മുംബൈ:എസ് ബി ഐ യിൽ ലയിച്ച അസ്സോസിയേറ്റ് ബാങ്കുകളുടെ ചെക്ക് ബുക്കുകളുടെ കാലാവധി നീട്ടി.ഡിസംബർ 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.നേരത്തെ സെപ്റ്റംബർ 30 വരെ ആയിരുന്നു അസ്സോസിയേറ്റ് ബാങ്കുകളുടെ ചെക്ക് ബുക്കുകളുടെ കാലാവധി.പുതിയ ചെക്ക് ബുക്കുകൾക്ക് എത്രയും വേഗം അപേക്ഷിക്കണമെന്നു എസ് ബി ഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ പലർക്കും പുതിയ ചെക്ക് ബുക്കുകൾ ലഭിച്ചിരുന്നില്ല.ഇതേ തുടർന്നാണ് എസ്‌ബിഐ കാലാവധി നീട്ടിയത്.ഓൺലൈൻ,മൊബൈൽ ബാങ്കിങ്,എടിഎം എന്നിവ വഴി ചെക്ക് ബുക്കുകൾക്ക് അപേക്ഷിക്കാം.
ഗോരഖ്പൂർ ആശുപത്രിയിൽ വീണ്ടും ശിശുമരണം
ഗോരഖ്പൂർ:ഗോരഖ്പൂർ ബി ആർ ഡി മെഡിക്കൽ കോളേജിൽ വീണ്ടും ശിശുമരണം.24 മണിക്കൂറിനിടെ 16 കുട്ടികളാണ് ഇവിടെ മരണപ്പെട്ടത്.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമാണ് ഗോരഖ്പൂർ.പത്തു നവജാത ശിശുക്കൾ ഉൾപ്പെടെയുള്ളവരാണ് മരണപ്പെട്ടത്.ജപ്പാൻജ്വരം മൂലമാണ് മരണം സംഭവിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇതേ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാത്ത ഒരാഴ്ചക്കിടെ 63 കുട്ടികൾ മരണപ്പെട്ടിരുന്നു.എന്നാൽ ഇപ്പോൾ കുട്ടികൾ മരിച്ചത് ഓസ്ക്സിജൻ ലഭിക്കാത്തതിനാലോ ചികിത്സ ലഭിക്കാത്തതിനാലോ അല്ല എന്ന് അധികൃതർ വ്യക്തമാക്കി.രോഗം മൂർച്ഛിച്ചതിനു ശേഷമാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നു അതിനാലാണ് മരണം സംഭവിച്ചതെന്നും അധികൃതർ പ്രതികരിച്ചു.
അഖിലേന്ത്യ മോട്ടോർ വാഹനപണിമുടക്ക് തുടങ്ങി
ന്യൂഡൽഹി:ജി എസ് ടി യിലെ അപാകതകൾ.ഇന്ധന വില വർധന തുടങ്ങിയവയിൽ പ്രതിഷേധിച്ച് അഖിലേന്ത്യ മോട്ടോർ ട്രാൻസ്‌പോർട് കോൺഗ്രസ് ആഹ്വാനം നൽകിയ മോട്ടോർ വാഹന പണിമുടക്ക് ആരംഭിച്ചു.രാവിലെ എട്ടുമണിക്ക് തുടങ്ങിയ പണിമുടക്ക് നാളെ രാത്രി എട്ടു മണിക്ക് അവസാനിക്കും.ഏകദേശം 90 ലക്ഷം ട്രക്കുകളും 50 ലക്ഷം ബസുകളും പണിമുടക്കിൽ പങ്കെടുക്കും.എന്നാൽ കേരളത്തെ പണിമുടക്ക് കാര്യമായി ബാധിക്കില്ല.സംസ്ഥാനത്തെ പ്രമുഖ ട്രേഡ് യൂണിയനുകളും ടാങ്കറുകളും പണിമുടക്കുമായി സഹകരിക്കുന്നില്ല.പൊതു ഗതാഗതത്തെയും പണിമുടക്ക് ബാധിച്ചിട്ടില്ല.
