ന്യൂഡൽഹി:അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വിതരണം പ്രതിസന്ധിയിൽ. പതിനൊന്നു പേർക്കൊഴികെ പ്രസിഡന്റ് നേരിട്ട് പുരസ്ക്കാരം സമ്മാനിക്കില്ല എന്ന സർക്കാർ നിലപാടാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.മന്ത്രി സ്മൃതി ഇറാനിയാണ് മറ്റു ജേതാക്കൾക്കു പുരസ്കാരം വിതരണം ചെയ്യുന്നത്. രാഷ്‌ട്രപതി പുരസ്ക്കാരം നൽകിയില്ലെങ്കിൽ തങ്ങൾ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അവാർഡ് ജേതാക്കൾ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.അറുപതോളം കലാകാരന്‍മാര്‍ ഒപ്പിട്ട പരാതിയാണ് മന്ത്രാലയത്തിന് നൽകിയിരിക്കുന്നത്.പുരസ്‌ക്കാര ജേതാക്കളെ അനുനയിപ്പിക്കാൻ സ്‌മൃതി ഇറാനിയുടെ നേതൃത്വത്തിൽ രാവിലെ ചർച്ച നടത്തിയിരുന്നു.എന്നാൽ ചർച്ച പരാജയപ്പെട്ടു.ഉച്ചയ്ക്ക് ഒരിക്കൽ കൂടി മന്ത്രി ജേതാക്കളുമായി ചർച്ച നടത്തും. രാഷ്‌ട്രപതി അവാർഡ് നൽകുമെന്നാണ് തങ്ങളെ അറിയിച്ചിരുന്നതെന്നും എന്നാൽ ഇതുകൊണ്ടാണ് അവസാന നിമിഷം ആ തീരുമാനം മാറ്റിയതെന്ന് തങ്ങൾക്ക് കൃത്യമായി അറിയണമെന്നും ജേതാക്കൾ ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭാഗത്തു നിന്നും വിവേചനം ഉണ്ടായാൽ പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് മലയാളി താരങ്ങളും അറിയിച്ചിട്ടുണ്ട്.14 പുരസ്‌കാരങ്ങളാണ് ഇക്കുറി കേരളത്തിന് ലഭിച്ചത്.
ഇന്ദു മൽഹോത്ര സുപ്രീം കോടതി ജഡ്ജി;ജസ്റ്റിസ് കെ.എം ജോസഫിനെ കേന്ദം വീണ്ടും തഴഞ്ഞു
ന്യൂഡൽഹി:മൂന്നു മാസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ മുതിർന്ന അഭിഭാഷകയായ ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കേന്ദ്രം അംഗീകാരം നൽകി.വെള്ളിയാഴ്ച ഇന്ദു മൽഹോത്ര ജഡ്ജി പദവി ഏറ്റെടുക്കും. നിയമനം അംഗീകരിച്ച് കേന്ദ്ര സർക്കാർ കൈമാറിയ ശുപാർശയ്ക്ക് രാഷ്ട്രപതി അംഗീകാരം നൽകി. എന്നാൽ ഇന്ദു മല്‍ഹോത്രയ്ക്കൊപ്പം കൊളീജിയം നിര്‍ദേശിച്ച മലയാളിയായ ജസ്റ്റീസ് കെ.എം ജോസഫിനെ കേന്ദ്രം തഴഞ്ഞു.എന്തുകാരണത്താലാണ് കെ.എം ജോസഫിനെ തഴഞ്ഞതെന്ന് വ്യക്തമല്ല.അഭിഭാഷകയായിരിക്കെ സുപ്രീം കോടതി ജഡ്‌ജിയാവുന്ന രാജ്യത്തെ ആദ്യ വനിതയെന്ന പദവിയും ഇന്ദു മൽഹോത്ര ഇതോടെ സ്വന്തമാക്കി.സുപ്രീം കോടതിയിലെ സീനിയർ പദവി ലഭിക്കുന്ന രണ്ടാമത്തെ വനിതാ അഭിഭാഷകയായ ഇന്ദു സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഒ.പി മൽഹോത്രയുടെ മകളാണ്.സുപ്രീം കോടതിയിലെ 24 ജഡ്ജിമാരിൽ നിലവിൽ ഒരു വനിത മാത്രമാണ് ഉള്ളത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ ജഡ്ജിമാരായ ജസ്റ്റിസ് ചെലമേശ്വർ,രഞ്ജൻ ഗോഗോയ്,മദൻ പി ലോക്കൂർ,കുര്യൻ ജോസഫ് എന്നിവർ ഉൾപ്പെട്ട കൊളീജിയമാണ് നിയമനങ്ങൾ ശുപാർശ ചെയ്തത്. ഉത്തരാഖണ്ഡിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നീക്കം ജസ്റ്റിസ് കെ.എം ജോസഫ് റദ്ദാക്കിയിരുന്നു.ഇതാകാം കെ.എം ജോസഫിനെ തഴഞ്ഞതിന് പിന്നിലുള്ള കാരണമെന്നാണ് വിലയിരുത്തൽ.
