ന്യൂഡൽഹി:രണ്ടു മലയാളികളടക്കം 22 ഇന്ത്യൻ ജീവനക്കാരുമായി പോകവേ ആഫ്രിക്കൻ തീരത്തു വെച്ച് കാണാതായ എം.ടി മറൈൻ എന്ന എണ്ണക്കപ്പൽ കടൽക്കൊള്ളക്കാർ മോചിപ്പിച്ചതായി കമ്പനി അറിയിച്ചു.കപ്പലിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും പനാമയിലെ ആംഗ്ലോ ഈസ്റ്റേൺ ഷിപ്പിങ് മാനേജ്‌മന്റ് പറഞ്ഞു.കപ്പൽ ഇപ്പോൾ ക്യാപ്റ്റന്റെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് കമ്പനി അധികൃതർ നാവികരുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അതേസമയം മോചനദ്രവ്യം നല്കിയാണോ കപ്പൽ മോചിപ്പിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് വ്യക്തതയായിട്ടില്ല.കപ്പൽ ഇപ്പോൾ ലക്ഷ്യപാതയിൽ തന്നെ മുന്നോട്ട് പോകുന്നതായും അടുത്ത തീരത്ത് അടുപ്പിച്ച് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നും കമ്പനി അറിയിച്ചു.
ശ്രീശാന്ത് കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുണ്ടെന്ന് ബിസിസിഐ
ന്യൂഡൽഹി:ഐപിഎൽ കോഴക്കേസുമായി ബന്ധപ്പെട്ട് എസ്.ശ്രീശാന്തിനെതിരേ നിലപാടെടുത്ത് വീണ്ടും ബിസിസിഐ.ഒത്തുകളി വിവാദത്തിൽ ശ്രീശാന്തിനെതിരെ തെളിവായി ഫോൺ സംഭാഷണമുണ്ടെന്ന് ബിസിസിഐ സുപ്രീം കോടതിയെ അറിയിച്ചു. ശ്രീശാന്തിന് ഏഴുലക്ഷവും ജിജു ജനാർദനന് നാലുലക്ഷവുമായിരുന്നു വാഗ്ദാനമെന്നും ബിസിസിഐ വ്യക്തമാക്കി.ക്രിക്കറ്റിൽ നിന്നും വിലക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യം ചെയ്ത് ശ്രീശാന്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ബിസിസിഐ മുൻ നിലപാട് ആവർത്തിച്ചത്.ശ്രീശാന്തിന്‍റെ ഹർജിയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേരള ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐ ഭരണ ചുമതല വഹിക്കുന്ന വിനോദ് റായിക്കും നോട്ടീസ് അയച്ചു.നേരത്തെ ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.ഇതിനെ തുടർന്ന് ആജീവനാന്ത വിലക്കും ശിക്ഷാനടപടികളും ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.ഇതിനെതിരെ ബിസിസിഐ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിംഗിൾ ജഡ്ജിയുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.ഇതോടെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.
രണ്ടു മലയാളികൾ ഉൾപ്പെടെ 22 ജീവനക്കാരുമായി കാണാതായ എണ്ണക്കപ്പലിനായി തിരച്ചിൽ തുടരുകയാണെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി:രണ്ടു മലയാളികൾ ഉൾപ്പെടെ 22 ജീവനക്കാരുമായി കാണാതായ എണ്ണക്കപ്പലിനായി തിരച്ചിൽ തുടരുകയാണെന്ന് കേന്ദ്രസർക്കാർ.വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് മാനേജ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള പാനമ രജിസ്ട്രേഷനുള്ള എംടി മറൈൻ എക്സ്പ്രസ് എന്ന കപ്പലാണ് കഴിഞ്ഞ 31ന് വൈകുന്നേരം ആറരയോടെ കാണാതായത്.പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനീനിലെ കൊറ്റോനോ തീരത്തുവച്ചാണ് കപ്പലിൽനിന്നുള്ള സിഗ്നൽ അവസാനമായി ലഭിച്ചത്.കപ്പലിൽ കാസർഗോഡ് ജില്ലയിലെ ഉദുമ പെരിലാവളപ്പ് അശോകന്‍റെ മകൻ ശ്രീഉണ്ണി(25)യും ഒരു കോഴിക്കോട് സ്വദേശിയുമുണ്ട്.കപ്പൽ കാണാതായ വിഷയത്തിൽ ഇടപെട്ട കേന്ദ്ര സർക്കാർ അന്വേഷണത്തിനായി ബെനീനിലെയും നൈജീരിയയിലെയും സർക്കാരുകളുടെ സഹായം തേടിയിട്ടുണ്ട്.കപ്പൽ കടൽ കൊള്ളക്കാർ റാഞ്ചിയതാകാമെന്ന സംശയമാണ് നിലനിൽക്കുന്നത്.
