ന്യൂഡൽഹി:കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ഇന്ന് 22 ട്രെയിനുകൾ റദ്ദാക്കി.കാഴ്ച അവ്യക്തമായതിനാലാണ് സർവീസ് റദ്ദാക്കിയത്.40 ട്രെയിനുകൾ വൈകിയോടുകയും ചെയ്യുന്നുണ്ട്.ഉത്തരേന്ത്യയും കാഷ്മീർ താഴ്‌വരയും അതിശൈത്യത്തിന്‍റെ പിടിയിലാണ്. ഹരിയാന സർക്കാർ കഴിഞ്ഞ ദിവസം മൂടൽ മഞ്ഞിനെ തുടർന്നു ജനുവരി 14 വരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മൂടൽമഞ്ഞ് ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ദേശീയഗാനം വേണമോ വേണ്ടയോ എന്നത് ഇനി തീയറ്ററുകൾക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിലാണ് തീയേറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കണമെന്ന നിയമം നിലവിൽ വന്നത്.സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കുന്നത് സംബന്ധിച്ചു സുപ്രീം കോടതി ഉത്തരവ് ഉടൻ നടപ്പാക്കേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു.ദേശീയഗാനം ആലപിക്കുന്നത് സംബന്ധിച്ച് ആറുമാസത്തിനകം മാർഗ്ഗരേഖയുണ്ടാക്കാൻ വിവിധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.മാർഗ നിർദേശങ്ങൾ രൂപീകരിച്ചാൽ ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറക്കുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ഉറപ്പു നൽകി.ജൂൺ അഞ്ചിനകം ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് ലഭിക്കും. അതിന്റെ അടിസ്ഥാനത്തിൽ ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്നത് തടയുന്നതിനുള്ള നിയമത്തിൽ മാറ്റം വരുത്തും.അതുവരെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.
തമിഴ്‌നാട്ടിൽ ബസ് ജീവനക്കാരുടെ പണിമുടക്ക് അഞ്ചാംദിവസത്തിലേക്ക് കടന്നു
ബെംഗളൂരുവിൽ മലിനജല ശുദ്ധീകരണ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്നു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
ബെംഗളൂരു:ബെംഗളൂരുവിൽ മലിനജല ശുദ്ധീകരണ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്നു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു.സോമസുന്ദരപാളയത്തിലെ അപ്പാർട്ട്മെന്റിലെ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ബെംഗളൂരു സ്വദേശികളായ മഹാദേവപ്പ,ശ്രീനിവാസ്,രമേശ് എന്നിവരാണ് മരിച്ചത്.ഞായറാഴ്ച രാവിലെ പത്തരയോടെയാണ് ഇവർ പത്തടി താഴ്ചയുള്ള ടാങ്ക് വൃത്തിയാക്കാനായി ഇറങ്ങിയത്.രണ്ടര മണിക്കൂറിനു ശേഷവും ആളനക്കം കാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിക്കുകയായിരുന്നു.ശ്വാസം കിട്ടാതെ കുഴഞ്ഞു വീണ തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സ്വകാര്യ കരാറുകാരന് കീഴിൽ ജോലി ചെയ്യുന്ന മൂന്നുപേരും എല്ലാ മാസവും അപ്പാർട്മെന്റിലെ ടാങ്ക് വൃത്തിയാക്കാൻ എത്താറുണ്ടായിരുന്നു.മരിച്ചവരുടെ ബന്ധുക്കൾക്ക് ബിബിഎംപി അഞ്ചുലക്ഷം രൂപ വീതം നഷ്ട്ടപരിഹാരം അനുവദിച്ചു.
ബെംഗളൂരുവിലെ ബാറിലുണ്ടായ അഗ്നിബാധയിൽ അഞ്ചു മരണം
ബെംഗളൂരു:ബെംഗളൂരുവിലെ ബാർ റെസ്റ്റോറന്റിലുണ്ടായ വൻ അഗ്നിബാധയിൽ അഞ്ചു ബാർ ജീവനക്കാർ മരിച്ചു.കലാശിപ്പാളയത്തെ കൈലാഷ് ബാർ റെസ്റ്റോറന്റിലാണ് ഇന്ന് പുലർച്ചെ തീപിടുത്തമുണ്ടായത്.കെ.ആർ മാർക്കറ്റിനു സമീപത്താണ് ബാർ പ്രവർത്തിക്കുന്നത്.തുംകൂർ സ്വദേശികളായ പ്രസാദ്(20),സ്വാമി(23),മഹേഷ്(35),മഞ്ജുനാഥ്(45),മാണ്ട്യ സ്വദേശിനിയായ കീർത്തി(24) എന്നിവരാണ് മരിച്ചത്.പുലർച്ചെ 2.30 ഓടെയാണ് റെസ്റ്റോറന്റിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന സ്ഥലത്തി തീയണച്ചു.അതിനു ശേഷം നടത്തിയ പരിശോധനയിലാണ് അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഡൽഹിയിൽ വാഹനാപകടത്തിൽ നാല് ഭാരദ്വഹന താരങ്ങൾ മരിച്ചു
ന്യൂഡൽഹി:ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഉണ്ടായ വാഹനാപകടത്തിൽ നാല് ഭാരദ്വഹന താരങ്ങൾ മരിച്ചു.രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡൽഹി-ചണ്ഡീഗഡ് ദേശീയപാതയിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.ഡിവൈഡറിലിടിച്ച് നിയന്ത്രണംവിട്ട കാർ വഴിയരികിലെ തൂണിൽ ഇടിച്ചുകയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുകൾഭാഗം പൂർണ്ണമായും തകർന്നു.ഡൽഹിയിൽ നിന്നും പാനിപ്പത്തിലേക്ക് പോവുകയായിരുന്നു ആറുപേരും.പരിക്കേറ്റ രണ്ടുപേരെ ഡൽഹി ഷാലിമാർ ബാഗിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാരദ്വഹന ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യനായ സാക്ഷം യാദവും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. അമിത വേഗതയിലായിരുന്നു കാറെന്ന് പോലീസ് പറഞ്ഞു.
