പനാജി:ഗോവ ഐഎഫ്എഫ്‌ഐയിൽ മലയാളി താരം പാർവതിയെ മികച്ച നടിയായി തിരഞ്ഞെടുത്തു.ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്ക്കാരം. ഇതാദ്യമായാണ് ഐഎഫ്എഫ്‌ഐയിൽ ഒരു മലയാളി താരം അവാർഡ് നേടുന്നത്.
മുൻ കലക്റ്റർ പ്രശാന്ത് നായർ അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രെട്ടറി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായരെ നിയമിച്ചു. അഞ്ചു വര്‍ഷത്തേക്കാണു നിയമനം. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. കോഴിക്കോട് കളക്ടറായിരുന്നപ്പോള്‍ നിരവധി ജനകീയ പദ്ധതികള്‍ നടപ്പിലാക്കിയ പ്രശാന്ത് നായര്‍ “കളക്ടര്‍ ബ്രോ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിശപ്പില്ലാത്തവരുടെ നഗരത്തിനായി ഒരുക്കിയ ഓപ്പറേഷന്‍ സുലൈമാനി വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറാക്കിയ സവാരി ഗിരി ഗിരി തുടങ്ങി നിരവധി ജനകീയ പദ്ധതികളിലൂടെയാണ് പ്രശാന്ത് നായര്‍ “കലക്ടര്‍ ബ്രോ’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായർ ഇപ്പോൾ അവധിയിലാണ്.കളക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുക്കാതെ അദ്ദേഹം അവധിയില്‍ പോകുകയായിരുന്നു.
ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: സർക്കാരിന്‍റെ വിവിധ ക്ഷേമ പദ്ധതികൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ആധാര്‍ കേസില്‍ ഇടക്കാല സ്റ്റേ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.ആധാര്‍ നിര്‍ബന്ധമാക്കിയുള്ള ഹര്‍ജികളില്‍ അടുത്തയാഴ്ച മുതല്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ വെല്ലൂരിൽ നാല് പ്ലസ് വൺ വിദ്യാർത്ഥിനികൾ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു
തമിഴ്‌നാട്:തമിഴ്‍നാട്ടിലെ വെല്ലൂരിൽ അദ്ധ്യാപികയുടെ ശകാരത്തിൽ മനം നൊന്ത് നാല് പ്ലസ് വൺ വിദ്യാർത്ഥിനികൾ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു.ചെന്നൈയിൽ നിന്നും 88 കിലോമീറ്റർ അകലെ പനപക്കം ഗ്രാമത്തിലെ സ്കൂളിന് സമീപമുള്ള കിണറ്റിലാണ് വിദ്യാർത്ഥിനികൾ ഒരുമിച്ചു ചാടിയത്.പനപക്കം സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികളായ രേവതി,ശങ്കരി,ദീപിക,മനീഷ എന്നിവരാണ് ആത്മഹത്യ ചെയ്തത്.ഇവർ പഠനത്തിൽ മോശമായതിനെ തുടർന്ന് അദ്ധ്യാപിക ശകാരിക്കുകയും രക്ഷിതാവിനെ വിളിച്ചു കൊണ്ടുവരുവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇതേ തുടർന്നാണ് കുട്ടികൾ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.ഇതിൽ രേവതി,ശങ്കരി,ദീപിക എന്നിവരുടെ മൃതദേഹം ഇന്നലെയും മനീഷ എന്ന വിദ്യാർത്ഥിനിയുടെ മൃതദേഹം ഇന്ന് രാവിലെയുമാണ് കണ്ടെത്തിയത്.നാട്ടുകാരും അഗ്‌നിശമനസേനാംഗങ്ങളും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.അതേസമയം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളോട് കാണിക്കുന്ന സാധാരണ നടപടികൾ മാത്രമാണ് ഇവർക്കെതിരെ ഉണ്ടായിട്ടുള്ളതെന്ന വിശദീകരണവുമായി സ്കൂൾ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.ഹാജർ നിലയും മാർക്കും കുറഞ്ഞ പതിനാലു വിദ്യാർത്ഥികളോട് രക്ഷിതാക്കളെ കൊണ്ടുവരുവാൻ ആവശ്യപ്പെട്ടിരുന്നു.ഇവരിൽ പത്തുപേരും വെള്ളിയാഴ്ച മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവന്നിരുന്നു.ഇതിൽ ഭയന്നാകാം വിദ്യാർത്ഥിനികൾ കിണറ്റിൽ ചാടിയതെന്നാണ് പ്രാഥമിക വിവരം.