മലയാളികളടക്കം 22 ഇന്ത്യൻ നാവികരുമായി പോയ എണ്ണക്കപ്പൽ കാണാതായി
ആഫ്രിക്ക:മലയാളികളടക്കം 22 ഇന്ത്യൻ നാവികരുമായി പോയ എണ്ണക്കപ്പൽ കാണാതായി. വടക്കൻ ആഫ്രിക്കൻ രാജ്യമായ ബെനിനിൽ നിന്നാണ് എം.ടി മീരാൻ എന്ന കപ്പൽ കാണാതായിരിക്കുന്നത്.ജനുവരി 30 നാണ് ബെനിൻ സമുദ്രാതിർത്തിയിലേക്ക് കപ്പൽ പ്രവേശിച്ചത്.പിറ്റേദിവസം കപ്പൽ കാണാതാവുകയായിരുന്നു. പനാമയിൽ രജിസ്റ്റർ ചെയ്ത 52 കോടിയുടെ ഇന്ധനമാണ് കപ്പലിൽ ഉണ്ടായിരുന്നത്.കാസർകോഡ് ഉദുമ പേരിലവളപ്പിലെ ശ്രീ ഉണ്ണിയും കോഴിക്കോട് സ്വദേശിയുമായ ജീവനക്കാരനുമാണ് കാണാതായ കപ്പലിലുള്ള രണ്ട് മലയാളികൾ.കടൽക്കൊള്ളക്കാർ കപ്പൽ തട്ടിയെടുത്തതാകാമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിട്ടുണ്ട്.രാജ്യത്തുടനീളം നാവിക പരിശീലന കേന്ദ്രങ്ങളുള്ള മുംബൈയിലെ ഈസ്റ്റ് അന്ധേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേൺ ഷിപ് മാനേജ്‌മെന്റ് കമ്പനിയുടെ ജീവനക്കാരാണ് കാണാതായ കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും.ജീവനക്കാരുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ കപ്പലിന് എന്ത് സംഭവിച്ചുവെന്ന് ഉറപ്പിക്കാനാകില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ്;ഇന്ത്യ ജേതാക്കൾ
ക്രൈസ്റ്റ്ചർച്ച്:അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ വീണ്ടും ചാമ്പ്യന്മാരായി. ഇത് നാലാം തവണയാണ് കൗമാര ലോകകപ്പിൽ ഇന്ത്യ വിശ്വകിരീടം ഉയർത്തുന്നത്. ഫൈനലിൽ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ കിരീടനേട്ടം.ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 47.2 ഓവറിൽ 216 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു.തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 38.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.ഇടംകൈയൻ ഓപ്പണർ മൻജോത് കൽറയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 101 റണ്‍സുമായി പുറത്താകാതെ നിന്ന മൻജോത് കളിയിലെ താരവുമായി.102 പന്തിൽ എട്ട് ഫോറും രണ്ടു സിക്സും അടങ്ങിയതായിരുന്നു മൻജോതിന്‍റെ ഇന്നിംഗ്സ്. 47 റണ്‍സുമായി ഹാർവിക് ദേശായിയും പുറത്താകാതെ നിന്നു. ലോകകപ്പിൽ മിന്നുന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ പുത്തൻ താരോദയം ശുബ്മാൻ ഗില്ലാണ് പ്ലെയർ ഓഫ് ദ ടൂർണമെന്‍റ്. ഗിൽ 374 റൺസാണ് ലോകകപ്പിൽ അടിച്ചു കൂട്ടിയത്.
