ചെന്നൈ:ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി യുവതിയടക്കം നാല് ഐടി ജീവനക്കാർ മരിച്ചു.ചെന്നൈക്കടുത്ത് ചെങ്കൽപേട്ടിലാണ് അപകടം നടന്നത്.അപകടത്തിൽ ഒറ്റപ്പാലം കല്ലുവഴി മേലേവടക്കേമഠത്തിൽ എം.വി മുരളീധരൻ നായരുടെയും ദീപയുടെയും മകൾ ഐശ്വര്യ(22),ആന്ധ്രാ സ്വദേശിനി മേഘ(23),തിരുപ്പൂർ സ്വദേശി ദീപൻ ചക്രവർത്തി(22),നാമക്കൽ സ്വദേശി പ്രശാന്ത് കുമാർ(23) എന്നിവരാണ് മരിച്ചത്.തിരുവനന്തപുരം സ്വദേശിനി അഖില, ചെന്നൈ സ്വദേശി ശരത്ത് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ സോണി എറിക്സണിൽ ജോലിചെയ്തിരുന്ന ഇവർ ആറുപേരും പുതുച്ചേരിയിൽ പോയി മടങ്ങുബോൾ ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്.ഇന്തോനേഷ്യയില്‍ ബിസിനസ് നടത്തുന്ന ഒറ്റപ്പാലം കല്ലുവഴി മേലെ വടക്കേമഠത്തില്‍ എംവി മുരളീധരന്‍ നായരുടെയും ദീപയുടെയും മകളായ ഐശ്വര്യ നായര്‍ എട്ട് മാസം മുന്‍പാണ് എറിക്സണില്‍ സോഫ്‌റ്റ്‌വെയർ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്. ബെംഗളൂരുവില്‍ ഡോക്ടറായ അഞ്ജലി ഏക സഹോദരിയാണ്. അപകടവിവരമറിഞ്ഞ് ഐശ്വര്യയുടെ മാതാപിതാക്കള്‍ ഇന്തോനേഷ്യയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
ബോംബ് ഭീഷണി;ചെന്നൈ വിമാനത്താവളത്തിൽ അതീവ ജാഗ്രത നിർദേശം
ചെന്നൈ:ബോംബ് ഭീഷണിയെ തുടർന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതീവ ജാഗ്രത നിർദേശം.ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും പ്രതിരോധ മന്ത്രി നിർമല സീതാരാമനും ചെന്നൈയിൽ എത്തുന്നതിന് മണിക്കൂറുകൾ മുമ്പാണ് ഭീഷണി സന്ദേശമെത്തിയത്.ഹൈദരാബാദിനും ചെന്നൈയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ഒരു വിമാനക്കമ്പനിയുടെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്യുകയായിരുന്നു.
ഛത്തീസ്ഗഡിൽ മാവോവാദി ആക്രമണത്തിൽ ഒൻപത് സി.ആർ.പി.എഫ് ജവാന്മാർക്ക് വീരമൃത്യു
റായ്‌പൂർ:ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ ഇന്നലെയുണ്ടായ മാവോവാദി ആക്രമണത്തിൽ ഒൻപത് ജവാന്മാർക്ക് വീരമൃത്യു.രണ്ടുപേർക്ക് പരിക്കേറ്റു.കുഴിബോംബ് കണ്ടെത്തി നിർവീര്യമാക്കുന്ന സൈനികവാഹനത്തിനു നേരെ മാവോവാദികൾ ബോംബാക്രമണം നടത്തുകയായിരുന്നു..ഒരുവർഷത്തിനിടെയുണ്ടായ മൂന്നാമത്തെ വലിയ മാവോവാദി ആക്രമണമാണിത്.ചൊവ്വാഴ്ച ഉച്ചയോടെ മൈൻ കവചിത വാഹനം സ്ഫോടനത്തിൽ തകർന്നാണ് ജവാൻമാർ കൊല്ലപ്പെട്ടത്. രാവിലെ സുക്മയിലെ കിസ്തരാം-പെലോഡി റോഡിൽ നക്സലുകളും സിആർപിഎഫും ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിനിടെയായിരുന്നു സ്ഫോടനം.നക്സൽ ഓപ്പറേഷനായി എത്തിയ 212 ബറ്റാലിയനിലെ സിആർപിഎഫ് ജവാൻമാരുടെ മൈൻ കവചിത വാഹനം കുഴിബോംബിൽ കയറി പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ ഹെലിക്കോപ്റ്ററിൽ അഞ്ഞൂറ് കിലോമീറ്റർ ദൂരെയുള്ള തലസ്ഥാന നഗരമായ റായ്‌പൂരിലേക്ക് കൊണ്ടുപോയി.ആക്രമണത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അപലപിച്ചു.ആക്രമണം സംബന്ധിച്ച് സിആര്‍പിഎഫ് നേതൃത്വം ആഭ്യന്തരമന്ത്രിക്ക് വിശദീകരണം നല്‍കി.കഴിഞ്ഞ വര്‍ഷം സുക്മയില്‍ നക്സലുകള്‍ നടത്തിയ ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം സര്‍ക്കാരിന്‍റെ ആഭ്യന്തര സുരക്ഷാ നയങ്ങളിലെ പാളിച്ചയാണ് ആക്രമണത്തിന് വഴിവെച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
