മംഗളൂരു:മംഗളൂരുവിൽ ഒരാള്‍ക്ക് നിപ ലക്ഷണം കണ്ടെത്തി.പരിശോധനകള്‍ക്കായി ഇയാളുടെ സ്രവം പൂനെയിലെ ലാബിലേക്ക് അയച്ചു. വെന്‍ലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗലക്ഷണം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പുനെ എന്‍ ഐ വി യിലേക്ക് അയച്ചു. കേരളത്തില്‍ നിന്നെത്തിയ ഒരാളുമായി ഇയാള്‍ സമ്പർക്കം പുലര്‍ത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഗോവയിലേക്കും യാത്ര ചെയ്തിരുന്നുവെന്നും കര്‍ണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആരോഗ്യവകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടിയതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ സെപ്റ്റംബർ ഒന്നായിരുന്നു അവസാന തിയ്യതി. സമീപകാലത്തായി രണ്ട് തവണയാണ് പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടിയത്.സമയപരിധിക്ക് മുമ്പായി ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അക്കൗണ്ടിലേക്ക് വരുന്ന തൊഴിൽ ദാതാവിന്റെ വിഹിതം ലഭ്യമാകില്ല. കൂടാതെ ഇപിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനും പ്രയാസങ്ങൾ ഉണ്ടായേക്കാം. ഇപിഎഫ്ഒയുടെ പോർട്ടലിൽ ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. ആധാർ ഒരുതവണ കൊടുത്തിട്ടുണ്ടെങ്കിൽ യുഐഡിഎയുടെ ഡേറ്റ ഉപയോഗിച്ച് ആധാർ നമ്പർ ഉറപ്പുവരുത്താനുള്ള സംവിധാനവുമുണ്ട്.
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പ്രാരംഭ ഘട്ടത്തിലെന്ന് പഠനം;കുട്ടികളെ കാര്യമായി ബാധിക്കില്ല;അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതിയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പ്രാരംഭ ഘട്ടത്തിലെന്ന് പഠനം.എന്നാൽ മൂന്നാം തംരംഗവും കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡി രൂപപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നുമാണ് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ (പിജിഐഎംഇആര്‍) ഡയറക്ടര്‍ ഡോ. ജഗത് റാം പറഞ്ഞു.രാജ്യത്തെ 27,000 കുട്ടികളില്‍ പിജിഐഎംഇആര്‍ നടത്തിയ പഠനത്തില്‍ 70 ശതമാനം പേരിലും കോവിഡ് ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ മൂന്നാം തരംഗം വല്ലാതെ ബാധിക്കില്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് ഡോ. ജഗത് റാം വ്യക്തമാക്കി. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നടത്തിയ സിറോ സര്‍വേയില്‍ 50 മുതല്‍ 75 ശതമാനം വരെ കുട്ടികളില്‍ കോവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. രണ്ടാംതരംഗത്തില്‍ കോവിഡ് കുട്ടികളെയും ബാധിച്ചിരുന്നു. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഒന്നു മുതല്‍ 10 വയസുവരെയുള്ള കുട്ടികളില്‍ രോഗികളുടെ ശതമാനം വര്‍ധിച്ചു. മാര്‍ച്ചിലെ 2.8 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റായപ്പോള്‍ ഇത് 7.04 ശതമാനമായാണ് വര്‍ധിച്ചത്. നൂറ് രോഗികളില്‍ 7 പേര്‍ കുട്ടികളാകുന്ന സാഹചര്യത്തിലേക്ക് കുട്ടികള്‍ എത്തിയിരിക്കുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ല കൃത്യമായ ജാഗ്രത പാലിച്ചാല്‍ മതിയെന്ന നിര്‍ദേശം ഉന്നതാധികാര സമതി മുന്നോട്ടുവയ്ക്കുന്നു. അതേസമയം മുന്നാം തരംഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നത് താമസിച്ചേക്കുമെന്നും പിജിഐഎംഇആര്‍ ഡയറക്ടര്‍ പറഞ്ഞു. ജനങ്ങള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് നാലാം സ്വർണ്ണം; ബാഡ്മിന്റണിൽ പ്രമോദ് ഭഗതിന് സ്വർണ്ണം
