ന്യൂഡൽഹി:ആധാർ ഇല്ലാത്തതിന്റെ പേരിൽ റേഷൻ വിഹിതം നിഷേധിക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. ആനുകൂല്യങ്ങൾ ലഭിക്കുന്നവരുടെ പട്ടികയിൽ നിന്നും ആധാർ ഇല്ലാത്തതിന്റെ പേരിൽ ആരുടെയും പേര് നീക്കം ചെയ്യരുതെന്നും ഇങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.ആധാർ ഇല്ലാത്തതിന്റെ പേരിൽ റേഷൻ നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ജാർഖണ്ഡിൽ പതിനൊന്നുകാരി പട്ടിണി കിടന്നു മരിച്ച സംഭവത്തിന് പിന്നാലെയാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയത്.റേഷൻ വാങ്ങുന്നയാൾ യഥാർത്ഥ വ്യക്തിയല്ലെന്നു തെളിഞ്ഞാൽമാത്രമേ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാൻ പാടുള്ളൂ എന്നും കേന്ദ്ര സർക്കാരിന്റെ സർക്കുലറിൽ പറയുന്നു.അതോടൊപ്പം തന്നെ റേഷൻ നിഷേധിക്കുന്ന കാര്യം പ്രത്യേക ലോഗ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യണം.ആധാർ ലഭ്യമാക്കുന്നതിനും ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ സംസ്ഥാന സർക്കാരുകൾ ചെയ്തുകൊടുക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
മുത്തലാഖ് ഇനി മുതൽ ക്രിമിനൽ കുറ്റം;ഐപിസി ഭേദഗതി ചെയ്യും
ന്യൂഡൽഹി:ഇസ്ലാം സമുദായത്തിൽ നിലനിൽക്കുന്ന മുത്തലാഖ് ക്രിമിനൽ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ ഇന്ത്യൻ ശിക്ഷ നിയമം ഭേദഗതി ചെയ്യുന്നു.മുത്തലാഖ് നിരോധിച്ചുകൊണ്ട് കേന്ദ്രം ഇനി പുതിയ നിയമം ഉണ്ടാക്കില്ല.ഐപിസി 497 ആം വകുപ്പിന് തുടർച്ചയായി പുതിയൊരു ഉപവകുപ്പ് 497(എ) കൂട്ടിച്ചേർക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.ഇത് പ്രകാരം മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തിയാൽ മൂന്നു വർഷത്തെ തടവ് ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഓഗസ്റ്റ് 22 ന് സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചതിനു ശേഷവും ഇത്തരം സംഭവങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഇത് ക്രിമിനൽ കുറ്റമാക്കുന്നത്. ഇതിനുള്ള ബിൽ മന്ത്രിസഭയുടെ അനുമതിക്ക് ശേഷം പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കും. മറ്റൊരാളുടെ ഭാര്യയുമായി അവിഹിത വേഴ്ച നടത്തുന്നത് കുറ്റകരമാക്കുന്ന വകുപ്പാണ് ഐപിസി 497.ഈ വകുപ്പ് പുരുഷന്മാർക്ക് മാത്രമാണ് ബാധകം.ഈ വകുപ്പിന് അനുബന്ധമായി 497 എ എന്ന ഉപവകുപ്പ് ഉണ്ടാക്കുന്നതാണ് പുതിയ ഭേദഗതി നിർദേശം. ഇതനുസരിച്ച് ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്നത് മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറും.
സർക്കാർ ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി
ന്യൂഡൽഹി:സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി.2018 മാർച്ച് 31 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്.നേരത്തെ ഇത് 2017 ഡിസംബർ 31 വരെയായിരുന്നു.സുപ്രീം കോടതിയിൽ ആധാർ സംബന്ധിച്ചുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.ആധാർ ഇല്ലാത്തവർക്ക് ആനുകൂല്യങ്ങൾ നഷ്ട്ടപ്പെടില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. വിവിധ സേവനങ്ങൾക്ക് ആധാർ നിർബന്ധിതമാക്കിയതിനെതിരായുള്ള എല്ലാ ഹർജികളും കോടതി ഒക്ടോബർ 30 നു പരിഗണിക്കും.
