നിർമൽ ചിട്ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതി കീഴടങ്ങി

keralanews nirmal chit fund fraud case main accused arrested

മധുര:നിർമൽ ചിട്ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതി കെ.നിർമലൻ കീഴടങ്ങി.മധുര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നിർമലൻ കീഴടങ്ങിയത്.കഴിഞ്ഞ രണ്ടു മാസമായി ഇയാൾ ഒളിവിലായിരുന്നു.നേരത്തെ ഇയാൾ മുൻ‌കൂർ ജാമ്യത്തിനായി തിരുവനന്തപുരം ജില്ലാ കോടതിയിലും തമിഴ്‌നാട് ഹൈക്കോടതിയിലെ മധുര ബെഞ്ചിനെയും സമീപിച്ചിരുന്നു.ക്രൈം ബ്രാഞ്ചും തമിഴ്‌നാട് പോലീസുമാണ് കേസിൽ അന്വേഷണം നടത്തുന്നത്.പതിനായിരത്തോളം നിക്ഷേപകരിൽ നിന്നായി 600 കോടിയോളം രൂപ നിർമൽ കൃഷ്ണ ചിട്ടിക്കമ്പനി പിരിച്ചെടുത്തിട്ടുണ്ടെന്നാണ് ആരോപണം.ഇവരിൽ  നാലായിരത്തോളം പേരാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.കേസിൽ അകെ 22 പ്രതികളാണുള്ളത്.ഇവരിൽ അഞ്ചുപേരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തൃശൂർ പൂരവും കുംഭമേളയും ആക്രമിക്കുമെന്ന് ഐഎസ് സന്ദേശം

keralanews is message to attack thrissur pooram and kumbhamela

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ ആക്രമണം നടത്തുമെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് സന്ദേശം. തൃശൂർ പൂരവും,കുംഭമേളയും ആക്രമിക്കുമെന്നും ശബ്ദ സന്ദേശത്തിലൂടെ ഐഎസ് മുന്നറിയിപ്പ് നൽകി.പത്ത് മിനിറ്റ് നീണ്ടു നിൽക്കുന്ന സന്ദേശം  മലയാളത്തിലാണ് അയച്ചിരിക്കുന്നതെന്നാണ് വിവരം.ആളുകൾ കൂടുന്ന ആഘോഷ പരിപാടികൾക്കിടെ ആക്രമം നടത്തുമെന്നാണ് മുന്നറിയിപ്പ്.പുരുഷ ശബ്ദത്തിലുള്ള മുന്നറിയിപ്പ് ഐഎസിന്‍റേതായി പുറത്തുവരുന്ന അൻപതാമത്തെ ശബ്ദസന്ദേശമാണെന്നാണ് വിവരം. ലാസ്‌വേഗസിലുണ്ടായ വെടിവയ്പിനു സമാനമായ തരത്തിലുള്ള ആക്രമണം നടത്തുമെന്ന് സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. തങ്ങൾ ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിട്ടുണ്ടെന്നും ലാസ്‌വേഗസിൽ തങ്ങൾക്ക് ഒരു അനുയായി നഷ്ടമായെന്നും സന്ദേശത്തിൽ പറയുന്നു.അഫ്ഗാനിസ്ഥാനിൽ നിന്നുമാണ് സന്ദേശമെത്തിയതെന്നും കാസർഗോട്ടു നിന്നും ഐഎസിൽ ചേരാനായി പോയ റാഷിദ് അബ്ദുള്ള എന്നയാളുടേതാണ് ശബ്ദമെന്നുമാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ചെന്നൈയിൽ യുവതിയെ വീടിനുള്ളിൽ തീയിട്ടു കൊന്നു

keralanews woman was burnt alive in her house in chennai

ചെന്നൈ:ചെന്നൈയിൽ യുവതിയെ വീടിനുള്ളിൽ തീയിട്ടു കൊന്നു.ചെന്നൈ ആഡംബക്കത്താണ് സംഭവം.ഇന്ദുജയെന്ന യുവതിയാണ് മരിച്ചത്.യുവതിയുടെ പുറകെ കാലങ്ങളായി പ്രണയാഭ്യർത്ഥനയുമായി നടക്കുന്നയാളാണ്‌ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.യുവതിയെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും പൊള്ളലേറ്റു.ഇവരെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

ചെന്നൈയിൽ വീണ്ടും കനത്ത മഴ;സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

