മുംബൈ:മുംബൈ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ വൺ എയിലുള്ള കോൺഫെറൻസ് ഹാളിൽ തീപിടുത്തം.അഗ്നിശമന സേന തീയണച്ചതായും തീപിടിത്തം വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.എട്ട് ഫയർ എൻജിനുകൾ എത്തിയാണ് തീ കെടുത്തിയത്.യാത്രക്കാർ ഉപയോഗിക്കുന്ന മുറികളിൽ നിന്നും വളരെ അകലെയാണ് തീപിടിച്ച കോൺഫെറൻസ് ഹാൾ.അതിനാൽ തീപിടുത്തം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മുംബൈയിൽ കാണാതായ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു;മലയാളിയടക്കം നാലുപേർ മരിച്ചു
മുംബൈ:മുംബൈയിൽ ഒഎൻജിസി പ്രവർത്തകർ സഞ്ചരിച്ച ഹെലികോപ്പ്റ്റർ അപകടത്തിൽപ്പെട്ട് മലയാളിയടക്കം നാലുപേർ മരിച്ചു.ചാലക്കുടി സ്വദേശി വി.കെ. ബാബുവാണ് മരിച്ചത്. രണ്ട് പൈലറ്റുമാരും അഞ്ച് ഒഎൻജിസി ജീവനക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതിൽ മൂന്നു പേർ മലയാളികളായിരുന്നു.ഒഎൻജിസി പ്രൊഡക്‌ഷൻ വിഭാഗത്തിൽ ഡപ്യൂട്ടി ജനറൽ മാനേജർമാരായ ചാലക്കുടി സ്വദേശി വി.കെ. ബാബു, കോതമംഗലം സ്വദേശി ജോസ് ആന്‍റണി, തൃശൂർ സ്വദേശി പി.എൻ. ശ്രീനിവാസൻ എന്നിവരാണു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മലയാളികൾ.ജുഹുവിൽ നിന്നും രാവിലെ 10.20 ന് പറന്നുയർന്ന ഹെലികോപ്റ്റർ ദഹാനുവിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് തകർന്നു വീണത്. കാണാതായവർക്കുവേണ്ടി കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്.വിമാനങ്ങളും കപ്പലുകളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.10.58ന് ഒ.എന്‍.ജി.സിയുടെ നോര്‍ത്ത്ഫീല്‍ഡില്‍ ഇറങ്ങേണ്ടതായിരുന്നു എഎസ് 365 എന്‍3 ഹെലികോപ്റ്റര്‍.എന്നാല്‍ പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്കു ശേഷം മുംബൈയില്‍ നിന്നും 30 നോട്ടിക്കല്‍ അകലെ വെച്ച് ഹെലികോപ്റ്ററില്‍ നിന്നുള്ള സിഗ്‌നൽ നിലയ്ക്കുകയായിരുന്നു.ഇതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.
മുംബൈയിൽ ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലിക്കോപ്റ്റർ കാണാതായി
മുംബൈ:മുംബൈയിൽ ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലിക്കോപ്റ്റർ കാണാതായി.ശനിയാഴ്ച രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽനിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്.രണ്ട് പൈലറ്റുമാരും അഞ്ച് ഒഎൻജിസി ജീവനക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മുംബൈയിൽനിന്നും 30 നോട്ടിക്കൽ മൈൽ അകലെ കടലിനു മുകളിൽവച്ചാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് എയർ ട്രാഫിക് കൺട്രോൾ വിഭാഗം അറിയിച്ചു. പവൻ ഹാൻസ് വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് കാണാതായത്. കോസ്റ്റ് ഗാർഡിന്‍റെ നേതൃത്വത്തിൽ ഹെലികോപ്റ്ററിനായി തെരച്ചിൽ തുടരുകയാണ്.
മഹാരാഷ്ട്രയിൽ ബോട്ടപകടത്തിൽ നാല് കുട്ടികൾ മരിച്ചു
മുംബൈ:മഹാരാഷ്ട്രയിൽ ബോട്ടപകടത്തിൽ നാല് കുട്ടികൾ മരിച്ചു.പൽഗാർ ജില്ലയിലെ ദഹാനു കടൽത്തീരത്താണ് അപകടമുണ്ടായത്.40 ഓളം വിദ്യാർഥികളുമായി പോയ ബോട്ടാണ് മുങ്ങിയത്.30 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കാണാതായവർക്കായി കോസ്റ്റ് ഗാർഡിന്‍റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുകയാണ്.രക്ഷാപ്രവർത്തങ്ങൾക്കായി രണ്ടു കപ്പലുകളും മൂന്നു കോസ്റ്റ് ഗാർഡ് യൂണിറ്റുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.കൂടുതൽ കുട്ടികളെ കയറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തെ തുടർന്ന് മുംബൈ തീരത്തേക്കുള്ള കപ്പലുകൾ വഴിതിരിച്ചു വിട്ടിരിക്കുകയാണ്.