ആധാർ ബന്ധിപ്പിക്കൽ;സമയപരിധി നീട്ടി
ന്യൂഡൽഹി:വിവിധ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി.ആധാറിന്റെ നിയമസാധുത സംബന്ധിച്ച അന്തിമ വിധി വരുന്നത് വരെ വിവിധ സേവനങ്ങൾക്ക് ആധാർ ബന്ധിപ്പിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ബാങ്ക് അക്കൗണ്ടുമായും ഫോൺ നമ്പറുമായും മറ്റു സേവനങ്ങളുമായും ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്.ഇതുവരെ ആധാറും സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധിപ്പിക്കാത്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമാകുന്നതാണ് വിധി. ആധാര്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിപറയുന്നതുവരെ അനിശ്ചിതകാലത്തേക്കാണ് സമയം നീട്ടിയിട്ടുള്ളത്.
ഡൽഹിയിൽ കോളേജ് വിദ്യാർത്ഥി അധ്യാപകനെ വെടിവെച്ചു കൊന്നു
ന്യൂഡൽഹി:കോളേജ് സ്റ്റാഫ് റൂമിൽ അദ്ധ്യാപകൻ വിദ്യാർത്ഥിയുടെ വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ഖാർക്കോട ഷഹീദ് ദൽബീർ സിംഗ് ഗവണ്മെന്റ് കോളേജിലെ അദ്ധ്യാപകനായ രാജേഷ് മാലിക്ക് ആണ് കൊല്ലപ്പെട്ടത്.രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് രാജേഷിന് നേരെ വെടിയുതിര്‍ത്തതെന്നാണ് കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നത്. രാജേഷിന് നേരെ വെടിയുതിര്‍ത്ത ശേഷം ഇയാള്‍ ഓടിരക്ഷപെടുകയായിരുന്നു.രാജേഷ് മാലിക് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച് വിവരമൊന്നും ഇത് വരെ ലഭ്യമായിട്ടില്ല.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തേനിയിലെ കാട്ടുതീ;റേഞ്ച് ഓഫീസറെ സസ്‌പെൻഡ് ചെയ്തു
തേനി:തേനിയിലെ കാട്ടുതീ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തേനി റേഞ്ച് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാസ് നല്‍കിയതായി കാട്ടുതീയില്‍ പൊള്ളലേറ്റവര്‍ തമിഴ്നാട് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അനുമതിയില്ലാത്ത പാതയിലൂടെയാണ് ട്രെക്കിംഗ് സംഘം സഞ്ചരിച്ചെതെന്ന് തേനി എസ്പി വ്യക്തമാക്കി. കാട്ടുതീയില്‍ മരിച്ചവര്‍ക്ക് 4 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും അന്‍പതിനായിരവും രൂപ വീതവും ധനസഹായം തമിഴ്നാട് സര്‍ക്കാര്‍ നല്‍കും.അപകടമുണ്ടാകുന്നതിന് മുൻപുള്ള ദിവസങ്ങളില്‍ കൊളുക്കുമലയിലും, കുരങ്ങണിയിലും പലയിടങ്ങളിലും കാട്ടുതീയുണ്ടായിട്ടും പാസ് നല്‍കി കയറ്റിവിട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായെന്ന് കണ്ടെത്തി.ഇതേ തുടർന്ന് തേനി റേഞ്ച് ഓഫീസര്‍ ജയ്സിങിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.അപകടത്തെ തുടർന്ന് മധുര മെഡിക്കല്‍ കോളജിലും, സ്വകാര്യ ആശുപത്രികളിലും പൊള്ളലേറ്റ് കഴിയുന്ന 27 പേരില്‍ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്. മധുര മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ടായിരുന്ന ചെന്നൈ സ്വദേശിനി നിഷയും മരിച്ചതോടെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം പത്തായി.