keralanews heavy rain in chennai holiday for school

ചെന്നൈ:ഞായറാഴ്ച രാത്രി മുതൽ കനത്ത മഴ പെയ്തതോടെ ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലായി.മഴ ഇന്നും തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈ,തിരുവള്ളൂർ,കാഞ്ചിപുരം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അധികൃതർ അവധി പ്രഖ്യാപിച്ചു.ഒക്ടോബർ അവസാന വാരം പെയ്ത വടക്കുകിഴക്കൻ കാലവർഷവും ചെന്നൈയിൽ അതിശക്തമായിരുന്നു.ഇതേ തുടർന്ന് അടച്ചിട്ട സ്കൂളുകൾ കഴിഞ്ഞ  ചൊവ്വാഴ്ചയാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്.2015 ഇൽ ഉണ്ടായ പ്രളയ ഭീതി നിലനിൽക്കുന്നതിനാൽ കനത്ത ജാഗ്രത നിർദേശമാണ് ചെന്നെയിൽ നൽകിയിരിക്കുന്നത്. ചെന്നൈയിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യത ഇപ്പോഴില്ലെന്നു ഇ പളനിസ്വാമി അറിയിച്ചിട്ടുണ്ട്.താഴ്ന്ന പ്രദേശങ്ങളിൽ മാത്രമാണ് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നത്. ജയലളിത മുഖ്യമന്ത്രി ആയിരിക്കുമ്പോൾ നിർമാണം ആരംഭിച്ച വാട്ടർ ഡ്രെയിൻ പദ്ധതി അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

റെസ്റ്റോറന്റുകളുടെ ജി എസ് ടി അഞ്ചു ശതമാനമാക്കി കുറച്ചു

keralanews the gst of restaurants reduced to five percentage

ന്യൂഡൽഹി:ഹോട്ടൽ ഭക്ഷണത്തിനുള്ള ജി എസ് ടി അഞ്ചു ശതമാനമാക്കി കുറച്ചു.ഇതോടെ ഹോട്ടൽ ഭക്ഷണത്തിന് വില കുറയും .ഇന്നലെ ഗുവാഹത്തിയിൽ ചേർന്ന ജി എസ് ടി കൗൺസിലിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് നികുതി 28 ശതമാനമായി തുടരും.നവംബർ 15 മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും.ജി എസ് ടി നിരക്കിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നതോടെ 117 ഉത്പന്നങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്നും 18 ശതമാനമായി കുറച്ചിട്ടുണ്ട്.ഇനി മുതൽ 28 ശതമാനം നികുതി 50 ഉത്പന്നങ്ങൾക്ക് മാത്രമാകും ബാധകമാവുക. അതേസമയം ഇത്രയധികം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നത് രാജ്യത്തിൻറെ വാർഷിക വരുമാനത്തിൽ വർഷം 20,000 കോടി രൂപയുടെ കുറവുണ്ടാക്കിയേക്കും.അതിനാൽ നികുതി ഘടന മാറ്റുന്നതിന് സമയമെടുക്കുമെന്ന് ജി എസ് ടി നെറ്റ്‌വർക്ക് സംബന്ധിച്ച മന്ത്രിതല സമിതിയുടെ കൺവീനറും ബീഹാർ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോഡി പറഞ്ഞു.

117 ഇനങ്ങളുടെ ജി എസ് ടി 28 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി കുറച്ചു

keralanews gst of 117 items reduced to 18 percent

ന്യൂഡൽഹി:വിമർശനങ്ങൾക്ക് നടുവിൽ ചരക്കുസേവന നികുതിയിൽ മാറ്റങ്ങൾ വരുത്തി ജി എസ് ടി കൗൺസിൽ.117 ഇനങ്ങളുടെ ചരക്കു സേവന നികുതി (ജിഎസ്ടി) 28 ശതമാനത്തിൽനിന്നു 18 ശതമാനമായി കുറച്ചു. ഇന്നു ചേർന്ന ജിഎസ്ടി കൗണ്‍സിലിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ചോക്കലേറ്റ്,ച്യുയിങ്ങ്ഗം,സോപ്പുപൊടി,ആഫ്റ്റർഷെവ് ലോഷൻ,മാർബിൾ, ഷേവിങ്ങ് സ്പ്രേകൾ,ഗ്രാനൈറ്റ്,മേക്കപ്പ് സാധനങ്ങൾ,ഷാംപൂ എന്നിവയ്ക്കാണ് പ്രധാനമായും വിലകുറയുക.പുകയില ഉത്പന്നങ്ങൾ, സിഗരറ്റ്, കോളകൾ, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എയർകണ്ടീഷണർ, പെയിന്‍റ്, സിമന്‍റ് എന്നിവയുടെ നികുതിയിൽ മാറ്റമില്ല. ഇവയെ 28 ശതമാനം ജിഎസ്ടിയിൽ തന്നെ നിലനിർത്തി.50 ഉൽപ്പന്നങ്ങൾക്ക് മാത്രം ഇനി ഉയർന്ന നികുതി നൽകിയാൽ മതിയാകും.റിട്ടേണ്‍ ഫയലിംഗ് വൈകിയാലുള്ള പിഴ ദിവസം 200 രൂപയിൽനിന്നു 50 രൂപയായും കുറച്ചു.

