ചെന്നൈ:ചെന്നൈയിൽ വിദ്യാർത്ഥിനിയെ കോളേജ് ഗേറ്റിനു മുൻപിൽ കുത്തിക്കൊന്നു. ചെന്നൈ കെ.കെ നഗറിലുള്ള മീനാക്ഷി കോളേജിലെ ബി.കോം വിദ്യാർത്ഥിനി അശ്വിനിയാണ് കുത്തേറ്റ് മരിച്ചത്.ക്ലാസ് കഴിഞ്ഞു പുറത്തേക്ക് വരികയായിരുന്ന അശ്വിനിയെ കോളേജ് ഗേറ്റിനു മുന്നിൽ വെച്ച് അഴകേശൻ എന്നയാൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. മധുരവയൽ സ്വദേശികളാണ് അഴകേശനും അശ്വിനിയും.തന്നെ അഴകേശൻ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് കാണിച്ച് ഇയാൾക്കെതിരെ അശ്വിനി പോലീസിൽ പരാതി നൽകിയിരുന്നു.ഇതിന്റെ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിച്ചുവരികയാണ്.
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യയുടെ പരാതിയിന്മേൽ ഗാർഹിക പീഡനത്തിന് കേസെടുത്തു
ന്യൂഡൽഹി:ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യയുടെ പരാതിയിന്മേൽ ഗാർഹിക പീഡനത്തിന് കേസെടുത്തു.ഗാർഹിക പീഡനത്തിന് പുറമെ ഒത്തുകളിയും സെക്സ് റാക്കറ്റുമായിട്ടുള്ള ബന്ധം വരെയും ഷമിക്കെതിരെ ഭാര്യ ഹാസിൻ ജഹാൻ ആരോപിച്ചിരുന്നു. ഈ പരാതിയിൽ ഷമിക്ക് പുറമെ നാല് കുടുംബാംഗങ്ങൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഷമിക്കെതിരെ വ്യാഴാഴ്ചയാണ് ഭാര്യ കൊൽക്കത്ത പോലീസിൽ പരാതി നൽകിയത്.ഷമിക്ക് മറ്റുസ്ത്രീകളുമായുള്ള ബന്ധത്തിന്റെ തെളിവായി ചാറ്റ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും ഹാസിൻ പുറത്തുവിട്ടിരുന്നു. ഷമിക്ക് ഒരു പാക്കിസ്ഥാൻകാരി അടക്കം നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹാസിൻ രംഗത്തുവന്നത്.ഷമി സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്നും സെക്സ് റാക്കറ്റിനു വേണ്ടി ക്രിക്കറ്റിൽ ഒത്തുകളി നടത്താറുണ്ടെന്നും ഭാര്യ ആരോപിച്ചിരുന്നു.ഷമിക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്ന രണ്ടുപേരുണ്ട്. കുല്‍ദീപ്, മമൂദ് ഭായി എന്നിവരാണ് അവര്‍. ഇവര്‍ അന്താരാഷ്ട്ര സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളവരാണ്. ഇതുവഴി ഷമിയും സെക്‌സ് റാക്കറ്റുമായി ബന്ധപ്പെടാറുണ്ടെന്ന് ഹസിന്‍ ജഹാന്റെ അഭിഭാഷകനായ സാക്കിര്‍ ഹുസൈൻ പറഞ്ഞു.പാകിസ്താന്‍ യുവതിയുമായി ഷമിക്ക് കുറച്ചു കാലമായി അടുപ്പമുണ്ട്. ഇരുവരും പ്രണയത്തിലാണ്. ഇവരെ വിവാഹം കഴിക്കാന്‍ ഷമി ആഗ്രഹിച്ചിരുന്നു. ഇത് ഹസിന്‍ ജഹാന്‍ അറിഞ്ഞിരുന്നുവെന്നും അതാണ് ഇപ്പോള്‍ എല്ലാ കാര്യങ്ങളും പുറത്തുവരാന്‍ ഇടയാക്കിയതെന്നും സാക്കിര്‍ വ്യക്തമാക്കി.
