മുംബൈ: കൗമാരക്കാര്‍ക്ക് നിരത്തുകളില്‍ പായാന്‍ പുതിയ ഇലക്‌ട്രിക് ഹോവര്‍ ബൈക്ക് പുറത്തിറക്കി കോറിറ്റ്. ഈ മാസം അവസാനത്തോടെ ബൈക്ക് ഇന്ത്യയിലെ നിരത്തുകളില്‍ ഇറക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. രാജ്യതലസ്ഥാനത്താണ് ഹോവര്‍ ആദ്യം നിരത്തിലിറങ്ങുക.പിന്നീട് മുംബൈ, ബെംഗളൂരു, പൂനെ എന്നീ നഗരങ്ങളില്‍ ബൈക്ക് പുറത്തിറക്കും. ഹോവര്‍ സ്വന്തമാക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് 1,100 രൂപയ്‌ക്ക് അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം കോറിറ്റ് ഒരുക്കിയിട്ടുണ്ട്.74,999 രൂപയാണ് വണ്ടിയുടെ പ്രാരംഭ വില. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 69,999 രൂപയ്‌ക്ക് ഹോവര്‍ ലഭിക്കുന്നതാണ്. നവംബര്‍ 25 മുതല്‍ വണ്ടിയുടെ വിതരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 250 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള രണ്ട് സീറ്റര്‍ ഇലക്‌ട്രിക് ബൈക്കാണിത്.ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍, ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവയും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ചുവപ്പ്, മഞ്ഞ, പിങ്ക്, പർപ്പിൾ, നീല, കറുപ്പ്, എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലാണ് ബൈക്ക് പുറത്തിറക്കുന്നത്.യുവതലമുറയ്‌ക്കായി പ്രത്യേകം രൂപ കല്പന ചെയ്ത വണ്ടിയാണിത്. 25 കിലോമീറ്ററാണ് ബൈക്കിന്റെ ഉയര്‍ന്ന വേഗത. ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ വരെ ഓടിക്കാന്‍ സാധിക്കുമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മലയാളി ജവാനടക്കം 5 സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി സൈനികൻ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു.കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖ് ആണ് വീരമൃത്യു വരിച്ച മലയാളി സൈനികൻ.ഏറ്റുമുട്ടലിനിടെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സുബേദാര്‍ ജസ്വീന്തര്‍ സിങ്, വൈശാഖ് എച്ച്, സരാജ് സിങ്, ഗജ്ജന്‍ സിങ്, മന്ദീപ് സിങ് എന്നിവര്‍ വീരമൃത്യു വരിക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് ഏറ്റമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഈ മേഖല പൂര്‍ണ്ണമായി സൈന്യം വളഞ്ഞിരിക്കുകയാണ്.സുരങ്കോട്ട് മേഖലയില്‍ ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ട് എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യം പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ജൂനിയര്‍ കമ്മിഷന്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്. മാരകായുധങ്ങളുമായെത്തിയ ഭീകരവാദികര്‍ ഒളിഞ്ഞിരുന്ന് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ പ്രാദേശത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അഞ്ച് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. അഞ്ച് ഭീകരര്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഈവര്‍ഷം ആദ്യമായാണ് കശ്മീരില്‍ ഭീകരരുമായുള്ള ഒരുഏറ്റുമുട്ടലില്‍ ഇത്രയധികം സൈനികര്‍ വീരമൃത്യു വരിക്കുന്നത്.
ലഖിംപുർ കൊലപാതകം; ആശിഷ് മിശ്ര അറസ്റ്റിൽ
ഡൽഹി: ലഖിംപുര്‍ കൂട്ടക്കുരുതിയില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ആശിഷിനെ ആരോഗ്യപരിശോധനയ്ക്ക് കൊണ്ടുപോയതിന് ശേഷം തുടര്‍ന്ന് ജില്ല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പോലീസ് ആശിഷ് മിശ്രയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും.ലഖിംപുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശനിയാഴ്ച രാവിലെ 10.40-ഓടെയാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് പോലീസ് സമൻസ് നൽകിയിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപുര്‍ സംഘര്‍ഷം നടന്നത്.ആശിഷിന്റെ വാഹനം സമരം ചെയ്ത കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.സംഭവ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആശിഷ് മിശ്ര ആവർത്തിച്ചു. പ്രവർത്തകർക്ക് വാഹനം വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തതെന്ന് ആശിഷ് മിശ്ര പോലീസിനോട് വ്യക്തമാക്കി.അതി നാടകീയമായിട്ടാണ് രാത്രി പത്തരയ്ക്ക് ശേഷം അഭിഭാഷകനൊപ്പം പൊലീസിന് മുന്നിൽ കീഴടങ്ങാൻ ലഖിംപൂരിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ആശിഷ് മിശ്ര എത്തിയത്. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ചു വന്ന ആശിഷ് മുഖം മറച്ചിരുന്നു. ഡിഐജി ഉപേന്ദ്ര അഗർവാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലായിരുന്നു ചോദ്യം ചെയ്യൽ.
