ന്യൂഡൽഹി:മോശം കാലാവസ്ഥയെ തുടർന്ന് കടലിൽ കുടുങ്ങിയ 40 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന രക്ഷപ്പെടുത്തി. ഗുജറാത്ത് തീരത്ത് നിന്നും കടലിൽ പോയ എട്ടു ബോട്ടുകളാണ് കടലിൽ കുടുങ്ങിയത്.കോസ്റ്റ്ഗാർഡിന്‍റെ ഹെലികോപ്റ്ററും നാല് കപ്പലും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നു വീണു
മുംബൈ:മുംബൈയിൽ പക്മോഡീയ നഗരത്തിൽ മൂന്നു നില കെട്ടിടം തകർന്നു വീണു.20 പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.തിരക്കേറിയ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന ഇവിടെ വ്യാഴാഴ്ച രാവിലെയാണ് ദുരന്തമുണ്ടായത്.കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച കെട്ടിടമാണ് തകർന്നു വീണത്.ഇവിടെ ഇരുപതിലേറെ പേർ താമസിക്കുന്നുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.അഗ്നിശമന സേനയുടെ പത്തു യൂണിറ്റുകളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരെ കൊള്ളയടിച്ചു
ബെംഗളൂരു:കർണാടകയിൽ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോയ ബസിലെ യാത്രക്കാരാണ് കൊള്ളയടിക്കപ്പെട്ടത്.നാലംഗ സംഘമാണ് കൊള്ളയടിച്ചതെന്നാണ് വിവരം.യാത്രക്കാർ ചിക്കനെല്ലൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.യാത്രക്കാരുടെ സ്വർണ്ണവും പണവുമെല്ലാം ഇവർ കൊണ്ടുപോയതായി പരാതിയിൽ പറയുന്നു.വ്യാഴാച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.ബസ് ചിക്കനെല്ലൂർ എന്ന സ്ഥലത്ത് നിർത്തിയപ്പോഴായാണ് സംഭവം. പ്രാഥമികാവശ്യത്തിനായി ഡ്രൈവർ ബസ് റോഡരികിൽ നിർത്തിയിട്ടപ്പോൾ ബൈക്കിലെത്തിയ നാലംഗസംഘം യാത്രക്കാരെന്ന തരത്തിൽ ബസിലേക്ക് കയറുകയായിരുന്നു.ബസിൽ കയറിപ്പറ്റിയ ഇവർ പിന്നീട് ആയുധങ്ങൾ പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.യാത്രക്കാരുടെ കഴുത്തിൽ ആയുധങ്ങൾ വെച്ച് ഭീഷണിപ്പെടുത്തിയാണ് ഇവർ കവർച്ച നടത്തിയത്.നാലുപേരിൽ ഒരാൾ ബസിന്റെ മുൻവശത്തും ഒരാൾ പിൻവശത്തും നിലയുറപ്പിച്ചിരുന്നു.ഒരാൾ ബൈക്ക് ബസിനു കുറുകെയിട്ട് തടസ്സം സൃഷ്ടിച്ചിരുന്നു.പെട്ടെന്നുള്ള അക്രമണമായതിനാൽ ഭയന്നുപോയെന്നും പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും യാത്രക്കാർ വ്യക്തമാക്കി. ബസിലെ യാത്രക്കാർ സുരക്ഷിതരാണെന്നാണ് വിവരം
അസാധുവാക്കിയ നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയെന്ന് ആർബിഐ
ന്യൂഡൽഹി:രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷം 99 ശതമാനം ആയിരം രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് റിസേർവ് ബാങ്ക്.ആയിരത്തിന്റെ 670 കോടി നോട്ടുകൾ ഉണ്ടായിരുന്നതിൽ 8.9 കോടി നോട്ടുകളാണ് മടങ്ങിയെത്താതിരുന്നത്.തിരിച്ചെത്തിയ നോട്ടുകളിൽ 7.62 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി.റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകൾ പുറത്തു വിട്ടത്.നോട്ട് നിരോധനത്തിന് ശേഷം നവംബർ ഒമ്പതിനും ഡിസംബർ 31 നും ഇടയിലായി 5.54 ലക്ഷം കോടി രൂപയുടെ നോട്ടുകൾ വിതരണം ചെയ്തതായും റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.
