
ന്യൂഡൽഹി:ഡൽഹിക്ക് സമീപം നോയിഡയിൽ അമ്മയെയും മകളെയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.അഞ്ജലി അഗർവാൾ(42),മകൾ കനിക(11) എന്നിവരെയാണ് ഇന്ന് രാവിലെ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.അഞ്ജലിയുടെ മകൻ രാഘവിനെയാണ് കാണാതായിരിക്കുന്നത്.ഡിസംബർ മൂന്നിന് സൂറത്തിലേക്ക് പോയ അഞ്ജലിയുടെ ഭർത്താവ് ഭാര്യയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളും അയൽവാസികളും എത്തിയപ്പോൾ ഫ്ലാറ്റ് പുറത്തുനിന്നും പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. പിന്നീട് ഇവർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി വാതിൽ തകർത്ത് ഫ്ലാറ്റിൽ കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.മകനാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.ഫ്ളാറ്റിലെ സിസിടിവി യിൽ ഇവരുടെ മകൻ ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങുന്നതിന് ദൃശ്യങ്ങളുണ്ട്.അമ്മയുടെയും മകളുടെയും ശരീരത്ത് മുറിവുകളുണ്ടായിരുന്നു. രക്തംപറ്റിയ ക്രിക്കറ്റ് ബാറ്റും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തി. ഇത് ഉപയോഗിച്ചാണ് മരിച്ചവരെ ആക്രമിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധ നടത്തി. പോലീസ് അന്വേഷണം തുടരുകയാണ്.