ശ്രീനഗറില്‍ രണ്ട് അധ്യാപകരെ വെടിവച്ചു കൊന്നു
ശ്രീനഗർ:ശ്രീനഗറില്‍ രണ്ട് അധ്യാപകരെ വെടിവച്ചുകൊന്നു. ഈദ് ഗാഹ് പ്രദേശത്തെ സര്‍ക്കാര്‍ ബോയസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരാണ് സായുധരുടെ വെടിയേറ്റ് മരിച്ചത്. അധ്യാപകന്‍ ദീപക് ചന്ദും പ്രിന്‍സിപ്പല്‍ സുപുന്ദര്‍ കൗറുമാണ് മരിച്ചത്.വെടിവയ്പ് നടക്കുമ്പോൾ വിദ്യാര്‍ത്ഥികളാരും സ്‌കൂളിലുണ്ടായിരുന്നില്ല. കശ്മീരിലെ സ്‌കൂളുകള്‍ ഇപ്പോഴും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്.മൂന്ന് പേര്‍ വെടിയേറ്റ് മരിച്ച് 48 മണിക്കൂറിനുള്ളിലാണ് ഇപ്പോള്‍ രണ്ട് പേര്‍ കൂടി മരിച്ചത്.പാക്ക് ഭീകര സംഘടനയായ ദി റസിസ്റ്റന്റ് ഫ്രന്റ് ആണ് ആക്രമണത്തിനു പിന്നിലെന്ന് കശ്മീര്‍ പോലിസ് അറിയിച്ചു.മരിച്ചവര്‍ സിഖ്, ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് പോലിസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.തോക്കുമായി സ്‌കൂളിലെത്തിയ സായുധര്‍ ഐഡി കാര്‍ഡ് പരിശോധിച്ചാണ് വെടിയുതിര്‍ത്തതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. പ്രദേശത്ത് പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. അധ്യാപകരെ വെടിവച്ചു കൊന്നതിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തത്.ഓഗസ്റ്റ് 15ന് സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനിലാണ് അധ്യാപകരെ കൊന്നതെന്ന് ഭീകരസംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ചട്ടുകമായി മാറുകയോ അവരുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയോ ചെയ്താല്‍ ആരും രക്ഷപ്പെടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ പാക്ക് ഭീകര സംഘടന ഇന്ത്യന്‍ സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങിനെ ‘വൃത്തികെട്ട ചടങ്ങ്’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ടിആര്‍എഫിന്റെ മുന്നറിയിപ്പും ഭീഷണിയും വകവയ്ക്കാതെ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ പങ്കെടുപ്പിച്ചതിന്റെ ഗുരുതരമായ പ്രത്യാഘാതമാണ് അധ്യാപകര്‍ അനുഭവിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.കശ്മീരിലെ കടകളിലും വസതികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനെതിരെയും ഭീകരര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നും 21,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവം; പിന്നില്‍ താലിബാനെന്ന് സംശയം
ന്യൂഡൽഹി: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നും കഴിഞ്ഞ ദിവസം 21,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിന് പിന്നില്‍ താലിബാന് പങ്കുള്ളതായി സംശയം. ഇക്കാര്യം അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു. മയക്കുമരുന്ന് പിടിച്ച സംഭവത്തില്‍ നാല് അഫ്ഗാന്‍ പൗരന്മാര്‍ അടക്കം എട്ടു പേര്‍ അറസ്റ്റിലായിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവരില്‍ മൂന്ന് ഇന്ത്യക്കാരും ഒരു ഉസ്ബക്കിസ്ഥാന്‍ പൗരനുമുണ്ട്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് വന്‍തോതില്‍ ലഹരിമരുന്ന് ശേഖരം