കോയമ്പത്തൂരിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
കോയമ്പത്തൂർ:കോയമ്പത്തൂരിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു.ആംബുലൻസ് ഡ്രൈവർ പശുപതി (30), സുഹൃത്തുക്കളായ തിരുപ്പൂർ രാജേഷ് (35), ഒണ്ടിപുതൂർ ശക്തിവേൽ (38) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. രാവിലെ ഏഴുമണിയോടുകൂടി എ.ജി. പുതൂരിൽനിന്നും വന്ന ആംബുലൻസ് എതിരേ വന്ന മീൻലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പശുപതിയും രാജേഷും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ ശക്തിവേൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി:വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ പുതുക്കിയ അപേക്ഷയും ഫയൽ ചെയ്തിട്ടുണ്ട്.എ.കെ ജ്യോതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ കഴിഞ്ഞ ജൂലായിലാണ് കമ്മീഷൻ മുൻ നിലപാട് മാറ്റി പുതിയ അപേക്ഷ നൽകിയത്. വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നു തന്നെയായിരുന്നു നേരത്തെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.എന്നാൽ അത് നിർബന്ധമാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതിമാറിയെന്നും ആധാർ നിയമത്തിൽ മാറ്റം വന്നതായും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിച്ചിരുന്നു. ആധാർ സംബന്ധിച്ച എല്ലാ വിഷയങ്ങളും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുൻപിലാണിപ്പോൾ. വോട്ടർ ഐഡി കാർഡിന് പകരം ആധാർ ഉപയോഗിക്കുന്നത് സംബന്ധിച്ച് ബിജെപി നേതാവും രാജ്യസഭാംഗവുമായ ഭൂപേന്ദർ യാദവ് അധ്യക്ഷനായ പാർലമെന്ററി കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷനിൽനിന്നും അഭിപ്രായം ആരാഞ്ഞിരുന്നു.എന്നാൽ രണ്ടു കാർഡുകളും വ്യത്യസ്ത ലക്ഷ്യങ്ങൾക്കുള്ളതാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോട് യോജിച്ചില്ല.
