ന്യൂഡൽഹി:എൻ ഡി എ സർക്കാരിന്റെ അവസാന മന്ത്രിസഭാ വികസനം അല്പസമയത്തിനകം നടക്കും.നാല് സഹമന്ത്രിമാർക്ക് ക്യാബിനറ്റ് പദവി നല്കാൻ തീരുമാനമായിട്ടുണ്ട്.നിർമല സീതാരാമൻ,ധർമേന്ദ്ര പ്രധാൻ,പീയുഷ് ഗോയൽ,മുക്താർ അബ്ബാസ് നഖ്‌വി എന്നിവർക്കാണ് ക്യാബിനറ്റ് പദവി നൽകുക.ഒൻപതു പുതിയ മന്ത്രിമാരും മന്ത്രിസഭയിലേക്ക് എത്തും.ക്യാബിനറ്റ് പദവിയിലേക്ക് എത്തുന്നവരുടെ സത്യപ്രതിജ്ഞയാണ് ആദ്യം നടക്കുക.വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിൽ നിന്നും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ അൽഫോൻസ് കണ്ണന്താനവും സ്ഥാനം പിടിച്ചിട്ടുണ്ട്.കണ്ണന്താനം ഉൾപ്പെടെ ഒൻപതു പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
എല്ലാ മരുന്നുകൾക്കും അഞ്ച് ശതമാനം ജി.എസ്.ടി;മരുന്ന് വില കുറയും
ന്യൂഡൽഹി:രാജ്യത്ത് വിൽക്കുന്ന എല്ലാ മരുന്നുകൾക്കും അഞ്ച് ശതമാനം ജി.എസ്.ടി ഏർപ്പെടുത്താൻ തീരുമാനം.തീരുമാനം നടപ്പിലാകുന്നതോടെ മരുന്ന് വിലയിൽ വലിയ കുറവുണ്ടാകും.വിൽപ്പന നടത്തുന്ന 73 ശതമാനം മരുന്നുകൾക്ക് 12 ശതമാനം ജി എസ് ടിയും 27 ശതമാനം മരുന്നുകൾക്ക് 5 ശതമാനം ജി എസ് ടിയും ഏർപ്പെടുത്താനായിരുന്നു തീരുമാനം. ഇതിനായി സർക്കാർ തിരഞ്ഞെടുത്തത് കേന്ദ്ര എക്‌സൈസ് ആൻഡ് കസ്റ്റംസ് വർഷങ്ങൾക്ക് മുൻപ് പുറത്തിറക്കിയ ജീവൻ രക്ഷ മരുന്നുകളുടെ പട്ടികയായിരുന്നു.ഇതിൽ പല മരുന്നുകളും ഇപ്പോൾ നിലവിലില്ല.ഇതിനെ തുടർന്ന് വൻ വിമർശനത്തിന് വഴിവെച്ചിരുന്നു. തുടർന്നാണ് കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെട്ടത്.12 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയിരുന്ന മരുന്നുകൾക്ക് ഏഴു ശതമാനം ജി.എസ്.ടി വിലയാണ് കുറച്ചിരിക്കുന്നത്.ഇതോടെ മരുന്ന് വിലയിൽ വൻ കുറവുണ്ടാകും.ഇത് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്നത് കേരളത്തിലെ ജനങ്ങൾക്കാവും. അതേസമയം സംസ്ഥാനത്ത് കടുത്ത മരുന്ന് ക്ഷാമത്തിന് സാധ്യത ഉണ്ടാകുമെന്നു വിദഗ്ദ്ധർ വിലയിരുത്തുന്നു.മരുന്നിനു അഞ്ചു ശതമാനം ജി.എസ്.ടി ഏർപ്പെടുത്തുന്നതോടെ പഴയ വിലയിലുള്ള മരുന്നുകൾ മുൻ വിലയിൽ വിൽക്കാനാകില്ല. പുതുക്കിയ വില കവറുകൾക്ക് മുകളിൽ പ്രസിദ്ധീകരിക്കുകയോ പഴയ വിലയിലുള്ള മരുന്നുകൾ കമ്പനി തിരിച്ചെടുത്ത് കംപ്യുട്ടറുകളിലെ സോഫ്ട്‍വെയറുകൾ മാറ്റംവരുത്തുകയോ വേണം.എന്നാൽ ഇതിനു ഏറെ കാലതാമസം നേരിടേണ്ടതായി വരും.ഇത് മരുന്ന് ക്ഷാമത്തിന് വഴിതുറക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
രാജ്യത്തെ എണ്ണുറോളം എൻജിനീയറിംഗ് കോളജുകൾക്ക് പൂട്ടുവീഴുന്നു