കൊൽക്കത്തയിൽ അമിത വേഗതയിൽ വന്ന ബസ്സിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
കൊൽക്കത്ത:കൊൽക്കത്തയിലെ തിരക്കേറിയ ഈസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപാസ്സിലുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു.ശനിയാഴ്ച രാവിലെയാണ് സംഭവം.അമിത വേഗതയിലായിരുന്ന ബസ് ട്രാഫിക്ക് സിഗ്നൽ മറികടക്കാനുള്ള ശ്രമത്തിനിടെ കോളേജ് വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.സഞ്ജയ് ബോനു,ബിസ്‍ജിത് ഭൂനിയ എന്നിവരാണ് മരിച്ചത്.അപകടത്തെ തുടർന്ന് പ്രകോപിതരായ ജനങ്ങൾ പോലീസിനും വാഹനത്തിനും നേരെ കല്ലെറിഞ്ഞു.നാല് വാഹനങ്ങൾ ജനക്കൂട്ടം കത്തിച്ചു.ഒരു പോലീസ് വാഹനത്തിനും ഫയർ എൻജിനും തീയിടുകയും ചെയ്തു.സംഘർഷത്തെ തുടർന്ന് മണിക്കൂറുകളോളം പോലീസ് റോഡ് അടച്ചിട്ടു.
ഫീസടയ്ക്കാത്തതിന് ക്ലാസ്സിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥിനി ജീവനൊടുക്കി
ഹൈദരാബാദ്:ഫീസടയ്ക്കാത്തതിനെ തുടർന്ന് പരീക്ഷ എഴുതാൻ അനുവദിക്കാതെ അധ്യാപകർ ക്ലാസ്സിൽ നിന്നും പുറത്താക്കിയതിന്റെ മനോവിഷമത്തിൽ ഒമ്പതാം ക്ലാസ്സുകാരി ജീവനൊടുക്കി.സെക്കന്തരാബാദ് സായ് ജ്യോതി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി സായ് ദീപ്തിയാണ് വ്യാഴാഴ്ച വൈകിട്ട് വീടിനകത്ത് തൂങ്ങിമരിച്ചത്.2000 രൂപയാണ് ഫീസിനത്തിൽ സായ് ദീപ്തി അടയ്ക്കാനുണ്ടായിരുന്നത്.ഇത് ഫെബ്രുവരി ആദ്യവാരം അടയ്ക്കാമെന്നു കുട്ടിയുടെ രക്ഷിതാക്കൾ ഉറപ്പ് നൽകിയിരുന്നതാണ്.ഫീസടയ്ക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥിനിയെ അദ്ധ്യാപകർ അപമാനിക്കുകയും മണിക്കൂറുകളോളം ക്ലാസിനു പുറത്തു നിർത്തുകയും ചെയ്തു.വ്യഴാഴ്ച നടന്ന പരീക്ഷ എഴുതാൻ അനുവദിക്കുകയും ചെയ്തില്ല.വൈകുന്നേരം വീട്ടിലെത്തിയ ദീപ്തി അമ്മയെ വിളിച്ചു സംഭവം പറഞ്ഞു കരയുകയും ചെയ്തു.ഒരുമണിക്കൂറിനു ശേഷം അമ്മ തിരിച്ചു വിളിച്ചപ്പോൾ ദീപ്തി ഫോണെടുക്കാത്തതിനെ തുടർന്ന് സംശയം തോന്നി വീട്ടിലെത്തിയപ്പോഴാണ് ദീപ്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ദീപ്തിയുടെ മാതാപിതാക്കളുടെ പരാതിയിൽ അധ്യാപികയ്‌ക്കെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപം വൻ തീപിടുത്തം;നിരവധി കടകൾ കത്തി നശിച്ചു
ചെന്നൈ:മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപമുണ്ടായ വൻ തീപിടുത്തത്തിൽ നിരവധി കടകൾ കത്തിനശിച്ചു.ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനടുത്തുള്ള 35 ഓളം കടകളാണ് അഗ്നിക്കിരയായത്.രാത്രി 10.30 ഓടു കൂടിയാണ് അപകടം നടന്നത്.ക്ഷേത്രത്തിന്റെ ആയിരംകാൽ മണ്ഡപത്തിന്റെ മേൽക്കൂര ഭാഗികമായി നശിച്ചു.അഗ്നിശമസേനയെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും നാശനഷ്ടത്തെ കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും മധുര കലക്റ്റർ കെ.വീരരാഘവ റാവു പറഞ്ഞു.തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
