇവിഎം ചിപ്പ് കാർഡുകൾ സൗജന്യമായിട്ടാകും ലഭ്യമാക്കുക.
ആന്ധ്രാപ്രദേശിൽ തീപിടിത്തത്തെ തുടർന്ന് ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചു
ഹൈദരാബാദ്:ആന്ധ്രാപ്രദേശിൽ തീപിടിത്തത്തെ തുടർന്ന് ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചു.ഗോദാവരിയിലുള്ള സമകോടിലെ സ്വകാര്യ എണ്ണ ഫാക്റ്ററിയിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചത്.സംഭവ സമയം ഫാക്ടറിയിൽ ജീവനക്കാർ ഇല്ലാതിരുന്നതുമൂലം വൻ ദുരന്തം ഒഴിവായിയെന്നും അപകടത്തിൽ ആളപായമില്ലെന്നും അധികൃതർ അറിയിച്ചു. സ്ഫോടനത്തിൽ ഫാക്ടറിയിലെ യന്ത്രങ്ങൾക്കു തകരാർ സംഭവിച്ചിട്ടുണ്ട്. അഗ്നിശമനസേന സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയെന്നും പോലീസ് അറിയിച്ചു.
റായ്‌പൂരിൽ മൂന്നു കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചു
റായ്‌പൂർ:റായ്‌പൂരിൽ മൂന്നു കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചു.ഛത്തീസ്ഗഡിലെ റായ്‌പൂർ ബി.ആർ അംബേദ്‌കർ സർക്കാർ ആശുപത്രിയിലാണ് സംഭവം. മദ്യപിച്ചിരുന്ന ജീവനക്കാരൻ ഓക്സിജൻ വിതരണം ചെയ്യാതിരുന്നതാണ് കുട്ടികളുടെ മരണത്തിനു കാരണമായത്. ഇയാളെയായിരുന്നു ഓക്സിജൻ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നത്.ഇയാളെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ് ഉത്തരവിട്ടു.
നാളെ ദേശീയ ബാങ്ക് പണിമുടക്ക്
ന്യൂഡൽഹി:രാജ്യത്തെ ബാങ്കുകൾ ഓഗസ്റ്റ് 22 ന് ദേശവ്യാപകമായി പണിമുടക്കും.ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്.ഭാരവാഹികൾ വാർത്ത സമ്മേളനത്തിലാണ് പണിമുടക്ക് വിവരം അറിയിച്ചത്.യു.എഫ്.ബിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 15 ന് ഒരുലക്ഷം ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.എന്നാൽ സ്വകാര്യ ബാങ്കുകളായ ഐ.സി.ഐ.സി.ഐ ബാങ്ക്,എച്.ഡി.എഫ്.സി ബാങ്ക്,ആക്സിസ് ബാങ്ക്,കോട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവ നാളെ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്.എങ്കിലും ചെക്ക് ക്‌ളിയറൻസിൽ കാലതാമസമുണ്ടാകും.ബാങ്ക് സ്വകാര്യവൽക്കരണം, ലയനം എന്നീ നീക്കങ്ങൾ പിൻവലിക്കുക,കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ എഴുതിത്തള്ളാതിരിക്കുക, ജനവിരുദ്ധ ബാങ്കിങ് പരിഷ്‌ക്കാരങ്ങൾ ഉപേക്ഷിക്കുക,ബോധപൂർവം വായ്‌പ്പാ കുടിശ്ശിക വരുത്തുന്നത് ക്രിമിനൽ കുറ്റമാക്കുക,വർധിപ്പിച്ച ബാങ്കിങ് സേവന നിരക്കുകൾ കുറയ്ക്കുക, ബാങ്ക്സ് ബോർഡ് ബ്യുറോ പിരിച്ചു വിടുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരം.