ഭുവനേശ്വർ: ഒഡിഷയിലെ ബാലസോറെ ജില്ലയിൽ അനധികൃത പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടിയുൾപ്പെടെ എട്ടു പേർ മരിച്ചു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്.ലൈസൻസില്ലാതെ പ്രവർത്തിച്ച പടക്ക നിർമാണശാലയിലാണ് ദുരന്തം ഉണ്ടായത്. പടക്ക നിർമാണശാല ഉടമയുടെ മകനും സ്ഫോടനത്തിൽ മരിച്ചു.സ്ഫോടനം നടക്കുമ്പോൾ 12 തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്.ബുധനാഴ്ച രാവിലെ റൂർക്കലയിലും പുരിയിലും സമാനമായ അപകടമുണ്ടായി. റൂർക്കലയിലെ പടക്കശാലയിലുണ്ടായ അഗ്നിബാധയിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുരിയിലെ പിപ്പിലിയിലുണ്ടായ ദുരന്തത്തിൽ ഒരാൾ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു.ഇവരുടെ കാഴ്ച ശക്തി നഷ്ട്ടപ്പെട്ടു.
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
ന്യൂഡൽഹി:മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്.നേരത്തെ വിലക്ക് നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു.ബിസിസിഐ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടുത്തം
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ തീപിടുത്തം.പാർലമെന്റിലെ സൗത്ത് ബ്ലോക്കിൽ രണ്ടാം നിലയിലുള്ള 242-ആം നമ്പർ മുറിയിലാണ് ഇന്ന് പുലർച്ചെ മൂന്നുമണിയോടെ തീപിടുത്തമുണ്ടായത്.പ്രധാന മന്ത്രിയുടെ ഓഫീസ് കൂടാതെ പ്രതിരോധ മന്ത്രാലയം,വിദേശകാര്യ മന്ത്രാലയം,ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസ്,വിദേശകാര്യ സെക്രട്ടറിയുടെ ഓഫീസ് എന്നിവയും ഈ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.അപകട കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഇരുപതു മിനിറ്റിനകം തീ അണച്ചതായാണ് വിവരം.കഴിഞ്ഞ വർഷവും സൗത്ത് ബ്ലോക്കിലെ പ്രധാന മന്ത്രിയുടെ ഓഫീസിൽ തീപിടുത്തമുണ്ടായിരുന്നു.സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ആറ് മരണം
ബെംഗളൂരു:ബെംഗളൂരുവിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകർന്നു വീണ് സ്ത്രീകളടക്കം ആറുപേർ മരിച്ചു.കൂടുതൽപേർ കെട്ടിടത്തിന് ഉള്ളിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.രണ്ടു കുട്ടികളെ പരിക്കുകളോടെ രക്ഷിച്ചു. ജുനേഷ് എന്നയാളുടെ പേരിലാണ് കെട്ടിടം.ഇയാൾ ഇത് നാലു കുടുംബങ്ങൾക്കായി വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.താഴെയും മുകളിലും രണ്ടു കുടുംബങ്ങൾ വീതമാണ് താമസിക്കുന്നത്.കെട്ടിടം ഏതാണ്ട് പൂർണ്ണമായും തകർന്നിട്ടുണ്ട്.
തേജസ്സ് എക്സ്പ്രസ്സിൽ ഭക്ഷ്യ വിഷബാധ;24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി:ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് പോയ തേജസ്സ് എക്സ്പ്രസിലെ യാത്രക്കാർക്ക് ഭക്ഷ്യ വിഷബാധയേറ്റു.ഇതിനെ തുടർന്ന് 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ നൽകിയ പ്രാതൽ കഴിച്ച യാത്രക്കാർക്കാണ് വിഷബാധയേറ്റത്.ഭക്ഷണം കഴിച്ച യാത്രക്കാർക്ക് ക്ഷീണവും ശരീര വേദനയും അനുഭവപ്പെട്ടതോടെയാണ് സംഭവം ഭക്ഷ്യവിഷബാധയാണെന്നു മനസ്സിലായത്.ഇതേ തുടർന്ന് ട്രെയിൻ ചിപ്ലൂൻ സ്റ്റേഷനിൽ നിർത്തിയിട്ടു.തുടർന്ന് യാത്രക്കാരെ രത്നഗിരി ജില്ലയിലെ ലൈഫ് കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.ഇതിനായി ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ചു.
ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയ 6000 മരുന്നുകൾ നിരോധിച്ചു
കൊച്ചി:ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയ 6000 മരുന്നുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ചു.ചുമ,പനി,പ്രമേഹം എന്നിവയ്ക്ക് ഉപയോഗിക്കുന്ന444 മരുന്നുസംയുക്തങ്ങളാണ് നിരോധിച്ചത്.ഇവ ഇനി മുതൽ നിർമിക്കാനോ വിൽക്കാനോ പറ്റില്ല എന്നാണ് നിർദേശം.ഡ്രഗ്സ് കൺട്രോളറുടെ വെബ്സൈറ്റിൽ വെള്ളിയാഴ്ച രാത്രിയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.പാരസെറ്റമോൾ,കാഫീൻ,അമോക്സിലിൻ എന്നിവയ്‌ക്കൊപ്പം വിവിധ സംയുക്തങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ കൂട്ടിച്ചേർത്ത മരുന്നുകളാണ് നിരോധിച്ചത്.കർണാടക കെ എൽ ഇ സർവകലാശാല വൈസ് ചാൻസിലർ ചന്ദ്രകാന്ത് കോകാതെയുടെ നേതൃത്വത്തിലുള്ള ആറംഗ കമ്മിറ്റിയാണ് മരുന്ന് സംയുക്തങ്ങളെ കുറിച്ച് പഠനം നടത്തിയത്.ഇതിൽ ഇന്ത്യയിൽ വിപണിയിലുള്ള 963 മരുന്ന് സംയുക്തങ്ങൾ അപകടകാരികളാണെന്നു കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ 2016 മാർച്ച് പത്തിന് 344 സംയുക്തങ്ങൾ നിരോധിച്ചിരുന്നു.അതിനു മുൻപ് 95 സംയുക്തങ്ങൾ നിരോധിച്ചിരുന്നു. കഴിഞ്ഞ ജൂൺ എട്ടിന് അഞ്ചിനങ്ങൾ കൂടി നിരോധിച്ചു.പക്ഷെ കോടതി സ്റ്റേ ചെയ്തത് മൂലം ഇത് പ്രാബല്യത്തിൽ ആയില്ല.
