ന്യൂഡൽഹി:സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ഡെല്‍ഹി കാജേന്ദ്ര നഗറില്‍ പരീക്ഷാ പരിശീലന കേന്ദ്രം നടത്തിവരികയായിരുന്നു വിക്കി എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സി.ബി.എസ്.ഇയുടെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ചോദ്യപേപ്പറുകളാണ് ചോർന്നത്.ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയും റദ്ദാക്കിയിരുന്നു. ഈ രണ്ട് വിഷയങ്ങള്‍ക്കും ഇവിടെ പരിശീലനം നല്‍കിയിരുന്നു. ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് വിക്കി കുടുങ്ങിയത്.ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം 25പേരെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യപേപ്പറുകളുടെ കൈയെഴുത്ത് പ്രതി വാട്ട്‌സ് ആപ്പ് വഴി കിട്ടിയ വിദ്യാര്‍ത്ഥികളുടെ മൊഴിയും രേഖപ്പെടുത്തി. അതിനിടെ സി.ബി.എസ്.ഇ പത്താം ക്ലാസ് സോഷ്യല്‍ സ്റ്റഡീസ്, പന്ത്രണ്ടാം ക്ലാസ് ബയോളജി പേപ്പറുകളും ചോര്‍ന്നതായി പരാതിയുയര്‍ന്നു. ഈ വിഷയങ്ങളിലും വീണ്ടും പരീക്ഷ നടത്തണമെന്നും സംഭവം ഉന്നത ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡെല്‍ഹിയില്‍ അധ്യാപകരും രക്ഷിതാക്കളും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സിബിഎസ്ഇയുടെ രണ്ട് പരീക്ഷകൾ റദ്ദാക്കി
ന്യൂഡൽഹി:ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സിബിഎസ്ഇയുടെ രണ്ട് പരീക്ഷകൾ റദ്ദാക്കി. പത്താം ക്ലാസ്സിലെ കണക്ക് പരീക്ഷ, പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രം പരീക്ഷ എന്നിവയുടെ പരീക്ഷകളാണ് റദ്ദാക്കിയത്.പുതിയ പരീക്ഷ തീയതി ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് സിബിഎസ്ഇ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ചോദ്യപേപ്പർ ചോർച്ച നിരന്തരം സംഭവിക്കുന്നതിനെതിരെ വിദ്യാർഥികളും മാതാപിതാക്കളും ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്.പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചൊവ്വാഴ്ച രാത്രി മുതൽ ഡൽഹിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
സാമൂഹിക ക്ഷേമ പദ്ധതികളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി
ന്യൂഡൽഹി:വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുമായി ആധാർ നമ്പർ ബന്ധിപ്പിക്കാനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി. കേന്ദ്ര സർക്കാരാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ ഇതിനുള്ള അവസാന തീയതി മാർച്ച് 31 ആയിരുന്നു.പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിക്കൊണ്ട് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) കഴിഞ്ഞ ദിവസം ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ നമ്പറുകൾ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി കോടതി ഇതിനോടകം നീക്കിയിട്ടുണ്ട്. ആധാർ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ പൂർത്തിയാകുന്നത് വരെ ബാങ്ക് അക്കൗണ്ടുകൾ,മൊബൈൽ നമ്പറുകൾ എന്നിവ ആധാറിനോട് ബന്ധിപ്പിക്കാൻ ജനങ്ങളെ നിർബന്ധിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു;തിരഞ്ഞെടുപ്പ് മെയ്12 ന്;വോട്ടെണ്ണൽ മെയ് 15 ന്
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മേയ് 12-നാണ് വോട്ടെടുപ്പ്. മേയ് 15ന് ഫലപ്രഖ്യാപനം നടക്കും. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്.ഒറ്റഘട്ടമായാണ് 225 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. കർണാടകയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം മാനിച്ചാണ് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതെന്ന് കമ്മീഷൻ അറിയിച്ചു.ഏപ്രിൽ 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.ഏപ്രിൽ 24-നായിരിക്കും നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 25ന് കമ്മീഷൻ സൂക്ഷ്മ പരിശോധന നടത്തും. ഏപ്രിൽ 27 വരെ പത്രികകൾ പിൻവലിക്കാൻ അവസരമുണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു. തീയതികൾ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതായി കമ്മീഷൻ അറിയിച്ചു. കർണാടകയിൽ മുൻകാലത്തുണ്ടായ അനിഷ്ടസംഭവങ്ങൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് കേന്ദ്ര സേനയെ നിയോഗിക്കാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.28 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക. എല്ലാ മണ്ഡലങ്ങളിലും വിവി പാറ്റ് സംവിധാനം ഉപയോഗിച്ചാവും തെരഞ്ഞെടുപ്പ് നടത്തുക. വോട്ടിംഗ് യന്ത്രങ്ങളിൽ സ്ഥാനാർഥികളുടെ ചിഹ്നത്തിന് നേരെ ചിത്രവും ഉൾപ്പെടുത്തും.225 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 4.96 കോടി വോട്ടർമാരാണ് കർണാടകയിൽ വിധിയെഴുതുക.
