ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ

keralanews hadiya case again in supreme court

ന്യൂഡൽഹി:ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ.ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദ് ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള കൊല്ലം സ്വദേശി ഷെഫിൻ ജഹാന്റെ ഹർജിയാണ് സുപ്രീം കോടതി പ്രധാനമായും പരിഗണിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ച സുപ്രീം കോടതി ഹാദിയയെ പഠനത്തിനായി സേലത്തെ ശിവരാജ് മെഡിക്കൽ കോളേജിലേക്ക് അയച്ചിരുന്നു.അതിനു ശേഷം ഇന്നാണ് കോടതി കേസ് പരിഗണിക്കുന്നത്. ദേശീയശ്രദ്ധ ആകര്‍ഷിച്ച കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. ഹാദിയയുടെ ഇപ്പോഴത്തെ സ്ഥിതി കോടതി ആരാഞ്ഞേക്കും. കേസുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. വിവാഹ വെബ്‌സൈറ്റിലൂടെയാണ് ഷെഫിൻ ജഹാനെ കണ്ടെത്തിയതെന്ന് ഹാദിയയുടെ മൊഴി തെറ്റാണെന്നു സ്ഥാപിക്കുന്നതാണ് എൻഐഎയുടെ പുതിയ കണ്ടെത്തൽ. ഹാദിയ പറഞ്ഞ വിവാഹ വെബ്സൈറ്റ് പണം നൽകുന്നവർക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എന്നും വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ഷെഫിൻ ഈ സൈറ്റിൽ അക്കൗണ്ട് തുടങ്ങിയതെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

ജനുവരി 25 ന് ഭാരത് ബന്ദിന് കർണിസേന ആഹ്വാനം ചെയ്തു

keralanews karnisena called for bharat band on january 25th

ന്യൂഡൽഹി:ഈ മാസം ഭാരത് ബന്ദിന് കർണിസേന ആഹ്വാനം ചെയ്തു.സഞ്ജയ് ലീല ബൻസാലി ചിത്രം ‘പത്മാവത്’ റിലീസ് ചെയ്യുന്ന ജനുവരി 25 നാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ കത്തിക്കുമെന്നും നഷ്ട്ടം സഹിക്കാൻ ഉടമകൾ തയ്യാറാകണമെന്നും കർണിസേന മേധാവി ലോകേന്ദ്ര സിംഗ് മുന്നറിയിപ്പ് നൽകി.ചിത്രം പ്രദർശിപ്പിച്ചാൽ‌ ജൗഹർ അനുഷ്ഠിക്കുമെന്നും കർണി സേന ഭീഷണി ഉയർത്തിയിട്ടുണ്ട്. മധ്യകാല ഇന്ത്യയിലെ രജപുത്ര സ്ത്രീകൾ അനുഷ്ഠിച്ചുവന്ന കൂട്ട ആത്മഹത്യയാണ് ജൗഹർ. യുദ്ധത്തിൽ തോൽവി ഉറപ്പാവുന്ന ഘട്ടത്തിൽ സ്ത്രീകൾ വലിയ ചിതകൂട്ടി കൂട്ടമായി ജീവനൊടുക്കുകയും പുരുഷന്മാർ ഒന്നടങ്കം യുദ്ധഭൂമിയിൽ മരണം വരിക്കുകയും ചെയ്യുന്നതാണ് ജൗഹർ.ബന്ദ് ശക്തമാക്കാൻ താൻ മുഴുവൻ സമയവും മുംബൈയിൽ ഉണ്ടാകുമെന്നും ലോകേന്ദ്ര സിംഗ് പറഞ്ഞു.ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലി,നായിക ദീപിക പദുക്കോൺ എന്നിവർക്കെതിരെ വധഭീഷണി പുറപ്പെടുവിച്ചതും ലോകേന്ദ്രയാണ്.എന്നാൽ പദ്മാവതിന് സെൻസർ ബോർഡ് നൽകിയ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വിഷയം അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയാണു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സിനിമയുടെ പ്രദർശനം ക്രമസമാധാനത്തിനു പുറമേ ജീവനും സ്വത്തിനും വലിയ ഭീഷണി ഉണ്ടാക്കുമെന്ന വാദവും കോടതി പരിഗണിച്ചില്ല. ഇതോടെയാണ് കർണി സേന ബന്ദുമായി രംഗത്തുവന്നിരിക്കുന്നത്.

