കണ്ണൂർ: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ കോളജ് വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ.പൊള്ളാച്ചി സ്വദേശി സുജയ് (32), ഭാര്യ കോട്ടയം സ്വദേശി രേഷ്മ എന്നിവരാണ് പിടിയിലായത്. കണ്ണൂരിലെ ലോഡ്ജില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.ഇവരെ തമിഴ്‌നാട് പൊലീസിന് കൈമാറി.ചൊവ്വാഴ്ചയാണ് കോയമ്പത്തൂര്‍ എടയാര്‍പാളയം സ്വദേശിനി സുബ്ബലക്ഷ്മി(20) മരിച്ചത്. സ്വകാര്യ കോളജില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ സുബ്ബലക്ഷ്മിയെ സുജയിയുടെ ഫ്‌ലാറ്റിലാണ് കഴുത്തില്‍ കുത്തേറ്റ നിലയില്‍ കണ്ടെടുകയായിരുന്നു. സുജയും സുബ്ബലക്ഷ്മിയും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നത്. രണ്ടുവര്‍ഷം മുന്‍പ് സുജയ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.ഇവര്‍ പൊള്ളാച്ചി കോട്ടാംപട്ടിയിലെ ഗൗരിനഗറിലെ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. അടുത്തിടെ, ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സുജയിന്റെ ഭാര്യ നാട്ടില്‍പ്പോയിരുന്നു. ചൊവ്വാഴ്ച സുജയിയുടെ ഫ്‌ലാറ്റില്‍ എത്തിയ സുബ്ബലക്ഷ്മി യുവാവുമായി വഴക്കിട്ടു. അതിനിടെയാണ് കൊലപാതകം നടന്നത് എന്നും പൊലീസ് പറഞ്ഞു.സുബ്ബലക്ഷ്മിയെ കുത്തിയ കാര്യം അമ്മയെ അറിയിക്കുകയും മരണം പൊലീസിനെ അറിയിക്കാന്‍ അമ്മയോട് ആവശ്യപ്പെട്ടതിന് ശേഷം സുജയ് ഒളിവില്‍ പോവുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.കൊലപാതകത്തിനു ശേഷം സുജയും രേഷ്മയും ബൈക്കില്‍ നാടു വിടുകയായിരുന്നുവെന്നാണ് സൂചന. ഇരുവരും കണ്ണൂര്‍ ജില്ലയില്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസിപിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് പരിശോധന നടത്തുകയായിരുന്നു. ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജില്‍നിന്ന് പുലര്‍ച്ചയോടെ ഇരുവരെയും പിടികൂടിയത്.
ഓപ്പറേഷൻ കാവേരി; ജിദ്ദയിൽ നിന്ന് 186 പേരടങ്ങുന്ന വിമാനം കൊച്ചിയിലെത്തി
ജിദ്ദ: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിൽ നിന്നും 186 യാത്രക്കാരുമായി പുറപ്പെട്ട പ്രത്യേക വിമാനം കൊച്ചിയിലെത്തി.ഓപ്പറേഷൻ കാവേരിയുടെ ഭാഗായി ജിദ്ദയിൽ നിന്നും ഇന്ത്യയിലെത്തുന്ന ഒൻപതാമത്തെ വിമാനമാണിത്. ജിദ്ദയിൽ നിന്ന് കൊച്ചിയിലേയ്‌ക്ക് ഒൻപതാമത്തെ വിമാനം 186 യാത്രാക്കാരുമായി പുറപ്പെട്ടതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം 2500 ഇന്ത്യൻ പൗരന്മാരെയാണ് സുഡാനിലെ സംഘർഷ ഭൂമിയിൽ നിന്നും രക്ഷപ്പെടുത്തിയത്. ഇതിൽ 2300 പേരെ ഇന്ത്യയിൽ എത്തിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.യുദ്ധഭൂമിയായി മാറിയ സുഡാനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം നടപ്പിലാക്കുന്ന ദൗത്യത്തിന്റെ പേരാണ് ഓപ്പറേഷൻ കാവേരി.കപ്പൽ,വിമാനം എന്നിവ ഉപയോഗിച്ചാണ് ഇന്ത്യക്കാരെ സുഡാനിൽ നിന്നും ജിദ്ദയിൽ എത്തിക്കുന്നത്. തുടർന്ന് ജിദ്ദയിൽ നിന്ന് വ്യോമസേന, വാണിജ്യ വിമാനങ്ങളിലായി നാട്ടിലെത്തിക്കും.