ഷെറിൻ മാത്യൂസ് മരിച്ചത് നിർബന്ധിച്ച് പാൽ കുടിപ്പിച്ചതുമൂലമുണ്ടായ ശ്വാസതടസ്സത്തെ തുടർന്ന്
യു.എസ്:യു എസ്സിലെ ടെക്‌സാസിൽ കാണാതായ ഷെറിൻ മാത്യൂസ് എന്ന കുട്ടി മരിച്ചത് നിർബന്ധിച്ച് പാൽ കുടിപ്പിച്ചതുമൂലമുണ്ടായ ശ്വാസതടസ്സത്തെ തുടർന്നാണെന്നു കുട്ടിയുടെ വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ വെളിപ്പെടുത്തൽ.പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി.തുടർന്ന് അബോധാവസ്ഥയിലായ കുട്ടി മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകി.പുതിയ വെളിപ്പെടുത്തലിനെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു .പാൽ കുടിക്കാത്തതിനാൽ കുട്ടിയെ പുറത്തു നിർത്തിയിരുന്നു എന്നും കുറച്ചുനേരം കഴിഞ്ഞു നോക്കിയപ്പോൾ കുട്ടിയെ കാണാതായി എന്നുമാണ് വെസ്ലി ആദ്യം പൊലീസിന് മൊഴി നൽകിയത്.ഹൂസ്റ്റണിൽ വെസ്ലിയും കുടുംബവും താമസിക്കുന്ന സ്ഥലത്തു നിന്നും ഒരുകിലോമീറ്റർ അകലെനിന്നും ഷെറിന്റെത് എന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയിരുന്നു.മൃതദേഹത്തിൽ കുട്ടിക്ക് ക്രൂരമായ പീഡനങ്ങൾ ഏറ്റതിന്റെ അടയാളങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു.മൂന്നാഴ്ച മുൻപാണ് വെസ്ലി മാത്യു-സിനി ദമ്പതികളുടെ മകൾ ഷെറിനെ കാണാതായത്.ബീഹാറിലെ അനാഥാലയത്തിൽ നിന്നും ഇവർ എടുത്തു വളർത്തിയ കുട്ടിയാണ് ഷെറിൻ.
ഡൽഹിയിൽ മലയാളി ഉൾപ്പെടെ രണ്ട് വിദ്യാർത്ഥിനികളെ കാണാതായി
ന്യൂഡൽഹി:ഡൽഹി ഗ്രെയ്റ്റർ നോയിഡയിൽ മലയാളി ഉൾപ്പെടെ രണ്ട് വിദ്യാർത്ഥികളെ കാണാതായി.ഡൽഹി കേന്ദ്രീയ വിദ്യാലയയിലെ പത്താം ക്ലാസ് വിദ്യാർഥിനികളായ ഇരുവരെയും ഇന്നലെ രാത്രി എട്ടുമണി മുതലാണ് കാണാതായത്.ഇന്നലെ വൈകുന്നേരം ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനായാണ് ഇരുവരും താമസസ്ഥലത്തുള്ള കടയിലേക്ക് പോയത്.വളരെ നേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.കുട്ടികൾ കടയിൽ വന്ന് പുസ്തകം വാങ്ങിയതായി കടയുടമ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.എന്നാൽ ഇവർ ഫോട്ടോസ്റ്റാറ്റ് എടുത്തിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധിതമാക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധിതമാക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി.രാജ്യസ്നേഹം അടിച്ചേൽപ്പിക്കാനാകില്ല.ജനം തീയേറ്ററുകളിൽ എത്തുന്നത് വിനോദത്തിനാണെന്നും കോടതി നിരീക്ഷിച്ചു.തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധിതമാക്കിയും ദേശീയ ഗാനം കേൾപ്പിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും കോടതി നേരെത്തെ ഉത്തരവിട്ടിരുന്നു.ഇതിൽ വ്യക്തത ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ പുതിയ നിർദേശം.ദേശീയഗാനം നിർബന്ധിതമാക്കിയ ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ ഉയർന്നു വന്നിരുന്നു. തീയേറ്ററിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തവർക്കെതിരെ പോലീസ് കേസെടുക്കാൻ തുടങ്ങിയതോടെയാണ് സംഭവം വിവാദമായത്.