കാലിത്തീറ്റ കുംഭകോണം;ലാലുവിന് മൂന്നരവർഷം തടവ്
റാഞ്ചി:കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും.റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ശിക്ഷ വിധിച്ചത്.കൂട്ടുപ്രതിയായ ജഗദീഷ് ശർമയ്ക്ക് ഏഴുവർഷത്തെ തടവും 10 ലക്ഷം രൂപയുമാണ് ശിക്ഷ.കേസിലെ മറ്റു പ്രതികളായ ഫൂൽ ചന്ദ്,മഹേഷ് പ്രസാദ്,ബേക്ക് ജൂലിയസ്,സുനിൽ കുമാർ,സുശീൽ കുമാർ,സുധീർ കുമാർ,രാജാറാം എന്നിവർക്കും കോടതി മൂന്നര വർഷം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. ലാലുവിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ രണ്ടാമത്തേതാണിത്. ലാലു ഉൾപ്പെടെ 16 പേർ കേസിൽ കുറ്റക്കാരണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം മുൻ ബിഹാർ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം കേസിലെ അഞ്ചു പ്രതികളെ കോടതി വെറുതെവിട്ടു.കഴിഞ്ഞ ഡിസംബര്‍ 23നാണ് ലാലു പ്രസാദ് യാദവ് ഈ കേസില്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയത്. ഇതിന് ശേഷം ബിര്‍സ മുണ്ട ജയിലില്‍ തടവിലാണ് ലാലു.കഴിഞ്ഞ രണ്ട് ദിവസവും അഭിഭാഷകരുടെ നിസഹരണം മൂലം ശിക്ഷവിധിയിലെ വാദം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് വീഡിയോ കോണ്‍ഫെറന്‍സിങ് സംവിധാനം വഴിയായിരുന്നു വാദം നടത്തിയത്.
എ.കെ ആന്റണിയുടെ ഡ്രൈവറെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡൽഹി:കോൺഗ്രസ് ദേശീയ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ.കെ ആന്റണിയുടെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.ഉത്തർപ്രദേശ് സ്വദേശി സഞ്ജയ് സിങ്(35) മരിച്ചത്.ദില്ലി കൃഷ്ണമേനോൻ മാർഗിലെ ആന്റണിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ജീവനക്കാർക്കായുള്ള ക്വാർട്ടേഴ്സിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് രാവിലെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയതായി ആന്റണിയുടെ വീട്ടിൽ നിന്നും പോലീസിനെ അറിയിച്ചത്.തുടർന്ന് ദില്ലി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.കഴിഞ്ഞ രണ്ടു വർഷമായി ആന്റണിയുടെ ദില്ലിയിലെ ഡ്രൈവറാണ് സഞ്ജയ് സിംഗ്.
200 രൂപ നോട്ടുകൾ എ ടി എമ്മുകളിൽ നിറയ്ക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകി
ന്യൂഡൽഹി:200 രൂപ നോട്ടുകൾ രാജ്യത്തെ എല്ലാ എ ടി എമ്മുകളിലും നിറയ്ക്കാൻ ആർബിഐയുടെ നിർദേശം.കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ആർബിഐ 200 രൂപാ നോട്ടുകൾ പുറത്തിറക്കിയത്.തുടർന്ന് കഴിഞ്ഞ മാസത്തോടെ നോട്ടുകൾ ബാങ്കുകളിലൂടെ വിതരണത്തിനെത്തിയിരുന്നു.ഇന്ത്യയിൽ മൊത്തം 2,22,000 എടിഎം കൗണ്ടറുകളാണ് ഉള്ളത്.ഇതിൽ എല്ലാം കൂടി നിറയ്ക്കാൻ 110 കോടി രൂപയാണ് വേണ്ടത്.അതുകൊണ്ടുതന്നെ എല്ലാ എടിഎം മെഷീനുകളുടെയും പൂർണ്ണ വിവരങ്ങൾ എത്തിക്കാൻ ബാങ്കുകൾക്ക് ആർബിഐ നോട്ടീസ് നൽകിയിട്ടുണ്ട്.
പുതിയ പത്തുരൂപ നോട്ട് റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കും
ന്യൂഡൽഹി:മഹാത്മാഗാന്ധി സീരീസിൽപ്പെട്ട പുതിയ പത്തുരൂപ നോട്ട് റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കും.ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള നോട്ടിൽ കൊണാർക്ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.കഴിഞ്ഞയാഴ്ചയാണ് സർക്കാർ പുതിയ പത്തുരൂപ നോട്ടിന്റെ ഡിസൈന് അംഗീകാരം നൽകിയത്.കള്ളനോട്ടുകളുടെ ക്രയവിക്രയം തടയുന്നതിന്റെ സർക്കാരിന്റെ പദ്ധതികളുടെ ഭാഗമായാണ് റിസർവ് ബാങ്ക് മൂല്യം കുറഞ്ഞ നോട്ടുകൾ പുറത്തിറക്കുന്നത്.