ബെഗളൂരു:മൈസൂർ കൂട്ടബലാൽസംഗ കേസിൽ മലയാളി വിദ്യാർത്ഥികൾക്കും പങ്കെന്ന് സൂചന.സംഭവ ശേഷം കാണാതായ മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി. ഇവർ പിറ്റേദിവസത്തെ പരീക്ഷയെഴുതിട്ടില്ലെന്നാണ് വിവരം. ഒരു തമിഴ്‌നാട് സ്വദേശിയും കേസിൽ ഉൾപ്പെട്ടതായി പോലീസിന് സംശയമുണ്ട്. ഇവര്‍ നാല് പേരും പെണ്‍കുട്ടി പഠിക്കുന്ന അതേ കോളജിലെ വിദ്യാര്‍ത്ഥികളാണ്.കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രക്കൊപ്പം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് കേസന്വേഷണത്തിൽ നിർണായകമായ വെളിപ്പെടുത്തൽ ഐജി നടത്തിയത്. പ്രതികൾ നാട്ടുകാരായിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പ്രദേശവാസികളെ ചോദ്യം ചെയ്തതിൽ നിന്നും ഇവർക്ക് പങ്കില്ലെന്ന സൂചനകൾ പോലീസിന് ലഭിച്ചു. പിന്നീട് സ്ഥലത്തെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവുണ്ടാക്കിയത്. പ്രദേശത്ത് സംഭവസമയത്ത് ആക്ടീവായിരുന്ന സിം കാർഡുകൾ കേന്ദ്രീകരിച്ച അന്വേഷണം പ്രതികളെന്ന് സംശയിക്കുന്ന ആറ് പേരിലേക്ക് നയിച്ചു. ഇതിൽ നിന്നാണ് മൂന്ന് മലയാളി വിദ്യാർത്ഥികളിലേക്കും തമിഴ്‌നാട് സ്വദേശിയിലേക്കും പോലീസെത്തിയത്. ഇവർ മൈസൂർ സർവകലാശാലയിലെ വിദ്യാർത്ഥികളാണ്. കോളജിലെത്തി നടത്തിയ പരിശോധനയിലാണ് സംഭവശേഷം ഇവരെ കാണാനില്ലെന്ന വിവരം പോലീസിന് ലഭിച്ചത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായതും സംശയത്തിനിടയാക്കി.ഇവര്‍ കേരളത്തില്‍ ഒളിവില്‍ കഴിയുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും തിരിച്ചിരുന്നു.ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് കൂട്ടുകാരനെ ആക്രമിച്ചശേഷം ഇതര സംസ്ഥാനത്തുനിന്നുള്ള എം ബി എ വിദ്യാര്‍ഥിനിയായ 22 വയസ്സുകാരിയെ സംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസ്സിനും 30വയസ്സിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവിന്റെ മൊഴി. ക്ലാസ് കഴിഞ്ഞശേഷം രാത്രി 7.30 ഓടെയാണ് പെൺകുട്ടിയും സുഹൃത്തും ബൈക്കില്‍ പോയത്. തുടര്‍ന്ന് ബൈക്കില്‍നിന്നിറങ്ങി നടക്കുന്നതിനിടെയാണ് ആറംഗസംഘം ആക്രമിച്ചത്.