ഉത്തർപ്രദേശിൽ ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ച് 13 വിദ്യാർഥികൾ മരിച്ചു
ഉത്തർപ്രദേശ്:ഉത്തർപ്രദേശിൽ ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ച് 13 വിദ്യാർഥികൾ മരിച്ചു. ബസ്സിന്റെ ഡ്രൈവറും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. യുപിയിലെ ഗോരഖ്പുരിന് സമീപം കുഷിനഗറിലെ ലെവൽ ക്രോസ്സിലാണ് അപകടം നടന്നത്.എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.ഡിവൈൻ പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് മരിച്ചത്.ഇന്ന് രാവിലെ ആറരമണിയോട് കൂടിയാണ് അപകടം നടന്നത്.പത്തുവയസ്സിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്.ആളില്ലാത്ത ലെവൽ ക്രോസിൽ വെച്ചാണ് അപകടം.മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.സംഭവത്തിൽ അന്വേഷണം നടത്താൻ ഗോരഖ്പുർ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ബലാൽസംഗകേസിൽ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരാണെന്ന് കോടതി
ജോധ്പൂർ:പതിനാറുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.കേസിൽ കൂട്ടുപ്രതികളായ സച്ചിത, ശരത് ചന്ദ്ര,പ്രകാശ്, ശിവ എന്നീ നാലുപേരും കുറ്റക്കാരാണെന്നു കോടതി വിധിച്ചു.2013 ഓഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം. അശാറാം ബാപ്പുവിന്‍റെ മധ്യപ്രദേശിലുള്ള ആശ്രമത്തിൽ താമസിച്ചു പഠിക്കുകയായിരുന്നു പെൺകുട്ടിയെ പഠനത്തിൽ മോശമാണെന്നും ഭൂതബാധയുണ്ടെന്നും പറഞ്ഞ് ജോധ്പൂരിലെ ആശ്രമത്തിലേക്ക് വിളിച്ചു വരുത്തി ബലാൽസംഗം ചെയ്യുകയായിരുന്നു. ആശാറാം പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി 2013 ഓഗസ്റ്റ് 20നാണ് 16 വയസുള്ള പെണ്‍കുട്ടി പരാതി നൽകിയത്.വിധി പറയുന്നതിനു മുന്നോടിയായി പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീടിനു പോലീസ് കാവലേർപ്പെടുത്തി. സിസിടിവി കാമറയും സ്ഥാപിച്ചു.രുദ്രാപുരിലെ ആശ്രമത്തിനു മുന്നിലും പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.വിധി പറയുന്നതിനു മുന്നോടിയായി ഗുജറാത്ത്, രാജസ്ഥാൻ,ഹരിയാന സംസ്ഥാനങ്ങളിൽ സുരക്ഷ കർശനമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.ഈ സംസ്ഥാനങ്ങളിലാണ് ആശാറാമിന് വൻ അനുയായികളുള്ളത്.രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശപ്രകാരം ആശാറാമിനെ പാർപ്പിച്ചിരിക്കുന്ന ജോധ്പുർ ജയിലിനു കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ടാറ്റ നെക്‌സോണ്‍ എഎംടി അടുത്തമാസം വിപണിയില്‍;ബുക്കിംഗ് ആരംഭിച്ചു