ആധാർ നിർബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി
ന്യൂഡൽഹി:സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ആധാർ നിർബന്ധമാക്കാനുള്ള അവസാന തീയതി ഡിസംബർ 31 ലേക്ക് നീട്ടിയതായി കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു.നേരത്തെ ഇത് സെപ്റ്റംബർ 30 ആയിരുന്നു.ആധാറിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് അറ്റോർണി ജനറൽ പുതിയ തീയതി കോടതിയിൽ അറിയിച്ചത്.അതേസമയം ആധാർ നിർബന്ധമാക്കാനുള്ള സർക്കാർ ഉത്തരവ് തടയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഗോരഖ്പൂരിൽ വീണ്ടും ശിശുമരണം;മൂന്നു ദിവസത്തിനിടെ മരിച്ചത് 61 കുട്ടികൾ
ഗോരഖ്പൂർ:ഗോരഖ്പൂർ ബി ആർ ഡി മെഡിക്കൽ കോളേജിൽ ശിശുമരണം തുടരുന്നു.മൂന്നു ദിവസത്തിനിടെ 61 കുട്ടികൾ കൂടി മരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.മസ്തിഷ്ക്ക ജ്വരം,നവജാത ശിശുക്കളുടെ ആരോഗ്യപ്രശ്നങ്ങൾ,ന്യുമോണിയ ,സെപ്സിസ് തുടങ്ങിയ വിവിധ രോഗങ്ങളാലാണ് കുട്ടികളുടെ മരണം.ഓഗസ്റ്റ് ഒന്ന് മുതൽ 28 വരെ 290 കുട്ടികൾ ഇവിടെ മരിച്ചു. ഇതിൽ ഏകദേശം 77 കുട്ടികൾ മസ്തിഷ്ക ജ്വരത്തെ തുടർന്നാണ് മരിച്ചത്. വിവിധ കാരണങ്ങളാൽ 2017ൽ ഇതുവരെ 1,250 കുട്ടികളാണ് ബിആർഡി ആശുപത്രിയിൽ മരിച്ചത്.ഓഗസ്റ്റ് ആദ്യവാരം ഇതേ ആശുപത്രിയിൽ 70 കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെട്ടതോടെയാണ് ദുരന്തം സംഭവിച്ചത്.ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ചതിനെ തുടർന്നു യോഗി ആദിത്യനാഥ് സർക്കാർ ആശുപത്രി പ്രിൻസിപ്പൽ ഡോ. രാജീവ് മിശ്രയെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, മസ്തിഷ്ക ജ്വരമാണ് മരണകാരണമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ.കൂടാതെ, ദുരന്തമുണ്ടായ ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവൻ കഫീൽ അഹമ്മദിനെ സർക്കാർ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആശുപത്രിയിൽ ഓക്സിജൻ തീർന്നുപോയതിനു പിന്നാലെ സ്വന്തം പോക്കറ്റിൽനിന്നു പണംമുടക്കി ഓക്സിജൻ വാങ്ങിയ കഫീലിനെയാണ് സർക്കാർ സസ്പെൻഡ് ചെയ്തത്.
സയാമീസ് ഇരട്ടകളുടെ അദ്യഘട്ട ശസ്ത്രക്രിയ പൂർത്തിയായി
ന്യൂഡൽഹി: ഒഡീഷ സ്വദേശികളായ സയാമീസ് ഇരട്ടകളുടെ അദ്യഘട്ട ശസ്ത്രക്രിയ പൂർത്തിയായി. ഒഡീഷയിലെ കൻന്ധമാലിൽ നിന്നുള്ള ജഗ-ബാലിയ എന്നീ കുട്ടികളുടെ ശസ്ത്രക്രിയയാണ് ഡൽഹിയിലെ എയിംസിൽ നടന്നത്. രണ്ട് വയസുള്ള കുട്ടികളുടെ തലകൾ ഒട്ടിച്ചേർന്ന നിലയിലായിരുന്നു.ജപ്പാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരുൾപ്പെടെ 40 പേരാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ശസ്ത്രക്രിയ ചൊവ്വാഴ്ചയാണ് അവസാനിച്ചത്. ശസ്ത്രക്രിയ പ്രതീക്ഷിച്ചതിലും വിജയകരമായിരുന്നുവെന്ന് എയിംസിലെ ന്യൂറോസർജൻ പ്രൊഫ. ദീപക് ഗുപ്ത പറഞ്ഞു. രണ്ടു പേരുടെയും തലയിലെ ആന്തരിക ശസ്ത്രക്രിയാ നടപടികൾ പൂർത്തിയായെന്നും ശസ്ത്രക്രിയയുടെ രണ്ടാം ഘട്ടങ്ങൾ കൂടി പൂർത്തിയായെങ്കിൽ മാത്രമേ പൂർണമായും വിജയത്തിലെത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി.രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇരുവരെയും വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ 13നാണ് കുട്ടികളെ എയിംസിൽ പ്രവേശിപ്പിച്ചത്. ഒക്ടോബറിലാണ് അവസാനവട്ട ശസ്ത്രക്രിയ നടക്കുന്നത്.