ഓസ്‌കറില്‍ മുത്തമിട്ട് ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ് വിസ്പറേഴ്‌സിനും പുരസ്‌കാരം
ലോസ് ആഞ്ജലിസ്: 95-ാം ഓസ്‌കര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ആര്‍ആര്‍ആറിനും ദ എലഫന്റ് വിസ്പറേഴ്‌സിനും പുരസ്‌കാരം.മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ദ എലഫന്റ് വിസ്പറേഴ്സ് സ്വന്തമാക്കി.കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഗുനീത് മോംഗയാണ് നിര്‍മാണം. അനാഥനായ ഒരു ആനക്കുട്ടിയും അതിന്റെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പറേഴ്സിന്റെ പ്രമേയം.മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ എസ് എസ് രാജമൗലിയുടെ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കർ പുരസ്‌കാരം നേടി.എം എം കീരവാണിയും ചന്ദ്രബോസും ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. പാട്ട് പാടിയാണ് എം എം കീരവാണി പുരസ്‌കാരം സ്വീകരിച്ചത്. ഹൃദയത്തിൽ തൊടുന്ന ഈണങ്ങളുമായി തെന്നിന്ത്യ കീഴടക്കിയ സംഗീതസംവിധായകനാണ് എം എം കീരവാണി.14 വർഷങ്ങൾക്ക് ശേഷമാണ് ഈ വിഭാഗത്തിൽ ഓസ്‌കർ ഇന്ത്യയിലേക്ക് എത്തുന്നത്. ചന്ദ്രബോസ് എഴുതി എംഎം കീരവാണി ഈണമിട്ട ഗാനമാണ് നാട്ടു നാട്ടു. പുരസ്‌കാരം രാജ്യത്തിന് സമർപ്പിക്കുന്നതായാണ് കീരവാണി പറഞ്ഞത്.ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരാണ് ഗാനരംഗത്തിൽ ചുവടുവച്ചത്.ഗോൾഡൻ ഗ്ലോബിലും മികച്ച ഒറിജനൽ സോങിനുള്ള പുരസ്‌കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു.എ.ആര്‍ റഹ്മാന്‍-ഗുല്‍സാര്‍ ( 2008, സ്ലം ഡോഗ് മില്ല്യണയര്‍) ജോഡിയുടെ നേട്ടത്തിന് ശേഷം ഇതാദ്യമായാണ് മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്കെത്തുന്നത്.
യുപിയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് നാളെ ജയില്‍ മോചിതനാകും
പെട്രോൾ പമ്പ് സമരം നിയമ വിരുദ്ധം- കേരള ഹൈക്കോടതി
കൊച്ചി: കണ്ണൂർ ജില്ലയിൽ ഈ മാസം 24 മുതൽ നടത്താനിരുന്ന പെട്രോൾ പമ്പ് ജീവനക്കാരുടെ അനശ്ചിതകാല സമരം തടഞ്ഞു കൊണ്ട് ബഹു. ഹൈക്കോടതി ഉത്തരവിട്ടു.
കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ബഹു.ജസ്റ്റീസ് അമിത് റാവലിന്റെ സുപ്രധാനമായ ഉത്തരവുണ്ടായത്.
ഹർജിക്കാർക്ക് വേണ്ടി സീനിയർ അഡ്വക്കേറ്റ് എസ്. ശ്രീകുമാർ,അഡ്വ.നന്ദഗോപാൽ എസ്.കുറുപ്പ്,അഡ്വ.അഭിരാം.ടി.കെ എന്നിവർ ഹാജരായി.