ഭോപ്പാലിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ഭോപ്പാൽ:ഭോപ്പാലിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭോപ്പാൽ നർമ്മദ നഗറിൽ താമസിക്കുന്ന ജികെ നായർ, ഭാര്യ ഗോമതി എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.മോഷണശ്രമത്തിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യോമസേന മുൻ ഉദ്യോഗസ്ഥനായ ജികെ നായരും, റിട്ടയേർഡ് സർക്കാർ നഴ്സായ ഗോമതിയും മാത്രമാണ് നർമ്മദയിലെ വീട്ടിൽ താമസിച്ചിരുന്നത്.രാവിലെ നർമ്മദ നഗറിലെ വീട്ടിലെത്തിയ വീട്ടുജോലിക്കാരാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഇവർ സമീപത്തെ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പോലീസ് വീടും പരിസരവും വിശദമായി പരിശോധിച്ചു. തുടർന്ന് പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.ഗോമതിയുടെ മാലയും വളയും നഷ്ടപ്പെട്ടതിനാൽ മോഷണശ്രമത്തിനിടെയാകാം സംഭവം നടന്നതെന്നും പോലീസ് അറിയിച്ചു.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ദയാവധത്തിന് ഉപാധികളോടെ സുപ്രീം കോടതി അനുമതി നൽകി
ന്യൂഡൽഹി:ദയാവധത്തിന് ഉപാധികളോടെ സുപ്രീം കോടതി അനുമതി നൽകി.ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചു വരില്ല എന്ന് ഉറപ്പായ രോഗികൾക്ക് ദയാവധം അനുവദിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മരണതാല്പര്യം നിയമവിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് കോമൺ കോഴ്സ് എന്ന സംഘടന നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പായ ആളിന്റെ ബന്ധു ദയാവധം ആവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിനെ സമീപിക്കണം. ജില്ലാ മജിസ്ട്രേറ്റ് രൂപവത്ക്കരിക്കുന്ന മെഡിക്കല്‍ ബോര്‍ഡായിരിക്കണം ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. അന്തിമ അനുമതി നല്‍കേണ്ടത് സംസ്ഥാനത്തെ ഹൈക്കോടതിയായിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ആരോഗ്യ പ്രശ്നങ്ങള്‍ അനുവദിക്കില്ലെന്ന സാഹചര്യത്തില്‍ ഉപകരണങ്ങള്‍ കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്ന രോഗികള്‍ക്ക് മുന്‍കൂര്‍ മരണതാല്പര്യം രേഖപെടുത്താനും അതനുസരിച്ച് ദയാവധം അനുവദിക്കാനുമാണ് കോടതി ഉത്തരവ്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീം കോടതി രൂപം നല്‍കി. മരുന്ന് കുത്തി വച്ച് മരിക്കാന്‍ അനുവദിക്കില്ല. മറിച്ച് നിഷ്ക്രിയ ദയാവധത്തിനാണ് കോടതി അനുമതി നല്‍കിയിരുന്നത്. ആരോഗ്യമുള്ളവര്‍ക്ക് ദയാവധം അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്നും സുപ്രിം കോടതി വ്യക്തമാക്കി.ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത രോഗികളെ മെഡിക്കല്‍ ഉപകരണങ്ങള്‍ പിന്‍വലിച്ച് മരിക്കാന്‍ അനുവദിക്കാം. ദയാവധം അനുവദിച്ചാല്‍ അത് ദുരുപയോഗം ചെയ്യപ്പെടുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളിയാണ് കോടതിയുടെ അനുമതി. 2011 ല്‍ അരുണ ഷാന്‍ബാഗ് കേസില്‍ തുടങ്ങിയ ദയാവധ ചര്‍ച്ചയ്ക്കാണ് ഭരണഘടനാ ബെഞ്ചിന്റെ തീര്‍പ്പിലൂടെ വ്യക്തത വന്നത്.
ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാർ ദേബ് ഇന്ന് സ്ഥാനമേൽക്കും
അഗർത്തല:ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാർ ദേബ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.ജിഷ്ണു ദേബ് ബർമ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. അഗർത്തലയിലെ ആസാം റൈഫിൾസ് ഗ്രൗണ്ടിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി,ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ,വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരും ചടങ്ങിൽ പങ്കെടുക്കും.എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ത്രിപുരയിൽ നടന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് ഇടതു മുന്നണിയിലെ മറ്റ് നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്റ്റിക്ക് മന്തിസഭയിൽ രണ്ട് അംഗങ്ങളുണ്ടാകും.ത്രിപുരയിൽ ബിജെപി നേടിയ ഉജ്വല വിജയത്തിന് ചുക്കാൻ പിടിച്ചവരിൽ പ്രമുഖനായിരുന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ ബിപ്ലബ് കുമാർ ദേബ്.
മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്റ്ററിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്നുപേർ മരിച്ചു;14 പേർക്ക് പൊള്ളലേറ്റു
മുംബൈ:മഹാരാഷ്ട്രയിലെ പാൽഖറിൽ കെമിക്കൽ ഫാക്റ്ററിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്നുപേർ മരിച്ചു.പതിനാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ബോയിസാർ-താരപൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ എംഐഡിസി കെമിക്കൽ ഫാക്റ്ററിയിലാണ് പൊട്ടിത്തെറി ഉണ്ടായത്.രാത്രി പതിനൊന്നുമണിയോടെ ഉഗ്ര ശബ്ദത്തിൽ സ്ഫോടനമുണ്ടാവുകയും ഫാക്റ്ററിക്ക് തീപിടിക്കുകയുമായിരുന്നുവെന്ന് പാൽഗർ പോലീസ് കൺട്രോൾ ഉദ്യോഗസ്ഥൻ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.കമ്പനിയുടെ ബോയ്‌ലർ റൂമിലാണ് തീപിടുത്തമുണ്ടായത്.തീ അടുത്തുള്ള മറ്റു കമ്പനികളിലേക്കും പടർന്നതായാണ് സൂചന. അഗ്‌നിശമന സേനയും പോലീസും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
പ്രതിമ തകർക്കൽ തുടരുന്നു;യുപിയിൽ അംബേദ്കറുടെ പ്രതിമയും തകർത്തു
മീററ്റ്:ത്രിപുരയിലെ ലെനിൻ പ്രതിമയും കോയമ്പത്തൂരിലെ പെരിയാർ പ്രതിമയും തകർത്തതിനു പിന്നാലെ ഉത്തർപ്രദേശിലെ മീററ്റിൽ അംബേദ്ക്കറുടെ പ്രതിമയും തകർത്തു. പ്രതിമ തകർത്തതിനു പിന്നിൽ പക്ഷേ, രാഷ്ട്രീയ കക്ഷികളല്ലെന്നാണ് നിഗമനം.പ്രാദേശിക ജനവിഭാഗങ്ങൾ തമ്മിൽ നിലനിന്ന തർക്കമാണ് പ്രതിമ നശിപ്പിക്കുന്നതിലേക്ക് എത്തിയതെന്നാണ് ഒരു വിഭാഗമാളുകൾ പറയുന്നത്. അതേസമയം സംഭവത്തേത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇവിടെ സ്ഥിതിഗതികൾ ശാന്തമാണെന്നും പ്രതിമ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.രണ്ടു ദിവസം മുൻപ് അംബേദ്കർ പ്രതിമയുടെ കൈയിലെ വിരൽ അടർന്നുവീണതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതമ തകർക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് പോലീസ് വ്യക്തമാക്കിയത്.
കർണാടകയിൽ ലോകായുക്ത ജഡ്ജിക്ക് കുത്തേറ്റു
ബെംഗളൂരു:കർണാടകയിൽ ലോകായുക്ത ജഡ്ജിക്ക് കുത്തേറ്റു.ഇന്ന് ബംഗളൂരുവിലെ ഓഫീസിൽവച്ചാണ് ലോകയുക്ത ജഡ്ജി വിശ്വനാഥ് ഷെട്ടിക്കു നേരെ ആക്രമണമുണ്ടായത്. തേജസ് ശർമയെന്ന ആൾ ഓഫീസിൽ അതിക്രമിച്ചു കയറി ഷെട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെട്ടിയെ മല്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ജഡ്ജിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു.തേജസ് ശർമയെ പിടികൂടിയെന്നും ഇയാൾക്കെതിരേ നിരവധി കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. ലോകായുക്ത കൈകാര്യം ചെയ്യുന്ന ഒരു കേസിൽ ഇയാൾ പ്രതിയാണെന്നും പോലീസ് അറിയിച്ചു.അതേസമയം സംഭവത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.വലിയ സുരക്ഷ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ലോകായുക്ത പോലെയുള്ള സ്ഥാപനങ്ങളെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് സർക്കാർ ശ്രമിക്കുന്നതെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവഗൗഡ ആരോപിച്ചു.
