വിജയ് മല്ല്യ അറസ്റ്റിൽ

keralanews vijay malya arrested

ലണ്ടൻ:മദ്യ വ്യവസായി വിജയ് മല്യയെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ വീട്ടില്‍ വെച്ചാണ് മല്യയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. കളളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്.ലണ്ടനില്‍ വെച്ച് ഇത് രണ്ടാം തവണയാണ് മല്യ അറസ്റ്റിലാകുന്നത്. നേരത്തെ അറസ്റ്റിലായെങ്കിലും ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.വായ്പാതിരച്ചടക്കാനാവാത്തതിനെ തുടർന്ന് ഇന്ത്യയില്‍ നിന്ന്  മുങ്ങിയ മല്യ വര്‍ഷങ്ങളായി ലണ്ടനില്‍ താമസിച്ച് വരികയായിരുന്നു.അദ്ദേഹത്തെ വിട്ടുതരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.വിവിധ ബാങ്കുകളില്‍ നിന്നായി ഏകദേശം 9,000കോടിയുടെ വായ്പയാണ് അദ്ദേഹത്തിന്റെ പേരിലുളളത്.

ഹൈദരാബാദിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്നുപേർ മരിച്ചു

keralanews three died in heavy rain and flood in hyderabad

ഹൈദരാബാദ്:ഹൈദരാബാദിൽ തിങ്കളാഴ്ച രാത്രിമുതൽ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്നുപേർ മരിച്ചു.അഞ്ചുമണിക്കൂർ തുടർച്ചയായി പെയ്ത മഴയിൽ സംസ്ഥാനത്തെ വിവിധ നഗരങ്ങൾ വെള്ളത്തിനടിയിലായി.ഹൈദരാബാദിലെ ബഞ്ചാരി ഹിൽ മേഖലയിൽ മതിൽ ഇടിഞ്ഞ് വീടിനു മുകളിൽ വീണു 28 കാരനും അദ്ദേഹത്തിന്റെ ആറുമാസം പ്രായമുള്ള മകനും മരിച്ചു.ചാര്മിനാൽ മേഖലയിൽ ഒരാൾ വൈദ്യുതാഘാതമേറ്റും മരിച്ചു.ഏറെ നാളുകൾക്ക് ശേഷം ഏറ്റവും ഉയർന്ന തോതിലുള്ള മഴയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.ഇവിടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.നഗരപ്രദേശത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

ഗൗരി ലങ്കേഷ് വധം;പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി കർണാടക ആഭ്യന്തര മന്ത്രി

keralanews gouri lankesh murder got hint about the accused

ബെംഗളൂരു:പ്രമുഖ മാധ്യമ പ്രവർത്തക  ഗൗരി ലങ്കേഷിന്റെ കൊലയാളികളെ സംബന്ധിച്ച് സൂചന ലഭിച്ചതായി കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢി പറഞ്ഞു.കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.സെപ്റ്റംബർ ആറിനാണ് പ്രമുഖ മാധ്യമ പ്രവർത്തകയായ ഗൗരി ലങ്കേഷ് ബെംഗളൂരു രാജേശ്വരി നഗറിലെ വസതിയിൽ വെടിയേറ്റ് മരിച്ചത്.കേസുമായി ബന്ധപ്പെട്ട് ഗൗരിയുടെ സഹോദരൻ ഇന്ദ്രജിത് ലങ്കേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.ഗൗരിയും സഹോദരനും തമ്മിൽ സ്വത്തു തർക്കം നിലനിന്നിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണിത്.

ഡൽഹിയിൽ നഴ്സുമാരുടെ സമരം തുടരുന്നു

keralanews nurses strike in delhi continues

ന്യൂഡൽഹി:ഡൽഹിയിൽ ഐ.എല്‍.ബി.എസ് ആശുപത്രിയില്‍  നഴ്സുമാരുടെ സമരം തുടരുന്നു  പിരിച്ച് വിട്ട നഴ്സ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് നഴ്‌സുമാർ സമരം ആരംഭിച്ചത്. തൊഴില്‍ പീഡനം അവസാനിപ്പിക്കല്‍ അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് നഴ്സുമാര്‍ വ്യക്തമാക്കി. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഡല്‍ഹി ഘടകത്തിന്‍റെ ഒദ്യോഗിക ഉദ്ഘാടനവും ഡല്‍ഹിയില്‍ നടന്നു.70 ശതമാനത്തോളം മലയാളി നഴ്സുമാരുള്ള ഡല്‍ഹി ഐഐല്‍ബിഎസ് ആശുപത്രിയിലാണ് സമരം തുടരുന്നത്. പോലീസ് ആവശ്യപ്പെട്ട പ്രകാരം ആശുപത്രി പരിസരത്ത് നിന്ന് നൂറ് മീറ്റര്‍ മാറിയാണ് ഇപ്പോഴത്തെ സമരം. പിരിച്ച് വിട്ട നഴ്സുമാരെ തിരിച്ചെടുക്കുക, തൊഴില്‍‌ ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ത്ര ജയ്ന് യു എന്‍ എ ഭാരവാഹികള്‍ നിവേദനം നല്‍കി.ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായും യു.എന്‍.എ നേതൃത്വം വിഷയം ചര്‍ച്ച ചെയ്യും.