തേനിയിലെ കാട്ടുതീ നിയന്ത്രണവിധേയം
തേനി:കേരള-തമിഴ്നാട് അതിർത്തിയിലെ തേനി ജില്ലയിൽ കുരങ്ങണി വനത്തിലെ കാട്ടുതീ നിയന്ത്രണവിധേയമായി. വനംവകുപ്പും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. സംഭവത്തിൽ പത്ത് പേർ മരിച്ചതായാണ് റിപ്പോർട്ട്.വനത്തിൽ കുടുങ്ങിക്കിടന്നിരുന്ന 25 ഓളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മലനിരയിൽ ഇനിയും നാലു പേർ കുടുങ്ങിക്കിടപ്പുണ്ടെന്ന വിവരത്തെ തുടർന്ന് വ്യോമസേനയും കമാൻഡോകളും തെരച്ചിൽ തുടരുകയാണ്. ചെന്നെയിൽ നിന്നും തിരുപ്പൂർ,ഈറോഡ് ഭാഗങ്ങളിൽ നിന്നും എത്തിയ വിനോദയാത്ര സംഘമാണ് കാട്ടുതീയിൽ കുടുങ്ങിയത്.ചെന്നൈയിൽ നിന്നും 24 പേരടങ്ങിയ സംഘം ഒരു ബസ്സിലും തിരുപ്പൂർ,റോഡ് ഭാഗത്തുനിന്നെത്തിയ 12 പേരടങ്ങുന്ന സംഘം മറ്റൊരു ബസ്സിലുമായാണ് തേനിയിലെത്തിയത്. ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘം കുരങ്ങിണി വനത്തിലെത്തിയത്. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂർ വഴിയാണ് സംഘം കുരങ്ങിണിയിലെത്തിയത്.ശേഷം രണ്ടു സംഘമായി പിരിഞ്ഞായിരുന്നു ട്രക്കിങ്.ഒരുസംഘം കൊടൈക്കനാൽ-കൊളുക്കുമല വഴി വനത്തിലേക്ക് കടന്നു.രണ്ടാമത്തെ സംഘം എതിർവശത്തുകൂടി കുരങ്ങിണിയിലേക്ക് കടന്നു.കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. സംഘം അനധികൃതമായി മല കയറിയതാണെന്നാണ് കരുതുന്നത്. ആദ്യസംഘം വൈകുന്നേരം അഞ്ചുമണിയായപ്പോഴേക്കും കുരങ്ങിണിയിലെത്തി. രണ്ടാമത്തെ സംഘം എത്തിയപ്പോഴേക്കും കാട്ടുതീ പടർന്നു.ഉണങ്ങിയ പുല്ലിലും മരങ്ങളിലും വേഗത്തിൽ തീ പടർന്നതോടെ കാട്ടിനകത്തുനിന്നും രക്ഷപെടാൻ പറ്റാതെയായി.കാട്ടിലകപ്പെട്ട ഒരാൾ വിവരം വീട്ടിൽ വിളിച്ചറിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വീട്ടുകാർ വിവരം വനംവകുപ്പിന്റെ അറിയിക്കുകയും ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങുകയുമായിരുന്നു.
തേനിയിൽ കാട്ടുതീ;പത്തുപേർ മരിച്ചു
തേനി:കേരള-തമിഴ്‌നാട് അതിർത്തിയിൽ തേനി ജില്ലയിലെ കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽ പത്തുപേർ മരിച്ചു.25 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പൊള്ളലേറ്റ പതിനഞ്ചു പേരുടെ നില ഗുരുതരമാണ്.വനത്തിൽ കുടുങ്ങിയ ഏഴുപേരെ ഇനിയും കണ്ടെത്താനുണ്ട്. ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വനത്തിൽ ട്രക്കിങ്ങിനായി എത്തിയവരാണ് കാട്ടുതീയിൽ കുടുങ്ങിയത്.പശ്ചിമഘട്ടത്തിലെ കുരങ്ങണി മലയിലായിരുന്നു ട്രക്കിംഗ് സംഘം കുടുങ്ങിയത്.കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. സംഘം അനധികൃതമായി മല കയറിയതാണെന്നാണ് കരുതുന്നത്. മൂന്നാറിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം വിദ്യാർഥികളും രക്ഷിതാക്കളും അടങ്ങുന്ന സംഘം മലകയറുകയായിരുന്നു. കാട്ടുതീ പടർന്നതോടെ ചിതറിയോടി വിദ്യാർത്ഥികളുടെ സംഘം മലയിടുക്കിൽ കുടുങ്ങിയതാണ് അപകട കാരണം.വനയാത്രയ്ക്ക് പോയ 37 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ പലരും വനത്തിൽ കുടുങ്ങിക്കിടക്കുകയാണ്.ഇവരെ വ്യോമസേനയുടെ ഹെലിക്കോപ്റ്ററിൽ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ,അഗ്നിശമന സേന, കമാൻഡോകൾ,വനം വകുപ്പ് ഉദ്യോഗസ്ഥർ,നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.വനത്തിൽ കുടുങ്ങിക്കിടക്കുന്നവരിൽ എൺപതുശതമാനത്തോളം പൊള്ളലേറ്റവരും ഉണ്ടെന്നാണ് സൂചന.പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഘ്യ ഇനിയും ഉയരാനാണ് സാധ്യത.