ടിപ്പു ജയന്തി ആഘോഷം;കുടകിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

keralanews tippu jayanti celebration police announced prohibitory order in kudak

ബെംഗളൂരു:ടിപ്പു ജയന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലുള്ള സംഘർഷം കണക്കിലെടുത്ത് പോലീസ് കുടകിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ആഘോഷങ്ങൾക്കായി സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.നവമ്പർ പത്തിന് ടിപ്പു ജയന്തി ആഘോഷിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തെ ബിജെപി ഇന്നലെയും എതിർത്തിരുന്നു.നിരോധനാജ്ഞ ലംഘിച്ച് കുടകിലും ഹൂബ്ലിയിലും പ്രതിഷേധ പ്രകടനം നടത്തിയ ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ഇവിടെ സർക്കാർ ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി.ടിപ്പു സുൽത്താൻ രാജ്യ സ്നേഹിയായിരുന്നുവെന്നും ബ്രിടീഷുകാർക്കെതിരെ നിരവധി യുദ്ധങ്ങൾ ചെയ്തിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു.എന്നാൽ ടിപ്പു നിരവധി കുടകരെ കൊന്നൊടുക്കിയ ക്രൂരനായ ഭരണാധികാരി ആയിരുന്നു എന്നാണ്  ബിജെപി ആരോപിക്കുന്നത്.

കനത്ത പുകമഞ്ഞ്;ഡൽഹിയിൽ പതിനെട്ടു കാറുകൾ കൂട്ടിയിടിച്ചു

keralanews heavy smoke 18 vehicles collided in delhi

ന്യൂഡൽഹി:കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ പതിനെട്ടു കാറുകൾ ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിച്ചു.ഡൽഹി എക്സ്പ്രസ് ഹൈവേയിലാണ് അപകടം.വ്യവസായ ശാലകളിൽ നിന്നും വാഹനങ്ങളിൽ നിന്നുമുള്ള പുകയും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പടക്കങ്ങൾ പൊട്ടിച്ചപ്പോഴുണ്ടായ പുകയും എല്ലാം ചേർന്ന് ഡൽഹിയിൽ കനത്ത പുകമഞ്ഞ് രൂപപ്പെടുകയായിരുന്നു.ഇരുപതു മീറ്റർ അടുത്തുള്ളയാളെ വരെ കാണാൻ പറ്റാത്ത വിധമാണ് പുകമഞ്ഞ് മൂടിയിരിക്കുന്നു.ഇതിനെ തുടർന്ന് ഡൽഹിയിലെ സ്കൂളുകൾക്ക് സർക്കാർ ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.രാവിലെ അത്യന്തം മലിനീകരിക്കപ്പെട്ട വായുവാണ് നേരിടേണ്ടി വരികയെന്നും അതിനാൽ രാവിലെ പുറത്തിറങ്ങിയുള്ള പഠനങ്ങളും  കായിക മത്സരങ്ങളും ഒഴിവാക്കണമെന്നും ഡോക്റ്റർമാർ നിർദേശിച്ചിട്ടുണ്ട്.ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ 300 ശാഖകൾ പൂട്ടാനൊരുങ്ങുന്നു

keralanews punjab national bank plans to close 300 branches

ന്യൂഡൽഹി:പഞ്ചാബ് നാഷണൽ ബാങ്കിന്റെ 300 ശാഖകൾ പൂട്ടാനൊരുങ്ങുന്നു.നഷ്ടത്തിൽ പ്രവർത്തിക്കുന്ന 200 മുതൽ 300 ശാഖകൾ വരെയാണ് പൂട്ടാനൊരുങ്ങുന്നത്.ഈ ശാഖകൾ മറ്റു ശാഖകളുമായി ലയിപ്പിക്കുകയോ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുകയോ ചെയ്യാനാണ് തീരുമാനം.ഒരു വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് ഡയറക്റ്ററും സിഇഒയുമായ സുനിൽ മേത്ത അറിയിച്ചു. നഷ്ടത്തിൽ പ്രവർത്തിക്കുന്ന ശാഖകൾ ലാഭത്തിലാക്കുകയാണ് ബാങ്കിന്റെ ലക്‌ഷ്യം.ഡിജിറ്റലൈസേഷന്റെ ഭാഗമായി ബാങ്കുകൾ ശാഖകൾ അടയ്ക്കുകയും ബിസിനസ് സെന്ററുകൾ കൂടുതൽ തുറക്കുകയുമാണ് ചെയ്യുന്നത്.

സ്കൂൾ കുട്ടികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒൻപതുപേർ മരിച്ചു

keralanews nine students killed in an accident in panjab

ചണ്ഡീഗഡ്:സ്കൂൾ കുട്ടികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒൻപതുപേർ മരിച്ചു.ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റു.പഞ്ചാബിലെ ബാദിൻഡ  ജില്ലയിലാണ് സംഭവം.സംഭവസ്ഥലത്തെ ഫ്‌ളൈഓവറിന്റെ ഓരത്ത് നിൽക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് ട്രക്ക്പാഞ്ഞുകയറുകയായിരുന്നു.മൂടൽ മഞ്ഞ് കാരണം ഡ്രൈവർക്ക് കാഴ്ച മങ്ങിയതാണ് അപകടകാരണം.വിദ്യാർഥികൾ സ്കൂലേക്ക് പോകാനായി കയറിയ ബസ് മറ്റൊരു മിനി ബസുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബേസിൽ നിന്നും ഇറങ്ങി മറ്റൊരു വാഹനത്തിനായി വിദ്യാർഥികൾ കാത്തു നിൽക്കുമ്പോഴാണ് അപകടമുണ്ടായത്.പിന്നിൽ നിന്നും വന്ന ട്രക്ക് വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.