തമിഴ്‌നാട്ടിൽ വ്യാപക ആക്രമണം;ബിജെപി ഓഫീസിന് നേരെ ബോംബേറ്
ചെന്നൈ:വെല്ലൂരിൽ പെരിയാറിന്‍റെ പ്രതിമ തകർത്തതിനു പിന്നാലെ തമിഴ്നാട്ടിൽ വ്യാപക ആക്രമണം.ഇന്ന് പുലർച്ചെ കോയമ്പത്തൂരിൽ ബിജെപി ഓഫീസിനു നേരെ പെട്രോൾ ബോംബാക്രമണം ഉണ്ടായി. പുലർച്ചെ 3.20ന് ബൈക്കിലെത്തിയ സംഘം കോയമ്പത്തൂർ ഗാന്ധിപുരത്ത് വികെകെ റോഡിനു സമീപത്തുള്ള ഓഫീസിനു നേരെ ആക്രമണം ബോംബെറിയുകയായിരുന്നു.സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും അക്രമികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. തമിഴ്നാട്ടിൽ ബിജെപി ഭരണത്തിലെത്തിയാൽ ആദ്യം ഇല്ലാതാക്കുക പെരിയാർ ഇ.വി.രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന ബിജെപി നേതാവ് എച്ച്. രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ തിരുപ്പത്തൂർ കോർപ്പറേഷൻ ഓഫീസിൽ സ്ഥാപിച്ചിരുന്ന പെരിയാർ പ്രതിമ അക്രമികൾ നശിപ്പിച്ചിരുന്നു.എച്ച്. രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ ബിജെപി നേതാവ് എസ്.ജി സൂര്യയും പ്രകോപനപരമായ രീതിയിൽ ട്വീറ്റ് ചെയ്തിരുന്നു.ബിജെപിയുടെ പ്രകോപനപരമായ പ്രസ്താവനകളെ കടുത്ത ഭാഷയിൽ എതിർത്ത് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ രംഗത്തെത്തി. പെരിയാറിന്‍റെ പ്രതിമ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അത്തരം ഗൂഢശ്രമങ്ങളെ സംഘടിതമായി എതിര്‍ക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.അതേസമയം പെരിയാറിന്‍റെ പ്രതിമ തകർത്ത സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾ ബിജെപി പ്രവർത്തകനും മറ്റൊരാൾ സിപിഐ പ്രവർത്തകനുമാണ്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പോലീസ് അറിയിച്ചു.
ആധാർ ബന്ധിപ്പിക്കൽ;അവസാന തീയതി നീട്ടിയേക്കും
ന്യൂഡൽഹി:സർക്കാരിന്റെ വിവിധ സേവനങ്ങളുമായി ആധാർ ബന്ധിപ്പിക്കേണ്ടതിന്റെ അവസാന തീയതി നീട്ടാൻ സാധ്യത.കേന്ദ്രസർക്കാർ സുപ്രീം കോടതിയിലാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടാൻ സന്നദ്ധമാണെന്ന് സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. മാർച്ച് 31 ആണ് ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തീയതി.എന്നാൽ, അതിനുമുമ്പ് കേസിൽ വിധി വരാൻ സാധ്യതയില്ലാത്തതിനാൽ തീയതി നീട്ടിനൽകാൻ തയാറാണെന്ന് ആധാർ നിയമത്തിനെതിരായ ഹർജിയിൽ വാദം കേൾക്കുന്ന ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചുമുമ്പാകെ അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ അറിയിച്ചു.സമയപരിധി മാർച്ച് 31ആയതിനാൽ ഹർജി ഉടൻ പരിഗണിക്കണമെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ ശ്യാം ദിവാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അറ്റോണി ജനറലിന്‍റെറ സാന്നിധ്യത്തിൽ ഈ അപേക്ഷ പരിഗണിക്കാമെന്നു കോടതി അറിയിക്കുകയായിരുന്നു. ഹർജിക്കാരുടെ മൂന്ന് അഭിഭാഷകരുടെ വാദം മാത്രമാണ് പൂർത്തിയായത്. അഞ്ചുപേർ കൂടി വാദം അവതരിപ്പിക്കാനുണ്ട്. അതിനുശേഷം കേന്ദ്ര സർക്കാറും മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാറുകളും ആധാർ ഏജൻസിയും മറുപടി നൽകണം. ഇത് മാർച്ച് 31നകം പൂർത്തിയാകില്ലെന്നാണ് സൂചന.