ഡൽഹിയിൽ യുവാവിനെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു
ന്യൂഡൽഹി:ഡൽഹിയിൽ യുവാവിനെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തി.ഉത്തരാഖണ്ഡ് സ്വദേശി വിപിൻ ജോഷി ആണ്(26) കൊല്ലപ്പെട്ടത്.സുഹൃത്ത് ബാദല്‍ മണ്ഡലിന്റെ വീട്ടിലെ ഫ്രിഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി വിപിന്‍ ജോഷിയെ കാണാനില്ലായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനൊപ്പം കുടുംബാംഗങ്ങളും ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിരുന്നു.ഇതിനിടയിലാണ് വിപിനെ അന്വേഷിച്ച് കുടുംബാംഗങ്ങൾ ഉറ്റ സുഹൃത്തായ ബാദലിന്റെ വീട്ടിലെത്തിയത്.എന്നാല്‍ അടഞ്ഞുകിടന്ന വീട്ടില്‍ നിന്നു ദുര്‍ഗന്ധം വന്നതില്‍ സംശയം തോന്നി ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ കുത്തിപ്പൊളിച്ചാണു മൃതദേഹം കണ്ടെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബാദലിനായി പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
കനത്ത മഴയിൽ ബെംഗളൂരുവിൽ അഞ്ചുപേർ മരിച്ചു
ബെംഗളൂരു:കനത്ത മഴയിൽ ബെംഗളൂരുവിൽ അഞ്ചുപേർ മരിച്ചു.മഴക്കെടുതി മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ അടിയന്തിര സഹായം നല്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു.വെള്ളം കയറി മുങ്ങിക്കൊണ്ടിരുന്ന കാറിൽ നിന്നും ഒരു വനിതയെ രക്ഷിച്ചിട്ടുണ്ട്.വെള്ളിയാഴ്ച്ച വൈകിട്ട് മുതൽ ഈ പ്രദേശത്തു കനത്ത മഴയാണ് ലഭിച്ചത്.മഴമൂലം നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ഗൗരി ലങ്കേഷ് വധം;മൂന്നു പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു
ബെംഗളൂരു:പ്രമുഖ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ മൂന്നു പ്രതികളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു.ഇവരിൽ രണ്ടുപേരുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.ഗൗരി ലങ്കേഷിന്റെ വീടിനു പുറത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.മൂന്ന് ചിത്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.ഇതിൽ രണ്ടു ചിത്രങ്ങൾ ഒരാളുടെതന്നെയാണ്.പ്രതിയെ കുറിച്ച് ലഭിച്ച വ്യത്യസ്തങ്ങളായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ട് ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ബെംഗളൂരുവിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് രേഖാചിത്രങ്ങൾ പുറത്തു വിട്ടത്. കൊലപാതകത്തിന് മുൻപ് പ്രതികളിലൊരാൾ ഗൗരിയുടെ വീടിനു സമീപം നിരീക്ഷണം നടത്തിയിരുന്നു.ഇതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ഉടൻ തന്നെ പുറത്തു വിടും.പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ പത്തുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വീടിനു വെളിയിൽ വെച്ച് വെടിയേറ്റ് മരിച്ചത്.
ആരുഷി കൊലക്കേസിൽ മാതാപിതാക്കളെ കുറ്റവിമുക്തരാക്കി
അലഹബാദ്:പ്രമാദമായ ആരുഷി കൊലക്കേസിൽ മാതാപിതാക്കളെ കുറ്റവിമുക്തരാക്കി. അലഹബാദ് ഹൈക്കോടതിയുടേതാണ് വിധി.കേസിൽ ആരുഷിയുടെ മാതാപിതാക്കളെ സിബിഐ കുറ്റക്കാരായി പ്രഖ്യാപിച്ചിരുന്നു.ഇതിനെതിരെ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തൽവാറും നൂപുർ തൽവാറും നൽകിയ അപ്പീലിലാണ് വിധി.2013 ഇൽ ആരുഷിയുടെ മാതാപിതാക്കളെ കുറ്റക്കാരാക്കി ഗാസിയാബാദ് പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 2008 മെയിലാണ് 14 കാരിയായ ആരുഷിയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.തൊട്ടടുത്ത ദിവസം തന്നെ വീട്ടുവേലക്കാരനായ ഹേംരാജിന്റെ മൃതദേഹവും വീട്ടിലെ ടെറസിൽ കണ്ടെത്തുകയായിരുന്നു.മകളും വീട്ടുവേലക്കാരനും തമ്മിലുള്ള അവിഹിത ബന്ധം അറിഞ്ഞ പിതാവ് ആരുഷിയെയും വേലക്കാരൻ ഹേംരാജിനെയും കൊലപ്പെടുത്തി എന്നതായിരുന്നു കേസ്.