ഈ മാസം 13 ന് പെട്രോൾ പമ്പ് സമരം
ന്യൂഡൽഹി:ഈ മാസം 13 ന് പെട്രോൾ പമ്പ് സമരം.ദിവസേനയുള്ള ഇന്ധന വില നിശ്ചയിക്കൽ പിൻവലിക്കുക,പെട്രോളിയം ഉൽപ്പന്നങ്ങളെ ജി എസ് ടി യുടെ കീഴിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പെട്രോൾ പമ്പ് ഉടമകൾ രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.ആവശ്യങ്ങൾ അംഗീകരിച്ചില്ലങ്കിൽ ഈമാസം 27 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പെട്രോളിയം വിതരണക്കാരുടെ സംഘടന അറിയിച്ചു.
എയർ ഇന്ത്യയെ വിൽക്കാനൊരുങ്ങുന്നു
ന്യൂഡൽഹി:വാങ്ങാൻ ആളുണ്ടെങ്കിൽ എയർ ഇന്ത്യയെ വിൽക്കാൻ സർക്കാർ തീരുമാനിച്ചതായി റിപോർട്ട്.കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ നടപ്പ് സാമ്പത്തിക വർഷത്തിൽ 72500 കോടി രൂപ കണ്ടെത്തുമെന്ന് നേരത്തെ ബജറ്റിൽ നിർദേശമുണ്ടായിരുന്നു.ഇതനുസരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചത്.വൻ സാമ്പത്തിക ബാധ്യത നേരിടുന്ന എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ കഴിഞ്ഞ ജൂണിലാണ് സർക്കാർ തീരുമാനിച്ചത്.ബജറ്റ് നിർദേശാനുസരണം വിൽക്കേണ്ട സ്ഥാപനങ്ങളുടെ പട്ടികയിൽ എയർ ഇന്ത്യയെ ഉൾപ്പെടുത്താൻ ജൂൺ 28 നാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് ആധാർ നിർബന്ധമാക്കി
ന്യൂഡൽഹി:പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് ആധാർ നിർബന്ധമാക്കി.കേന്ദ്ര ധനകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളായ പി പി എഫ്,നാഷണൽ സേവിങ്സ് സ്കീം,കിസാൻ വികാസപത്ര തുടങ്ങിയ എല്ലാത്തരം നിക്ഷേപങ്ങൾക്കും ഇത് ബാധകമാണ്.നിലവിൽ പോസ്റ്റ് ഓഫീസിൽ നിക്ഷേപമുള്ളവർക്ക് ആധാർ നമ്പർ നല്കാൻ ഡിസംബർ 31 വരെ സമയം നൽകിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ ആശുപത്രിയിൽ അനസ്‌ത്യേഷ്യക്ക് വിഷവാതകം ഉപയോഗിച്ച സംഭവത്തിൽ 14 രോഗികൾ മരിച്ചു
വാരാണസി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ സുന്ദർലാൽ ആശുപത്രിയിൽ അനസ്‌ത്യേഷ്യക്കായി വ്യാവസായിക ആവശ്യത്തിനുള്ള നൈട്രസ് ഓക്‌സൈഡ് ഉപയോഗിച്ചതിനെ തുടർന്ന് 14 രോഗികൾ മരിച്ചു.സംഭവത്തിൽ അലഹബാദ് ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചു.ജൂൺ 6,7,8 തീയതികളിലാണ് ആശുപത്രിയിൽ 14 രോഗികൾ കൊല്ലപ്പെട്ടത്.ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ജൂലൈ 18 ന് തയ്യാറാക്കിയ റിപ്പോർട് ഇപ്പോഴാണ് പുറത്തു വന്നത്.ബിജെപി എംഎൽഎയായ ഹർഷവർധൻ ബാജ്‌പേയുടെ അച്ഛൻ അശോക്‌കുമാർ ബാജ്പേയ് ഡയറക്റ്ററായ പരേർഹത് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ആണ് വിഷവാതകം വിതരണം ചെയ്തത്.ഈ കമ്പനിക്ക് ചികിത്സ ആവശ്യത്തിനുള്ള വാതകങ്ങൾ നിർമിക്കാനോ വിതരണം ചെയ്യാനോ ഉള്ള ലൈസൻസില്ല. അതേസമയം മരണത്തിന് ഇടയാക്കിയത് നൈട്രസ് ഓക്‌സൈഡ് ആണെന്നത് ഹർഷവർധൻ ബാജ്പേയ് നിഷേധിച്ചു.ഇതേ വാതകം തന്നെയാണ് ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിലും അലഹബാദിലെ മോത്തിലാൽ നെഹ്‌റു മെഡിക്കൽ കോളേജിലും വിതരണം ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഒക്ടോബർ 9,10 തീയതികളിൽ മോട്ടോർ വാഹന പണിമുടക്ക്
ന്യൂഡൽഹി:ഒക്ടോബർ 9,10 തീയതികളിൽ മോട്ടോർ വാഹന പണിമുടക്ക് നടത്താൻ ആഹ്വാനം.ഗതാഗത മേഖലയിൽ ചരക്ക് സേവന നികുതി നടപ്പാക്കിയത് കൊണ്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രെസ്സാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്.