ഡൽഹി അഗ്നിബാധ;ഫാക്റ്ററി ഉടമ അറസ്റ്റിൽ

keralanews delhi fire factory owner arrested

ന്യൂഡൽഹി:ഡൽഹിയിലെ ബാവന വ്യവസായ മേഖലയിലെ പ്ലാസ്റ്റിക്ക് ഫാക്ടറിയിലുണ്ടായ അഗ്നിബാധയിൽ 17 പേർ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടമുടമയെ പോലീസ് അറസ്റ്റ് ചെയ്തു.ഫാക്ടറി ഉടമ മനോജ് ജെയ്നാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. കെട്ടിടം വാടകയ്ക്കെടുത്താണ് മനോജ് ഫാക്ടറി പ്രവർത്തിപ്പിച്ചുവന്നത്.ശനിയാഴ്ച വൈകുന്നേരമാണ് വ്യവസായ മേഖലയിൽ തീപിടുത്തമുണ്ടായത്. കാർപെറ്റ് നിർമാണ കമ്പനിയിലാണ് ആദ്യം തീ പടർന്നത്.പിന്നീട് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പടക്ക നിർമാണ ശാലയിലേക്ക് തീപടർന്നതാണ് വൻ ദുരന്തത്തിന് കാരണമായത്.

ഡൽഹിയിൽ പ്ലാസ്റ്റിക് ഫാക്റ്ററിയിൽ തീപിടുത്തം;17 മരണം

keralanews fire broke out in a plastic factory in delhi 17 died

ന്യൂഡൽഹി:ഡൽഹിയിലെ ബാവ്ന വ്യവസായ മേഖലയിലെ പ്ലാസ്റ്റിക്ക് ഫാക്റ്ററിയിലുണ്ടായ തീപിടുത്തത്തിൽ 17 പേർ മരിച്ചു.ഇതിൽ 10 പേർ സ്ത്രീകളാണ്. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്.കാർപെറ്റ് ഫാക്റ്ററിയുടെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.തീ പിന്നീട് കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു.തീപിടുത്തം നടന്നയുടനെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയിരുന്നു.നിരവധിപേരെ കെട്ടിടത്തിൽ നിന്നും രക്ഷപ്പെടുത്തി.മരിച്ചവരിൽ മിക്കവരും തൊഴിലാളികളാണ്.അഗ്‌നിശമന സേനയുടെ 12 യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട പ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ചൈനീസ് പടക്കങ്ങൾ പായ്ക്കു ചെയ്യുന്ന യൂണിറ്റും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതാണ് തീ നിയന്ത്രണാതീതമാകാൻ വൈകിയത്.അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ബെലന്തൂർ തടാകത്തിൽ നിന്നും വിഷ തീ ഉയരുന്നു