വാഹനങ്ങളെയും ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: എല്ലാ വാഹനങ്ങളും ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതേക്കുറിച്ച് പഠിച്ച സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിന് കേന്ദ്രം തയാറാകുന്നത്.രാജ്യത്തെ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രീകൃത സംവിധാനം വേണമെന്നാണ് ശുപാര്‍ശ.നിലവിൽ വാഹന വിവരങ്ങൾ അതാത് സംസ്ഥാനങ്ങളിലാണ് ഉള്ളത്.വാഹങ്ങൾ ആധാറുമായി ബന്ധിപ്പിക്കുക വഴി വാഹനങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകുമെന്നും സമിതി പറയുന്നു.നിലവില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോൾ ആധാര്‍ നമ്പർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നിര്‍ബന്ധമില്ല. ഡ്രൈവിങ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. ഇന്ത്യയിൽ നടക്കുന്ന 64 ശതമാനം റോഡപകടങ്ങളും ദേശീയപാതയിലാണ് നടക്കുന്നത്. ഇത് നിയന്ത്രിക്കാൻ ശക്തമായ നടപടി ഇല്ലാത്തതാണ് പ്രശ്നമെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട്.
അഴിമതി വേരോടെ പിഴുതെറിയുന്നതിനായി 500,2000 രൂപ നോട്ടുകൾ പിൻവലിക്കണമെന്ന് ചന്ദ്രബാബു നായിഡു
ഹൈദരാബാദ്:രാഷ്ട്രീയത്തിൽ ഉൾപ്പെടെ വിവിധമേഖലകളിൽ അഴിമതി വേരോടെ പിഴുതെറിയുന്നതിനായി 2000, 500 രൂപ നോട്ടുകള്‍ റദ്ദാക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.അമരാവതിയിൽ ആന്ധ്രാപ്രദേശ് സംസ്ഥാന നിയമസഭയിൽ നടന്ന സംവാദത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.ക്യാഷ്‌ലെസ്സ് ഇടപാടുകൾ പരമാധി പ്രോത്സാഹിപ്പിക്കണെമെന്നും തന്റെ സംസ്ഥാനം ഇത്തരത്തിലുള്ള ഇടപാടുകൾ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് പണരഹിത സാമ്പത്തിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി നീതി ആയോഗ് രൂപം നല്‍കിയ 13 അംഗ സമിതിയുടെ ചെയര്‍മാനായിരുന്നു ചന്ദ്രബാബു നായിഡു.ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രി താനാണെന്നും 2000,500 രൂപ നോട്ടുകള്‍ പിൻവലിക്കുന്നത് വഴി വോട്ടിനു പകരം പണം നൽകുക എന്ന വ്യവസ്ഥ അവസാനിക്കുമെന്നും കുറഞ്ഞ മൂല്യമുള്ള നോട്ടുകൾ കൂടുതലായി ഒരു രാഷ്ട്രീയക്കാരനും കൊണ്ടുനടക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി തന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് രാപ്പകൽ പരിശ്രമിക്കുകയാണ്.എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി മുംബൈയിൽ നിന്നോ ബാംഗ്ലൂരിൽ നിന്നോ പണവുമായി ആളുകളെത്തുന്നു.നാം എന്തിനു അവരെ ഭയക്കണം,നാം നടത്തിയ സേവനങ്ങൾക്ക് അടിസ്ഥാനമായാണ് വോട്ട് നേടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ടിഡിപി 175 മണ്ഡലങ്ങളിലേക്കായി 25 കോടി രൂപ ഒഴുക്കിയിട്ടുണ്ടെന്ന തെലുങ്ക് സിനിമാതാരവും ജന സേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.താൻ ഇത്തരത്തിൽ നിയോജകമണ്ഡലങ്ങളിൽ പണമൊഴുക്കിയിട്ടുണ്ടെങ്കിൽ ഉയർന്ന മൂല്യമുള്ള നോട്ടുകൾ നിരോധിക്കുന്നതിലൂടെ അത് ഉപയോഗശൂന്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യാനാവില്ലെന്ന് യുഐഡിഎഐ