മുംബൈ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 27 പേർ മരിച്ചു

keralanews 27 killed in mumbai railway bridge stampede

മുംബൈ:മുംബൈ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 27 പേർ മരിച്ചു.30 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുംബൈയ്ക്ക് സമീപമുള്ള എൽഫിൻസ്റ്റണ്‍ സ്റ്റേഷനെയും സമീപത്തെ ലോവർ പാരൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പു മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്.രാവിലെ 10.45 ഓടെയായിരുന്നു അപകടം.രാവിലെ മുംബൈയിൽ കനത്ത മഴ പെയ്തിരുന്നു. ഇതോടെ ആളുകൾ കൂട്ടമായി പാലത്തിൽ കയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. കനത്ത മഴ പെയ്തതോടെ ലോക്കൽ ട്രെയിനുകളിൽ ചിലത് വൈകിയാണ് എത്തിയത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ നാല് ട്രെയിൻ സ്റ്റേഷനിൽ എത്തിയതോടെ ആളുകൾ സ്റ്റേഷനിൽ നിറഞ്ഞു. മഴ കാരണം പലരും പോകാൻ മടിച്ച് മേൽപ്പാലത്തിൽ നിന്നതോടെയാണ് തിരക്ക് അനിയന്ത്രിതമായതും ദുരന്തം സംഭവിച്ചതും.തിരക്കിനിടെ പലരും നിലത്തു വീണു. ചവിട്ടേറ്റാണ് പലരും മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.

ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും

keralanews father tom uzhunnalil arrive india tomorrow

ന്യൂഡൽഹി:ഭീകരരുടെ തടവില്‍നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. രാവിലെ7.30ന് വത്തിക്കാനില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഉഴുന്നാലില്‍ എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് ദില്ലിയില്‍ പ്രത്യേക കുര്‍ബാനയിലും പങ്കെടുക്കും. ബിഷപ് ഹൗസിലെത്തുന്ന ഉഴുന്നാലില്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അടക്കമുള്ള വൈദികരുമായി കൂടിക്കാഴ്ച നടത്തും.വൈകിട്ട് സിബിസിഐ ആസ്ഥാനത്ത് മാധ്യമങ്ങളെ കാണും..29ന്   ബംഗളൂരുവിലെ സെലേഷ്യന്‍ ആസ്ഥാനത്തേക്ക് പോകും. രണ്ടു ദിവസത്തിന് ശേഷം  കേരളത്തിലേക്ക് തിരിക്കും.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യ വൈദ്യുതി കണക്‌ഷൻ

keralanews free electricity connection for poor

ന്യൂഡൽഹി:സൗഭാഗ്യ പദ്ധതിയനുസരിച്ച് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യ വൈദ്യുതി കണക്‌ഷൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു.2011 ലെ സെൻസസ് അടിസ്ഥാനമാക്കിയായിരിക്കും പാവങ്ങളെ നിശ്ചയിക്കുക.2018 ഡിസംബർ 31 നു മുൻപ് രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കണമെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.2011 ലെ സെൻസസ് കണക്കിൽ പെടാത്തവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.ഇവർ വൈദ്യുതി കണക്ഷനായി 500 രൂപ നല്കണം.ഈ തുക പത്തുതവണയായി വൈദ്യുതി ബില്ലിലൂടെ ഈടാക്കും.ന്യൂഡൽഹിയിലെ വസന്ത് കുഞ്ചിൽ ഒഎൻജിസിയുടെ പുതിയ ദീൻദയാൽ ഊർജ ഭവൻ ഇന്നലെ രാത്രി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

