വിശാഖപട്ടണം: എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ നടുറോഡില്‍വച്ച് കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍.ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ നഗരത്തില്‍ സ്വാതന്ത്ര്യദിനമായ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനി രമ്യശ്രീ(20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശശികൃഷ്ണ(22) എന്നയാളാണ് അറസ്റ്റിലായത്.ഗുണ്ടൂരിലെ കാകനി റോഡില്‍കൂടി രമ്യശ്രീ നടന്നു വരുന്നതിനിടെ ഇവിടെ ബൈക്കിലെത്തിയ ശശികൃഷ്ണ രമ്യശ്രീയുടെ സമീപത്ത് എത്തി ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം നിരസിച്ച് നടന്നു നീങ്ങാന്‍ ഒരുങ്ങിയ ശശികൃഷ്ണ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വയറിലും തുടരെ കുത്തിവീഴ്ത്ത്തുകയായിരുന്നു. ഈ സംഭവത്തിനു ശേഷം ശശികൃഷ്ണ ഉടന്‍ ബൈക്കില്‍ കയറി രക്ഷപെട്ടു.ഗുരുതരമായി പരിക്കേറ്റ രമ്യശ്രീയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗുണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ കടകളില്‍നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ശശികൃഷ്ണയാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്ത് എത്തിയ പൊലീസ് ശശികൃഷ്ണയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യത്യസ്ത വാക്‌സിനുകൾ ഇടകലർത്തേണ്ടതില്ല; കൊവിഷീല്‍ഡിന്റെ മൂന്നാം ഡോസ് എടുക്കുന്നത് കൂടുതല്‍ ഫലപ്രദമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: വാക്സിനുകള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് നല്ലതല്ലെന്നും ഒരേ നിര്‍മാതാക്കളുടേത് തന്നെ രണ്ട് ഡോസ് വാക്‌സിനുകൾ എടുക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നും കൊവിഷീല്‍ഡ് വാക്സിന്റെ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവി സിറസ് പൂനവാല.ഈയടുത്ത് നടന്ന ഐ സി എം ആറിന്റെ പഠനത്തില്‍ കൊവിഷീല്‍ഡും കൊവാക്സിനും ഇടകലര്‍ത്തി ഉപയോഗിച്ചവരില്‍ പ്രതിരോധശേഷി വര്‍ദ്ധിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.എന്നാല്‍ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഈ പഠനത്തെ നിരാകരിച്ചു. രണ്ട് ഡോസ് ഇടകലര്‍ത്തി ഉപയോഗിക്കുന്നവരില്‍ വാക്സിന്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇരു കമ്പനികളും പരസ്പരം പഴിചാരുകയല്ലാതെ ഗുണകരമായി ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകമാന്യ തിലക് അവാര്‍ഡ് സ്വീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പൂനവാല.ഇന്ത്യയില്‍ കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിനുകള്‍ കലര്‍ത്തിനല്‍കുന്നതു സംബന്ധിച്ച് പഠനം നടത്താനുള്ള നിര്‍ദേശം ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അംഗീകരിച്ചതിന് പിന്നാലെയാണ് സിറസ് പൂനാവാലയുടെ പ്രസ്താവന.300 ആരോഗ്യപ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിക്കുന്ന പഠനം വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് നടത്തും. വാക്സിനേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കാന്‍ ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത വാക്സിന്‍ ഡോസുകള്‍ നല്‍കാനാകുമോ എന്ന് വിലയിരുത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.
സിനിമാ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് കന്നഡ സ്റ്റണ്ട് താരം മരിച്ചു
ബെംഗളൂരു:സിനിമാ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് കന്നഡ സ്റ്റണ്ട് താരം മരിച്ചു.തമിഴ്നാട് സ്വദേശി വിവേക് (28) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തില്‍ ‘ലവ് യു രച്ചു’ എന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്.11 കെവി വൈദ്യുത ലൈനിനു സമീപം ക്രെയ്‌നില്‍ നിൽക്കുമ്പോഴായിരുന്നു അപകടം.ക്രെയിനും ഇരുമ്പ് കയറും ഉപയോഗിച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ 11 കെവി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. മറ്റൊരു സ്റ്റണ്ട് താരത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചു. സംവിധായകന്‍ ശങ്കര്‍, നിര്‍മ്മാതാവ് ദേശ്പാണ്ഡെ, സ്റ്റണ്ട് സംവിധായകന്‍ വിനോദ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അജയ് റാവു, രചിതാ റാം എന്നിവര്‍ നായികാനായകന്മാരാവുന്ന സിനിമയാണിത്.