ന്യൂഡൽഹി:ആധാർ കാർഡിനായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങൾ സുരക്ഷിതമാണെന്ന് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഭരണഘടനാ ബെഞ്ചിന് മുൻപിൽ നടന്ന പവർ പോയിന്റ് പ്രെസൻറ്റേഷനിലൂടെയാണ് യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ ഇക്കാര്യം അവതരിപ്പിച്ചത്. പ്രപഞ്ചം അവസാനിക്കുവോളം കാലം ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്ന് യുഐഡിഎഐ വ്യക്തമാക്കി.2048 എൻക്രിപ്ഷൻ കീ ഉപയോഗിച്ചാണ് ആധാർ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. അന്വേഷണ ഏജൻസികൾക്കുപോലും ആധാർ വിവരങ്ങൾ കൈമാറിയിട്ടില്ലെന്നും യുഐഡിഎഐ ചൂണ്ടിക്കാട്ടി.എന്നാൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൗരന്റെ ആധാർ വിവരങ്ങൾ കൈമാറുമെന്നും കൂട്ടിച്ചേർത്തു. ആധാറിനായി ജാതി,മതം എന്നീ വിവരങ്ങൾ ശേഖരിക്കുന്നില്ല.പൗരന്റെ അനുമതിയില്ലാതെ വിവരങ്ങൾ ശേഖരിക്കില്ലെന്നും അജയ് ഭൂഷൺ പറഞ്ഞു.ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ നേരത്തെ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.വിവരങ്ങൾ ചോരാതിരിക്കാൻ കൃത്യമായ മുൻകരുതൽ സംവിധാനങ്ങൾ ഉണ്ടെന്ന് കേന്ദ്രസർക്കാർ ആധാർ കേസിൽ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.ഭരണഘടന ഉറപ്പു നൽകുന്ന പൗരന്റെ സ്വകാര്യത ആധാർ വിവര ശേഖരണത്തിലൂടെ ലംഘിക്കപ്പെടുന്നുവെന്നും വിവരങ്ങൾ സുരക്ഷിതമല്ലെന്നും ഹർജിക്കാർ വാദിച്ചിരുന്നു.ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ആധാർ വിവരങ്ങൾ സൂക്ഷിച്ചിട്ടുള്ളതെന്ന് ഇതിനു മറുപടിയായി കേന്ദ്രസർക്കാർ കോടതിയിൽ പറഞ്ഞു.
ഇറാഖിൽ ഐഎസ് ഭീകരർ തടവിലാക്കിയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി സുഷമ സ്വരാജ് രാജ്യസഭയിൽ അറിയിച്ചു
ന്യൂഡൽഹി:2014 ഇൽ ഇറാഖിലെ മൊസൂളിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയിൽ അറിയിച്ചു.ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തതായും ഇവ ഉടനെ തന്നെ നാട്ടിലെത്തിക്കുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.ബാഗ്ദാദിൽ ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.പഞ്ചാബിൽ നിന്നും 27 പേർ,ഹിമാചൽ പ്രദേശിൽ നിന്നും നാലുപേർ, ബീഹാറിൽ നിന്നും ആറുപേർ ബംഗാളിൽ നിന്നും രണ്ടുപേർ എന്നിങ്ങനെയാണ് കൊല്ലപ്പെട്ടത്.നാട്ടുകാർ നൽകിയ വിവരങ്ങളനുസരിച്ച് മൊസൂളിന് വടക്ക് പടിഞ്ഞാറുള്ള ബദോഷിൽ ഒരു കുന്നിനു താഴെയുള്ള കുഴിമാടത്തിൽ ഡീപ് പെനെട്രേഷൻ റഡാറുകൾ ഉപയോഗിച്ച് നടത്തിയ ദുഷ്‌കരമായ അന്വേഷണത്തിനും തിരച്ചിലും ഒടുവിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.നീളമുള്ള മുടികൾ,പഞ്ചാബി വളകൾ, ഇറാഖികളുടേതല്ലാത്ത ചെരിപ്പുകൾ,തിരിച്ചറിയൽ കാർഡുകൾ എന്നിവ ഉൾപ്പെടെ ഇൻഡ്യാക്കാരുടേതെന്ന് കരുതുന്ന വസ്തുക്കളും ഇവിടെ നിന്നും കണ്ടെടുത്തിരുന്നു.തുടർന്ന് ബാഗ്ദാദിലെ മാർട്യാർ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഡിഎൻഎ ടെസ്റ്റ് നടത്തിയത്. കൊലപ്പെട്ടവരെന്ന് കരുതുന്നവരുടെ രക്ഷിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും രക്ത സാമ്പിളുകൾ ഉപയോഗിച്ചായിരുന്നു പരിശോധന. 2014 ജൂണിലാണ് 40 ഇന്ത്യക്കാരെ ഇറാഖിൽ ഐഎസ് ഭീകരർ തടവിലാക്കിയത്.