ബീഹാറിൽ സ്കൂളിലേക്ക് കാർ പാഞ്ഞുകയറി ഒൻപതു കുട്ടികൾ മരിച്ചു;24 പേർക്ക് പരിക്കേറ്റു

keralanews nine students killed and 24 injured as a car rams into school building

പാറ്റ്ന:ബീഹാറിലെ മുസാഫർപൂരിൽ സ്കൂൾ കെട്ടിടത്തിലേക്ക് കാർ പാഞ്ഞുകയറി ഒൻപതു കുട്ടികൾ മരിച്ചു.24 പേർക്ക് പരിക്കേറ്റു.സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം നഷ്ട്ടപ്പെട്ട് സ്കൂൾ വളപ്പിനകത്തേക്ക് പാഞ്ഞു കയറുകയായിരുന്നു.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചിച്ചു.മരിച്ച കുട്ടികളുടെ കുടുംബത്തിന് നാലുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

തനിക്ക് മുസ്ലിം ആയാണ് ജീവിക്കേണ്ടതെന്ന് ഹാദിയ സുപ്രീം കോടതിയിൽ

keralanews i want to live as a muslim hadiya in supreme court

ന്യൂ ഡൽഹി:താൻ മുസ്ലീമാണെന്നും തനിക്ക് മുസ്ലീമായാണ് ജീവിക്കേണ്ടതെന്നും ഹാദിയ സുപ്രീം കോടതിയിൽ.തന്നെ സ്വതന്ത്രയായി ജീവിക്കാൻ അനുവദിക്കണമെന്നും അനുഭവിച്ച പീഡനങ്ങൾക്ക് നഷ്ടപരിഹാരം നല്കാൻ നിർദേശിക്കണമെന്നും ഹാദിയ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.ഹാദിയയുമായുള്ള ഷെഫിൻ ജഹാന്റെ വിവാഹം റദ്ദാക്കിയതിനെതിരെ ഷെഫിൻ ജഹാൻ സമർപ്പിച്ച ഹർജിയിൽ ഹാദിയയെയും കക്ഷി ചേർത്തിരുന്നു.മതം മാറ്റം,ഷെഫിനുമായുള്ള വിവാഹം എന്നിവ സംബന്ധിച്ച വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാമെന്ന് ഹാദിയയോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.നേരത്തെ വീട്ടുതടങ്കലിൽ ആയിരുന്നു.ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ് ജീവിതം.ഇതിനാൽ പൂർണ്ണ സ്വതന്ത്രയായി ജീവിക്കാനുള്ള സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് സുപ്രീം കോടതിയോട് ഹാദിയ ആവശ്യപ്പെട്ടിട്ടുണ്ട്.

അഡാർ ലവ് നായിക പ്രിയ വാര്യർ സുപ്രീം കോടതിയിൽ

keralanews the heroin of adar love film priya varrier approached the supreme court

ന്യൂഡൽഹി:’ഒരു അഡാർ ലവ്’ എന്ന സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിനെതിരെ ഇതര സംസ്ഥാനങ്ങളിൽ നിലവിലുള്ള ക്രിമിനൽ നടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സിനിമയിലെ നായിക പ്രിയ വാര്യർ സുപ്രീം കോടതിയിൽ.ഹൈദരാബാദിലെ ഫലക്നാമ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്‌ഐആർ റദ്ദാക്കുക,സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരായ നടപടികൾ തടഞ്ഞ് ഇടക്കാല ഉത്തരവിറക്കുക എന്നെ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.ഹർജിയിൽ പ്രിയയ്ക്ക് പുറമെ സിനിമയുടെ സംവിധായകൻ ഒമർ ലുലുവും ജോസഫ് വാളക്കുഴി ഈപ്പനും പരാതിക്കാരാണ്.മഹാരാഷ്ട്ര,തെലങ്കാന സംസ്ഥാനങ്ങളെ എതിർകക്ഷികളാക്കി സുപ്രീം കോടതി അഭിഭാഷകരായ അഡ്വ.ഹാരിസ് ബീരാൻ, അഡ്വ,പല്ലവി പ്രതാപ് എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തെറ്റായതായും വളച്ചൊടിച്ചതുമായ വ്യാഖ്യാനങ്ങൾ നൽകിയാണ് മലയാളം സംസാരിക്കാത്ത ഇതര സംസ്ഥാനങ്ങളിൽ നിന്നും പാട്ടിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നതെന്ന് ഹർജിയിൽ   ബോധിപ്പിച്ചിട്ടുണ്ട്.പാട്ടിന്റെ പരിഭാഷയും കോടതിക്ക് മുൻപിൽ സമർപ്പിച്ചിട്ടുണ്ട്.

