ന്യൂഡൽഹി:ഹരിയാനയിലെ റയാൻ ഇന്റർനാഷണൽ സ്കൂളിൽ ഏഴുവയസ്സുകാരൻ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി പിടിയിൽ.സിബിഐ ആണ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്.ഏഴാം ക്ലാസ്സുകാരൻ കൊല്ലപ്പെട്ട ദിവസം സ്കൂളിൽ ആദ്യം എത്തിയത് ഈ വിദ്യാർത്ഥിയായിരുന്നു.ഇതിനെ തുടർന്നാണ് കുട്ടിയെ ചോദ്യം ചെയ്തത്.വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തെങ്കിലും സംഭത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ സിബിഐ തയ്യാറായിട്ടില്ല.അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് സ്കൂൾ ബസ് ഡ്രൈവർ അശോക് കുമാറിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇക്കഴിഞ്ഞ സെപ്തംബര് എട്ടിനാണ് ഏഴുവയസ്സുകാരൻ പ്രത്യുമ്നൻ താക്കൂറിനെ സ്കൂളിലെ ശുചിമുറിയിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.ആദ്യം കേസന്വേഷിച്ച ഹരിയാന പോലീസ് ആണ് സ്കൂൾ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തത്.എന്നാൽ പ്രത്യുമ്നൻ താക്കൂറിന്റെ പിതാവിന്റെ അപേക്ഷ പ്രകാരം കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
മംഗളൂരുവിൽ സഹകരണ ബാങ്കിനുള്ളിൽ മൂന്നു സുരക്ഷാ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി
മംഗളൂരു:മംഗളൂരുവിൽ സഹകരണ ബാങ്കിനുള്ളിൽ മൂന്നു സുരക്ഷാ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി.നഗരപ്രാന്തത്തിലുള്ള കൊടേക്കർ കാർഷിക സഹകരണ ബാങ്കിലെ സുരക്ഷാ ജീവനക്കാരായ സോമനാഥ്,ഉമേഷ്,സന്തോഷ് എന്നിവരെയാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ ബാങ്ക് ജീവനക്കാർ എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു.ഇവരുടെ ദേഹത്തു മുറിവേറ്റതിന്റെ പാടുകളൊന്നും ഇല്ല.തിങ്കളാഴ്ച ഈ പ്രദേശത്തു ശക്തമായ ഇടിമിന്നലുണ്ടായിരുന്നു. ഇടിമിന്നലേറ്റ് മരിച്ചതാകാം എന്ന് സംശയമുണ്ട്.ബാങ്കിൽ മോഷണമോ മോഷണ ശ്രമമോ നടന്നിട്ടില്ല.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന അലങ്കാര മൽസ്യ വിപണിയിലെ നിയന്ത്രണം പിൻവലിച്ചു
ന്യൂഡൽഹി:കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന അലങ്കാര മൽസ്യ വിപണിയിലെ നിയന്ത്രണം പിൻവലിച്ചു.അലങ്കാര മത്സ്യങ്ങളെ വളർത്തുന്നതിനും വിൽക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടുള്ള അക്വാറിയം ആൻഡ് ഫിഷ് ടാങ്ക് അനിമൽസ് ഷോപ് നിയമം 2017 ആണ് പിൻവലിച്ചത്.ഇൻഡ്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ,വിവിധ സംസ്ഥാനങ്ങളിലെ കർഷകർ,കർഷക സംഘടനകൾ എന്നിവരുടെ ശക്തമായ ഇടപെടലുകളാണ് നിയന്ത്രണം പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഈ നിയന്ത്രണം മൂലം അലങ്കാര മൽസ്യ മേഖലയിൽ വളരെയധികം പ്രതിസന്ധി ഉയർന്നു വന്നിരുന്നു.ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നിരുന്നുവെങ്കിൽ കേരളം,തമിഴ്‌നാട്,ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് അലങ്കാര മൽസ്യ കർഷകരെയും വ്യാപാരികളെയും പ്രതികൂലമായി ബാധിക്കുമായിരുന്നു.