രാജ്യത്ത് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സാപ്പിലും ലഭ്യമാകും
ന്യൂഡല്‍ഹി:രാജ്യത്ത് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സാപ്പിലും ലഭ്യമാകും.ഇനി വീട്ടിലിരുന്ന് നമുക്ക് തന്നെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സാപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാം. കോവിനില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറിലെ വാട്സാപ്പ് അക്കൗണ്ടില്‍ മാത്രമേ സേവനം ലഭ്യമാകൂ. ആദ്യ പടിയായി കോവിനില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറുള്ള ഫോണില്‍ 9013151515 എന്ന നമ്പർ സേവ് ചെയ്തശേഷം വാട്സാപ്പ് തുറക്കുക. ശേഷം ഈ നമ്പറിലേക്ക് ‘Download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക. ഉടന്‍ തന്നെ ഫോണില്‍ ഒടിപി ലഭിക്കും. ഇത് വാട്‌സാപ്പില്‍ മറുപടി മെസേജ് ആയി നല്‍കുക. ഈ നമ്പറിൽ കോവിനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ ദൃശ്യമാകും. ആരുടെയാണോ ഡൗണ്‍ലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടന്‍ പിഡിഎഫ് രൂപത്തില്‍ മെസേജ് ആയി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. Menu എന്ന് ടൈപ്പ് ചെയ്തയച്ചാല്‍ കൂടുതല്‍ സേവനങ്ങളും ലഭിക്കും.
കോവിഡ് മൂന്നാം തരംഗ ഭീഷണി; ഓണമടക്കമുള്ള ആഘോഷങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിർദേശം
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണമടക്കമുള്ള ആഘോഷങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സര്‍ക്കാര്‍ നിർദേശം.ആഘോഷ ചടങ്ങുകള്‍ക്കിടെ ഉണ്ടാകാന്‍ സാധ്യതയുള്ള ഒത്തുചേരലുകള്‍ കോവിഡ് വ്യാപനം കൂട്ടാന്‍ സാധ്യതയുണ്ടെന്ന് ഐ.സി.എം.ആറും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്.വരാനിരിക്കുന്ന ഉത്സവങ്ങളായ മുഹറം (ഓഗസ്റ്റ് 19), ഓണം (ആഗസ്റ്റ് 21), ജന്മാഷ്ടമി (ആഗസ്റ്റ് 30), ഗണേഷ് ചതുര്‍ഥി (സെപ്റ്റംബര്‍ 10), ദുര്‍ഗ പൂജ (ഒക്ടോബര്‍ 5-15) എന്നിവയില്‍ പൊതു ഒത്തുചേരലുകള്‍ പ്രതീക്ഷിക്കുന്നു. ഈ ഉത്സവങ്ങള്‍ക്കിടെ പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ഒത്തുചേരലുകള്‍ തടയുന്നതും സംസ്ഥാനങ്ങള്‍ സജീവമായി പരിഗണിക്കണമെന്ന് കത്തിൽ നിര്‍ദ്ദേശിക്കുന്നു.കേരളം (10), മഹാരാഷ്ട്ര (3), മണിപ്പൂര്‍ (2), അരുണാചല്‍ പ്രദേശ് (1), മേഘാലയ (1), മിസോറാം (1) എന്നിങ്ങനെ ആറ് സംസ്ഥാനങ്ങളിലായി 18 ജില്ലകളില്‍ കഴിഞ്ഞ നാലാഴ്ചയായി പ്രതിദിന കോവിഡ് കേസുകള്‍ ഉയരുകയാണ്.