വിദ്യാർത്ഥികളുടെ ആവശ്യംതള്ളി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി; നീറ്റ് പരീക്ഷകള്‍ നിശ്ചയിച്ച തീയതിയില്‍ തന്നെ നടത്തും
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. സെപ്റ്റംബര്‍ 12നാണ് നിലവിലെ പരീക്ഷാ തീയതി. ദീര്‍ഘനാളായിട്ടുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇതോടെ തള്ളിക്കളഞ്ഞത്.നീറ്റ് പരീക്ഷ നടക്കുന്ന അതേ ആഴ്ചയില്‍ തന്നെയാണ് സി.ബി.എസ്.ഇയുടെ ഇംപ്രൂവ്മെന്‍റ് പരീക്ഷകളും നടക്കുന്നത്. അതുകൊണ്ട് തന്നെ നീറ്റ് മാറ്റണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. സെപ്റ്റംബര്‍ ആറാം തീയതി സി.ബി.എസ്.ഇ ബയോളജി, ഒന്‍പതാം തീയതി ഫിസിക്സ് എന്നീ വിഷയങ്ങളുടെ ഇംപ്രൂവ്മെന്‍റ് പരീക്ഷകളാണ് നടക്കുന്നത്.എന്നാല്‍ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് നീറ്റ് പരീക്ഷ തടസമാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എന്‍.ടി.എ ഡയറക്ടര്‍ ജനറല്‍ വിനീത് ജോഷി പരീക്ഷ മാറ്റില്ലെന്ന് അറിയിച്ചത്. നീറ്റ് പരീക്ഷാ ശ്രമങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ് തീയതി ഇപ്പോള്‍ മാറ്റിയാല്‍ അത് പരീക്ഷ രണ്ട് മാസത്തോളം വൈകുന്നതിന് ഇടയാക്കുമെന്ന് നേരത്തെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
മൈസൂരുവില്‍ കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിനിരയായ എം.ബി.എ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില അതീവഗുരുതരം;പ്രതികളെ കണ്ടെത്താനാവാതെ പോലീസ്
മൈസൂരു: മൈസൂരുവില്‍ കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിനിരയായ എം.ബി.എ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. കേസിലെ പ്രതികളെക്കുറിച്ച് പോലീസിന് ഇതുവരെ ഒരുവിവരവും ലഭിച്ചിട്ടില്ല.പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയനുസരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത് .ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് മൈസൂരു ചാമുണ്ഡി ഹില്‍സിലേക്കുള്ള ഒറ്റപ്പെട്ടവഴിയില്‍ വെച്ച് എം.ബി.എ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ ആണ്‍കുട്ടിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷമാണ് അഞ്ചുപേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത് . ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ചാമുണ്ഡി ഹില്‍സിലേയ്ക്കുള്ള വിജനമായ പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു ഇരുവരും . ഒറ്റയ്ക്കാണെന്ന് കണ്ട് അഞ്ചംഗ സംഘം ബൈക്കുകളില്‍ ഇവരെ പിന്തുടര്‍ന്നെത്തുകയായിരുന്നു. ആദ്യം കവര്‍ച്ചയ്ക്ക് ശ്രമിച്ച പ്രതികള്‍ പിന്നീട് ആണ്‍കുട്ടിയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ശേഷം പ്രതികള്‍ മുങ്ങി . ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രധാന റോഡിലേക്ക് എത്താനായത്. അവശതയില്‍ കണ്ട വിദ്യാര്‍ത്ഥികളെ ചില യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നിന്ന് അലനഹള്ളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പ്രത്യേകസംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് മൈസൂരു പോലീസ് കമ്മീഷണര്‍ ചന്ദ്രഗുപ്ത മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി .
രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ പെൻഷൻ തുക വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ പെൻഷൻ തുക 30% വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ.കേന്ദ്ര ധനകാര്യ വകപ്പ് മന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയിൽ ഇഎഎസ്ഇ 4.0 ലോഞ്ച് ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.ഇതോടെ പെൻഷൻ തുക 9384 രൂപയിൽ നിന്ന് 30000-35000 രൂപവരെ ആയി ഉയരും. ഈ മാസം മുതൽ ബാങ്ക് ജീവനക്കാരുടെ ശമ്പളവും വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൻഷൻ തുകയിലെ ഈ വർദ്ധനവ്.പെൻഷൻ വർദ്ധിപ്പിച്ചതിന്റെ ഭാഗമായി ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതവും വർദ്ധിപ്പിക്കും. കേന്ദ്രസർക്കാറിന്റെ നിർദ്ദേശത്തെതുടർന്നാണീ വർദ്ധനവ്. ഇതോടെ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി വർദ്ധിക്കും.