ഡൽഹിയിൽ കനത്ത പുകമഞ്ഞ്;ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂഡൽഹി:ഡല്‍ഹിയില്‍ പുകമഞ്ഞ് നിറഞ്ഞ് അന്തരീക്ഷം മലിനമായി.ഇതേതുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡൽഹിയിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സ്കൂളുകൾ തുറന്നു പ്രവർത്തിക്കരുതെന്നും വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും ഐഎംഎ നിർദേശിച്ചു.ഐഎംഎ നിർദേശത്തെ തുടർന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്കൂളുകൾക്ക് മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു.പുകമഞ്ഞിനെ തുടർന്ന് കാഴ്ചപരിധി കുറഞ്ഞതിനാൽ ഡല്‍ഹി വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചതിനെ തുടര്‍ന്ന് 20 ലേറെ വിമാന സര്‍വീസുകള്‍ തടസപ്പെട്ടു.
കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു കത്തി ഒരു കുടുംബത്തിലെ നാലുപേരടക്കം ആറുപേർ വെന്തു മരിച്ചു
ആഗ്ര:ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേരടക്കം ആറുപേർ മരിച്ചു.ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു കത്തുകയായിരുന്നു.ഡൽഹിയിലെ ഒരു പ്രമുഖ മാളിന് സമീപം ഷോപ്പ് നടത്തുന്നവരുടെ കുടുംബവും അവരുടെ സുഹൃത്തുക്കളുമാണ് മരിച്ചത്. ആനന്ദ് കുമാർ സോണി,ഭാര്യ ഖുശ്‌ബു,മക്കൾ ആര്യൻ,ആരാധന,സോണിയുടെ സുഹൃത്ത് വിനയകുമാർ,അഭയ് കുമാർ എന്നിവരാണ് മരിച്ചത്.
ഏഷ്യാകപ്പ് വനിതാ ഹോക്കി;ഇന്ത്യ ജേതാക്കൾ
കാകമിഗഹാര: ഏഷ്യാകപ്പ് ഹോക്കി ചാംപ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾ ജേതാക്കൾ. ജപ്പാനിലെ കാകമിഗഹാരയിൽ നടന്ന ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ കിരീടം കരസ്ഥമാക്കിയത്.ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യൻ വിജയം.സ്കോർ: 5-4. 13 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ് ഹോക്കിയിൽ കിരീടം നേടുന്നത്. കിരീടനേട്ടത്തോടെ ഇന്ത്യ അടുത്ത വർഷം നടക്കുന്ന ഹോക്കി ലോകകപ്പിൽ സ്ഥാനമുറപ്പിച്ചു.നിശ്ചിത മത്സര സമയത്ത് ഇരുടീമുകളും ഓരോഗോൾ വീതം നേടി സമനില പാലിച്ചു.തുടർന്ന് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോവുകയായിരുന്നു. ആദ്യ അഞ്ച് ഷോട്ടുകളിൽ നാലെണ്ണം ലക്ഷ്യത്തിലെത്തിക്കാൻ ഇന്ത്യക്കും ചൈനയ്ക്കും കഴിഞ്ഞു. ഇതോടെ കളി സഡൻഡെത്തിലേക്കു നീണ്ടു.സഡൻ ഡെത്തിൽ ഇന്ത്യക്ക് വേണ്ടി റാണി ലക്ഷ്യംകണ്ടു. ചൈനയുടെ ശ്രമം പാഴായതോടെ ഇന്ത്യ 5-4ന് എന്ന നിലയിൽ വിജയം ഉറപ്പിച്ചു.ടൂർണമെന്‍റിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യൻ വനിതകൾ നേട്ടം സ്വന്തമാക്കിയത്.
ഫെബ്രുവരി ആറിനകം മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കണം
ന്യൂഡൽഹി:ഫെബ്രുവരി ആറിനകം മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കണം.ഇത് കൂടാതെ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിനും ആധാർ നിർബന്ധമാക്കണമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മൊബൈൽ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി സുപ്രീം കോടതി നിശ്ചയിച്ചതിനാൽ അത് കേന്ദ്ര സർക്കാരിന് മാറ്റാനാകില്ല.അതേസമയം ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ വിശദീകരണം നൽകിയത്.അതേസമയം ആധാർ സ്വകാര്യതയുടെ ലംഘനമാണോ എന്ന കാര്യം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കുകയാണ്.