ബംഗളൂരു: നിലവാരമില്ലാത്ത എൻജിനീയറിംഗ് കോളജുകൾ അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രാജ്യത്തെ സാങ്കേതിക വിദ്യാഭ്യസ മേഖലയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനാണ് (എഐസിടിഇ) ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.വിദ്യാർഥികളുടെ എണ്ണം കുറവുള്ള നിലവാരം താഴ്ന്ന എണ്ണൂറോളം എൻജിനീയറിംഗ് കോളജുകൾ അടച്ചുപൂട്ടാനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് എഐസിടിഇ ചെയർമാൻ അനിൽ ദത്താത്രയ സഹസ്രബുദ്ധെ പറഞ്ഞു. നിലവാരമില്ലാത്തതിനാൽ ഓരോ വർഷവും ഏതാണ്ട് 150 കോളജുകൾ സ്വമേധയാ അടച്ചുപൂട്ടുന്നുണ്ട്. എഐസിടിഇ കൗണ്‍സിലിന്‍റെ ചട്ടം അനുസരിച്ച് ശരിയായ അടിസ്ഥാന സൗകര്യമില്ലാത്തതും 30 ശതമാനത്തിൽ കുറവ് അഡ്മിഷനുമുള്ള കോളജുകൾ അഞ്ചു വർഷത്തിനകം അടച്ചുപൂട്ടണമെന്നാണ് നിർദേശമെന്നും സഹസ്രബുദ്ധെ പറഞ്ഞു.
ഗോരഖ്പുർ ദുരന്തം: ഡോ. കഫീൽ ഖാൻ അറസ്റ്റിൽ
ലക്നോ: ഉത്തർപ്രദേശിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിച്ച സംഭവത്തിൽ ശിശുരോഗ വിദഗ്ധൻ ഡോ.കഫീൽ ഖാനെ അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.കഫീൽ ഖാൻ ഉൾപ്പെടെയുള്ള ഏഴ് പേർക്കെതിരെ ഗോരഖ്പുർ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അഴിമതി,കെടുകാര്യസ്ഥത, സ്വകാര്യ പ്രാക്ടീസ് എന്നിവ ചേർത്താണ് അദ്ദേഹത്തിനെതിരേ കേസെടുത്തിരിക്കുന്നത്.ആശുപത്രിയിൽ ഓക്സിജൻ തീർന്നുപോയതിനു പിന്നാലെ സ്വന്തം പോക്കറ്റിൽനിന്നു പണംമുടക്കി കഫീൽ ഖാൻ ഓക്സിജൻ വാങ്ങിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തെ സർക്കാർ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഡൽഹിയിൽ മാലിന്യക്കൂമ്പാരം ഒലിച്ചിറങ്ങി രണ്ടുപേർ മരിച്ചു
ന്യൂഡൽഹി:ഡൽഹി ഗാസിപൂരിൽ ഭീമൻ മാലിന്യക്കൂമ്പാരം ഒലിച്ചിറങ്ങി രണ്ടുപേർ മരിച്ചു. അഭിഷേക്(20),രാജകുമാരി(30) എന്നിവരാണ് മരിച്ചത്.നാലുപേർ കൂടി മാലിന്യങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ദുരന്തനിവാരണ സേന പ്രദേശത്ത് പരിശോധന തുടരുകയാണ്.രണ്ടുദിവസമായി പെയ്യുന്ന മഴയിൽ മാലിന്യങ്ങൾ റോഡിലേക്ക് ഒലിച്ചിറങ്ങിയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.മുപ്പതു വർഷത്തിലേറെയായി ഡൽഹി നഗരത്തിൽ നിന്നുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമാണിതെന്നും നിക്ഷേപിച്ച മാലിന്യങ്ങൾക്ക് മേലെ പിന്നെയും മാലിന്യങ്ങൾ നിക്ഷേപിച്ച് ഇത് ഒരു മലയായി മാറുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
പാചകവാതകത്തിന്റെ വില വർധിപ്പിച്ചു
ന്യൂഡൽഹി:രാജ്യത്ത് പാചകവാതകത്തിന്റെ വില വർധിപ്പിച്ചു.സബ്‌സിഡിയുള്ളതിനും ഇല്ലാത്തതിനുമായി 73.50 രൂപയാണ് വർധിപ്പിച്ചത്.പുതുക്കിയ നിരക്ക് അർധരാത്രിമുതൽ നിലവിൽ വന്നു.586 രൂപയാണ് സബ്സിഡിയുള്ള സിലിണ്ടറിന്റെ പുതിയ നിരക്ക്.വർധിപ്പിച്ച തുക സബ്സിഡി ഇനത്തിൽ ഉപഭോക്താവിന് തിരികെ ലഭിക്കും.ഇതോടെ സബ്‌സിഡി ഇനത്തിൽ ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തുന്ന തുക സിലിണ്ടറൊന്നിന് 96 രൂപയായി ഉയരും.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിനും 74 രൂപ വർധിപ്പിച്ചിട്ടുണ്ട്.586 രൂപ തന്നെയാണ് സബ്‌സിഡിയില്ലാത്ത 14 കിലോ സിലിണ്ടറിന്റെ പുതുക്കിയ വില. അതേസമയം വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 117 രൂപ വർധിപ്പിച്ചു.
