മുംബൈ:മുംബൈ നഗരത്തിൽ ബഹുനിലകെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നാലുപേർ മരിച്ചു.ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ കൂപ്പർ,മുകുന്ദ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മാറോളിലെ മൈമൂൺ കെട്ടിടത്തിൽ ഇന്നലെ അർധരാത്രിയോടെയാണ് അപകടം നടന്നത്.ഒന്നിലേറെ അഗ്നിശമനസേന യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.ഒരാഴ്ച മുൻപ് മുംബൈയിലെ കമല മില്ലിലുണ്ടായ തീപിടുത്തത്തിൽ 14 പേർ മരിച്ചിരുന്നു.നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മുത്തലാഖ് ബില്ലിനെതിരെ പ്രതിപക്ഷ ബഹളം; രാജ്യസഭ പിരിഞ്ഞു
ന്യൂഡൽഹി:മുത്തലാഖ് വിഷയത്തിൽ പ്രക്ഷുബ്‌ധമായ രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു. മുത്തലാഖ് ബിൽ പരിഗണിക്കുന്നതിനിടെ ബില്‍ സെലക്ട് കമ്മീറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി. എന്നാൽ പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ ഭരണപക്ഷം ശക്തിയായി എതിര്‍ത്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ സഭയിൽ വാഗ്‌വാദവുമുണ്ടായി. ഒടുവില്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി പി.ജെ കുര്യന്‍ അറിയിക്കുകയായിരുന്നു.ബിൽ വ്യാഴാഴ്ച രാജ്യസഭ വീണ്ടും പരിഗണിക്കും.ബിൽ പാസാക്കുന്നത് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്‍റെ പ്രമേയം ചട്ടവിരുദ്ധമാണെന്നും ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെങ്കിൽ ഒരു ദിവസം മുൻപ് നോട്ടീസ് നൽകണമെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു. അല്ലാതെ പ്രതിപക്ഷം പറയുന്പോൾ സെലക്ട് കമ്മിറ്റിയെ രൂപീകരിക്കാനാവില്ലെന്നും ജയ്റ്റ്ലി വ്യക്തമാക്കി.ജയ്റ്റ്ലിയുടെ മറുപടിയോടെ പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ ബഹളമുണ്ടാക്കി. ഇതോടെയാണ് സഭ ഇന്നത്തേക്കു പിരിഞ്ഞത്.
ദളിത്-മറാത്താ സംഘർഷം;മഹാരാഷ്ട്രയിൽ ഇന്ന് ബന്ദ്
മുംബൈ:ദളിത്-മറാത്താ സംഘർഷത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ ഇന്ന് ദളിത് സംഘടനകൾ ബന്ദ് ആചരിക്കുന്നു.ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിൽ കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു.ഇതിനെ തുടർന്നുണ്ടായ അക്രമത്തിൽ നൂറിലധികം വാഹനങ്ങൾ അടിച്ചു തകർത്തിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പൂനയിൽ കൊറെഗാവ് യുദ്ധവാർഷികത്തിന്‍റെ ഇരുന്നൂറാം വാർഷികാഘോഷങ്ങൾക്കിടെ തിങ്കളാഴ്ച അനിഷ്ടസംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആയിരങ്ങൾ തെരുവിലിറങ്ങിയതാണു സംഘർഷത്തിലേക്ക് വഴിവെച്ചത്. മുംബൈയിലെ മൂന്നു ലോക്കൽ ട്രെയിൻ പാതകളിലൊന്നായ ഹാർബർ ലൈനിൽ ദളിത് പ്രതിഷേധം മൂല ഗതാഗത തടസ്സവും ഉണ്ടായി. അക്രമവുമായി ബന്ധപ്പെട്ട് മുംബൈയിൽ മാത്രം നൂറോളംപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പടിഞ്ഞാറൻ മഹാരാഷ്‌ട്രയിലെ ഏഴു ജില്ലകളിൽ കർഫ്യൂവിനു സമാനമായ അന്തരീക്ഷമാണ്. അക്രമമുണ്ടായ സ്ഥലങ്ങളിൽ വൻതോതിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഡോക്റ്റർമാരുടെ സമരം പിൻവലിച്ചു
ന്യൂഡൽഹി:ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ രാജ്യത്തെ ഡോക്റ്റർമാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു.മെഡിക്കൽ കമ്മിഷൻ ബിൽ ലോക്‌സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണയ്ക്ക് വിട്ടതിനു പിന്നാലെയാണ് ഐഎംഎ സമരം പിൻവലിച്ചത്.ബജറ്റ് സമ്മേളനത്തിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.ഇന്ന് രാവിലെ ആറുമണിമുതൽ ആരംഭിച്ച സമരം രോഗികളെ ദുരിതത്തിലാക്കിയിരുന്നു.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സർക്കാർ ആശുപത്രിയിലെ ഡോക്റ്റർമാർ രാവിലെ ഒരുമണിക്കൂർ ജോലിയിൽ നിന്നും വിട്ടുനിന്നിരുന്നു.പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടത്.