കർണാടകയിൽ ബസ് മറിഞ്ഞ് എട്ടുപേർ മരിച്ചു
ഹാസൻ:കർണാടകയിലെ ഹാസനിൽ ബസ് മറിഞ്ഞ് എട്ടുപേർ മരിച്ചു.ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്.കർണാടക റോഡ് ട്രാൻസ്‌പോർട് കോർപറേഷന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.മൊത്തം 43 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.ബസിന്റെ ഡ്രൈവറും കണ്ടക്റ്ററും ഉൾപ്പെടെ അഞ്ചുപേർ സംഭവസ്ഥലത്തുവെച്ചും രണ്ടുപേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും ഒരാൾ ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ നിന്നും ധർമശാലയിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാരുടെ പരസ്യ വിമർശനം
ന്യൂഡൽഹി:സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാരുടെ പരസ്യ വിമർശനം. നിയമവ്യവസ്ഥയുടെ തലപ്പത്തെ പക്ഷപാതിത്വം ജനാധിപത്യം അപകടത്തിലാക്കുമെന്ന് വാർത്താസമ്മേളനം വിളിച്ചു ചേർത്ത് നാല് ജഡ്ജിമാർ തുറന്നടിച്ചു. ജസ്റ്റിസുമാരായ ജെ.ചെലമേശ്വർ,രഞ്ജൻ ഗോഗോയ്, മദൻ.ബി.ലോക്കൂർ,കുര്യൻ ജോസഫ് എന്നിവരാണ് കോടതി നടപടികൾ നിർത്തിവെച്ച് ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയിൽ വാർത്താസമ്മേളനം നടത്തിയത്.സുപ്രീം കോടതിയിൽ കുറച്ചു കാലങ്ങളായി ശരിയല്ലാത്ത കാര്യങ്ങൾ നടക്കുന്നതായി മുതിർന്ന ജഡ്ജിമാർ വിളിച്ചുപറഞ്ഞത് രാഷ്ട്രീയ,നിയമ മേഖലകളെ ഞെട്ടിച്ചിരിക്കുകയാണ്.കോടതിയുടെ പ്രവർത്തനങ്ങളിലെ താളപ്പിഴകൾ ചൂണ്ടിക്കാട്ടിയിട്ടും ചീഫ് ജസ്റ്റിസ് നടപടി എടുത്തില്ലെന്നും അതുകൊണ്ടുതന്നെ ഏറെ വേദനയോടെയാണ് മാധ്യമങ്ങളെ കാണുന്നതെന്നുമുള്ള ആമുഖത്തോടെയാണ് ജഡ്‌ജിമാർ മാധ്യമ പ്രവർത്തകരെ കണ്ടത്.നാല് ജഡ്ജിമാരും ചേർന്ന് ചീഫ് ജസ്റ്റിസിനെഴുതിയ ഏഴുപേജുള്ള കത്തും പുറത്തുവിട്ടു. സമാനതകളില്ലാത്ത ഈ സാഹചര്യം രാജ്യത്തെ ആശയക്കുഴപ്പത്തിലാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രി രവിശങ്കർ പ്രസാദുമായി കൂടിക്കാഴ്ച നടത്തി.പരമോന്നത നീതിപീഠത്തിലെ ഭിന്നിപ്പിന്റെ ആഴവും പ്രത്യാഘാതങ്ങളും വിലയിരുത്തിയെങ്കിലും പ്രത്യക്ഷമായി ഇടപെടേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം.ഇത് നീതിന്യായ സംവിധാനത്തിന്റെ ആഭ്യന്തര കാര്യമാണെന്നും പ്രശ്നങ്ങൾ ജുഡീഷ്യറി തന്നെ സ്വയം പരിഹരിക്കുമെന്നും നിയമ സഹമന്ത്രി പി.പി ചൗധരി പറഞ്ഞു.കേസുകൾ പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുക്തിരാഹിത്യവും കീഴ്വഴക്ക ലംഘനവുമാണ് കാട്ടുന്നതെന്നും മുതിർന്ന ജഡ്ജിമാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നുമാണ് പരാതി.കേസുകൾ ഏത് ബെഞ്ച് കേൾക്കണമെന്ന് തീരുമാനിക്കാനുള്ള പരമാധികാരം തനിക്കാണെന്ന് കഴിഞ്ഞ നവംബറിൽ മെഡിക്കൽ കോഴക്കേസിലെ വിവാദ വിധിക്കു ശേഷം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തുറന്നടിച്ചതോടെയാണ് ജഡ്ജിമാർക്കിടയിലെ അവിശ്വാസം പരസ്യമായി തുടങ്ങിയത്.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനെ തിരഞ്ഞെടുത്തു