കർണാടകയിൽ 100 സിസിയിൽ കുറവുള്ള ബൈക്കുകളിൽ ഇനി മുതൽ പിൻസീറ്റുയാത്രയില്ല
ബെംഗളൂരു:കർണാടകയിൽ 100 സിസിയിൽ കുറവുള്ള ബൈക്കുകളിൽ ഇനി മുതൽ പിൻസീറ്റുയാത്ര അനുവദിക്കില്ല.ഇതിനായി മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് കർണാടക സർക്കാർ.അതേസമയം സ്ത്രീകൾ ഉപയോഗിക്കുന്ന മിക്ക ഇരുചക്ര വാഹനങ്ങളും 100 സിസിയിൽ കുറവാണ്.അതിനാൽ വിലക്കുപരിധി 50 സിസിയിലേക്ക് കുറയ്ക്കുന്ന കാര്യവും പരിഗണനയിലുണ്ട്.100 സിസിയിൽ താഴെയുള്ള ഇരുചക്ര വാഹങ്ങളിൽ പിൻസീറ്റ് യാത്ര നിരോധിച്ചു കർണാടക സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു.പുതിയതായി നിരത്തിലിറക്കുന്ന വാഹനങ്ങൾക്കായിരിക്കും നിയമം ബാധകമായിരിക്കുകയെന്നും നിലവിലുള്ള വാഹനങ്ങളെ ഈ നിയമം ബാധിക്കില്ലെന്നും ട്രാൻസ്‌പോർട് കമ്മീഷണർ ബി.ദയാനന്ദ പറഞ്ഞു.
എ ടി എമ്മുകൾ വഴി ഈ വർഷം അവസാനം വരെ 200 രൂപ നോട്ടുകൾ വിതരണം ചെയ്യാനാകില്ല
മുംബൈ:എ ടി എമ്മുകൾ വഴി വർഷാവസാനം വരെ 200 രൂപ നോട്ടുകൾ വിതരണം ചെയ്യാൻ സാധിക്കില്ല.200 രൂപ നോട്ടുകൾ ഉൾക്കൊള്ളാനാകുന്ന തരത്തിൽ എ ടി എം മെഷീനുകൾ നവീകരിക്കാത്തതാണ് ഇതിനു കാരണമെന്ന് എ ടി എം നിർമാതാക്കൾ പറയുന്നു.100 രൂപയ്ക്കും 500 രൂപയ്ക്കും ഇടയിലുള്ള അകലം കുറയ്ക്കാനായാണ് 200 രൂപ നോട്ടുകൾ ഇറക്കിയത്.എ ടി എം നിർമാതാക്കളുടെ കണക്കനുസരിച്ച് മിക്ക ബാങ്കുകളും പുതിയ നോട്ടിന്റെ ലഭ്യത കുറവായതിനാൽ അവരുടെ എ ടി എം മെഷീനുകൾ നവീകരിച്ചിട്ടില്ല. എ ടി എം മെഷീനുകൾ നവീകരിക്കാനുള്ള നടപടികൾ ബാങ്കുകളാണ് എടുക്കേണ്ടതെന്നും അവരുടെ ഭാഗത്തു നിന്നും യാതൊരു നിർദേശവും വന്നിട്ടില്ലെന്നും ഇന്ത്യയിലെ പ്രമുഖ എ ടി എം നിർമാതാക്കളായ എൻ സി ആർ ന്റെ എം ഡി നവ്‌റോസ് ദസ്തർ പറഞ്ഞു.അതേസമയം എ ടി എം നവീകരണ പ്രവർത്തനങ്ങൾക്ക് സമയമെടുക്കുമെന്നും ഇത് കഠിനമായ ഒരു ജോലിയാണെന്നും ബാങ്കുകൾ വ്യക്തമാക്കി.ഇതിനായി ആഴ്ചകളോളം ജോലി ചെയ്യേണ്ടതായി വരും.നോട്ട് നിരോധനം നടപ്പിലാക്കിയപ്പോൾ തൊഴിലാളികൾ ഇതിനായി രാപ്പകലില്ലാതെ കഷ്ട്ടപ്പെട്ടിരുന്നു.എന്നിട്ട്കൂടി ഇതിനായി രണ്ടാഴ്ചയോളം സമയം വേണ്ടിവന്നു.