ടോക്കിയോ: പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് നാലാം സ്വർണ്ണം. ബാഡ്മിന്റണിൽ പ്രമോദ് ഭഗതാണ് സ്വർണ്ണം നേടിയത്. പാരാലിമ്പിക്‌സ് ബാഡ്മിന്റൺ എസ്.എൽ 3 വിഭാഗത്തിലാണ് സ്വർണ്ണം നേടിയത്. തൊട്ടുപുറകേ മനോജ് സർക്കാർ എസ് എൽ 3വിഭാഗത്തിൽ ജപ്പാൻ താരത്തെ തോൽപ്പിച്ച് വെങ്കലവും നേടി. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 17 ആയി. നാലു സ്വർണ്ണവും 7 വെള്ളിയും 6 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.ബാഡ്മിന്റണിലെ പുരുഷവിഭാഗത്തിൽ ഡാനിയേ ബഥേലിനെ 21-14,21-17നാണ് പ്രമോദ് ഫൈനലിൽ കീഴടക്കിയത്. ബാഡ്മിന്റണിലെ പുരുഷവിഭാഗത്തിൽ ജപ്പാന്റെ ദായ്‌സൂകേ ഫുജീഹാരയെ തകർത്താണ് പ്രമോദ് ഫൈനലിലേക്ക് കടന്നത്. 21-11,21-16 എന്ന സ്‌കോറിനാണ് പ്രമോദ് ജയിച്ചത്. എസ്.എൽ3 വിഭാഗത്തിലാണ് പ്രമോദ് പോരാടിയത്. നിലവിൽ ലോക ഒന്നാം നമ്പർ താരമാണ് പ്രമോദ് ഭഗത്.നേരത്തെ നടന്ന 50 മീറ്റര്‍ മിക്സഡ് പിസ്റ്റളില്‍ ഇന്ത്യയുടെ താരങ്ങള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. 19കാരന്‍ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്‌രാജ് വെള്ളിയും കരസ്ഥമാക്കി. ഫൈനലില്‍ 218.2 പോയിന്റ് മനീഷ് നേടിയപ്പോള്‍ 216.7 പോയിന്റ് സിംഗ്‌രാജ് സ്വന്തമാക്കി. സിംഗ്‌രാജിന്റെ ടോക്യോ ഒളിമ്ബിക്സിലെ രണ്ടാമത്തെ മെഡലാണിത്. റഷ്യയുടെ സെര്‍ജി മലിഷേവിനാണ് വെങ്കലം.
എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ ഇന്നും നാളെയും തടസപ്പെടും
ന്യൂഡൽഹി:എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ വീണ്ടും പണിമുടക്കും. യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ സേവനങ്ങള്‍ ഇന്നും നാളെയും 3 മണിക്കൂര്‍ നേരം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല.ട്വിറ്ററിലൂടെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെ കുറിച്ച് ബാങ്ക് അറിയിച്ചത്. സാങ്കേതികപരമായുള്ള അറ്റകുറ്റപണികള്‍ കാരണമാണ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്.സേവനം തടസ്സപ്പെടുന്നതില്‍ ഖേദിക്കുന്നതായും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും എസ്ബിഐ അഭ്യര്‍ത്ഥിച്ചു.
ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ കുറഞ്ഞ ഡൗണ്‍ലോഡ് വേഗത 2mbps ആയി നിശ്ചയിക്കാന്‍ ശുപാര്‍ശ ചെയ്ത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി: ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ കുറഞ്ഞ ഡൗണ്‍ലോഡ് വേഗത നിലവിലുള്ള 512 കെബിപിഎസ് പരിധിയില്‍ നിന്ന് രണ്ട് എംബിപിഎസ് ആയി നിശ്ചയിക്കാന്‍ ശുപാര്‍ശ ചെയ്ത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ചില അടിസ്ഥാന ആപ്ലിക്കേഷനുകള്‍ പോലും പ്രവര്‍ത്തിപ്പിക്കുന്നതിന് 512Kbps അപര്യാപ്തമാണെന്നും ട്രായ് പറഞ്ഞു.കണക്ഷനുകള്‍ രണ്ട് എംബിപിഎസ് മുതല്‍ 30 എംബിപിഎസ് വരെയുള്ളത് ബേസിക്, 30 മുതല്‍ 100 എംബിപിഎസ് വരെയുള്ളത് ഹൈ സ്പീഡ്, 100 എംബിപിഎസ് മുതൽ 1Gbps വരെയുള്ളത് അൾട്രാ ഹൈ സ്പീഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കണമെന്നും ട്രായ് സര്‍ക്കാരിനോട് അഭിപ്രായപ്പെട്ടു.രാജ്യത്തെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന് വേണ്ടി ട്രായ് 298 പേജുകളുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. മികച്ച ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി എല്ലാ പൗരന്‍മാരുടെയും അടിയന്തര ആവശ്യമാണെന്ന് ട്രായ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിവേഗ ഇന്റർനെറ്റ് സേവനം നല്‍കുന്നതിനായി സേവനദാതാക്കളെ പ്രോത്സാഹിപ്പിക്കാന്‍ ലൈസന്‍സ് ഫീസ് ഇളവുകള്‍ പോലുള്ളവ നല്‍കണമെന്നും ട്രായ് ശുപാര്‍ശ ചെയ്യുന്നുണ്ട്.അതോടൊപ്പം പൈലറ്റ് പദ്ധതിയെന്ന നിലയില്‍ ഗ്രാമീണ മേഖലകളില്‍ ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും ട്രായ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു ഉപഭോക്താവിന് പ്രതിമാസം പരമാവധി 200 രൂപ എന്ന നിലയില്‍ സഹായം നല്‍കണമെന്നാണ് പറയുന്നത്.