എസ്‌ബിഐ മിനിമം ബാലൻസ് പിഴയും മിനിമം അക്കൗണ്ട് ബാലൻസും കുറച്ചു

keralanews sbi cuts minimum balance fine and minimum account balance

മുംബൈ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലൻസ് പിഴയും മിനിമം അക്കൗണ്ട് ബാലൻസും കുറച്ചു.20 മുതൽ 80 ശതമാനം വരെയാണ് എസ്‌ബിഐ മിനിമം ബാലൻസ് പിഴ കുറച്ചത്.മിനിമം അക്കൗണ്ട് ബാലൻസ് സംബന്ധിച്ച് മെട്രോ-നഗരപ്രദേശങ്ങളെ ഒരു വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സേവിങ്സ് അക്കൗണ്ടുകളിൽ വേണ്ട മിനിമം ബാലൻസ് മെട്രോകളിൽ 5000 ഇൽ നിന്നും 3000 ആയി കുറച്ചു.നഗരങ്ങളിൽ 3000 ആയി തുടരും.ഗ്രാമങ്ങളിലെയും അർദ്ധ നഗര പ്രദേശങ്ങളിലെയും കുറഞ്ഞ അക്കൗണ്ട് ബാലൻസ് യഥാക്രമം 1000,2000 തന്നെ ആയിരിക്കും.ജൻധൻ,ബേസിക് സേവിങ്സ്,സ്‌മോൾ,ഫെലകദം, ഫേലിഉദാൻ തുടങ്ങിയ അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് ബാധകമല്ല.പുതിയ നിരക്ക് അനുസരിച്ച് ഗ്രാമങ്ങളിലും അർദ്ധനഗര പ്രദേശങ്ങളിലും 20 രൂപ മുതൽ 40 രൂപ വരെയും മെട്രോ,നഗര പ്രദേശങ്ങളിൽ 30 രൂപ മുതൽ 50 രൂപ വരെയുമാണ് സർവീസ് ചാർജ് ഈടാക്കുക.പ്രായപൂർത്തിയാകാത്തവരെയും പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരെയും മിനിമം ബാലൻസ് സൂക്ഷിക്കേണ്ടവരുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ജനിച്ച്‌ ആറുമിനിട്ടിനുള്ളിൽ കുഞ്ഞിന് ആധാർ കാർഡ്

keralanews child got aadhaar within six minutes after birth

മഹാരാഷ്ട്ര:ജനിച്ച്‌ ആറുമിനിട്ടിനുള്ളിൽ കുഞ്ഞിന് ആധാർ കാർഡ് ലഭിച്ചു.മഹാരാഷ്ട്രയിലെ ഒസ്മാനാബാദിൽ ജനിച്ച ഭാവന സന്തോഷ് ജാദവ് എന്ന കുഞ്ഞിനാണ് ജനിച്ചു ആറു മിനിറ്റുകൊണ്ട് ആധാർ കാർഡ് ലഭിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 12.03 നാണ് ഒസ്മാനാബാദിലെ സ്ത്രീകൾക്കായുള്ള ആശുപത്രിയിൽ കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ച ഉടൻതന്നെ ആധാർ കാർഡ് എടുക്കാനുള്ള നടപടിക്രമങ്ങൾ രക്ഷിതാക്കൾ സ്വീകരിക്കുകയായിരുന്നു.തുടർന്ന് 12.09 ഓടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റും ആധാർ നമ്പറും ഓൺലൈനായി രക്ഷിതാക്കൾക്ക് ലഭിക്കുകയായിരുന്നു. ഇത് ഒരു ചരിത്ര മുഹൂർത്തമാണെന്ന് ജില്ലാ കലക്റ്റർ രാധാകൃഷണ ഗാമേ പറഞ്ഞു.ഇവിടെ ജനിക്കുന്ന കുട്ടികൾക്ക് വളരെ വേഗത്തിൽ ആധാർ ലഭ്യമാക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്ത യുവതി മരിച്ചു

keralanews woman who undergone surgery to reduce obesity died

ചെന്നൈ:വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്ത യുവതി മരിച്ചു.ചെന്നൈ തിരുവണ്ണാമലൈ  സ്വദേശിനി വളർമതിയാണ്(45) ശസ്ത്രക്രിയയെ തുടർന്ന് മരിച്ചത്.150 കിലോ ആയിരുന്നു ഇവരുടെ ശരീരഭാരം.ഇത് കുറയ്ക്കാനായാണ് ഇവർ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഇവർ മരണപ്പെടുകയായിരുന്നു.ചികിത്സ പിഴവാണ് മരണത്തിനു കാരണമായത്  എന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രിക്കെതിരെ പോലീസിൽ പരാതി നൽകി.ഇതിനു മുൻപ് വളർമതിയുടെ സഹോദരിമാരും ഈ ശസ്ത്രക്രിയയ്ക്ക് വിധേയരായിരുന്നു.