ഗാന്ധിനഗർ: ഗുജറാത്തിലെ ഭാവ്നഗറിൽ വിവാഹ സംഘം സഞ്ചരിച്ച ട്രക്ക് പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ് 30 പേർ മരിച്ചു. ഭാവ്നഗറിലെ രംഘോളയിൽ രാജ്കോട്ട്-ഭാവ്നഗർ ഹൈവേയിലാണ് സംഭവം.60 പേരാണ് ബസിലുണ്ടായിരുന്നത്.സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിലേറെയെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പരോഗമിക്കുകയാണ്.
ഗൗരി ലങ്കേഷ് വധം;മുഖ്യ പ്രതി അറസ്റ്റിൽ
ബെംഗളൂരു:മുതിർന്ന മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി പിടിയിൽ.ഹിന്ദു യുവസേന സ്ഥാപകൻ നവീൻ കുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.മാണ്ഡ്യ ജില്ലയിലെ മദ്ദൂർ സ്വദേശിയായ ഇയാളെ അനധികൃതമായി ആയുധം കൈവശം വെച്ചതിനു സിറ്റി ക്രൈം ബ്രാഞ്ച് കഴിഞ്ഞമാസം 18 ന് അറസ്റ്റ് ചെയ്തിരുന്നു.ഇയാളെ ബംഗളൂരു എസ്ഐടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഗൗരിലങ്കേഷ് വധവുമായുള്ള ബന്ധം പുറത്തുവന്നത്.അനധികൃതമായി ആയുധം കൈവശം വെച്ച കേസിൽ റിമാൻഡിലായ നവീൻ കുമാറിനെ ഗൗരി ലങ്കേഷ് വധക്കേസിൽ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ബെംഗളൂരു അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ കോടതിയുടെ അനുമതി തേടിയിരുന്നു.ഇയാളുടെ കുറ്റസമ്മത മൊഴി മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.തുടർന്നാണ് വെള്ളിയാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കർണാടകയിലെ ഹിന്ദു യുവസേന സ്ഥാപകനായ നവീൻ കുമാറിന് സനാതന സംസ്ഥ,ഹിന്ദു ജനജാഗ്രിതി തുടങ്ങിയ ഹിന്ദു തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് ഗൗരി ലങ്കേഷിനെ ബെംഗളൂരുവിലെ വീടിനു മുൻപിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ത്രിപുരയിൽ താമര വിരിഞ്ഞു;നാഗാലാൻഡിൽ ബിജെപി സഖ്യം;മേഘാലയയിൽ കോൺഗ്രസിന് ആശ്വാസം
ന്യൂഡൽഹി:കാൽനൂറ്റാണ്ടായുള്ള സിപിഎം ഭരണത്തിന് വിരാമമിട്ടുകൊണ്ട് ത്രിപുരയിൽ ബിജെപിക്ക് വൻ നേട്ടം.ചെങ്കോട്ടയായിരുന്ന ത്രിപുരയിൽ ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടിയപ്പോൾ നാഗാലാൻഡിൽ ബിജെപി സഖ്യം ഭരണത്തിലേറുമെന്ന് ഉറപ്പായി.അതേസമയം ഒരു കക്ഷികൾക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയിൽ തൂക്കുനിയമസഭ വരുമെന്ന് ഉറപ്പായി.60 നിയമസഭാ സീറ്റുകളുള്ള മൂന്നു സംസ്ഥാനങ്ങളിലും 31 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ത്രിപുരയിൽ മുഖ്യമന്ത്രി മണിക് സർക്കാരിന്‍റെ വ്യക്തിപ്രഭാവം മുൻനിർത്തി ബിജെപിയെ നേരിട്ട സിപിഎം വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തിൽ കടുത്ത പോരാട്ടത്തിനുള്ള സൂചനകൾ നൽകിയിരുന്നു. എന്നാൽ രണ്ടാം റൗണ്ട് വോട്ടെണ്ണൽ തുടങ്ങിയതോടെ ചിത്രം മാറിമറിയുകയായിരുന്നു. നഗരപ്രദേശങ്ങളെല്ലാം ബിജെപി തൂത്തുവാരിയതോടെ സിപിഎം കോട്ടകൾ തകർന്നടിഞ്ഞു.യുവജനങ്ങളുടെ പൂർണമായ പിന്തുണ ബിജെപിക്ക് ലഭിച്ചുവെന്ന് ത്രിപുരയിലെ തെരഞ്ഞെടുപ്പ് നൽകുന്ന ചിത്രം.60 അംഗ നിയമസഭയിൽ 59 എണ്ണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.ഇതിൽ 41 സീറ്റുകൾ ബിജെപി-ഐപിഎഫ്റ്റി സഖ്യം കരസ്ഥമാക്കി.2013 ലെ തിരഞ്ഞെടുപ്പിൽ 1.45 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിജെപിയാണ് ഇത്തവണ അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തിയത്.സിപിഎമ്മിന് 19 സീറ്റുകൾ ലഭിച്ചു.2013 ല്‍ 10 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും മുന്നിട്ട് നില്‍ക്കാനായില്ല.60 അംഗ നാഗാലാൻഡ് നിയമസഭയിൽ ഭരണകക്ഷിയായ ബിജെപി-എൻഡിപിപി സഖ്യം കേവലഭൂരിപക്ഷം നേടി.ഭരണകക്ഷിയായ എൻപിഎഫ് 26 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.കഴിഞ്ഞ തവണ എട്ടു സീറ്റുകൾ സ്വന്തമാക്കിയ കോൺഗ്രസിന് ഇത്തവണ ഒരു സീറ്റുപോലും നേടാനായില്ല.കഴിഞ്ഞ പതിനഞ്ചു വർഷമായി കോൺഗ്രസ് ഭരിച്ചിരുന്ന മേഘാലയയിലും ഭരണമാറ്റം ഉണ്ടാകാന് സാധ്യത.23 സീറ്റുകളുടെ ലീഡോടെ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായിട്ടില്ല.