മാധ്യമ പ്രവർത്തകന്റെ അമ്മയെയും മകളെയും കഴുത്തറുത്തു കൊന്ന് ചാക്കിൽ കെട്ടി നദിയിൽ ഉപേക്ഷിച്ചു

keralanews mother and daughter of journalist killed and bodies thrown away in sacks

നാഗ്‌പൂർ:മാധ്യമ പ്രവർത്തകന്റെ അമ്മയെയും മകളെയും കഴുത്തറുത്തു കൊന്ന് ചാക്കിൽ കെട്ടി നദിയിൽ ഉപേക്ഷിച്ചു.പ്രാദേശിക പത്രലേഖകനായ രവികാന്ത് കംബ്ലയുടെ അമ്മ ഉഷ(52),മകൾ റാഷി(1),എന്നിവരുടെ മൃതദേഹമാണ് ചാക്കിൽ കെട്ടി നദിയിൽ തള്ളിയ നിലയിൽ കണ്ടെടുത്തത്.ശനിയാഴ്ച വൈകുന്നേരത്തോടെ വീടിനു സമീപത്തുള്ള ജ്വല്ലറിയിലേക്ക് പോയ ഉഷയെയും കുട്ടിയേയും പിന്നീട് കാണാതാവുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയിൽ ഇവരെ കണ്ടെത്തിയത്.ഇരുവരുടെയും ശരീരത്തിൽ സംശയകരമായ രീതിയിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഉഷ പലിശയ്ക്ക് പണം കടം കൊടുക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ജ്വല്ലറിയിലേക്ക് പോയ ഉഷയും കുഞ്ഞും സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്ന് ഉഷയുടെ ഭർത്താവ് ഇവരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.ഇതേ തുടർന്ന് ഇയാൾ പോലീസിൽ വിവരമറിയിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പവൻപുത്ര സ്വദേശിയായ ഗണേഷ് ഷാഹു (26)നെ അറസ്റ്റു ചെയ്തു. ചിട്ടിക്കാശുമായി ബന്ധപ്പെട്ട് ഉഷയും ഷാഹുവും തമ്മിൽ തർക്കമുണ്ടായിരുന്നതായും ഇതേ തുടർന്നാണ് കൊല നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.നദിയുടെ പടവിൽ നിന്നും ഇയാൾ ഉഷയെ തള്ളിയിടുകയായിരുന്നു.പിന്നീട് കഴുത്തു മുറിച്ചു.ഇതുകണ്ട് കുഞ്ഞ് കരഞ്ഞതോടെ കുഞ്ഞിനേയും കൊല്ലുകയായിരുന്നു.പിന്നീട് ഇരുവരുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി നദിയിൽ തള്ളുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ത്രിപുരയിൽ വോട്ടെടുപ്പ് ഇന്ന്