മുംബൈ:പുതിയ ടാറ്റ നെക്‌സോണ്‍ എഎംടി അടുത്ത മാസം വിപണിയില്‍ എത്തും.വരവിന് മുന്നോടിയായി നെക്‌സോണ്‍ എഎംടിയുടെ പ്രീ-ബുക്കിംഗ് ടാറ്റ ആരംഭിച്ചു.11,000 രൂപയാണ് ബുക്കിംഗ് തുക. മള്‍ട്ടി ഡ്രൈവ് മോഡുകള്‍ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ എഎംടി കാറാണ് നെക്‌സോണ്‍ എഎംടി.2018 ലെ ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് നെക്‌സോണ്‍ എഎംടിയെ ടാറ്റ ആദ്യം അവതരിപ്പിച്ചത്.ഹൈപ്പര്‍ഡ്രൈവ് (Hyperdrive) എന്നാണ് ഇനി മുതല്‍ മാനുവല്‍ കാര്‍ നിരയെ ടാറ്റ വിളിക്കുക.പുതിയ എഎംടി വകഭേദങ്ങള്‍ അറിയപ്പെടുക സെല്‍ഫ് ഷിഫ്റ്റ് ഗിയര്‍സ് (Self-Shift Gears) എന്നും ആയിരിക്കും.ആദ്യ ഘട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന XZA പ്ലസ് വകഭേദത്തില്‍ മാത്രമാണ് നെക്‌സോണ്‍ എഎംടി പതിപ്പ് വിപണിയിൽ ഇറക്കുക.മാനുവല്‍ XZ+ വകഭേദത്തില്‍ നിന്നുള്ള എല്ലാ ഫീച്ചറുകളും നെക്‌സോണ്‍ XZA പ്ലസിലുണ്ട്. ഇതിന് പുറമെ സ്മാര്‍ട്ട് ഹില്‍ അസിസ്റ്റ്, ക്രൊള്‍ ഫംങ്ഷന്‍, ഇന്റലിജന്റ് ട്രാന്‍സ്മിഷന്‍ കണ്‍ട്രോളര്‍, ആന്റി-സ്റ്റാള്‍ കിക്ക് ഡൗണ്‍, ഫാസ്റ്റ് ഓഫ് പോലുള്ള നൂതന ഫീച്ചറുകളും എഎംടി പതിപ്പിന്റെ സവിശേഷതകളാണ്. തിരക്ക് നിറഞ്ഞ റോഡില്‍ ആക്‌സിലറേറ്റര്‍ പ്രയോഗിക്കാതെ നീങ്ങാന്‍ ക്രൊള്‍ ഫംങ്ഷന്‍ എസ്‌യുവിയെ സഹായിക്കും. കയറ്റം കയറുമ്പോള്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കാനാണ് സ്മാര്‍ട്ട് ഹില്‍ അസിസ്റ്റ്. കാര്‍ പിന്നിലേക്ക് ഉരുണ്ടു പോകുമെന്ന ആശങ്ക വേണ്ട.ആവശ്യമായ സന്ദര്‍ഭത്തില്‍ മാനുവല്‍ രീതിയില്‍ ഗിയര്‍ മാറാന്‍ വേണ്ടി മാനുവല്‍ ടിപ് ട്രോണിക് ട്രാന്‍സ്മിഷന്‍ ഫീച്ചറും നെക്‌സോണ്‍ എഎംടിയിലുണ്ട്. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെയാണ് നെക്‌സോണ്‍ എഎംടിയിലെ ഡ്രൈവിംഗ് മോഡുകള്‍.പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ നെക്‌സോണ്‍ എഎംടി ലഭ്യമാകും. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ എഞ്ചിനാണ് നെക്‌സോണ്‍ എഎംടി പെട്രോളില്‍. ഡീസല്‍ പതിപ്പില്‍ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവടോര്‍ഖ് എഞ്ചിനും.ടിയാഗൊ ഹാച്ച്ബാക്കിന് ശേഷം ടാറ്റ നിരയില്‍ നിന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന മോഡലാണ് നെക്‌സോണ്‍. മാരുതി വിറ്റാര ബ്രെസ്സ അടക്കിവാഴുന്ന കോമ്പാക്ട് എസ്‌യുവി നിരയിലേക്ക് 5.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ പെട്രോള്‍ പതിപ്പിനെ ടാറ്റ അവതരിപ്പിച്ചത്.
പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ; ഓർഡിനൻസിൽ രാഷ്‌ട്രപതി ഒപ്പുവെച്ചു
ന്യൂഡൽഹി:പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ ഉറപ്പാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ ഇന്നലെ അംഗീകരിച്ച ഓർഡിനൻസിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു.ഇതോടെ ഓര്‍ഡിനന്‍സ് നിയമമായി. പ്രതികള്‍ക്ക് വധശിക്ഷ വിധിക്കാനുള്ള അധികാരം കോടതികള്‍ക്ക് ലഭിച്ചു.ലൈംഗിക അതിക്രമങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമത്തിലും അനുബന്ധ നിയമത്തിലും ഭേദഗതി വരുത്തുന്നതാണ് ഓർഡിനൻസ്.16ല്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രി സഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.12 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തുന്നതിന് പുറമേ 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്താല്‍ ലഭിക്കുന്ന കുറഞ്ഞശിക്ഷ 10 വര്‍ഷം തടവില്‍നിന്ന് 20 വര്‍ഷമാക്കിയിരുന്നു.ഇത് ജീവപര്യന്തമായി വര്‍ധിപ്പിക്കാനും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.ഇതിനു മുന്നോടിയായി ഇന്നലെ പാസാക്കിയ ഓർഡിനൻസ് ആണ് രാഷ്‌ട്രപതി ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.കഠുവയിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുഞ്ഞിനു നീതി ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഉറപ്പിന്‍റെ കൂടി ഭാഗമാണ് നിയമഭേദഗതിയെന്നു കേന്ദ്രസർക്കാർ വിശദീകരിച്ചു.
പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാൽസംഗം ചെയ്താൽ വധശിക്ഷ നൽകണമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡൽഹി:പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാൽസംഗം ചെയ്താൽ വധശിക്ഷ നൽകണമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ.കത്തുവ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നടപടി.കുറ്റവാളികൾക്ക് വധശിക്ഷ ലഭ്യമാക്കുന്ന വിധത്തിൽ പോക്സോ നിയമം ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.കുറ്റവാളികൾക്ക് വധശിക്ഷ ലഭിക്കുന്നതിനായി പോക്സോ നിയമം ഭേദഗതി ചെയ്യുമെന്നു നേരത്തെ കേന്ദ്രമന്ത്രി മേനക ഗാന്ധിയും വ്യക്തമാക്കിയിരുന്നു. രാജ്യത്തെങ്ങും കുട്ടികൾക്കെതിരേ കുറ്റകൃത്യം നടക്കുന്ന ഈ സാഹചര്യത്തിൽ വ്യക്തിപരമായും തന്‍റെ മന്ത്രാലയവും പോക്സോ നിയമയത്തിൽ ഭേദഗതിക്കു ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.കത്തുവാ,ഉന്നാവ് പീഡനക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ കഴിഞ്ഞ പത്തുദിവസമായി നടത്തിവന്നിരുന്ന നിരാഹാര സമരം ഇതോടെ അവസാനിപ്പിച്ചു.
മധ്യപ്രദേശിൽ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു
ഭോപ്പാൽ:മധ്യപ്രദേശിൽ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു. ഭോപ്പാലിൽ നിന്നും 680 കിലോമീറ്റർ അകലെ സിധി ജില്ലയിലെ അമേലിയയിൽ സോണെ നദിയിലേക്ക് വിവാഹം സംഘം സഞ്ചരിച്ച ബസ് മറിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10 ന് ആയിരുന്നു സംഭവം. സിവഹയിലെ പാംറിയ ഗ്രാമത്തിൽ നിന്നും വരന്റെ ആൾക്കാരുമായി പോയ ബസ് സിദ്ധി ജില്ലയിലെ ജോഗ്‌ദഗഹ പാലത്തിൽ വെച്ച് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകർത്ത് നൂറടി താഴ്ചയിലുള്ള സോൺ നദിയിലേക്ക് പതിക്കുകയായിരുന്നു.ബസ്സിനുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഘ്യ ഇനിയും ഉയരാനാണ് സാധ്യത.സംഭവത്തിൽ 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസിൽ 45 പേരാണ് ഉണ്ടായിരുന്നത്. പോലീസും അഗ്നിരക്ഷാസേനയും ചേർന്ന രക്ഷാപ്രവർത്തനം തുടരുകയാണ്.