മേഘാലയയിൽ ആർക്കും ഭൂരിപക്ഷമില്ല
ഷില്ലോങ്:കനത്ത മത്സരം നടന്ന മേഘാലയയിൽ ആർക്കും കേവല ഭൂരിപക്ഷം നേടാനായില്ല. കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെ പോയത് തിരിച്ചടിയായി. 23 സീറ്റിൽ മുന്നിട്ട് നിൽക്കുന്ന കോൺഗ്രസ് തെന്നെയാണ് മേഘാലയയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.എന്നാൽ ഭരിക്കാൻ വേണ്ട 30 സീറ്റുകൾ എന്ന നിലയിലേക്ക് അവർ എത്തില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.14 സീറ്റുകളുള്ള എൻപിപിയാണ് കോണ്‍ഗ്രസിന് പിന്നിലുള്ള ഏറ്റവും വലിയ ഒറ്റകക്ഷി.ബിജെപിക്ക് ആറു സീറ്റുകൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയിലെ ഭരണം നേടുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.14 സീറ്റുകളുള്ള എൻപിപിയെയും മറ്റ് ചെറുകക്ഷികളെയും ഒപ്പം നിർത്തി ഭരണം പിടിക്കാനാണ് ബിജെപി ശ്രമം. കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ കോണ്‍ഗ്രസും അധികാരം നിലനിർത്താനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചെറുകക്ഷികളെ ഒപ്പം നിർത്തി അധികാരം നേടിയെടുക്കാനാണ് കോൺഗ്രസ്സും ശ്രമിക്കുന്നത്.
മേഘാലയയിൽ കോൺഗ്രസ് മുന്നേറ്റം
ഷില്ലോങ്:മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറുന്നു. കേവലഭൂരിപക്ഷത്തിന്റെ ലീഡ് മേഘാലയയിൽ കോൺഗ്രസ് നേടിക്കഴിഞ്ഞു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് 25 സീറ്റിൽ മുന്നിലാണ്.വൻ പ്രചാരണം കാഴ്ചവെച്ചിട്ടും ബിജെപിക്ക് അഞ്ചു സീറ്റിലാണ് ഇതുവരെ മുൻതൂക്കം നേടാനായത്. പ്രതിപക്ഷമായ എൻപിപി 11 സീറ്റിൽ മുന്നിലുണ്ട്.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളെ ചേര്‍ത്ത് ബിജെപി രൂപവത്കരിച്ച നാഷണല്‍ ഡെമോക്രാറ്റിക് സഖ്യത്തിന്റെ ഭാഗമാണ് എന്‍പിപി.ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാതെ വരുകയാണെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയും എന്‍പിപിയും കൈകോര്‍ക്കാനാണ് സാധ്യത.
ചെങ്കോട്ട തകർന്നു;ത്രിപുരയിൽ ബിജെപി അധികാരത്തിലേക്ക്
അഗർത്തല:25 വര്‍ഷത്തെ തുടര്‍ച്ചയായുള്ള സി.പി.എം ഭരണത്തിന് വിരാമമിട്ട് ത്രിപുര ബി.ജെ.പി തൂത്തുവാരി.വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ 40 സീറ്റിലാണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത്.ഭരണ കക്ഷിയായ സി.പി.എം 18 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്.സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും ബിജെപി-ഐപിഎഫ്റ്റി സഖ്യവും തമ്മിലായിരുന്നു മത്സരം.ആകെയുള്ള സീറ്റിൽ 59 ഇടത്തേക്കാണ് വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് നടന്ന മൂന്നു സംസ്ഥാനങ്ങളിലും ബിജെപി ശക്തമായ മുന്നേറ്റമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ലീഡ് നില മാറിമറിയുന്നു;ത്രിപുരയിൽ ബിജെപിയുടെ തിരിച്ചുവരവ്
അഗർത്തല:ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായി തിരിച്ചുവരുന്നു. വോട്ടെണ്ണൽ തുടങ്ങി ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ 56 മണ്ഡലങ്ങളിലെ ഫലസൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ 31 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്.കഴിഞ്ഞ തവണ 49 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഇത്തവണ വന്‍ തിരിച്ചടി നേരിടുകയാണ്.ആദിവാസി വോട്ടുകളിൽ പിളർപ്പുണ്ടായാൽ സിപിഎമ്മിന് ഭരണം നഷ്ട്ടപ്പെടുമെന്നാണ് വിലയിരുത്തൽ.ഇടതുഭരണം ബിജെപി അവസാനിപ്പിക്കുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ നിലനിൽക്കെ ശക്തമായ മുന്നേറ്റമാണ് ബിജെപി കാഴ്ചവയ്ക്കുന്നത്.