ജനുവരി മുതല്‍ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ന്യൂഡല്‍ഹി: ജനുവരി ഒന്നു മുതല്‍ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന യാത്രികര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ.ചൈന, ഹോങ്കോങ്, ജപ്പാന്‍, സൗത്ത് കൊറിയ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് സര്‍ക്കാരിന്റെ എയര്‍ സുവിധ പോര്‍ട്ടലില്‍ അവരുടെ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ചൈനയിലും കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
മാൻഡോസ് ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കുന്നു;തമിഴ്‌നാട്ടിൽ 16 വിമാന സര്‍വീസുകള്‍ റദ്ദാക്കി; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്; കേരളത്തിലുൾപ്പെടെ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിച്ച് മാൻദൗസ് ചുഴലിക്കാറ്റ്. ശനിയാഴ്ച പുലർച്ചെയോടെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടും. കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിലുൾപ്പെടെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അതിതീവ്ര ചുഴലിക്കാറ്റായ മാൻദൗസ് വരും മണിക്കൂറിൽ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറും. തുടർന്ന് അർദ്ധ രാത്രി തമിഴ്‌നാട് – പുതുച്ചേരി – തെക്കൻ ആന്ധ്രാ പ്രദേശ് തീരാത്തെത്തി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്‌ക്കും ഇടയിൽ മഹാബലിപുരത്തിനു സമീപത്തുകൂടി മണിക്കൂറിൽ 65 – 75 കിലോമീറ്റർ വരെ വേഗതയിൽ പുലർച്ചെയോടെ കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.ഈ സാഹചര്യത്തില്‍ തമിഴ്‌നാട്, പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങളിലെ ജനങ്ങൾക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.തമിഴ്നാട്ടില്‍ നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, കടലൂര്‍, മൈലാടുതുറൈ, ചെന്നൈ എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പുതുച്ചേരിയിലും കാരയ്ക്കലിലും എന്‍ഡിആര്‍എഫിന്റെ മൂന്ന് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ, രണ്ട് കണ്‍ട്രോള്‍ റൂമുകളും ഹെല്‍ത്ത് സെന്ററുകളും തുറന്നിട്ടുണ്ട്.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പത്തിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു.കോഴിക്കോട്, കണ്ണൂര്‍ വിമാനങ്ങളടക്കെം പതിനാറ് സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യം വിലയിരുത്താൻ തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാർക്കുകളും കളിസ്ഥലങ്ങളും തുറക്കരുതെന്നും ബീച്ച് സന്ദർശനം ഒഴിവാക്കണമെന്നും വാഹനങ്ങൾ മരങ്ങൾക്ക് താഴെ പാർക്ക് ചെയ്യരുതെന്നും ചെന്നൈ നഗരസഭ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി നാളെ പുറത്തിറക്കും;പങ്കാളികളായ ബാങ്കുകൾ ഏതൊക്കെ? സേവനം ലഭിക്കുന്ന നഗരങ്ങൾ ഏതെല്ലാം;ഉപയോഗ സാദ്ധ്യതകൾ അറിയാം
മുംബയ്: ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസിയുടെ ഒന്നാംഘട്ട റീട്ടെയിൽ സേവനത്തിന് പൈലറ്റ് (പരീക്ഷണ) അടിസ്ഥാനത്തിൽ ഡിസംബർ ഒന്നുമുതൽ നാല് നഗരങ്ങളിൽ റിസർവ് ബാങ്ക് തുടക്കമിടും.ഇതിനായി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി എന്നിവയുള്‍പ്പെടെ നാല് ബാങ്കുകളുമായാണ് ആര്‍ബിഐ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തുടക്കത്തില്‍ മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലാണ് സേവനം ലഭ്യമാകുക. പങ്കാളികളാകുന്ന ഉപയോക്താക്കളും വ്യാപാരികളും ഉള്‍പ്പെടുന്ന ഒരു ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന സ്ഥലങ്ങളാണ് പ്രാരംഭ ഘട്ടത്തില്‍ ഉള്‍പ്പെടുകയെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു.ഉപഭോക്താക്കളിൽ നിന്നും വ്യാപാരികളിൽ നിന്നും തിരഞ്ഞെടുത്തവർക്കാണ് (ക്ളോസ്ഡ് യൂസർ ഗ്രൂപ്പ്/സി.യു. ജി) ആദ്യം സേവനം ലഭിക്കുക.നിലവിലെ രൂപാ നോട്ടുകളുടെയും നാണയങ്ങളുടെയും അതേമൂല്യമുള്ള ഡിജിറ്റൽ രൂപമാണ് ഇ-റുപ്പീ.ഇടപാടുകാര്‍ക്കും വ്യാപാരികള്‍ക്കും ബാങ്ക് പോലുള്ള ഇടനിലക്കാര്‍ വഴിയാണ് ഇത് വിതരണം ചെയ്യുകയെന്നും ആര്‍ബിഐ അറിയിച്ചു. പങ്കാളികളായ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നതും മൊബൈല്‍ ഫോണുകളിലും മറ്റ് ഡിവൈസുകളിലുമുള്ള ഡിജിറ്റല്‍ വാലറ്റ് വഴിയും ഉപയോക്താക്കള്‍ക്ക് ഇ-റൂപ്പി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ കഴിയും.വ്യക്തികള്‍ തമ്മിലും വ്യക്തികളും വ്യാപാരികളും തമ്മിലും ഡിജിറ്റല്‍ രൂപ ഉപയോഗിച്ച് ഇടപാട് നടത്താമെന്നും ആര്‍ബിഐ പറയുന്നു. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതുപോലെ, വ്യാപാര സ്ഥാപനങ്ങളുടെ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇ-റുപ്പി വഴി പേയ്മെന്റുകള്‍ നടത്താനാകും.ഡിജിറ്റൽ രൂപയ്‌ക്ക് പലിശ ലഭ്യമാകില്ല.