keralanews toxic fire rises from the belantur lake

ബെംഗളൂരു:കർണാടകയിലെ ബെലന്തൂർ തടാകത്തിൽ നിന്നും വിഷവാതകങ്ങളും തീയും ഉയരുന്നു.5000 ത്തോളം സൈനികർ ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന പരിശ്രമത്തിനൊടുവിൽ തടാകത്തിലെ തീയണച്ചു.എന്നാൽ തടാകത്തിൽ നിന്നും ഉയരുന്ന പുകയും പതയും ഇപ്പോഴും ജനജീവിതം ദുസ്സഹമാക്കുകയാണ്. കുറേനാളുകളായി പുകയുന്ന തടാകത്തിൽ നിന്നും വെള്ളിയാഴ്ച മുതലാണ് തീയും പുകയും ഉയരാൻ തുടങ്ങിയത്.തീ ജനവാസ മേഖലയിലേക്കും സൈനിക താവളത്തിനടുത്തേക്കും പടർന്നു.തുടർന്നാണ് തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചത്.ശനിയാഴ്ച രാവിലെ വരെ നീണ്ടു നിന്ന പരിശ്രമത്തിനൊടുവിൽ തീയും പുകയും പൂർണ്ണമായും അണയ്ക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.സമീപത്തുള്ള വ്യവസായശാലകളിൽ നിന്നും തടാകത്തിലേക്ക് ഒഴുക്കിവിടുന്ന രാസവസ്തുക്കൾ,നിർമാണ വസ്തുക്കൾ തുടങ്ങിയവ മൂലമാണ് തടാകം വിഷമയമായത്.ചില സമയങ്ങളിൽ തടാകത്തിൽ നിന്നും മേഘങ്ങൾ പോലെ പത അന്തരീക്ഷത്തിലേക്ക് പറന്നു പൊങ്ങും.കഴിഞ്ഞ മെയ് മാസത്തിലും തടാകത്തിൽ നിന്നും ഇത്തരത്തിൽ തീ പടർന്നിരുന്നു.തടാകത്തിലെ വിഷവും പതയും നീക്കാൻ അധികൃതർ ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഗോവയിൽ അമോണിയം ഗ്യാസ് ടാങ്കർ മറിഞ്ഞു; നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു

keralanews amonium gas tanker leak in goa evacuated more than 100 families

പനാജി:ഗോവയിൽ അമോണിയം കയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോർന്നതിനെ തുടർന്ന് നൂറിലധികം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.പനാജി-വാസ്കോ സിറ്റി ഹൈവേയിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് ടാങ്കർ മറിഞ്ഞത്.ഉടൻ തന്നെ സമീപപ്രദേശത്തെ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.ഈ റോഡിലൂടെയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്. വിഷ വാതകം നിർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഗുജറാത്ത് തീരത്ത് എണ്ണ ടാങ്കറിന്‌ തീപിടിച്ചു

keralanews fire broke out in an oil tanker in gujarath coast

അഹമ്മദാബാദ്:ഗുജറാത്ത് തീരത്ത് എണ്ണ ടാങ്കറിനു തീപിടിച്ചു. കണ്ട്ലയിലെ ദീൻദയാൽ തുറമുഖത്തിനു 15 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന എംടി ഗണേശ എന്ന ടാങ്കറിലാണ് തീപടർന്നത്.ഉടൻ തന്നെ കോസ്റ്റ് ഗാർഡ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.ബുധനാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.ടാങ്കറിലുണ്ടായിരുന്ന 26 ജീവനക്കാരെയും കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി.ഇവരിൽ രണ്ടുപേർക്ക് പൊള്ളലേറ്റിരുന്നു.30,000 ടൺ അതിവേഗ ഡീസൽ വഹിച്ചിരുന്ന ടാങ്കറിനാണ് തീപിടിച്ചത്.തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

കേന്ദ്രസർക്കാർ ഹജ്ജ് സബ്‌സിഡി നിർത്തലാക്കി

keralanews central govt abolished the hajj subsidy

ന്യൂഡൽഹി:ഹജ്ജ് തീർത്ഥാടകർക്കായി കേന്ദ്രം നൽകിവരുന്ന സബ്‌സിഡി കേന്ദ്രം നിർത്തലാക്കി. പകരം ഈ തുക മുസ്ലിം ന്യൂനപക്ഷങ്ങൾക്കായി ചെലവഴിക്കാനാണ് തീരുമാനം. കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.700 കോടി രൂപയാണ് ഹജ്ജ് സബ്സിഡിക്കായി നീക്കിവെച്ചിരുന്നത്.സബ്സിഡി നൽകുന്നത് ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ തീരുമാനം.2022ഓടെ സബ്സിഡി നൽകുന്നത് ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്നായിരുന്നു ഉത്തരവ്. ഇതിന്‍റെ ചുവടുപിടിച്ചാണ് നാലുവർഷം ബാക്കി നിൽക്കെ ഒറ്റയടിക്ക് കേന്ദ്രസർക്കാർ സബ്സിഡി നിർത്തലാക്കിയത്.