ഇവിടെ നിന്നും രക്ഷപ്പെട്ട ഗുർദാസ്പൂർ സ്വദേശി ഹർജിത്ത് മസീഹ് ഇർബിലിൽ എത്തിയതോടെയാണ് ഇവർ തടവിലായ വിവരം പുറംലോകമറിഞ്ഞത്. എന്നാൽ തെളിവില്ലെന്ന് പറഞ്ഞ് സർക്കാർ ഈ വിവരം തള്ളിക്കളയുകയായിരുന്നു.പിന്നീട് ബദോഷിലെ നാട്ടുകാരാണ് ഐഎസ് ഭീകരർ കുറച്ചുപേരെ കൂട്ടത്തോടെ കുഴിച്ചുമൂടിയതായി ഇറാഖി അധികൃതരോട് പറഞ്ഞത്.തുടർന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുക്കാൻ ഇറാഖി സർക്കാരിനോട് ഇന്ത്യൻ സർക്കാർ അഭ്യർത്ഥിക്കുകയായിരുന്നു.മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് രാജ്യസഭയിലും പുറത്തും നടത്തിയ വാർത്ത സമ്മേളനത്തിൽ സുഷമ സ്വരാജ് പറഞ്ഞു.
എ ഐ എ ഡി എം കെ ജനറൽ സെക്രെട്ടറി ശശികലയുടെ ഭർത്താവ് എം.നടരാജൻ അന്തരിച്ചു
ചെന്നൈ:എ ഐ എ ഡി എം കെ ജനറൽ സെക്രെട്ടറി ശശിയുടെ ഭർത്താവ് എം.നടരാജൻ(76) അന്തരിച്ചു.ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.അഞ്ചുമാസം മുൻപ് കരൾ,വൃക്ക,മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടരാജനെ രണ്ടാഴ്ച മുൻപാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മാറ്റിവച്ച വൃക്കയും കരളും പ്രവർത്തനരഹിതമാവുകയും ശ്വാസകോശ അണുബാധ മൂർച്ഛിക്കുകയും ചെയ്തിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് ജീവൻ നിലനിർത്തിയിരുന്നത്.അഴിമതി കേസിൽപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് ശശികല.ഭർത്താവിന്റെ ആരോഗ്യനില കാണിച്ച് തനിക്ക് പരോൾ നൽകണമെന്ന് ആവശ്യപ്പെട്ട് ശശികല നൽകിയ അപേക്ഷ ഒക്ടോബറിൽ കോടതി പരിഗണിക്കുകയും നടരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അഞ്ചു ദിവസത്തെ പരോൾ അനുവദിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി പൊതുരംഗത്ത് സജീവമല്ലാത്ത നടരാജന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണ ശേഷമാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.
കാലിത്തീറ്റ കുംഭകോണം;നാലാമത്തെ കേസിലും ലാലു കുറ്റക്കാരനെന്ന് കോടതി
ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി. കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലാണ് വിധി. അതേസമയം, കേസില്‍ പ്രതികളായിരുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം അഞ്ചു പേരെ കോടതി കുറ്റവിമുക്തരാക്കി. ദുംക ട്രഷറിയില്‍ നിന്നും 1995 നും 96 നും ഇടയില്‍ 3.13 കോടി രൂപ വ്യാജ ബില്ലുകളും വൗച്ചറുകളും നല്‍കി അനധികൃതമായി പിന്‍വലിച്ച കേസിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ഉത്തരവ്. കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യ കേസില്‍ അഞ്ച് വര്‍ഷവും രണ്ടാമത്തെ കേസില്‍ മൂന്നര വര്‍ഷവും മൂന്നാമത്തെ കേസില്‍ അഞ്ച് വര്‍ഷവും ലാലുവിന് കോടതി ശിക്ഷ വിധിച്ചിരുന്നു.കുംഭകോണവുമായി ബന്ധപെട്ട് ഇനി രണ്ട് കേസുകള്‍ കൂടി കോടതിയുടെ പരിഗണനയിലുണ്ട്.അസുഖബാധിതനായ ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍ നിന്നാണ് ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയിലെത്തിയത്.ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ കഴിയവെയാണ് അസുഖബാധിതനായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.