കനത്ത മഴ തുടരുന്നു;മുംബൈയിൽ അഞ്ചു മരണം
മുംബൈ:കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുംബൈയിൽ അഞ്ചുപേർ മരിച്ചു.മുംബൈയിൽ വെള്ളപ്പൊക്കത്തിൽ വീട് ഇടിഞ്ഞു വീണു രണ്ടു കുട്ടികളുൾപ്പെടെ മൂന്നുപേരും താനെയിൽ ഒരു സ്ത്രീയും ഒരു പെൺകുട്ടിയുമാണ് മരിച്ചത്.അടുത്ത ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അവശ്യ സർവീസ് സേനാവിഭാഗങ്ങളല്ലാതെ ആരും പുറത്തിറങ്ങരുതെന്നും മഹാരാഷ്ട്ര സർക്കാർ നിർദേശം നൽകി.2005 ന് ശേഷം മുംബൈയിൽ ലഭിക്കുന്ന ഏറ്റവും ശക്തമായ കാലാവസ്ഥയാണ് ഇതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്.മുംബൈയിൽ നിന്നുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു.രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ സമയം വൈകി. സിയോൺ,ദാദർ,മുംബൈ സെൻട്രൽ,കുർള,അന്തേരി,സാകിനാക തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്.ദേശീയ ദുരന്ത നിവാരണ സേനയും നാവികസേനാ അധികൃതരും പൂർണ്ണ സജ്ജരാണ്.
മുംബൈയിൽ കനത്ത മഴ;ഗതാഗതം സ്‌തംഭിച്ചു
മുംബൈ:കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിൽ ഗതാഗതം സ്തംഭിച്ചു.നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. മുംബൈയിൽ നിന്നുള്ള ലോക്കൽ ട്രെയിൻ സർവിസുകൾ നിർത്തിവെച്ചു.കേരളത്തിൽ നിന്നും കൊങ്കൺ വഴി പോകുന്ന ട്രെയിനുകളെയും മഴ ബാധിച്ചിട്ടുണ്ട്. സിയോൺ,ദാദർ,മുംബൈ സെൻട്രൽ,കുർള,അന്തേരി, സാകിനാക തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്.ഇപ്പോൾ തുടരുന്ന മഴ അടുത്ത ഇരുപത്തിനാലു മണിക്കൂർ നേരത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥ അധികൃതർ നൽകുന്ന വിവരം.
മഹാരാഷ്ട്രയിൽ തുരന്തോ എക്സ്പ്രസ് പാളം തെറ്റി
മഹാരാഷ്ട്ര:മഹാരാഷ്ട്രയിൽ ട്രെയിൻ പാളം തെറ്റി.കല്യാണിനു സമീപമാണ് നാഗ്പൂർ-മുംബൈ തുരന്തോ എക്സ്പ്രസ് പാളം തെറ്റിയത്.എൻജിനും അഞ്ചു ബോഗികളുമാണ് പാളം തെറ്റിയത്. നിരവധിപ്പേർക്ക് പരിക്കേറ്റു.രക്ഷാപ്രവർത്തനം തുടരുകയാണ്.കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ബസുകളും മറ്റും അയച്ചതായി റെയിൽവേ അറിയിച്ചു.