എന്നാൽ അത്തരത്തിലുള്ള ഒരു പ്രതിസന്ധി ഇപ്പോഴില്ലെന്നും അതിനാൽ തന്നെ എ ടി എമ്മുകൾ തിടുക്കപ്പെട്ട് നവീകരിക്കേണ്ട ആവശ്യവുമില്ലെന്ന് ബാങ്കുകൾ വ്യക്തമാക്കി.1, 2, 5, 10, 20, 50, 100, 500 , 2000. എന്ന ശ്രേണിയിൽ 200 ന്റെ അഭാവം പരിഹരിക്കാനാണ് 200 രൂപ നോട്ടുകൾ ഇറക്കുന്നതെന്നാണ് ആർ ബി ഐ പുതിയ 200 രൂപ നോട്ടുകൾ വിപണിയിൽ ഇറക്കിക്കൊണ്ട് വ്യക്തമാക്കിയത്.അടുത്ത വർഷം ഏപ്രിലോടെ പുതിയ 100 രൂപ നോട്ട് വിപണിയിലിറക്കാനും ആർ ബി ഐ ലക്ഷ്യമിടുന്നുണ്ട്.
നാഗപട്ടണത്ത് കെട്ടിടം തകർന്നു വീണ് എട്ടുപേർ മരിച്ചു
തമിഴ്‍നാട്:നാഗപട്ടണത്ത് കെട്ടിടം തകർന്നു വീണ് എട്ടുപേർ മരിച്ചു.നാഗപട്ടണം ജില്ലയിലുള്ള ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്.പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്.നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. കെട്ടിടത്തിൽ ഉറങ്ങുകയായിരുന്ന ട്രാൻസ്‌പോർട് ബസ് ജീവനക്കാർക്കാണ് പരിക്കേറ്റത്.കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ.
ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാർഹിക പീഡനത്തിന് കേസ്
ന്യൂഡൽഹി:ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനും സഹോദരനും അമ്മയ്ക്കുമെതിരേ ഗാർഹിക പീഡനക്കുറ്റം ആരോപിച്ച് പരാതി.യുവരാജിന്‍റെ സഹോദരൻ സൊരാവർ സിംഗിന്‍റെ ഭാര്യയും ബിഗ് ബോസ് ടിവി ഷോ മത്സരാർഥിയുമായിരുന്ന അകാൻഷ ശർമയാണ് പരാതി നല്‍കിയത്.ഭർത്താവിന്‍റെ വീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.പരാതി പ്രകാരം ഗുഡ്ഗാവ് പോലീസ് യുവരാജിനും മാതാവിനും സഹോദരനും നോട്ടീസ് അയച്ചു.ഭർത്താവും ഭർത്യമാതാവും ഗർഭിണിയാകാൻ തന്നെ നിർബന്ധിച്ചുവെന്നും സമ്പത്തിന്‍റെ പേരിൽ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് അകാൻഷയുടെ പരാതി. തന്നെ ഇവർ പീഡിപ്പിക്കുന്നതിനെതിരെ യുവരാജ് പ്രതികരിക്കാതെ കണ്ടുനിന്നതിനാണ് അദ്ദേഹത്തിനെതിരേയും പരാതി നൽകിയിരിക്കുന്നത്. യുവരാജിന്‍റെ ഇളയ സഹോദരനായ സൊരാവറും അകാൻഷയും തമ്മിലുള്ള വിവാഹം 2014-ലാണ് നടന്നത്.ബിഗ്‌ബോസ് ഷോ നാലുമാസം പൂർത്തിയായപ്പോൾ തന്റെ വിവാഹം ആണെന്ന് അറിയിച്ച് അകാൻഷ ഷോയിൽ നിന്നും പിന്മാറിയിരുന്നു.പിന്നീട് ഇവരുടെ ബന്ധത്തിൽ താളപ്പിഴകൾ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ വർഷം അകാൻഷ വിവാഹ മോചന കേസ് ഫയൽ ചെയ്തിരുന്നു.ഇത് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.