കാണാതായ പ്രവീൺ തൊഗാഡിയയെ അബോധാവസ്ഥയിൽ കണ്ടെത്തി

keralanews the missing praveen thogadiya was found unconscious

അഹമ്മദാബാദ്:കാണാതായ വിശ്വഹിന്ദു പരിഷത്ത് ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയെ അഹമ്മദാബാദിലെ ശാഹിബാഗ് പ്രദേശത്തു നിന്നും അബോധാവസ്ഥയിൽ കണ്ടെത്തി.തൊഗാഡിയയെ അഹമ്മദാബാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്തത്തിലെ പഞ്ചാസരയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് തൊഗാഡിയയ്ക്ക് ബോധക്ഷയമുണ്ടായതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.ഇന്നലെ രാവിലെയോടെയാണ് തൊഗാഡിയയെ കാണാതാകുന്നത്. രാവിലെ പത്തു മുപ്പതോടെ അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തുമെന്ന് സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞ് ഒരു ഓട്ടോയിൽ കയറിയാണ് അദ്ദേഹം പോയത്.എന്നാൽ പിന്നീട് തിരിച്ചെത്തിയില്ല. പത്തുവർഷം മുൻപ് രാജസ്ഥാനത്തിൽ വിലക്ക് ലംഘിച്ചു നടത്തിയ പ്രകടനത്തിന് നേതൃത്വം കൊടുത്ത കേസിൽ തൊഗാഡിയയെ അറസ്റ്റ് ചെയ്യാൻ പോലീസ് അഹമ്മദാബാദിൽ എത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ കാണാതാകുന്നത്.തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത ശേഷം തൊഗാഡിയയെ കാണാതായി എന്ന് ആരോപിച്ചു വി എച് പി പ്രവത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.ഇതിനോടു പ്രതികരിച്ച പോലീസ് തങ്ങൾക്ക് തൊഗാഡിയയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അറസ്റ്റ് വാറന്‍റ് നടപ്പാക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും അറിയിച്ചിരുന്നു.

മുംബൈ ഹെലികോപ്റ്റർ അപകടം;ഒരു മൃതദേഹം കൂടി ലഭിച്ചു

keralanews mumbai helicopter accident one more dead body found

മുംബൈ:ബോംബൈ ഹൈയിലെ ഓയിൽ റിങ്ങിലേക്ക് പോയ ഹെലികോപ്റ്റർ തകർന്നുള്ള അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ കാണാതായ ഏഴിൽ ആറുപേരുടെ മൃതദേഹവും കണ്ടെടുത്തു.ഇവരിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒഎൻജിസി ജീവനക്കാരായ തൃശൂർ സ്വദേശി പി.എൻ ശ്രീനിവാസൻ,കോതമംഗലം സ്വദേശി ജോസ് ആന്റണി,ആർ.ശരവണൻ,പങ്കജ് ഗാർഗ്,പൈലറ്റ് ക്യാപ്റ്റൻ ആർ.ഓഹ്കാർ എന്നിവരുടെ മൃതദേഹമാണ്  തിരിച്ചറിഞ്ഞത്.ശനിയാഴ്ചയാണ് ഒഎൻജിസി പ്രവർത്തകരുമായി പോയ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് നാവികസേന അറിയിച്ചു. ഐഎൻഎസ് ടറസ,ഐഎൻഎസ് ടെഗ്ഗ് എന്നീ അതിവേഗ ഇന്റർസെപ്റ്റർ ക്രാഫ്റ്റുകളാണ് തിരച്ചിലിലുള്ളത്. തീരരക്ഷാസേനയുടെ സമുദ്ര പ്രഹരി,ആച്ചൂക്ക്,ആഗ്രി എന്നീ കപ്പലുകളും ഇവയ്‌ക്കൊപ്പമുണ്ട്.അപകടത്തെ കുറിച്ച് ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.