ഘട്ടം ഘട്ടമായാണ് ആര്‍ബിഐ ഡിജിറ്റല്‍ റുപ്പി പുറത്തിറക്കുക. ആദ്യ ഘട്ടത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളില്‍ മാത്രമാണ് ഡിജിറ്റല്‍ റുപ്പി സേവനങ്ങള്‍ ആരംഭിക്കുന്നത്. മുംബൈ, ന്യൂഡല്‍ഹി, ബെംഗളൂരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലാണ് ഡിസംബര്‍ 1 മുതല്‍ ഇ-റുപ്പി സൗകര്യം ലഭ്യമാകുക. പിന്നീട് ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുള്‍പ്പെടെ നാല് ബാങ്കുകകളും പദ്ധതിയില്‍ ചേരും. പിന്നീട്, അഹമ്മദാബാദ്, ഗാംഗ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലഖ്നൗ, പട്ന, ഷിംല തുടങ്ങിയ നഗരങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കും.പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത്. ഈ ഘട്ടത്തിൽ നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാകും രണ്ടാം ഘട്ടം വിപുലമാക്കുക. വളരെ പെട്ടെന്ന് സംഭവിക്കുന്ന കാര്യമാവില്ല ഇതെന്നും സമയമെടുത്താകും വികസിപ്പിക്കുകയെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്. ലോകത്തിൽ ആദ്യമായാണ് ഇത്തരം ഡിജിറ്റൽ രൂപ പുറത്തിറക്കുന്നതെന്നും അതിനാൽ വളരെ ജാഗ്രതയോടെയാകും ഓരോ നീക്കവുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ചരിത്രം കുറിക്കാൻ ഇന്ത്യയുടെ ആദ്യത്തെ പ്രൈവറ്റ് റോക്കറ്റ്;വിക്രം-എസിന്റെ വിക്ഷേപണം വിജയകരം
തിരുവനന്തപുരം:ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം-എസ് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ തുറമുഖത്ത് നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയറോസ്‌പേസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിക്രം എസ് സൗണ്ടിങ് റോക്കറ്റ് വിക്ഷേപണമാണ് വിയജകരമായത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 11.30 നായിരുന്നു വിക്ഷേപണം.’പ്രാരംഭ്’ എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ഇന്ത്യയില്‍ ബഹിരാകാശ മേഖല ആദ്യമായാണ് സ്വകാര്യ കമ്പനിക്ക് റോക്കറ്റ് വിക്ഷേപണത്തിന് ഇത്തരത്തില്‍ അനുമതി നല്‍കുന്നത്. 545 കിലോ ഭാരവും ആറ് മീറ്റര്‍ ഉയരവുമുള്ള ഒരു ചെറിയ റോക്കറ്റാണ് വിക്രം എസ്. വിക്ഷേപണം മുതല്‍ കടലില്‍ പതിക്കുന്നത് വരെ ആകെ അഞ്ച് മിനിറ്റ് സമയം മാത്രമായിരുന്നു റോക്കറ്റിന്റെ ആയുസ്.വിക്രം എന്ന പേരില്‍ റോക്കറ്റിന്റെ മൂന്ന് പതിപ്പുകളാണ് സ്‌കൈറൂട്ട് പുറത്തിറക്കുന്നത്. 480 കിലോഗ്രാം ഭാരം ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള വിക്രം-1, 595 കിലോഗ്രാം ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള വിക്രം-2, 815 കിലോഗ്രാം മുതല്‍ 500 കിലോമീറ്റര്‍ വരെ ഭാരം ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള വിക്രം-3 എന്നിവയാണ് അവ. ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള എൻ സ്‌പേസ് ടെക് ഇന്ത്യ, ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്‌പേസ് കിഡ്‌സ്, അർമേനിയൻ ബസൂംക്യു സ്‌പേസ് റിസർച്ച് ലാബ് എന്നിവ ചേർന്ന് നിർമ്മിച്ച മൂന്ന് പേലോഡുകളാണ് റോക്കറ്റിലുണ്ടായിരുന്നത്.