ഉത്തർപ്രദേശിൽ ട്രെയിൻ പാളംതെറ്റി മൂന്നുപേർ മരിച്ചു;എട്ടുപേർക്ക് പരിക്കേറ്റു
ലഖ്‌നൗ:ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിൽ ട്രെയിൻ പാളം തെറ്റി മൂന്നുപേർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് പുലർച്ചെ നാലുമണിയോട് കൂടി മണിക്പൂർ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.ഗോവയിലെ വാസ്കോ ഡാ ഗാമയിൽ നിന്നും ബീഹാറിലെ പാട്നയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.ട്രെയിനിന്റെ 13 കോച്ചുകളാണ് പാളം തെറ്റിയത്.പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഉത്തർപ്രദേശിൽ മാസങ്ങൾക്കിടെ ഉണ്ടാകുന്ന നാലാമത്തെ വലിയ ട്രെയിൻ അപകടമാണിത്.കഴിഞ്ഞ ഓഗസ്റ്റിൽ ഖട്ടോലിൽ പുരി-ഹരിദ്വാർ ഉത്ക്കൽ എക്സ്പ്രസ് പാളം തെറ്റി 20 പേർ മരിച്ചിരുന്നു.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്
ന്യൂഡൽഹി:രാഹുൽ ഗാന്ധിയെ കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിച്ചു. ഡിസംബർ ഒന്നാം തീയതി വിജ്ഞാപനം ഇറങ്ങും.ഡിസംബർ നാല് വരെ നാമനിർദേശപത്രിക നൽകാം.എതിർ സ്ഥാനാർഥികളില്ലെങ്കിൽ 11ന് രാഹുൽ ഗാന്ധിയെ അധ്യക്ഷനായി പ്രഖ്യാപിക്കും.എതിർ സ്ഥാനാർഥികളുണ്ടെങ്കിൽ ഡിസംബർ 16ന് വോട്ടെടുപ്പ് നടത്തുകയും 19ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. രാഹുലിനെ അധ്യക്ഷനാക്കുന്നതിനുള്ള പ്രമേയം യോഗം പാസാക്കി.അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണി ഉപാധ്യക്ഷനായേക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഇന്ത്യൻ ഓയൽ കോർപ്പറേഷൻ ഇലക്ട്രിക്ക് വാഹന ചാർജ്ജിങ്ങ് സ്റ്റേഷൻ ആരംഭിച്ചു.
നാഗ്പ്പൂർ: ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് വേണ്ടിയുള്ള ആദ്യത്തെ ചാർജിങ്ങ് സ്റ്റേഷൻ നാഗ്പ്പൂരിൽ പ്രവർത്തനമാരംഭിച്ചു. രണ്ടായിരത്തി മുപ്പത്തോടെ പെട്രോൾ/ ഡീസൽ വാഹനങ്ങളുടെ ഉൽപ്പാദനത്തിൽ നിയന്ത്രണം കൊണ്ടുവരുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷമുള്ള ഈ മേഖലയിലെ ആദ്യ കാൽവെപ്പാണ് ഇന്ത്യൻ ഓയൽ കോർപ്പറേഷൻ സാക്ഷാത്കരിച്ചത്.
ജർമ്മനി ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഡീസൽ / പെട്രോൾ വാഹനങ്ങളുടെ ഉൽപ്പാദനത്തിൽ നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയിലെ ഓയൽ കമ്പനികളും ചുവട് മാറ്റി തുടങ്ങിയിരിക്കുകയാണ്.