ഇന്ന് രാജ്യവ്യാപകമായി ഡോക്റ്റർമാർ പണിമുടക്കുന്നു
ന്യൂഡൽഹി:ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്റ്റർമാർ ഇന്ന് രാജ്യവ്യാപകമായി മെഡിക്കൽ ബന്ദ് നടത്തുന്നു.സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ഒപി പ്രവർത്തിക്കില്ല.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണിവരെ അടിയന്തിര രക്ഷാപ്രവർത്തനങ്ങളും ഗുരുതര രോഗികൾക്കുള്ള പരിചരണ സേവനങ്ങളും ഒഴികെ ആശുപത്രി സംബന്ധമായ എല്ലാ സേവനങ്ങളും നിർത്തിവെയ്ക്കും. ഹോമിയോ,ആയുർവ്വേദം,യുനാനി തുടങ്ങിയ ഇതര ചികിത്സ പഠിച്ചവർക്ക് ബ്രിഡ്ജ് കോഴ്സിലൂടെ അലോപ്പതിയിലും ചികിത്സ ചെയ്യാൻ അനുമതി നൽകിയതും എംബിബിഎസ് പാസാകുന്നവർക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാൽ മാത്രമേ പ്രാക്ടീസ് ചെയ്യാനാകൂ എന്ന നിബന്ധനയും പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.സംസ്ഥാനത്ത് കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി ഡോക്റ്റർമാർ കെജിഎംഒയുടെ നേതൃത്വത്തിൽ ഇന്ന് ഒരു മണിക്കൂർ ഒപി ബഹിഷ്‌ക്കരിക്കും.രാവിലെ ഒൻപതുമണി മുതൽ പത്തുമണി വരെയാണ് ഒപി ബഹിഷ്‌കരണം. സർക്കാർ ആശുപത്രികളിൽ ഒരുമണിക്കൂർ ഒപി ബഹിഷ്ക്കരണമാണ് പറയുന്നതെങ്കിലും പ്രവർത്തനം സ്തംഭിക്കാനാണ് സാധ്യത.
ഉപാധികളോടെ ‘പത്മാവതി’ക്ക് പ്രദർശനാനുമതി; പേരും മാറും
ന്യൂഡൽഹി:സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രം ‘പത്മാവതി’ക്ക് ഉപാധികളോടെ സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി.സിനിമയുടെ പേര് പത്മാവതി എന്ന് മാറ്റി പത്മാവത് എന്നാക്കണം. യു എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.സതി ആചാരത്തെ മഹത്വവത്കരിക്കുന്നില്ലെന്ന് എഴുതിക്കാണിക്കണം. ഖൂമര്‍ എന്ന ഗാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണം തുടങ്ങിയ നിബന്ധനയും സെന്‍സര്‍ ബോര്‍ഡ് മുന്നോട്ട് വെച്ചിട്ടുണ്ട്. വ്യാഴാഴ്ച ചേര്‍ന്ന സെന്‍സര്‍ ബോര്‍ഡ് യോഗമാണ് തീരുമാനം എടുത്തത്.സിബിഎഫ്സിയുടെ നിർദേശങ്ങൾ പാലിക്കുമെന്ന് സംവിധായകൻ സഞ്ജയ് ലീല ബൻസാലി പറഞ്ഞു.എന്നാല്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്നും സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്നും രജപുത് കര്‍ണിസേന പ്രസിഡന്റ് പറഞ്ഞു.
ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്
വിശാഖപട്ടണം:ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത് കുമാർ എന്ന യുവാവാണ് ഐശ്വര്യ റായ് തന്റെ മാതാവാണെന്നും അതിനു തന്റെ കയ്യിൽ തെളിവുകളുണ്ടെന്നുമുള്ള അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.1988 ഇൽ ലണ്ടനിൽ വെച്ച് ഐവിഎഫ് ചികിത്സയിലൂടെയാണ് താൻ ജനിച്ചതെന്നും രണ്ടു വയസ്സുവരെ താൻ ഐശ്വര്യാറായിയുടെ മാതാപിതാക്കളുടെ കൂടെയാണ് വളർന്നതെന്നും പിന്നീട് 27 വയസ്സുവരെ ആന്ധ്രായിലെ ചോളപുരത്തായിരുന്നു താൻ എന്നും യുവാവ് പറഞ്ഞു.തന്റെ ബന്ധുക്കൾ അമ്മയെക്കുറിച്ചുള്ള തെളിവുകൾ നശിപ്പിച്ചതിനാലാണ് ഇത്രയും വൈകിയത്.ഇപ്പോൾ എനിക്കെല്ലാം അറിയാം. മറ്റൊന്നും വേണ്ട,അമ്മയുടെ കൂടെ താമസിച്ചാൽ മാത്രം മതിയെന്നും യുവാവ് പറയുന്നു.
ചെന്നൈ വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസിന്റെ പാസ്സന്ജർ ബസ്സിന് തീപിടിച്ചു
ചെന്നൈ:ചെന്നൈ വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസിന്റെ പാസ്സന്ജർ ബസ്സിന് തീപിടിച്ചു.രാവിലെ യാത്രക്കാരെ ഇറക്കിയതിനു ശേഷം പാർക്ക് ചെയ്യുന്നതിനായി പോയപ്പോഴാണ് അപകടം നടന്നത്.ഇൻഡിഗോ എയർലൈൻസ് യാത്രക്കാരെ റൺവേയിൽ എത്തിക്കുന്നതിനും തിരിച്ചു പോകുന്നതിനുമായി ഉപയോഗിക്കുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.ബസ്സ് പൂർണ്ണമായും കത്തിനശിച്ചു.അപകടമുണ്ടായതിന് പിന്നാലെ അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് 14 പേർ മരിച്ചു
മുംബൈ:മുംബൈ സേനാപതി മാർഗിലെ കമല മിൽസ് കോമ്പൗണ്ടിലെ റെസ്റ്റോറന്റുകളും ഓഫീസുകളും ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിന് തീപിടിച്ച് 14 പേർ മരിച്ചു.മരിച്ചവരിൽ 12 പേർ സ്ത്രീകളാണ്.കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഒരു പബ്ബിലെ ഷോർട് സർക്യൂട്ടാണ് അപകട കാരണം.ഇവിടെ ഇന്നലെ അർധരാത്രി ഒരു ജന്മദിനാഘോഷ പരിപാടികൾ നടന്നിരുന്നു. തീപിടുത്തമുണ്ടായി അരമണിക്കൂറിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. സംഭവത്തിൽ പബ്ബ് ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.നിരവധി ഹോട്ടലുകളും മാധ്യമ സ്ഥാപനങ്ങളും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.തീപിടുത്തമുണ്ടായതോടെ ഇവയുടെ പ്രവർത്തനങ്ങളും അവതാളത്തിലായി.
ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് മാസംതോറും വില വർധിപ്പിക്കുവാനുള്ള തീരുമാനം കേന്ദ്രം പിൻവലിച്ചു
ന്യൂഡൽഹി:ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് മാസംതോറും വില വർധിപ്പിക്കുവാനുള്ള തീരുമാനം കേന്ദ്രം പിൻവലിച്ചു.പ്രതിമാസം നാല് രൂപ വീതം കൂട്ടാനായിരുന്നു തീരുമാനം.എതിർപ്പുകളെ തുടർന്ന് വില വർധിപ്പിക്കുന്നത് ഒക്ടോബർ മുതൽ നിർത്തിവെച്ചിരുന്നു.ഒരുഭാഗത്ത് പാവങ്ങൾക്കുള്ള സൗജന്യ പാചകവാതക വിതരണ പദ്ധതിയും മറുഭാഗത്ത് മാസംതോറുമുള്ള വിലവർധനയും എന്ന വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.2016 ജൂലൈ ഒന്നുമുതൽ മാസംതോറും രണ്ടുരൂപ വീതം കൂട്ടാൻ എണ്ണക്കമ്പനികൾക്ക് അനുമതി നൽകിയിരുന്നു.പത്തു മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ജൂൺ ഒന്ന് മുതൽ പ്രതിമാസം നാലുരൂപ വീതം കൂട്ടാൻ അനുമതി നൽകുകയായിരുന്നു.2018 മാർച്ചോടെ സബ്‌സിഡി പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ഉത്തരവാണ് റദ്ദാക്കിയത്.