സെപ്റ്റംബര്‍ അഞ്ചിന് മുൻപ് അധ്യാപകർക്കുള്ള വാക്‌സിനേഷന്‍ പൂർത്തീകരിക്കണം; രണ്ടു കോടി അധിക ഡോസ് നല്‍കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സ്‌കൂളുകള്‍ തുറക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ നടപടി. സെപ്റ്റംബര്‍ അഞ്ചിന് അധ്യാപക ദിനത്തിനു മുൻപായി എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദേശം. ഇതിനായി പ്രതിമാസം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കുന്ന പതിവു ഡോസിനു പുറമേ, അധ്യാപക ദിനത്തിനു മുന്നോടിയായി രണ്ടു കോടി വാക്‌സിന്‍ ഡോസുകള്‍ അധികമായി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.സ്‌കൂള്‍ അധ്യാപകര്‍ക്കു മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. അതത് പ്രദേശത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സ്‌കൂള്‍ തുറക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ഇപ്പോള്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ സ്‌കൂളുകള്‍ കഴിഞ്ഞദിവസം തുറന്നിട്ടുണ്ട്. തമിഴ്‌നാട്ടില്‍ വൈകാതെ തുറക്കുമെന്നാണ് പ്രഖ്യാപനം. പകുതിയിലധികം അധ്യാപകരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടില്ല എന്ന വസ്തുത സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപകരുടെ സുരക്ഷ മുന്‍നിര്‍ത്തി വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിർബന്ധമാക്കി കര്‍ണാടക സർക്കാർ
ബെംഗളൂരു: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിർബന്ധമാക്കി കര്‍ണാടക സർക്കാർ.വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി നിരവധി മലയാളികള്‍ കര്‍ണാടകയില്‍ പിടിയിലായ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നത്. കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നടപ്പാക്കണമെന്നാണ് വിദഗ്ദ്ധ സമിതി ശുപാര്‍ശ. ഇവരെ ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.കേരളത്തില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ കര്‍ണാടകയില്‍ പോസിറ്റീവാകുന്ന അവസ്ഥയില്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നത്. കേരളത്തില്‍ നിന്നും എത്തുന്നവര്‍ ഏഴ് ദിവസത്തിന് ശേഷം നെഗറ്റീവ് ഫലം വരുന്നത് വരെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തുടരണമെന്നും ശുപാര്‍ശയിലുണ്ട്.
ഉത്തര്‍പ്രദേശില്‍ അജ്ഞാത പനിയെ തുടര്‍ന്ന് അഞ്ചു കുട്ടികള്‍ അടക്കം ആറുപേര്‍ മരിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അജ്ഞാത പനിയെ തുടര്‍ന്ന് അഞ്ചു കുട്ടികള്‍ അടക്കം ആറുപേര്‍ മരിച്ചു. ഒരു വയസ്സും രണ്ടു വയസ്സും ആറ് വയസ്സും ഒന്‍പത് വയസ്സുമുള്ള കുട്ടികള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടികള്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിങ്കളാഴ്ച മരിക്കുകയായിരുന്നു. മഥുരയില്‍ കഴിഞ്ഞാഴ്ചയാണ് നിരവധിപ്പേര്‍ക്ക് കൂട്ടത്തോടെ അജ്ഞാത രോഗം പിടിപെട്ടത്. മഥുര, ആഗ്ര അടക്കം വിവിധ ആശുപത്രികളില്‍ 80 ഓളം പേരാണ് ചികിത്സയിലിരിക്കുന്നത്.കൂട്ടത്തോടെ രോഗം ബാധിച്ച സ്ഥലത്ത് ഡോക്ടർമാരുടെ സംഘമെത്തി രോഗികളുടെ സാമ്പിളുകൾ ശേഖരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മലേറിയ, കോവിഡ്, ഡെങ്കിപ്പനി എന്നി രോഗങ്ങളാണോ ബാധിച്ചത് എന്ന് തിരിച്ചറിയുന്നതിനാണ് സാമ്പിൾ ശേഖരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.മരണകാരണം വ്യക്തമല്ല. ഡെങ്കിപ്പനിയാകാനാണ് സാധ്യത കൂടുതല്‍. രക്തത്തില്‍ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറഞ്ഞത് ഇതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
25 ഇന്ത്യക്കാർ ഉൾപ്പെടെ 78 പേരുമായി കാബൂളില്‍ നിന്നുള്ള എയര്‍ ഇന്‍ഡ്യ വിമാനം ഡെല്‍ഹിയിലെത്തി
ന്യൂഡൽഹി:കാബൂളില്‍ നിന്ന് വ്യോമസേനാ വിമാനത്തിൽ ഇന്നലെ താജിക്കിസ്താനിലെത്തിയവര്‍ ഇന്ന് എയര്‍ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഇറ്റാലിയന്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളിയായ സിസ്റ്റര്‍ തെരേസ അടക്കം 25 ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ 78 പേരാണ് വിമാനത്തിലുള്ളത്. സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പെടെ വിമാനത്താവളത്തിലെത്തി. തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരികന്‍ വിമാനത്തില്‍ കഴിഞ്ഞ ദിവസമാണ് താജിക്കിസ്ഥാനില്‍ എത്തിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാദൗത്യം ഈ മാസം 17നാണ് കേന്ദ്രസര്‍കാര്‍ തുടങ്ങിയത്.താലിബാന്‍ പിടിച്ചെടുത്ത് ഒരാഴ്ച പിന്നിടുമ്ബോഴും അഫ്ഗാനില്‍നിന്ന് ആയിരങ്ങള്‍ പലായനം തുടരുകയാണ്. രാജ്യം വിടാന്‍ നൂറുകണക്കിന് ആളുകള്‍ കാത്തിരിക്കുന്ന കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ തിക്കിലും തിരക്കിലുംപെട്ട് ഇതുവരെ 7 പേര്‍ മരിച്ചതായാണ് ബ്രിടീഷ് സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചത്. കാബൂള്‍ വിമാനത്താവളത്തിന് സമീപം 20 പേര്‍ മരിച്ചതായി നാറ്റോയും പറയുന്നു. അതേസമയം, അഫ്ഗാനിസ്താനില്‍ നിന്ന് സൈനിക പിന്‍മാറ്റം നേരത്തെ ഉറപ്പുനല്‍കിയതു പ്രകാരം ആഗസ്റ്റ് 31നകം പൂര്‍ത്തിയാക്കണമെന്ന് യു എസിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് താലിബാന്‍. ഇല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും താലിബാന്‍ വക്താവ് മുന്നറിയിപ്പു നല്‍കി.
രാജ്യത്ത് രണ്ടു ഡോസ് വാക്‌സിനെടുത്ത 87,000ത്തോളം പേര്‍ക്ക് കോവിഡ്; പകുതിയോളം കേസുകളും കേരളത്തില്‍
ന്യൂഡൽഹി: രാജ്യത്ത് രണ്ടു ഡോസ് വാക്‌സിനെടുത്ത 87,000ത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന വിവരമനുസരിച്ച് ഇതില്‍ 46 ശതമാനവും കേരളത്തിലാണ്.മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ അല്പമെങ്കിലും ശമനമുണ്ടെങ്കിലും കേരളത്തില്‍ കോവിഡ് ഗുരുതരമാകുന്ന സ്ഥിതിവിശേഷമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.അതേസമയം വാക്‌സിനെടുത്ത ശേഷം കോവിഡ് വന്ന 200 ഓളം പേരുടെ സാമ്പിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചതില്‍ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. 100 ശതമാനം വാക്‌സിനേഷന്‍ നടന്ന വയനാട്ടിലടക്കം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വൈറസിന്റെ പുതിയ വകഭേദമാണ് കൂടുതല്‍ മാരകമായത്. കൂടുതല്‍ പേര്‍ക്കും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചത്. രണ്ടാം കൊവിഡ് തരംഗം കുറഞ്ഞെങ്കിലും പുതിയ വകഭേദത്തിന് സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഉപഭോക്താക്കൾക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കി ബാങ്കുകൾ;അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും ഇനി മൂന്നിരട്ടി വരെ പണം പിൻവലിക്കാം
ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കി ബാങ്കുകൾ.ബാങ്ക് അക്കൗണ്ടുകളിൽ മതിയായ ബാലൻസ് ഇല്ലാതിരുന്നാലും ഇനി ആവശ്യമുള്ള പണം പിൻവലിക്കാവുന്നതാണ്. ബാങ്കിൽ ശമ്പള അക്കൗണ്ട് ഉള്ള വ്യക്തികൾക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് പ്രകാരം ബാങ്കിങ്ങ് സേവനം ഉപയോഗിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ ഈ ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കാം.ബാങ്കിന്റെ ഉപയോക്താക്കൾക്ക് അവരുടെ പ്രതിമാസ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ പിൽവലിക്കാവുന്നതാണ്.രാജ്യത്തെ മുൻ നിര ബാങ്കുകളായ എസ്ബിഐ, ഐസിഐസിഎ മുതലായ ബാങ്കുകകളും ഇത്തരത്തിലുള്ള ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കളുടെ അക്കൗണ്ടിൽ ഒരു രൂപ പോലും ഇല്ലെങ്കിലും ഈ സൗകര്യം ഉപയോഗിക്കാമെന്നത് ഈ സേവനത്തിന്റെ പ്രത്യേകതയാണ്. ഉപയോക്താക്കൾക്ക് അവരുടെ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ മുൻകൂർ ആയി ലഭിക്കുമെങ്കിലും ഓരോ ബാങ്കുകളും സേവനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോർ പരിശോധിച്ചാവും ഇത് വിലയിരുത്തുന്നത്. ഓവർ ഡ്രാഫ്റ്റ് സൗകര്യത്തിന് കീഴിലെടുക്കുന്ന പണത്തിന് ഓരോ ബാങ്കുകളും നിശ്ചിത നിരക്കിൽ പലിശ ഈടാക്കും 1% മുതൽ 3% വരെയായിരിക്കും ഇത്.