സ്‌കൈറൂട്ട് വികസിപ്പിച്ച റോക്കറ്റുകള്‍ക്ക് ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനായ വിക്രം സാരാഭായിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. കാര്‍ബണ്‍ സംയുക്തങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പ്രധാന ഘടനയുള്ള ലോകത്തിലെ ചുരുക്കം ചില വിക്ഷേപണ വാഹനങ്ങളില്‍ ഒന്നാണ് ഈ റോക്കറ്റുകള്‍. വാഹനത്തില്‍ സ്പിന്‍ സ്ഥിരതയ്ക്കായി ഉപയോഗിക്കുന്ന ത്രസ്റ്ററുകള്‍ 3ഡി പ്രിന്റ് ചെയ്തതാണ്. വിക്ഷേപണ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്ന എഞ്ചിന് മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.രാജ്യത്ത് ഇതുവരെയുള്ള റോക്കറ്റുകളുടെ വിക്ഷേപണം ഐഎസ്ആര്‍ഒയുടെ അധീനതയിലായിരുന്നതിനാല്‍ ഈ ദൗത്യം ചരിത്രത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.
മോർബി തൂക്കുപാലം അപകടം;141 മരണം; സ്ഥലത്ത് പ്രധാനമന്ത്രി സന്ദർശനം നടത്തി
അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ മച്ചുനദിയിലെ തൂക്കുപാലം തകർന്നുണ്ടായ അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു.രക്ഷാപ്രവർത്തനം തുടരുന്ന മച്ചുനദിക്കു മുകളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. അപകടത്തിൽ പരുക്കേറ്റവർ ചികിത്സയിലുള്ള മോർബി സിവിൽ ആശുപത്രിയും മോദി സന്ദർശിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി പാലത്തിന്റെ അറ്റകുറ്റപ്പണികളുടെയും നടത്തിപ്പിന്റെയും ചുമതല വഹിച്ച ഒറിവ ഗ്രൂപ്പിന്റെ പേര് പ്രദർശിപ്പിച്ചിരുന്ന ബോർഡ് വെള്ള പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചതിന്റെ ചിത്രം പുറത്തുവന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇവന്റ് മാനേജ്‌മെന്റാണെന്ന ആരോപണം നേരത്തെ തന്നെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. ദുരന്തത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രി സന്ദര്‍ശനത്തിന് മുന്നോടിയായി തിരക്കുപിടിച്ച് ഒറ്റരാത്രികൊണ്ട് നവീകരിച്ച പശ്ചാത്തലത്തിലായിരുന്നു വിമർശനം.മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പരിക്കേറ്റവരെ പുതുതായി പെയിന്റടിച്ച വാര്‍ഡുകളിലേക്ക് മാറ്റിയതും വിവാദമായി. പിന്നാലെയാണ് കമ്പനിയുടെ പേര് മറച്ചെന്ന വിവരം പുറത്ത് വരുന്നത്.ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള മോർബിയിലാണ് ദുരന്തമുണ്ടായത്.141 പേരാണ് അപകടത്തിൽ മരിച്ചത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി അഞ്ച് ദിവസം മുൻപാണ് പാലം തുറന്നുകൊടുത്തത്. അപകട സമയത്ത് പാലത്തിൽ ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് പാലത്തിന് മുകളിൽ കയറിവർ പാലം കുലുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.തൂക്കുപാലം ഏഴു മാസം അടച്ചിട്ട് നവീകരിച്ചെങ്കിലും പല കേബിളുകളും മാറ്റിയിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. പാലത്തിൽ അറ്റകുറ്റപണി നടത്തിയ കമ്പനിയുടെ മാനേജർമാർ അടക്കം 9 പേരെ ദുരന്തവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.