മെഡിക്കൽ പ്രവേശനം കിട്ടിയില്ല: വിദ്യാർഥിനി ജീവനൊടുക്കി
ചെന്നൈ: മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിന്‍റെ മനോവിഷമത്തിൽ വിദ്യാർഥിനി ജീവനൊടുക്കി. തമിഴ്നാട്ടിലെ അരിയല്ലൂർ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്.നേരത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്ലസ് ടുവിന് 1200 ൽ 1176 മാർക്ക് നേടിയാണ് അനിത വിജയിച്ചത്. കേരളത്തിൽ നിന്നും വ്യത്യസ്തമായി തമിഴ്‌നാട്ടിലെ ഭൂരിഭാഗം വിദ്യാർത്ഥികളും അവരുടെ പ്രാദേശിക ഭാഷയായ തമിഴിലാണ് പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്നത്.എന്നാൽ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ എഴുതാൻ അനുവാദമുണ്ടായിരുന്നുള്ളൂ.ഇതിനെതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും കേന്ദ്ര സർക്കാർ പിന്തുണച്ചില്ല.തുടർന്നാണ് അനിത ഇത്തവണത്തെ നെറ്റ് പരീക്ഷയിൽ പ്രാദേശിക ഭാഷയിൽ എഴുതാൻ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.എന്നാൽ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
മുംബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി
മുംബൈ: ദക്ഷിണമുംബൈയിലെ ഭെൻഡി ബസാറിൽ 117 വർഷം പഴക്കമുള്ള കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 32ആയി. 35 പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ 10 പേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം.മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് പോലീസ് നല്കുന്ന സൂചന. പാക്മോഡിയ സ്ട്രീറ്റിലെ ഹുസൈനി ബിൽഡിംഗാണ് വ്യാഴാഴ്ച രാവിലെ 8.30ന് തകർന്നത്.ഇടുങ്ങിയതും തിരക്കേറിയതുമായ പാതയോരത്താണ് കെട്ടിടം തകർന്നുവീണത്. ഇതു രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഒൻപതു കുടുംബങ്ങൾ ഹുസൈനി ബിൽഡിംഗിൽ ഉണ്ടായിരുന്നു. കെട്ടിടത്തിൽ കുട്ടികളുടെ പ്ലേ സ്കൂൾ ഉണ്ടായിരുന്നെങ്കിലും അപകട സമയത്ത് കുട്ടികൾ സ്ഥലത്തില്ലായിരുന്നു.
ആധാർ-പാൻ ബന്ധിപ്പിക്കൽ കാലാവധി ഡിസംബർ 31 വരെ നീട്ടി
മുംബൈയിൽ കെട്ടിടം തകർന്നു വീണ സംഭവം;നാലു പേർ മരിച്ചു
മുംബൈ:പാക്മോഡിയാ നഗരത്തിൽ മൂന്നു നില കെട്ടിടം തകർന്നു വീണ സംഭവത്തിൽ നാലുപേർ മരിച്ചു.12 പേർക്ക് പരിക്കേറ്റു.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.പാകമോഡിയാ മൗലാനാ ഷൗക്കത് അലി റോഡിലുള്ള ആർസിവാല എന്ന കെട്ടിടമാണ് തകർന്നത്.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പതിനൊന്നുപേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു.ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിരക്ഷാ സേനയുംചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തി വരികയാണ്.കെട്ടിടത്തിന്റെ കാലപ്പഴക്കവും രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയുമാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ.