ന്യൂഡല്‍ഹി:ഡല്‍ഹി കൊഹട്ട് എന്‍ക്ളേവിലെ നാല് നില കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു.ദമ്പതികളും ഇവരുടെ നാലും അഞ്ചും വയസുള്ള കുട്ടികളുമാണ് മരിച്ചത്. വെള്ളിയാഴ്‌ച അര്‍ദ്ധരാത്രിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ പമ്പിങ് സ്റ്റേഷനില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും അവര്‍ എത്താന്‍ താമസിച്ചതായും അയല്‍വാസികള്‍ പറഞ്ഞു. തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്.
ഹിമാചൽപ്രദേശിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 കുട്ടികൾ മരിച്ചു
ധർമശാല:ഹിമാചൽപ്രദേശിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 കുട്ടികൾ മരിച്ചു. പഞ്ചാബുമായി അതിരിടുന്ന നുർപുർ മേഖലയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം.60 കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത്.മരണ സംഘ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.100 മീറ്ററിലധികം താഴ്ചയുള്ള കൊക്കയിൽ ബസ് കിടക്കുന്നത് റോഡിൽനിന്നു നോക്കിയാൽപോലും കാണാൻ കഴിയില്ലെന്ന് രക്ഷാപ്രവർത്തനം നടത്തുന്ന പ്രദേശവാസി പറഞ്ഞു. പോലീസും ഡോക്ടർമാരുടെ സംഘവും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
ജാർഖണ്ഡിൽ പ്രതിരോധ കുത്തിവെയ്‌പ്പെടുത്ത മൂന്നു കുട്ടികൾ മരിച്ചു
പലാമു: ജാർഖണ്ഡിൽ രോഗപ്രതിരോധ വാക്സിൻ കുത്തിവയ്പെടുത്ത മൂന്ന് ശിശുക്കൾ മരിച്ചു. ജാർഖണ്ഡിലെ പലാമു ജില്ലയിലെ ലോയേങ്ക ഗ്രാമത്തിലാണ് സംഭവം.വാക്സിൻ സ്വീകരിച്ച് മണിക്കൂറുകൾക്കകമാണ് കൂട്ടികൾ മരിച്ചത്.വാക്സിൻ സ്വീകരിച്ച ആറ് കുട്ടികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ജപ്പാന്‍ ജ്വരം, മീസല്‍സ്, ഡിപിടി എന്നിവയ്ക്കുള്ള വാക്സിനുകളാണ് ഇവര്‍ക്ക് എടുത്തത്.സംഭവത്തെ തുടർന്നു ആരോഗ്യ വിദഗ്ധർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഉത്തരവിട്ടിട്ടുണ്ട്.മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് ജാമ്യം
ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം.50000 രൂപയുടെ ബോണ്ടിലാണ് അദ്ദേഹത്തിന് ജാമ്യം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.കേസിൽ ശിക്ഷിക്കപ്പെട്ട സൽമാൻ ഖാൻ രണ്ടുദിവസമായി ജയിലിൽ കഴിയുകയായിരുന്നു. ജാമ്യാപേക്ഷയിന്മേലുള്ള വാദത്തിനിടെ ഇരുപക്ഷത്തെയും അഭിഭാഷകര്‍ പരസ്പരം വാദിച്ചതോടെ കോടതി വിധി പറയുന്നത് ഉച്ചയ്ക്ക് ശേഷമേ ഉണ്ടാവുകയുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. ജാമ്യം നല്‍കുന്നതിന് മുൻപ് കേസില്‍ കൃത്യമായ നിരീക്ഷണം നടത്തേണ്ടതുണ്ടെന്ന് ജഡ്ജി ജോഷി വ്യക്തമാക്കി. തുടര്‍ന്നാണ് കേസ് ഉച്ചയ്ക്ക് ശേഷം വിധിപറയാന്‍ മാറ്റിയത്.1998ല്‍ ഹം സാത്ത് സാത്ത് ഹെയുടെ ഷൂട്ടിംഗ് സൈറ്റില്‍ വച്ച് സെയ്ഫ് അലിഖാന്‍, തബു, നീലം, സൊനാലി ബേന്ദ്രെ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണ് സല്‍മാനെതിരെയുള്ള കേസ്. നേരത്തെ ഈ കേസില്‍ അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി സല്‍മാന് വിധിച്ചിരുന്നു. 50000 രൂപയുടെ ബോണ്ട് കെട്ടിവച്ചതോടെ സല്‍മാന്‍ ശനിയാഴ്ച്ച തന്നെ പുറത്തിറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. വൈകീട്ട് ആറുമണിയോടെ സല്‍മാന്‍ പുറത്തിറങ്ങുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അതിനിടയില്‍ ജയിലിലെ നടപടികളെല്ലാം അദ്ദേഹം പൂര്‍ത്തിയാക്കും.സല്‍മാനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ കോടതിയിലെത്തിയിട്ടുണ്ട്.അതിനിടെ ശിക്ഷ വിധിച്ച ജഡ്ജിയെ അടക്കം സ്ഥലം മാറ്റി ഉത്തരവിറങ്ങിയെങ്കിലും അത് ജാമ്യാപേക്ഷയെ ബാധിച്ചില്ല.കേസിലെ ജഡ്ജിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് സല്‍മാന്‍ ഖാന് ജയിലില്‍ കൂടുതല്‍ ദിവസങ്ങള്‍ ചെലവിടേണ്ടി വരുമെന്ന അഭ്യൂഹത്തിലായിരുന്നു അദ്ദേഹത്തിന്റെ ബന്ധുക്കള്‍. ഇതിനൊപ്പം ജഡ്ജി കേസിന്റെ വിധി പറയാന്‍ ഉച്ചത്തേക്ക് മാറ്റിയത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. സല്‍മാന്റെ ജാമ്യഹര്‍ജി തള്ളുമെന്ന അഭ്യൂഹം വരെയുണ്ടായിരുന്നു. എന്നാല്‍ വെറും 50000 രൂപയുടെ ബോണ്ടില്‍ കോടതി ജാമ്യം അനുവദിച്ചതോടെ വലിയ ആശ്വാസമാണ് സല്‍മാനെ തേടിയെത്തിയത്.
പാക്കിസ്ഥാൻ പിടികൂടി തിരിച്ചയച്ച ബോട്ടുകളിൽ ഭീകരർ എത്താൻ സാധ്യതയെന്ന് സൂചന;ഗോവൻ തീരത്ത് ജാഗ്രത നിർദേശം
പനാജി:പാക്കിസ്ഥാൻ പിടികൂടി തിരിച്ചയച്ച ബോട്ടുകളിൽ ഭീകരർ എത്താൻ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സൂചന നൽകിയതിനെ തുടർന്ന് ഗോവൻ തീരത്ത് ജാഗ്രത നിർദേശം നൽകി.ഗോവൻ തീരത്തെ കാസിനോകൾക്കും ബോട്ടുകൾക്കും കപ്പലുകൾക്കുമാണ് സംസ്ഥാന സർക്കാർ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുൻപ് പാക്കിസ്ഥാൻ പിടിക്കൂടിയ ഇന്ത്യയിൽ നിന്നുള്ള ഒരു മൽസ്യബന്ധന ബോട്ട് വിട്ടയച്ചിരുന്നു.ഇതിൽ ഭീകരവാദികൾ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണു രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.നേരത്തെ ഇത്തരത്തില്‍ കടല്‍ മാര്‍ഗം എത്തിയാണ് താജ് ഹോട്ടലിൽ ഭീകരാക്രമണം നടത്തിയത്. സമാനരീതിയില്‍ ആക്രമണം നടത്തുവാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന.ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ ഒരുങ്ങുന്നതായി കോസ്റ്റ് ഗാര്‍ഡ് ആണ് വിവരം നല്‍കിയത്. ഗോവന്‍ തീരത്തിന് പുറമെ മുംബൈ തീരത്തും ഗുജറാത്തിന്റെ കടല്‍ പ്രദേശങ്ങളിലേക്കും ഇതേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഗോവ തുറമുഖവകുപ്പ് മന്ത്രി ജയേഷ് സാൽഗാവോൻകാർ വ്യക്തമാക്കി. ഈ പാതയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാവേരി പ്രശ്നം;തമിഴ്‌നാട്ടിൽ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി
ചെന്നൈ: കാവേരി മാനേജ്മെന്‍റ് ബോർഡും (സിഎംബി) കാവേരി വാട്ടർ റഗുലേറ്ററി കമ്മിറ്റിയും ഉടൻ രൂപീകരിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. ഡിഎംകെ, കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഎം തുടങ്ങി എട്ട് പ്രതിപക്ഷ പാര്‍ട്ടികളും നിരവധി കർഷക സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിഐടിയു ഉൾപ്പടെ പ്രമുഖ ട്രാൻസ്‌പോർട് കോർപറേഷൻ തൊഴിലാളി യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.സർക്കാർ ബസ് സർവീസിനെയും സമരം ബാധിച്ചിട്ടുണ്ട്. ട്രെയിനുകൾ തടയുന്നതിൽ നിന്നും സമരക്കാർ പിന്മാറണമെന്ന് തെന്നിന്ത്യൻ റെയിൽവേ മാനേജർ ആർ.കെ ഗുൽസ്രേഷ്ട്ട അഭ്യർത്ഥിച്ചു.കർണാടക അതിർത്തിയിൽ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ 29 നകം സിഎംബിയുൾപ്പെടെ രൂപീകരിക്കണമെന്നായിരുന്നു സുപ്രീംകോടതി നിർദേശം. എന്നാൽ, വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിർദേശം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നാണ് തമിഴ്നാടിന്‍റെ പൊതുവികാരം.
സിബിഎസ്ഇ പത്താം ക്ലാസ് പുനഃപരീക്ഷ നടത്തേണ്ടതില്ലെന്ന് തീരുമാനം
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വീണ്ടും നടത്താന്‍ തീരുമാനിച്ച സിബിഎസ്‌ഇ പത്താം ക്ലാസിലെ കണക്ക് പുനഃപരീക്ഷ നടത്തേണ്ടെന്ന് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഉത്തരക്കടലാസ് വിശകലനം ചെയ്ത ശേഷമാണ് തീരുമാനത്തിലെത്തിയത്. കണക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവമല്ലെന്നാണ് കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന്റെയും നിലപാട്.സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി കഴിഞ്ഞ ദിവസം മാനവവിഭവ ശേഷി വികസന മന്ത്രാലയം അറിയിച്ചിരുന്നു. പരീക്ഷാ കേന്ദ്രം 0859ലെ കെ.എസ് റാണ എന്ന ഉദ്യോഗസ്ഥനെയാണ് പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്.കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മൂന്നുപേരാണ് അറസ്റ്റിലായിട്ടുള്ളത്. പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ്, പത്തിലെ കണക്ക് ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ ശനിയാഴ്ച ആറു പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇറാക്കിൽ കൊല്ലപ്പെട്ട 38 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
പഞ്ചാബ്:ഇറാഖില്‍ ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയ 38 ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്.വിദേശകാര്യ സഹമന്ത്രി വി കെ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇറാഖിലെ മൊസൂളിലെത്തിയാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. പോസ്റ്റ് മോർട്ടം നടപടികൾ പുർത്തീകരിച്ച് ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 39 മൃതദേഹങ്ങളിൽ 38 എണ്ണം ഏറ്റുവാങ്ങി. ഡിഎൻഎ പരിശോധനയിൽ തീർപ്പാകാത്തതിനാൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൂടുതൽ സമയം ആവശ്യമായിവരും. കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെത്താന്‍ സഹായിച്ച ഇറാഖ് സര്‍ക്കാരിന് നന്ദി അറിയിക്കുന്നെന്ന് വിദേശകാര്യ സഹമന്ത്രി വി കെ സിങ് പറഞ്ഞു.പഞ്ചാബില്‍ നിന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് നവജ്യോത് സിങ് സിദ്ധു അറിയിച്ചു.കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും നിലവിലുള്ള 20,000 രൂപയുടെ പെന്‍ഷന്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയിൽ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ സംഘർഷം;പോലീസ് വെടിവെയ്പ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു
ന്യൂഡൽഹി:ഉത്തരേന്ത്യയിൽ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ സംഘർഷം. പ്രക്ഷോഭകർക്കു നേരെയുണ്ടായ പോലീസ് വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഗ്വളിയർ, മൊറീന, ബിന്ദ് എന്നിവിടങ്ങളിൽ നാലുപേരും രാജസ്ഥാനിലെ അൽവാറിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങൾക്കെതിരേയുള്ള പീഡനങ്ങൾ ചെറുക്കുന്ന നിയമം ലഘൂകരിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് ദളിത് സംഘടനകൾ.സംഘർഷാവസ്ഥ കണക്കിലെടുത്ത് മധ്യപ്രദേശിന്‍റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെ ആറ് വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. സംഘർഷ മേഖലകളിൽ വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.മധ്യപ്രദേശിൽ പോലീസും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വിദ്യാർഥി നേതാവ് അടക്കം നാല് പേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഗ്വാളിയറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ പ്രതിഷേധക്കാർ ട്രെയിൻ തടയുകയും നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിൽ പ്രതിഷേധക്കാർക്കു നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രക്ഷോഭത്തെ തുടർന്ന് ബിഹാർ, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ട്രെയിൻ ഗതാതം തടസപ്പെട്ടു.പഞ്ചാബിൽ മുൻകരുതലിന്‍റെ ഭാഗമായി സർക്കാർ പൊതുഗതാഗതം റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. പഞ്ചാബിലെ കപുർത്തലയിലെ സുഭാൻപുറിൽ പ്രതിഷേധക്കാർ ജലന്തർ–അമൃത്‌സർ ദേശീയപാതയും ഹോഷിയാപുറിൽ പാണ്ഡ്യ ബൈപ്പാസും ഉപരോധിച്ചു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരേയുള്ള പീഡനങ്ങൾ ചെറുക്കുന്ന നിയമം ലഘൂകരിക്കുന്ന വിധിയാണ് സുപ്രീം കോടതിയിൽനിന്ന് ഉണ്ടായതെന്ന് ദളിത് സംഘടനകൾ ആരോപിക്കുന്നു. ദളിത് പീഡന പരാതികളിൽ മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് നടത്തരുതെന്നായിരുന്നു സുപ്രീം കോടതി വിധി. സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്നോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൽ കുറയാത്ത ഉദ്യോഗസ്ഥരിൽ നിന്നോ അനുമതി വാങ്ങിയതിനു ശേഷമേ അറസ്റ്റ് നടത്താവൂ. സർക്കാർ ഉദ്യോഗസ്ഥരല്ലാത്തവരെ അറസ്റ്റ് ചെയ്യാൻ ജില്ലാ സീനിയർ പോലീസ് സൂപ്രണ്ടിന്‍റെ രേഖാമൂലമുള്ള അനു മതി വാങ്ങണം. ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന വിലക്ക് ബാധകമാകില്ലെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
സിബിഎസ്ഇ റദ്ദാക്കിയ പ്ലസ് ടു പരീക്ഷ ഏപ്രിൽ 25ന് നടത്തും
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നതിനേത്തുടർന്ന് മാറ്റിവച്ച സിബിഎസ്ഇ പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രിൽ 25ന് നടക്കും. അതേസമയം പത്താംക്ലാസ് കണക്ക് പരീക്ഷ ഡൽഹിയിലും ഹരിയാനയിലും മാത്രമാകും നടത്തുക.കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം ഇന്ത്യയ്ക്കു പുറത്ത് സിബിഎസ്ഇ നടത്തിയ പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നിട്ടില്ല. അവിടങ്ങളിലെ വിദ്യാർഥികൾക്ക് വ്യത്യസ്ത ചോദ്യപേപ്പറാണ് ഉപയോഗിച്ചിരുന്നത്. അതിനാൽത്തന്നെ പുനഃപരീക്ഷ ആവശ്യമില്ലെന്നും അനിൽ അറിയിച്ചു. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സിബിഎസ്ഇയുടെ രണ്ടു പരീക്ഷകൾ റദ്ദാക്കിക്കൊണ്ട് സിബിഎസ്ഇ ബുധനാഴ്ചയാണ് ഉത്തരവിറക്കിത്. പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് റദ്ദാക്കിയത്.പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുതൽ ഡൽഹിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്.പരീക്ഷാപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ രാജ്യമൊട്ടാകെ വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ തീയതി പ്രഖ്യാപിച്ചത്.