ചെന്നൈയിൽ കനത്ത മഴ തുടരുന്നു;സ്കൂളുകൾക്ക് ഇന്ന് അവധി
ചെന്നൈ:ചെന്നൈയിൽ കനത്ത മഴ തുടരുന്നു.കഴിഞ്ഞ ദിവസം അഞ്ചു മണിക്കൂർ തുടർച്ചയായി പെയ്ത കനത്ത മഴയിൽ ചെന്നൈ നഗരം സ്തംഭിച്ചിരിക്കുകയാണ്. ഇന്നലെ അർധരാത്രി വരെ ചെന്നൈ നഗരത്തിൽ പെയ്തത് 153 സെന്റീമീറ്റർ മഴയാണ്.2015 ലെ പ്രളയത്തിന് ശേഷം ചെന്നൈയിൽ പെയ്യുന്ന ഏറ്റവും കനത്ത മഴയാണിത്.കനത്ത മഴയെ തുടർന്ന് സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.അണ്ണാ സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു.ഇന്ന് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.കുറച്ചു ദിവസം മുൻപ് സംസ്ഥാനത്തിന്റെ തെക്കൻ തീരത്തെത്തിയ വടക്കുകിഴക്കൻ മൺസൂണാണ് കനത്ത മഴയ്ക്ക് കാരണമായതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.ഈ പ്രതിഭാസം രണ്ടുമൂന്നു ദിവസം കൂടി നീണ്ടുനിൽക്കുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. അതേസമയം ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ അടിയന്തിര സാഹചര്യങ്ങളും നേരിടാൻ സർക്കാർ സജ്ജമാണെന്നും മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കി.പ്രളയ ബാധിത പ്രദേശത്ത് ആളുകളെ മാറ്റി പാർപ്പിക്കാൻ 115 താൽക്കാലിക കേന്ദ്രങ്ങൾ തുറന്നതായും അദ്ദേഹം പറഞ്ഞു.
സ്നാക്ക്സ് പായ്ക്കറ്റിനുള്ളിലെ റബ്ബർ പാവ കഴിച്ചു നാലുവയസ്സുകാരൻ മരിച്ചു
ആന്ധ്രാപ്രദേശ്:സ്നാക്സ് പായ്‌ക്കറ്റിനുള്ളിലെ റബ്ബർ പാവ തൊണ്ടയിൽ കുടുങ്ങി നാല് വയസ്സുകാരൻ മരിച്ചു.ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം.അമ്മയോടൊപ്പം പാൽ വാങ്ങാനായി കടയിൽപോയ കുഞ്ഞ് കടയിൽ നിന്നും സ്നാക്ക്സ് വാങ്ങുകയും വീട്ടിലേക്ക് പോകുംവഴി കഴിക്കുകയും ചെയ്തു.എന്നാൽ പായ്‌ക്കറ്റിനുളളിലുണ്ടായിരുന്ന ചെറിയ പാവ ഭക്ഷ്യയോഗ്യമാണെന്നു കരുതി കുട്ടി കഴിക്കുകയായിരുന്നു.പാവ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയും ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടി കുഴഞ്ഞു വീഴുകയുമായിരുന്നു. തൊണ്ടയിൽ നിന്നും പാവ എടുക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിന്റെ തുടർന്ന് കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
യുപിയില്‍ ബിസ്കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
യു.പി:യുപിയില്‍ ബിസ്കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.ഉത്തർപ്രദേശിലെ ബാധോഹിയിലുള്ള റായയിലെ ദീനദയാൽ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം.പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 കുട്ടികളുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ സതീഷ് സിംഗ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കലക്റ്റർ ഉത്തരവിട്ടിട്ടുണ്ട്.