ഫ്ലിപ്പ്കാർട്ടിലൂടെ ഐ ഫോണിന് ഓർഡർ നൽകി; കിട്ടിയത് ബാർസോപ്പ്
മുംബൈ:പ്രമുഖ ഓൺലൈൻ സൈറ്റായ ഫ്ലിപ്പ്കാർട്ടിലൂടെ 55000 രൂപയുടെ ആപ്പിൾ ഐ ഫോണിന് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ബാർസോപ്പ്.മുംബൈ സ്വദേശിയായ സോഫ്റ്റ്‍വെയര്‍ എൻജിനീയർ തബ്രെജ് മെഹബൂബ് നഗ്രാലിയാണ്(26) ഇത്തവണ തട്ടിപ്പിനിരയായത്.ഫ്ലിപ്പ്കാർട് വഴി മൊബൈൽ വാങ്ങിച്ചു താൻ വഞ്ചിക്കപ്പെട്ടതായി കാണിച്ച് ഇയാൾ മുംബൈ പൊലീസിന് പരാതി നൽകി.മുഴുവൻ തുകയും അടച്ചാണ് ഓൺലൈനിലൂടെ നഗ്രാലി ഫോൺ ഓർഡർ ചെയ്തത്. ഓർഡർ പ്രകാരം ജനുവരി 22 ന് സാധനം മുബൈയിയിലുള്ള ഇയാളുടെ വീട്ടിൽ എത്തി.എന്നാൽ പെട്ടി തുറന്നു നോക്കിയപ്പോൾ അതിൽ ഉണ്ടായിരുന്നത് ബാർസോപ്പാണെന്നാണ് നഗ്രാലി നൽകിയ പരാതിയിൽ പറയുന്നത്.പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഫ്ലിപ്പ്കാര്‍ട്ടിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി ബൈകുല പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അവിനാഷ് ഷിങ്‌തെ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫ്ലിപ്കാര്‍ട്ട് പ്രതിനിധി പറഞ്ഞു.
കേന്ദ്ര ബജറ്റ് 2018;റെയിൽവേക്ക് 1.48 ലക്ഷം കോടി; കേരളത്തിന് ലഭിച്ചത് 19,703 കോടി രൂപ
ന്യൂഡൽഹി:2018-19 വർഷത്തെ കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചു.ബജറ്റിൽ കേരളത്തിന് നികുതി വിഹിതമായി 19,703 കോടി രൂപ പ്രഖ്യാപിച്ചു.എന്നാൽ കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.പാലക്കാട് കോച്ച് ഫാക്റ്ററിയുടെ ക്രൈം ഇത്തവണത്തെ ബഡ്ജറ്റിലും ഇടം പിടിച്ചില്ല.എന്നാൽ പെരുമ്പാവൂരിൽ പുതിയ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്റ്ററി സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.2022ഓടെ എല്ലാവര്‍ക്കും വീട് എന്നതാണ് ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം ഗ്രാമങ്ങളില്‍ 11 ലക്ഷം വീട് നിര്‍മിക്കും. ദരിദ്രരായ സ്ത്രീകള്‍ക്ക് എട്ട് കോടി സൌജന്യ പാചക വാതക കണക്ഷന്‍ നല്‍കും. രണ്ട് കോടി കക്കൂസുകള്‍ നിര്‍മിക്കും. ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് 14.34 ലക്ഷം കോടി വകയിരുത്തും. 321 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.റെയിൽവേയുടെ നവീകരണത്തിനും വികസനത്തിനുമായി ഇത്തവണ ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത് 1,48,500 കോടി രൂപയാണ്.യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി 11000 ട്രെയിനുകളിലായി 12 ലക്ഷം സിസിടിവി ക്യാമറകൾ സ്ഥാപിക്കും.25000 ലധികം യാത്രക്കാരെത്തുന്ന എല്ലാ സ്റ്റേഷനുകളിലും എസ്‌കലേറ്റർ സ്ഥാപിക്കും.എല്ലാ റെയിൽവെ സ്റ്റേഷനുകളിലും പടിപടിയായി വൈഫൈ സംവിധാനവും സിസിടിവി ക്യാമറകളും സ്ഥാപിക്കും.പുതുതായി 4000 കിലോമീറ്റർ റെയിൽവെ ലൈൻ വൈദ്യുതീകരിക്കും.18000 കിലോമീറ്റർ പാത ഇരട്ടിപ്പിക്കും.