പുതിയ 100 രൂപ നോട്ട് പുറത്തിറക്കും
ന്യൂഡൽഹി:പുതിയ 100 രൂപ നോട്ട് പുറത്തിറക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു.അടുത്ത വർഷം ഏപ്രിലിൽ അച്ചടി തുടങ്ങാനാണ് തീരുമാനം.എ ടി എമ്മിൽ ഉപയോഗിക്കാൻ പാകത്തിൽ പഴയ നൂറുരൂപയുടെ അതെ വലുപ്പത്തിലുള്ള നോട്ടുകളാണ് പുറത്തിറക്കുക എന്നാണ് സൂചന.ഈ കഴിഞ്ഞ ഓഗസ്റ്റിൽ 200 രൂപയുടെ നോട്ടുകൾ പുറത്തിറക്കിയിരുന്നെങ്കിലും ഇത് ജനങ്ങളുടെ കയ്യിൽ ആവശ്യത്തിന് ഇനിയും എത്തി തുടങ്ങിയില്ല.
ഗുർമീത് സിംഗിന്റെ വളർത്തുപുത്രി ഹണിപ്രീത് അറസ്റ്റിൽ
പഞ്ച്ഗുള:ബലാല്സംഗക്കേസിൽ ജയിലിൽ കഴിയുന്ന ആൾദൈവം ഗുർമീത് സിംഗിന്റെ വളർത്തുപുത്രി ഹണിപ്രീത് അറസ്റ്റിലായി.ചണ്ഡിഗഡ് ഹൈവേക്ക് സമീപത്തു നിന്നുമാണ് ഹരിയാന പോലീസ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്തത്.ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.ബലാല്സംഗക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഗുർമീത് സിങിനെ രക്ഷപ്പെടുത്താനാണയി ഗൂഢാലോചന നടത്തി എന്ന കേസാണ് ഹണിപ്രീതിനെതിരെ ചുമത്തിയിരിക്കുന്നത്.ഗുർമീത് സിംഗിനെ അറസ്റ്റ് ചെയ്തതിനു ശേഷം നടന്ന കലാപം ആസൂത്രണം ചെയ്തു എന്ന കുറ്റവും ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുണ്ട്.കലാപം നടന്നതിന് തൊട്ടു പിന്നാലെ ഹണിപ്രീത് ഒളിവിൽ പോയിരുന്നു.പിന്നീട് പോലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.ഇന്ന് രാവിലെ മുതൽ ചില ദേശീയ മാധ്യമങ്ങൾ ഹണി പ്രീതിന്റെ അഭിമുഖങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു.ഗുർമീത്‌മയുള്ള തന്റെ ബന്ധത്തെ മോശമായി ചിത്രീകരിക്കുന്നതിനെ ഹണി പ്രീത് രൂക്ഷമായി വിമശിച്ചിരുന്നു.