മക്ക മസ്ജിദ് കേസിൽ വിധിപറഞ്ഞ ജഡ്ജി മണിക്കൂറുകൾക്കുള്ളിൽ രാജിവെച്ചു
ഹൈദരാബാദ്:2007 ഇൽ ഹൈദരാബാദിലുണ്ടായ മക്ക മസ്ജിദ് സ്‌ഫോടനക്കേസിൽ വിധിപറഞ്ഞ എൻഐഎ കോടതി ജഡ്ജി ജസ്റ്റിസ് രവീന്ദർ റെഡ്ഢി രാജിവെച്ചു.കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടു വിധി പറഞ്ഞു മണിക്കൂറുകൾക്കുള്ളിലാണ് അദ്ദേഹം രാജി വെച്ചത്.വിധി പറഞ്ഞതിനു പിന്നാലെ ജഡ്ജി അവധിക്ക് അപേക്ഷ നൽകുകയും പിന്നീട് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനു രാജി സമർപ്പിക്കുകയുമായിരുന്നു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിവെയ്ക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.എന്നാൽ രാജിക്ക് പിന്നിൽ മറ്റു കാരണങ്ങളുണ്ടോ എന്ന് സംശയം ഉയർന്നിട്ടുണ്ട്.പതിനൊന്ന് വർഷങ്ങൾക്കു മുൻപ് ഹൈദരാബാദിലെ ചാർമിനാറിനടുത്തു മക്ക മസ്ജിദിൽ വെള്ളിയാഴ്ച നമസ്ക്കാരത്തിനിടെയാണു കേസിനാസ്പദമായ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒൻപതു പേർ മരിക്കുകയും 58 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസ് ലോക്കൽ പോലീസാണ് ആദ്യം അന്വേഷിച്ചത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ഹൈദരാബാദ് എൻഐഎ കോടതിയാണു വിധി പുറപ്പെടുവിച്ചത്. കേസിൽ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉൾപ്പടെ അഞ്ച് പ്രതികളാണ് കുറ്റവിമുക്തരായത്. തെളിവില്ലെന്നും പ്രതികൾക്കെതിരേ എൻഐഎ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
കത്തുവ പീഡനം;കേസ് സ്വയം ഏറ്റെടുക്കുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:കശ്മീരിലെ കത്തുവായിൽ എട്ടുവയസ്സുകാരി കൂരമായി ബലാല്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കേസ് സ്വയം ഏറ്റെടുക്കുമെന്ന് സുപ്രീം കോടതി.കത്തുവ,ജമ്മു കശ്മീർ എന്നിവിടങ്ങളിലെ അഭിഭാഷകർ കുറ്റവാളികൾക്കെതിരെ ചാർജ് ഷീറ്റ് ഫയൽ ചെയ്യുന്നതിന് പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പരാമർശം.പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ അഭിഭാഷകയ്ക്കുനേരെ ഭീഷണിയുള്ളതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജമ്മുവിലെ കഠുവയില്‍ കൂട്ട ബലാത്സംഗത്തിനിരയാവുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് പ്രതികള്‍ക്കനുകൂലമായി ഒരു സംഘം അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം അഭിഭാഷകരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കഠുവയിലെയും ജമ്മുവിലെയും ഒരു വിഭാഗം അഭിഭാഷകര്‍ പ്രതികള്‍ക്കനുകൂലമായി നിയമ നടപടികളില്‍ ഇടപെടല്‍ നടത്തുന്നതായി കാണിച്ച് അഭിഭാഷകനായ പി.വി ദിനേശ് ആണ് ഹര്‍ജി നല്‍കിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ അന്വേഷണോദ്യോഗസ്ഥര്‍ കഠുവ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രവേശിക്കുന്നത് തടയുന്നതിനായി ഒരു വിഭാഗം അഭിഭാഷകര്‍ തടസ്സം സൃഷ്ടിക്കുന്ന വിധത്തില്‍ സമരം സംഘടിപ്പിച്ചിരുന്നു. കൂടാതെ, ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരെ കഠുവ ബാര്‍ അസോസിയേഷന്റെ പിന്തുണയോടെ ഹിന്ദു ഏക്താ മഞ്ച് എന്ന സംഘടന രംഗത്തെത്തിയിരുന്നു. അന്വേഷണം പക്ഷപാതപരമാണെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.ഇതേ തുടർന്നാണ് കേസ് സ്വയം ഏറ്റെടുക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.