ഇലക്ട്രിക്ക് വാഹനങ്ങളുടെ കടന്നു കയറ്റം വിപണിയെ ബാധിക്കുന്ന പക്ഷം ഗ്യാസോ ലൈനിനെ മറ്റ് മൂല്യവർദ്ധിത ഉത്പ്പനങ്ങളാക്കി മാറ്റി വിപണിയിൽ ബിസിനസ്സ് സാദ്ധ്യത നിലനിർത്താനാവുമെന്ന് കഴിഞ്ഞ വാരം ഐ.ഒ.സി ചെർമാൻ സഞ്ജീവ് സിംഗ് സമൂഹമാസ്യമങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു.
ടോയോട്ട ഉൾപ്പെടെയുള്ള പല മുൻനിര വാഹന നിർമ്മാതാക്കളും ഇലക്ട്രിക്ക് വാഹനങ്ങളുടെ പുത്തൻ മോഡലുകൾ വിപണിയിൽ എത്തിക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ്.
ഡിസംബർ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം നൽകി ശ്രീ രാജ്‌പുത് കർണി സേന
ബെംഗളൂരു:ഭാരത് ബന്ദിന് ആഹ്വാനം നൽകി ശ്രീ രാജ്‌പുത് കർണി സേന.ബോളിവുഡ് ചിത്രം ‘പത്മാവതി’ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ഡിസംബർ ഒന്നിനാണ് രാജ്യവ്യാപക ബന്ദിന് ആഹ്വാനം നൽകിയിരിക്കുന്നത്.സിനിമയ്‌ക്കെതിരെ കൂടുതൽ പ്രമുഖർ പ്രക്ഷോഭകാരികൾക്ക് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയിട്ടുണ്ട്.ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചു ബിജെപി രാജസ്ഥാൻ അധ്യക്ഷൻ അശോക് പർണാമി, കോൺഗ്രസ് രാജ്യസഭാംഗം സഞ്ജയ് സിങ്,ഉദ്യപൂർ രാജകുടുംബാംഗം ലക്ഷ്യരാജ് സിംഗ് എന്നിവർ നേരത്തെ രംഗത്തു വന്നിരുന്നു.സിനിമയിലെ രംഗങ്ങൾ ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തുന്നുവെങ്കിൽ അതിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ്സും ആവശ്യപ്പെട്ടു. ഇതിനിടെ താൻ ‘പത്മാവതി’ കണ്ടുവെന്നും അതിൽ എതിർക്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും അഭിപ്രായപ്പെട്ടതുമായുള്ള വാർത്ത സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി നിഷേധിച്ചു.’പത്മാവതി’യുടെ റിലീസ് തടയാൻ ആർക്കും കഴിയില്ലെന്ന ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ പ്രസ്താവന പ്രകോപനപരമാണെന്ന് കർണി സേന നേതാവ് ലോകേന്ദ്ര സിംഗ് കാൽവി പറഞ്ഞു.ഗുരുഗ്രാം.പാറ്റ്ന,ഭോപ്പാൽ എന്നിവിടങ്ങളിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കാനും കർണി സേനയ്ക്ക് പദ്ധതിയുണ്ട്.
ഇന്ത്യൻ സ്കൗട്ട് ബോബർ ഇന്ത്യ ബൈക്ക് വീക്കിൽ അവതരിപ്പിക്കാനൊരുങ്ങുന്നു