ന്യൂഡൽഹി:രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനെ തിരഞ്ഞെടുത്തു.റെയിൽവേ സ്റ്റേഷനുകളുടെ ശുചിത്വ സർവേയിലാണിത്.ട്രാവൽ ആപ്പായ ഇക്സിഗോ നടത്തിയ ഓൺലൈൻ സർവേയിലാണ് കോഴിക്കോടിനെ ഏറ്റവും വൃത്തിയുള്ള സ്റ്റേഷനായി തിരഞ്ഞെടുത്തത്.കോഴിക്കോടിനെ കൂടാതെ കർണാടകത്തിലെ ഹൂബ്ലി ജംഗ്‌ഷൻ,ദേവനഗരി,ജാർഖണ്ഡിലെ ദൻബാദ്,മധ്യപ്രദേശിലെ ജബൽപൂർ, ഛത്തീസ്ഗഡിലെ ബിലാസ്പൂർ,ഗുജറാത്തിലെ വഡോദര തുടങ്ങിയ സ്റ്റേഷനുകളും പട്ടികയിലുണ്ട്. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനാണ് ശുചിത്വത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ.
തമിഴ്‌നാട് ട്രാൻസ്‌പോർട് കോർപറേഷൻ ജീവനക്കാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു
ചെന്നൈ:തമിഴ്‌നാട് ട്രാൻസ്‌പോർട് കോർപറേഷൻ ജീവനക്കാർ കഴിഞ്ഞ എട്ടുദിവസമായി നടത്തിവന്നിരുന്ന സമരം പിൻവലിച്ചു.തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടാണ് ഡ്രൈവർമാരും കണ്ടക്റ്റർമാരും അടക്കമുള്ള ജീവനക്കാർ സമരം ആരംഭിച്ചത്.ഡിഎംകെ, സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങി 17 യൂണിയനുകൾ സമരത്തിൽ പങ്കെടുത്തു.
വനിതാ അഭിഭാഷക ഇന്ദു മൽഹോത്ര സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക്
ന്യൂഡൽഹി:രാജ്യത്തെ നീതിന്യായ ചരിത്രത്തിന് പുതിയ അധ്യായം രചിച്ച് വനിതാ അഭിഭാഷക ഇന്ദു മൽഹോത്ര സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക്.ഇന്ദു മൽഹോത്രയേയും മലയാളിയായ ജസ്റ്റീസ് കെ.എം ജോസഫിനെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ കൊളീജിയം ശിപാർശ ചെയ്തു.രാജ്യത്ത് ആദ്യമായാണ് ഒരു വനിത അഭിഭാഷക സുപ്രീം കോടതി ജഡ്ജിയായി നേരിട്ട് ശിപാർശ ചെയ്യപ്പെടുന്നത്.മുതിർന്ന അഭിഭാഷകയായി നിയമിക്കപ്പെടുന്ന രണ്ടാമത്തെ വനിതയായിരുന്നു ഇന്ദു. ജസ്റ്റീസ് ലീലാ സേത്താണ് ഈ ബഹുമതി ആദ്യം കരസ്ഥമാക്കിയത്.
പ്ലാസ്റ്റിക്ക് പതാകകൾ നിരോധിക്കാൻ കേന്ദ്ര തീരുമാനം
ന്യൂഡൽഹി:രാജ്യത്ത് പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമിച്ച പതാകകൾ നിരോധിക്കാൻ കേന്ദ്ര തീരുമാനം.പ്ലാസ്റ്റിക്ക് പതാകകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ഫ്ലാഗ് കോഡ് നിർബന്ധമായും പാലിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ പുതിയ ഉത്തരവിൽ പറയുന്നത്.ദേശീയ പതാക രാജ്യത്തിന് പുത്തൻ പ്രതീക്ഷകളും പ്രചോദനമേകുന്നതുമാണ്.അതിനു അർഹിക്കുന്ന ബഹുമാനം നൽകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പ്ലാസ്റ്റിക്ക് പതാകകൾ നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ 2002 ഇൽ ഉത്തരവിറക്കിയിരുന്നെങ്കിലും വീണ്ടും പ്ലാസ്റ്റിക്ക് പതാകകൾ വിപണിയിൽ സജീവമാകുകയായിരുന്നു. ഇതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ പുതിയ നിർദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.