ടോക്കിയോ ഒളിമ്പിക്സ്;പതിറ്റാണ്ടുകള്‍ക്കൊടുവില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ ടീം;ഹോക്കി വെങ്കലപ്പോരാട്ടത്തില്‍ ഇന്ത്യക്ക് ജയം
ജർമ്മനി: ടോക്കിയോ ഒളിമ്പിക്സിൽ പുരുഷ ഹോക്കിയില്‍ ചരിത്രം കുറിച്ച് ഇന്ത്യ. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കാത്തിരിപ്പ് ഒടുവില്‍ ഇന്ത്യ ഹോക്കിയില്‍ ഒരു മെഡല്‍ നേടിയിരിക്കുകയാണ്. വെങ്കല പോരാട്ടത്തില്‍ ജെര്‍മനിയെ തറപറ്റിച്ചാണ് ഇന്ത്യയുടെ സ്വപ്‌ന നേട്ടം. 5-4 എന്ന സ്‌കോറിനാണ് ഇന്ത്യ വിജയിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമാണ് അവിശ്വസനീയമായ തിരിച്ചുവരവ് ഇന്ത്യ കാഴ്ചവെച്ചത്. 1980ന് ശേഷം ആദ്യമായാണ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിംഗ്, ഹാര്‍ദിക് സിംഗ്, ഹര്‍മന്‍പ്രീത്, രൂപീന്ദര്‍ സിംഗ് എന്നിവരാണ് ഗോളുകള്‍ നേടിയത്.ഇരു ടീമുകളും അറ്റാക്കിംഗില്‍ ആണ് ശ്രദ്ധിച്ചത്. കളിയുടെ തുടക്കത്തില്‍ തന്നെ ജര്‍മനി ഒരു ഗോള്‍ വീഴ്ത്തി മുന്നിലെത്തി. തിമൂര്‍ ഒറൂസ് ആയിരുന്നു ജര്‍മനിക്കായി ആദ്യ ഗോള്‍ നേടിയത്.ഇതിന് പിന്നാലെ സിമ്രന്‍ജിത്തിലൂടെ ഇന്ത്യ തിരിച്ചടിച്ചു. തുടര്‍ന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും ജര്‍മനി ഗോള്‍ നേടി. നിക്ലാസ് വെലനും, ബെനെഡിക്ടും ആയിരുന്നു സ്‌കോര്‍ ചെയ്തത്. 28-ാം മിനിറ്റില്‍ ഹര്‍ദിക് സിംഗ് ഇന്ത്യയ്ക്കായി ഒരു ഗോള്‍ മടക്കി. പിന്നീട് ഹര്‍മന്‍ പ്രീതിലൂടെ ഇന്ത്യ സ്‌കോര്‍ 3-3ല്‍ എത്തിച്ചു.പിന്നീടുള്ള രണ്ട് ഗോളുകള്‍ മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ നേടി. രൂപീന്തറും സിമ്രന്‍ജിത്തുമാണ് ലക്ഷ്യം കണ്ടത്. ഇതോടെ സ്‌കോര്‍ 5-3 ആയി. അവസാന ക്വാര്‍ട്ടറില്‍ ജര്‍മനി ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും 5-4ന് ഇന്ത്യ ജര്‍മനിയെ പിടിച്ചുകെട്ടി. ജര്‍മനിയുടെ 12 രണ്ട് പെനാല്‍റ്റി കോര്‍ണറുകളില്‍ പതിനൊന്നും പി.ആര്‍ ശ്രീജേഷും ഡിഫന്‍ഡര്‍മാരും ചേര്‍ന്ന് സേവ് ചെയ്തിരുന്നു.ഇതിനുമുന്‍പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയത്. ഈ വിജയത്തോടെ ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിംപിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യയാണ്.
സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി:സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരമാണ് ഫലം കണക്കാക്കിയിരിക്കുന്നത്.20 ലക്ഷത്തിലധികം പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്.ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ ഡിജിലോക്കര്‍ വെബ്സൈറ്റ് digilocker.gov.in ലും ഫലം അറിയാനാകും. സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 30 ന് പ്രഖ്യാപിച്ചിരുന്നു. മൂല്യനിര്‍ണയത്തില്‍ അതൃപ്തിയുള്ള കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. കോവിഡ് നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുമെന്നാണ് സിബിഎസ്‌ഇ അറിയിച്ചിട്ടുള്ളത്. ഇന്റേണല്‍ അസസ്‌മെന്റ്, വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരീക്ഷകള്‍ തുടങ്ങിയവ പരിഗണിച്ചാണ് മൂല്യനിര്‍ണയം നടത്തിയത്.
നിര്‍ത്തിയിട്ട ബസ്സിന് പിറകില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ച് വഴിയരികില്‍ കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
ലഖ്‌നൗ:നിര്‍ത്തിയിട്ട ബസ്സിന് പിറകില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ച് വഴിയരികില്‍ കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.19 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബറാബങ്കി ജില്ലയിലാണ് സംഭവം.ബസ്സ് തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറിയിറങ്ങിയാണ് അപകടം സംഭവിച്ചത്.ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.ഹരിയാണയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് കഴിഞ്ഞദിവസം രാത്രി ദേശീയപാതയില്‍ വെച്ച് ബ്രേക്ക് ഡൗണ്‍ ആയി. യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ബസ്സില്‍ നിന്നിറങ്ങി റോഡരികില്‍ കിടന്നുറങ്ങുകയായിരുന്നു.ഈ വഴി അമിതവേഗതയിലെത്തിയ ട്രക്ക് നിര്‍ത്തിയിട്ടിരുന്ന ബസ്സിന് പിറകില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടു നീങ്ങിയ ബസ്സ് തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറിയിറങ്ങി.പരിക്കേറ്റ തൊഴിലാളികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സത്യ നാരായണ്‍ സാബത്ത് അറിയിച്ചു.മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മതിയായ ധനസഹായം നല്‍കുമെന്നും പരിക്കേറ്റവരുടെ ചികിത്സ ഭരണകൂടം ഏറ്റെടുത്ത് നടത്തുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ ഇന്നു തന്നെ സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.
ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു
ബെംഗളൂരു:ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.വിധാൻ സഭയിൽ നടന്ന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടിയിലാണ് രാജി പ്രഖ്യാപനം നടത്തിയത്. ഉച്ചയ്‌ക്ക് ശേഷം ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങൾക്കിടയിലാണ് രാജി പ്രഖ്യാപനം ഉണ്ടായത്. മാധ്യമങ്ങള്‍ക്ക് മുൻപിൽ വിതുമ്പി കരഞ്ഞു കൊണ്ടാണ് യെദ്യൂരപ്പ രാജിതീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.സംസ്ഥാനത്ത് ബി ജെ പിക്കുള്ളില്‍ യെദ്യൂരപ്പ് എതിരായ നീക്കം ശക്തമായിരുന്നു. നിരവധി എം എല്‍ എമാര്‍ അദ്ദേഹത്തിനെതിരെ പരസ്യ പ്രതിഷേധം നടത്തിയിരുന്നു. ഇത് തടയാന്‍ കേന്ദ്ര നേതൃത്വം ശ്രമിച്ചതുമില്ല. കേന്ദ്ര നേതൃത്വത്തിനും യെദ്യൂരപ്പ മാറണമെന്ന അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. യെദ്യൂരപ്പ രാജിവെച്ചതോടെ ഇനി പൂര്‍ണമായും തങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് ബി ജെ പി കേന്ദ്ര നേതൃത്വം ശ്രമിക്കുക. 18 ശതമാനം വോട്ടുകളുള്ള ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് തന്നെ ഒരു മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമായുണ്ട്. എന്നാല്‍ സമ്മര്‍ദവുമായി വൊക്കലിംഗ സമുദായവുമുണ്ട്. എന്നാല്‍ ഏറെ കാലമായി ഒരു ബ്രാഹ്മിണ്‍ മുഖ്യമന്ത്രിയായിട്ടെന്നും ഈ വിഭാഗത്തില്‍ നിന്ന് ഒരാളെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്. അതിനിടെ തന്റെ മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തിന് മുൻപിൽ ആവശ്യപ്പെട്ടതായാണ് വിവരം.2023 നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചനകള്‍ കേന്ദ്രം തുടങ്ങുന്നത്. അതിനിടെ യെദ്യൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലിംഗായത്ത് വീരശൈവ സന്യാസി സമൂഹത്തിന്‍റെ സമ്മേളനം തുടങ്ങിയത് ബിജെപി ദേശിയ നേതൃത്വത്തെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.
ഒളിംപിക്സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ മീരാഭായി ചാനുവിന് വെള്ളി മെഡൽ
ടോക്കിയോ:ഒളിംപിക്സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ.ഭാരോദ്വഹനത്തിൽ മീരാഭായി ചാനു വെള്ളി മെഡൽ നേടി. 49 കിലോഗ്രാം വിഭാഗത്തിലാണ് മെഡൽ നേട്ടം. ചൈനയുടെ ഹോ ഷിഹൂയിയ്‌ക്കാണ് സ്വർണ്ണം. 202 കിലോ ഉയര്‍ത്തിയാണ് ചാനു ചരിത്രനേട്ടം സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. 2000 സിഡ്നി ഒളിംപിക്സിൽ കർണ്ണം മല്ലേശ്വരിയാണ് ഇതിന് മുൻപ് മെഡൽ നേട്ടം സ്വന്തമാക്കിയത്. മല്ലേശ്വരി വെങ്കലമെഡലായിരുന്നു ഇന്ത്യയ്‌ക്ക് വേണ്ടി നേടിയത്.2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ചാനു 2017 ലോക ചാമ്പ്യൻഷിപ്പിലും 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ചാമ്പ്യൻഷിപ്പില്‍ വെങ്കലവും സ്വന്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കായികമന്ത്രി അനുരാഗ് താക്കൂർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ അടക്കമുള്ളവർ ചാനുവിന് അഭിനന്ദനമറിയിച്ചുകൊണ്ട് രംഗത്തെത്തി. ഇന്ത്യയുടേത് സന്തോഷകരമായ തുടക്കമാണെന്നും മീരാഭായി ചാനുവിന്റെ നേട്ടം രാജ്യത്തിന് അഭിമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.