കൊറോണ പ്രതിരോധത്തിൽ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രം;മെച്ചപ്പെട്ട ലോക്ക്ഡൗണ്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നും നിർദേശം
ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിൽ കേരളം കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാജ്യത്ത് പ്രതിദിനം ഏറ്റവുമധികം കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കേരളം കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല.ഇതിന്റെ ആഘാതം തങ്ങളെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് അയല്‍സംസ്ഥാനങ്ങളെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.കേരളത്തില്‍ കോവിഡ് വ്യാപനം കുറയാന്‍ കൂടുതല്‍ മെച്ചപ്പെട്ട ലോക്ക്ഡൗണ്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിർദേശിച്ചു.അടുത്തിടെ, കേരളത്തില്‍ പ്രതിദിനം 30,000ലധികം രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 85 ശതമാനം രോഗികളും വീടുകളിലാണ് ക്വാറന്റൈനില്‍ കഴിയുന്നത്. പ്രതിദിന കോവിഡ് കേസുകള്‍ കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന് മെച്ചപ്പെട്ട ലോക്ക്ഡൗണ്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പ്രാധാന്യം വ്യക്തമാക്കിയ ഉദ്യോഗസ്ഥര്‍, നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നു നിര്‍ദേശിച്ചു. ജില്ലാ തലത്തില്‍ നടപടികള്‍ സ്വീകരിച്ചത് കൊണ്ട് കാര്യമില്ല. രോഗബാധയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.വീടുകളില്‍ കോവിഡ് മുക്തമാകുന്നവര്‍ സുരക്ഷാനിര്‍ദേശങ്ങള്‍ കൃതമായി പാലിക്കുന്നില്ല. അതുകൊണ്ടാണ് വൈറസ് വ്യാപനത്തെ തടയാന്‍ സാധിക്കാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ കൂടി ഇന്ന് സ്കൂളുകള്‍ തുറക്കും
ന്യൂഡല്‍ഹി: രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ കൂടി ഇന്ന് സ്കൂളുകള്‍ തുറക്കും. കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞ ഡല്‍ഹി,രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, തമിഴ്നാട് എന്നിവിടങ്ങളിലാണ് 50% വിദ്യാര്‍ഥികളുമായി ഇന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിക്കുക.കര്‍ശന നിയന്ത്രണങ്ങളോടെയാണ് സ്കൂള്‍ അധ്യയനം ആരംഭിക്കുന്നത്. അധ്യാപകരും സ്കൂള്‍ ജീവനക്കാരും 2 ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. ഡല്‍ഹിയില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് . 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ ഈ മാസം 8 നും ആരംഭിക്കും. തമിഴ് നാട്ടില്‍ ഒരു ക്ലാസില്‍ ഒരേ സമയം പരമാവധി 20 വിദ്യാര്‍ത്ഥികളെ മാത്രമേ അനുവദിക്കൂ. കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റോ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.രാജസ്ഥാനില്‍ 50% വിദ്യാര്‍ഥികളുമായി ആഴ്ചയില്‍ 6 ദിവസം ക്ലാസുകള്‍ നടത്താനാണ് തീരുമാനം. യുപി,പഞ്ചാബ്, ഉത്തരാഖണ്ഡ്, ഒഡീഷ, ഹിമാചല്‍, മിസോറാം എന്നിവിടങ്ങളില്‍ നേരത്തെ തന്നെ വിദ്യാലയങ്ങള്‍ തുറന്നിരുന്നു.