keralanews today polling in tripura

അഗർത്തല:കാൽനൂറ്റാണ്ടായി സിപിഎം ഭരിക്കുന്ന ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴു മണിമുതൽ വൈകിട്ട് നാലുമണി വരെയാണ് തിരഞ്ഞെടുപ്പ്.സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത വാശിയേറിയ പോരാട്ടമാണ് ഇത്തവണ.59 സീറ്റുകളിലായി മൊത്തം 309 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കോൺഗ്രസ് 59, സിപിഎം 56, ബിജെപി 50, തൃണമൂൽ കോൺഗ്രസ് 27, ബിജെപിയുടെ സഖ്യകക്ഷി ഐപിഎഫ്ടി 9 എന്നിങ്ങനെയാണ് പ്രമുഖ പാർട്ടി സ്ഥാനാർഥികളുടെ എണ്ണം.ഗോത്രവർഗ്ഗക്കാരുടെ പാർട്ടിയായ ഐപിഎഫ്റ്റിയുമായി ചേർന്നാണ് ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്.മുൻകാലങ്ങളിൽ സിപിഎമ്മിന് അനായാസ വിജയം നൽകിയ ത്രിപുരയിൽ ബിജെപി ഇത്തവണ വലിയ പ്രചാരണമാണ് സംഘടിപ്പിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു തവണ ഇവിടെ പ്രചാരണത്തിനെത്തി.കേന്ദ മന്ത്രിമാരും മണിക് സർക്കാരിനെ എതിർക്കാൻ ത്രിപുരയിലെത്തി. പണമൊഴുക്കിയുള്ള പ്രചാരണമാണ് ബിജെപി നടത്തിയതെങ്കിൽ പരമ്പരാഗത ശൈലിയിലുള്ള പ്രചാരണവുമായാണ് സിപിഎം മുന്നോട്ട് പോയത്.ഇത്തവണ അധികാരം പിടിച്ചെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപിയെങ്കിൽ നഗരപ്രദേശങ്ങളിൽ വോട്ട് കുറയുമെങ്കിലും ഗ്രാമങ്ങളിൽ സീറ്റുകൾ നിലനിർത്താനാകുമെന്ന വിശ്വാസത്തിലാണ് സിപിഎം.

ആന്ധ്രായിലെ ചിറ്റൂരിൽ ഓട വൃത്തിയാക്കാനിറങ്ങിയ ഏഴു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

keralanews seven workers died while cleaning septic tank in chittoor andrapradesh

ചിറ്റൂർ:ആന്ധ്രായിലെ ചിറ്റൂരിൽ ഓട  വൃത്തിയാക്കാനിറങ്ങിയ ഏഴു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു.ചിറ്റൂർ ജില്ലയിലെ ഒരു സ്വകാര്യ ഹാച്ചറിയിലെ തൊഴിലാളികളാണ് ശുചീകരണ ജോലിക്കിടെ ശ്വാസംമുട്ടി മരിച്ചത്.മോറം ഗ്രാമത്തിലെ പലമനേറുവിലുള്ള വെങ്കടേശ്വര ഹാച്ചറിയിലാണ് ദുരന്തം നടന്നത്. ഓടയിൽ ഇറങ്ങിയ ഉടൻ നാലു തൊഴിലാളികൾ ബോധരഹിതരായി വീണു.ഇവരെ രക്ഷിക്കാനിറങ്ങിയ മൂന്നു പേർകൂടി ഓടയിലേക്കു വീഴുകയായിരുന്നു.മറ്റ് തൊഴിലാളികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ഇവരെ പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.ദുരന്തമുണ്ടായതിനു തൊട്ടുപിന്നാലെ ഹാച്ചറിയുടെ ഉടമയും മാനേജരും ഒളിവിൽ പോയിരിക്കുകയാണ്.ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കാതെയാണ് തൊഴിലാളികളെ ശുചീകരണത്തിന് ഇറക്കിയത്.ഹാച്ചറി മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഗുരുതരമായ അനാസ്ഥയുണ്ടായതായും അധികൃതർ പറഞ്ഞു.

കാവേരി;കർണാടകത്തിന് അധിക ജലം;തമിഴ്നാടിനു കുറച്ചു

keralanews kaveri water distribute verdict more water for karnataka reduced for tamilnadu