അമേരിക്കൻ നിർമാതാക്കളുടെ സ്കൗട്ട് നിരയിലേക്കുള്ള പുതിയ അംഗമായ ഇന്ത്യൻ സ്കോട്ട് ബോബർ 2017 നവംബർ 24 ന് ഇന്ത്യയിൽ അവതരിപ്പിക്കും.ഈ വർഷം ജൂലൈയിൽ ബൈക്ക് പുറത്തിറക്കിയിരുന്നെങ്കിലും നവംബർ 24 ന് നടക്കുന്ന ഇന്ത്യൻ ബൈക്ക് വീക്കിൽ പുതിയ മോഡൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ലാളിത്യമാർന്ന എൻജിൻ കവറുകൾക്ക് ഒപ്പം എത്തുന്ന സ്കൗട്ട് ബോബർ സൗട്ടിന്റെ മറ്റൊരു അവതാരമാണ്.സ്കോട്ട് കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിലും പുതിയ മോഡലിന് ചില മെക്കാനിക്കൽ മാറ്റങ്ങൾ ഉണ്ടാകും. ഏകദേശം പതിനാറു ലക്ഷം രൂപ മുതലാണ് പുതിയ മോഡലിന്റെ വില ആരംഭിക്കുന്നത്.ഇന്ത്യൻ എന്ന ക്ലാസിക് എഴുത്തിനു പകരം പുതിയ ബ്ലോക്ക് ലെറ്ററുകളാണ് ഫ്യൂവൽ ടാങ്കിൽ ഇടം പിടിക്കുന്നത്.1133 സിസി ലിക്വിഡ് കൂൾഡ്,തണ്ടർ സ്ട്രോക്ക് 111 വി-ട്വിൻ എൻജിനിലാണ് സ്കൗട്ട് ബോബർ എത്തുന്നത്.100 bhp കരുത്തും 97.7 Nm torque ഉം ഏകുന്ന എൻജിനിൽ 6 സ്പീഡ് ഗിയർബോക്സും ഒരുങ്ങുന്നു.വെട്ടിയൊതുക്കിയ ഫെൻഡറുകൾ,ബ്ലാക്ക്‌ഡ് ഔട്ട് സ്റ്റൈലിംഗ്, കൊഴുത്തുരുണ്ട ടയറുകൾ എന്നിവയാണ് പുതിയ സ്കൗട്ട് ബോബെറിന്റെ ഡിസൈൻ ഫീച്ചറുകൾ. ചെറിയ ബാർ ഏൻഡ് മിററുകൾക്ക് ഒപ്പമുള്ള പുതിയ ട്രാക്കർ സ്റ്റൈൽ ബാർ,സിസ്സി ബാറോടുകൂടിയ പാസ്സന്ജർ സീറ്റ്,സോളോ റാക്ക് ബാഗ്,സാഡിൽ ബാഗ് ഉൾപ്പെടുന്ന ഫുൾ ലൈൻ ആക്സസറികൾ എന്നിവ സ്കൗട്ട് ബോബെറിന്റെ പ്രത്യേകതകളാണ്. രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ നിന്നും 50000 രൂപ ടോക്കൺ പണമടച്ച് ഉപഭോക്താക്കൾക്ക് ഇന്ത്യൻ സ്കൗട്ട് ബോബർ ബുക്ക് ചെയ്യാം.
ഷെറിൻ മാത്യൂസിന്റെ മരണം;വളർത്തമ്മ അറസ്റ്റിൽ
ഡാളസ്:അമേരിക്കയിലെ ടെക്സസിൽ മൂന്നു വയസുകാരി ഷെറിൻ മാത്യൂസ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വളർത്തമ്മ മലയാളി സിനി മാത്യൂസ് അറസ്റ്റിൽ. മൂന്നു വയസുകാരിയെ വീട്ടിൽ തനിച്ചാക്കിയത് അപകടത്തിന് ഇടയാക്കിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. കേസിൽ ഭർത്താവ് വെസ്‌ലി മാത്യൂവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യുവും ഭാര്യ സിനിയും ചേർന്ന് ബിഹാറിലെ മദർ തെരേസ അനാഥ് സേവാ ആശ്രമത്തിൽ നിന്നാണ് ഷെറിനെ ദത്തെടുത്ത്.ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ഷെറിനെ കാണാതാവുന്നത്.വളർച്ചാപ്രശ്നം നേരിടുന്ന കുട്ടി പാലു കുടിക്കാൻ വിസമ്മതിച്ചപ്പോൾ വീടിനു പുറത്തുനിർത്തി ശിക്ഷിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കാണാതാകുകയുമായിരുന്നെന്നാണ് വെസ്‌ലി പോലീസിന് നല്‍കിയ മൊഴി.എന്നാൽ രണ്ടാഴ്ചയ്ക്കു ശേഷം തിങ്കളാഴ്ച കുഞ്ഞിന്‍റേതെന്നു കരുതുന്ന മൃതദേഹം വീട്ടിൽനിന്ന് മുക്കാൽ കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തി.എന്നാൽ പിനീടുള്ള ചോദ്യം ചെയ്യലിൽ നിർബന്ധിച്ചു പാലു കുടിപ്പിച്ചപ്പോൾ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.