കുട്ടികളെ ലക്ഷ്യമിടുന്ന മൂന്നാം തരംഗത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും, കുട്ടികളില്‍ സ്വയം രൂപപ്പെടുന്ന പ്രതിരോധശേഷി അവരെ വൈറസില്‍ നിന്ന് സംരക്ഷിക്കുമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു.മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം മുതല്‍ അടച്ചിട്ടിരുന്ന സ്‌കൂളുകള്‍, കോവിഡ് രണ്ടാം തരംഗം കുറഞ്ഞതോടെയാണ് തുറക്കാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചത്. ഈ സമയത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കാതിരുന്നാല്‍ അത് അവരുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെ ബാധിക്കുമെന്ന് ചില വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ബംഗളൂരുവില്‍ കാര്‍ കെട്ടിടത്തിലിടിച്ച് ഏഴുമരണം;അപകടകാരണം അമിതവേഗത
കര്‍ണാടക: ബംഗളൂരുവില്‍ കാര്‍ കെട്ടിടത്തിലിടിച്ച് ഏഴുമരണം. അമിത വേഗതയാണ് അപകട കാരണമെന്നാണ് വിവരം.ചൊവ്വാഴ്ച വെളുപ്പിന് 2.30ഓടെയായിരുന്നു അപകടം. ബംഗളൂരുവിന്‍റെ തെക്കുകിഴക്കന്‍ ഭാഗമായ കോരമംഗല പ്രദേശത്താണ് സംഭവം. അമിത വേഗതയിലെത്തിയ ഓഡി കാര്‍ റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് മരിച്ചത്.മരിച്ചവരില്‍ മൂന്ന് പെൺകുട്ടികളും ഉള്‍പ്പെടും. 20 വയസ് പ്രായമുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നവരെല്ലാം. മരിച്ചവരില്‍ ഹൊസൂരിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകനും ഉള്‍പ്പെടും. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മൈസൂരൂ കൂട്ടബലാൽസംഗ കേസ്;തിരുപ്പൂർ സ്വദേശികളായ അഞ്ചു പ്രതികൾ അറസ്റ്റിൽ ; പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തവരും
മൈസൂരൂ: ചാമുണ്ഡിഹിൽസിന് സമീപത്ത് വെച്ച് എം.ബി.എ വിദ്യാർത്ഥിനിയെ കൂട്ടബലാത്സഗം ചെയ്ത കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളാണ് പിടിയിലായത്. ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.കര്‍ണാടക ഡി.ജി. പ്രവീണ്‍ സൂദ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അഞ്ച് പ്രതികളും അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചത്. മൈസൂരിൽ കെട്ടിട നിർമ്മാണ ജോലിക്കെത്തിയവരാണിവർ. കൃത്യത്തിനുശേഷം നാടുവിട്ട പ്രതികളെ തിരുപ്പൂരിൽ നിന്നും ഇന്ന് പുലർച്ചെയാണ് പിടികൂടിയതെന്ന് ഡി. ജി. പി പറഞ്ഞു. അതേസമയം പ്രതികളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയിക്കുന്നതിനാലാണ് പിടിയിലായവരുടെ വിവരങ്ങൾ പുറത്ത് വിടാത്തത്. ചൊവ്വാഴ്ച രാത്രിയാണ് മൈസൂരു ചാമുണ്ഡിഹില്‍സിന് സമീപത്തെ വിജനമായസ്ഥലത്തുവെച്ച് എം.ബി.എ. വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ആക്രമിച്ചശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ, കേസിലെ പ്രതികളെ തേടി കേരളത്തിലേക്കടക്കം അന്വേഷണം വ്യാപിപ്പിച്ചതായി ചില പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേന്ദ്രങ്ങള്‍ ഇത്തരം സൂചനകള്‍ നല്‍കിയത്. പ്രതികള്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണെന്ന സൂചനകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനുപിന്നാലെയാണ് അഞ്ച് പ്രതികളെയും തമിഴ്നാട്ടില്‍നിന്ന് പിടികൂടിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്.