ത്രിപുരയിൽ സിപിഎം കേവലഭൂരിപക്ഷത്തിലേക്ക്
ന്യൂഡൽഹി:കാൽനൂറ്റാണ്ടുകളായി ഇടതുപക്ഷം മുന്നിട്ട് നിൽക്കുന്ന ത്രിപുരയിൽ മുഖ്യമന്ത്രി മണിക് സർക്കാരിന്റെ നേതൃത്വത്തിൽ സിപിഎം കേവലഭൂരിപക്ഷത്തിലേക്ക്.53 സീറ്റുകളിലെ ലീഡ് നില പുറത്തുവരുമ്പോൾ 30 സീറ്റിൽ സിപിഎം മുന്നിട്ട് നിൽക്കുകയാണ്.31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായിട്ടുള്ളത്. ശക്തമായ മത്സരം കാഴ്ചവെച്ച ബിജെപി ഇവിടെ 23 സീറ്റിൽ മുന്നിട്ട് നിൽക്കുകയാണ്.നേരത്തെ കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് നഷ്ടമാവുകയായിരുന്നു.
ത്രിപുര,മേഘാലയ,നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പ്;വോട്ടെണ്ണൽ ആരംഭിച്ചു;ത്രിപുരയിൽ ബിജെപിയും സിപിഎമ്മും ഒപ്പത്തിനൊപ്പം
അഗർത്തല:ത്രിപുര,മേഘാലയ,നാഗാലാൻഡ് വോട്ടെണ്ണൽ ആരംഭിച്ചു.രാജ്യം ഉറ്റു നോക്കുന്ന ത്രിപുരയിൽ വാശിയേറിയ പോരാട്ടത്തിൽ സിപിഎമ്മും ബിജെപിയും ആദ്യഫലങ്ങൾ പുറത്തുവരുമ്പോൾ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്.വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ 49 മണ്ഡലങ്ങളിലെ ഫലസൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. 25 സീറ്റിൽ സിപിഎം നേതൃത്വം നൽകുന്ന ഇടതുസഖ്യം ലീഡ് ചെയ്യുന്നുണ്ട്.ബിജെപിയും പ്രകടനം മോശമാക്കിയിട്ടില്ല എന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. ബിജെപി സഖ്യം 23 സീറ്റിൽ മുന്നിട്ടുനിൽക്കുകയാണ്. നാഗാലാൻഡിൽ മറ്റു കക്ഷികളെ പിന്നിലാക്കി 13 സീറ്റിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്.മേഘാലയയിലെ കോൺഗ്രസ് ഏഴിലും എൻപിപി 11 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.കനത്ത സുരക്ഷയിൽ രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.സിപിഎമ്മും ബിജെപിയും കൊമ്പുകോർത്ത ത്രിപുരയിലെ ഫലമാണ് രാജ്യം ഉറ്റുനോക്കുന്നത്.മൂന്നു സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ്പോൾ പ്രവചനങ്ങൾ.
ബെംഗളൂരുവിൽ ട്രെയിൻ യാത്രക്കാരെ മയക്കുമരുന്ന് കലർത്തിയ ബിസ്ക്കറ്റ് നൽകിയ ശേഷം കൊള്ളയടിച്ചു
ബെംഗളൂരു:ബെംഗളൂരുവിൽ ട്രെയിൻ യാത്രക്കാരെ മയക്കുമരുന്ന് കലർത്തിയ ബിസ്ക്കറ്റ് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കൊള്ളയടിച്ചു. ജോധ്പൂരില്‍ നിന്നും യശ്വന്ത്പൂരിലേക്ക് വന്ന ട്രെയിനില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം.ട്രെയിനില്‍ കുറച്ച് ചെറുപ്പക്കാര്‍ ബിസ്ക്കറ്റുകള്‍ വിറ്റിരുന്നു. ഇത് കഴിച്ച യാത്രക്കാര്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് യാത്രക്കാരുടെ വിലപിടിപ്പുള്ളതെല്ലാം കവര്‍ന്ന ചെറുപ്പക്കാര്‍ രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് തങ്ങളുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി യാത്രക്കാര്‍ക്ക് മനസിലാകുന്നത്. പിന്നീട് പുലര്‍ച്ചെ നാല് മണിയോടെ ട്രെയിന്‍ നെല്ലൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയും അബോധാവസ്ഥയിലായവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറ് യാത്രക്കാരുടെ ആരോഗ്യ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ റെയില്‍വേ ജീവനക്കാരെയും ദൃക്സാക്ഷികളെയും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.