ബെംഗളൂരു:നാളുകളായി നീണ്ടു നിൽക്കുന്ന കാവേരി നദീജല തർക്കം സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നു.കർണാടകത്തിന് അധികജലം നൽകണമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി തമിഴ്‌നാടിന്റെ വിഹിതം വെട്ടിക്കുറച്ചു.വിധിയിലൂടെ 14.75 ഘനഅടി ജലം കർണാടകത്തിന് അധികം ലഭിക്കും. 2007 ലെ കാവേരി ട്രിബ്യുണൽ ഉത്തരവിനെതിരെയാണ് കർണാടകം സുപ്രീം കോടതിയെ സമീപിച്ചത്.തമിഴ്‌നാട്,കേരളം,കർണാടകം എന്നീ സംസ്ഥാനങ്ങൾ കേസിൽ സാക്ഷികളാണ്.മൂന്നു സംസ്ഥാനങ്ങളും വിധി ലംഘിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.99.8 ടിഎംസി അടി വെള്ളം വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.എന്നാൽ ട്രിബ്യുണൽ അംഗീകരിച്ച 30 ടിഎംസി ജലം നൽകാനാണ് സുപ്രീം കോടതിയും വിധിച്ചിരിക്കുന്നത്.പുതുച്ചേരിക്ക് 7 ടിഎംസി വെള്ളമായിരിക്കും ലഭിക്കുക.15 വർഷത്തേക്കാണ് ഇന്നത്തെ വിധി.പിന്നീട് ആവശ്യമെങ്കിൽ വിധി പുനഃപരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ജലവിതരണം നിയന്ത്രിക്കുന്നതിനായി കാവേരി മാനേജ്മെന്‍റ് ബോർഡ് രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.വിധി വരുന്നത് കണക്കിലെടുത്ത് കാവേരി നദീതട ജില്ലകളിലും തമിഴ്‌നാട് അതിർത്തി ജില്ലകളിലും കർണാടകം സുരക്ഷാ ശക്തമാക്കിയിരുന്നു.15000 പോലീസുകാരെയാണ് ക്രമസമാധാന പാലനത്തിന് ബെംഗളൂരുവിൽ നിയോഗിച്ചിരിക്കുന്നത്.

മഴ വില്ലനായെത്തിയ മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റ് തോൽവി

keralanews india south africa one day match india lost by five wickets

ജോഹന്നാസ്ബർഗ്:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായുള്ള നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റിന്റെ തോൽവി.മഴകാരണം ഇടയ്ക്ക് മുടങ്ങിയ കളിയിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമാണ് ദക്ഷിണാഫ്രിക്കയുടെ ജയം.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു.ഓപ്പണർ ശിഖർ ധവാന്‍റെ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 7.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റണ്‍സെന്ന നിലയിൽ നിൽക്കവെ മഴയെത്തിയതോടെ മത്സരം നിർത്തിവയ്ക്കുകയായിരുന്നു.പിന്നീട് മഴ നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ ലക്‌ഷ്യം 28 ഓവറിൽ 202 റൺസായി പുതുക്കി നിശ്ചയിക്കുകയായിരുന്നു.ഈ വിജയലക്ഷ്യം 25.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു.ക്യാപ്റ്റൻ ഏഡൻ മർ‌ക്‌‍റാം ( 23 പന്തിൽ 22), ഹാഷം ആംല (40 പന്തിൽ 33), എബിഡി വില്ലേഴ്സ് (18 പന്തിൽ 26), ഡേവിഡ് മില്ലർ (28 പന്തിൽ 39), ഹെന്‍റിക് ക്ലാസൻ (27 പന്തിൽ 43), അൻഡിലെ പെഹുലുക്വായോവ് (5 പന്തിൽ 23) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തത്.ഇതോടെ ആറു മത്സരങ്ങളുള്ള കളിയിൽ ഇന്ത്യ ഇപ്പോൾ 3-1 നു മുൻപിലാണ്.തുടർച്ചയായ നാലാം ഏകദിനവും ജയിച്ചു കയറി ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര നേട്ടം സ്വന്തമാക്കാമെന്ന ഇന്ത്യയുടെ മോഹമാണ് പൊലിഞ്ഞത്.

മുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്തറുത്തു കൊന്നു

keralanews mother slits throat of baby crying constantly for milk

മധ്യപ്രദേശ്:മുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്തറുത്തു കൊന്നു.ഒരു വയസ് പ്രായമുള്ള പെണ്‍കുഞ്ഞാണ് പെറ്റമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. മധ്യപ്രദേശ്,ധാര്‍ ജില്ലയിലെ കുക്ഷിയിലാണ് സംഭവം.സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.യുവതി അടുക്കളയിൽ ജോലികൾ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് കരഞ്ഞത്.ഇത് അമ്മയെ അസ്വസ്ഥയാക്കുകയും തുടർന്ന് അരിവാളെടുത്ത് കുഞ്ഞിന്റെ കഴുത്തറുക്കുകയുമായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകി.കുറെ സമയം ഉറക്കെ കരഞ്ഞ കുട്ടി പെട്ടെന്ന് കരച്ചിൽ നിർത്തിയെന്നും യുവതി ഉടൻ തന്നെ പുറത്തേക്ക് പോകുന്നത് കണ്ടതായും അയൽവാസികൾ പോലിസിന് മൊഴി നൽകിയിരുന്നു.ബന്ധുവീട്ടിലേക്ക് പോയ യുവതിയുടെ കയ്യിൽ കുഞ്ഞിനെ കാണാതിരുന്നത് സംശയത്തിനിടയാക്കിയതായും ഇവർ പറഞ്ഞു.ഇവർ ഇക്കാര്യം യുവതിയുടെ ബന്ധുവിനെ അറിയിച്ചു.തുടർന്ന് യുവതിയുടെ ഒരു ബന്ധു വന്ന് വീടിന്റെ വാതിൽ തുറന്നപ്പോഴാണ് കുഞ്ഞ് ചോരയിൽ കുളിച്ചു കിടക്കുന്നതു കണ്ടത്.തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തിനിടെ 76 പിടികിട്ടാപുള്ളികളെ പോലീസ് വലയിലാക്കി

keralanews police captured 76 wanted men during the birthday celebration of gangster binu

ചെന്നൈ:ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തിനിടെ ചെന്നൈയിൽ 76 പിടികിട്ടാപുള്ളികളെ പോലീസ് അറസ്റ്റ് ചെയ്തു.ചെന്നൈ അമ്പത്തൂർ മലയമ്പാക്കത്ത് ഗുണ്ടാനേതാവ് ബിനുവിന്റെ പിറന്നാൾ ആഘോഷിക്കാൻ എത്തിയവരാണ് പോലീസ് പിടിയിലായത്.അൻപതുപേരടങ്ങിയ പോലീസ് സംഘമാണ് പിടികിട്ടാപുള്ളികളെ പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് പള്ളികരണയിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ മദൻ എന്ന ഗുണ്ട പോലീസ് പിടിയിലായതോടെയാണ് പിന്നാളാഘോഷത്തെ പറ്റി പൊലീസിന് വിവരം ലഭിക്കുന്നത്.ബിനുവിന്റെ പിറന്നാൾ ആഘോഷത്തിൽ നഗരത്തിലെ പ്രധാന ഗുണ്ടകളൊക്കെ പങ്കെടുമെന്നും ഇതിൽ പങ്കെടുക്കുന്നതിനാണ് താനും പോകുന്നതെന്നും മദൻ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് ‘ഓപ്പറേഷൻ ബർത്ത്ഡേ’ എന്ന പേരിൽ ഗുണ്ടാ വേട്ട നടത്താൻ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ സംഘത്തെ നിയോഗിക്കുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്തുള്ള വർക്ക് ഷോപ്പിനു സമീപമാണ് ആഘോഷം നടന്നത്. ആഘോഷത്തിൽ പങ്കെടുക്കാൻ 150 ലധികം പേർ എത്തിയിരുന്നു.വടിവാൾ ഉപയോഗിച്ചാണ് ബിനു കേക്ക് മുറിച്ചത്.ആഘോഷം തുടങ്ങിയതോടെ പോലീസ് സംഘം തോക്കുമായി ചാടിവീഴുകയായിരുന്നു. ഇതോടെ ഗുണ്ടകൾ ചിതറിയോടി.ഇവരിൽ പലരെയും തോക്കുചൂണ്ടി പോലീസ് പിടികൂടി.നാട്ടുകാരുടെ സഹകരണത്തോടുകൂടി നടത്തിയ തിരച്ചിലിലാണ് സമീപ പ്രദേശങ്ങളിൽ ഒളിച്ചിരുന്നവരെ പോലീസ് പിടികൂടിയത്.ചൊവ്വാഴ്ച രാത്രി ഒൻപതു മണിക്ക് തുടങ്ങിയ ഓപ്പറേഷൻ ബുധനാഴ്ച രാവിലെ അഞ്ചുമണി വരെ തുടർന്നു.പിടിയിലായവർ വിവിധ ക്രിമിനൽ കേസുകൾ പ്രതികളാണ്.പിടിയിലായവരുടെ അറസ്റ്റ് അതാതു പോലീസ് സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ പോലീസ് രക്ഷപെട്ട ബിനു അടക്കമുള്ള പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കുമെന്നും അറിയിച്ചു.