ഇന്ത്യയിലേക്കു കടത്തിയത് എന്നതാണ് സംശയം ബലപ്പെടുത്തുന്നത്. താലിബാന്‍ ബന്ധം സംശയിക്കുന്നതിനാല്‍ കേസ് ഏറ്റെടുക്കുന്നതു ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പരിഗണനയിലുണ്ട്. ഹെറോയിന്‍ വില്‍പനയില്‍ നിന്നു ലഭിക്കുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടിരുന്നോ എന്ന കാര്യവും പരിശോധിക്കും. രാജ്യം കണ്ട എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ആഴ്ച ഗുജറാത്ത് ഖച്ച് ജില്ലയിലെ മുന്ദ്രാ തുറമുഖത്ത് നടന്നത്.രണ്ട് കണ്ടെയ്‌നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് പിടിച്ചത്. പതിവ് പരിശോധനയിലാണ് കണ്ടെയ്‌നറുകളില്‍ ലഹരി മരുന്നാണെന്ന് കണ്ടെത്തിയത്. ഇറക്കുമതിക്ക് വിജയവാഡയിലെ വിലാസം വച്ച ശേഷം മുന്ദ്ര തുറമുഖത്ത് എത്തിക്കുന്ന കണ്ടെയ്‌നറുകള്‍ അവിടെ നിന്ന് നേരിട്ട് മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുകയാണെന്നാണ് സൂചന. ജൂണ്‍ 21ന് ഇതേ സംഘം സമാനരീതിയില്‍ കണ്ടെയ്‌നറില്‍ സാധനങ്ങള്‍ എത്തിച്ചിരുന്നു. ടാല്‍ക്കം പൗഡര്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. വിജയവാഡയിലേക്ക് ഇറക്കുമതി ചെയ്ത ലോഡ് ഡല്‍ഹിയിലേക്കാണ് പോയതെന്നാണ് വിവരം. ഇപ്പോള്‍ പിടിച്ച ലോഡും ഡല്‍ഹിക്ക് അയയ്ക്കാനാണു പദ്ധതിയിട്ടിരുന്നതത്രെ.കണ്ടെയ്‌നര്‍ ഇറക്കുമതി ചെയ്ത വിജയവാഡയിലെ ആഷി ട്രേഡിങ് കമ്ബനിയുടെ ഉടമസ്ഥരായ സുധാകര്‍, ഭാര്യ വൈശാലി എന്നിവരെ ചെന്നൈയില്‍നിന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പിടിച്ചെടുത്ത ഹെറോയിന് രാജ്യാന്തര വിപണിയില്‍ കിലോഗ്രാമിന് 7 കോടി രൂപ വരെ വിലയുണ്ട്. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയും അന്വേഷണം ആരംഭിച്ചു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി സിബിഐ
ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന കണ്ടെത്തലുമായി സിബിഐ.പരീക്ഷക്ക് ആള്‍മാറാട്ടം നടത്തുന്നതിനായി വിദ്യാര്‍ഥികളില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങിയെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. മഹാരാഷ്ട്ര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍.കെ എഡ്യുക്കേഷന്‍ കരിയര്‍ ഗൈഡന്‍സ് സെന്‍ററും ഡയറക്ടര്‍ പരിമള്‍ കോത്പാലിവാറും കേസില്‍ പ്രതിയാണെന്നാണ് സൂചന. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടത്തി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അഡ്മിഷന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ വിദ്യാര്‍ഥികളില്‍ നിന്ന് കോഴ വാങ്ങിയത്. വിദ്യാര്‍ഥികളില്‍ നിന്ന് 50 ലക്ഷത്തിന്‍റെ ചെക്കും എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളും നേരത്തെ തന്നെ സ്ഥാപനം വാങ്ങിയിരുന്നു.പിന്നീട് വിദ്യാര്‍ഥികളുടെ നീറ്റ് പരീക്ഷയുടെ യൂസര്‍ നെയിമും പാസ്വേര്‍ഡും ശേഖരിച്ച് ഇതില്‍ കൃത്രിമം നടത്തി. തുടര്‍ന്ന് തട്ടിപ്പ് നടത്താന്‍ കഴിയുന്ന പരീക്ഷ സെന്‍റര്‍ ഇവര്‍ക്ക് തരപ്പെടുത്തി കൊടുത്തു. ആള്‍മാറാട്ടം നടത്തുന്നതിന് സൗകര്യപ്രദമായ രീതിയില്‍ വിദ്യാര്‍ഥികളുടെ ഫോട്ടോയില്‍ ഉള്‍പ്പടെ മാറ്റം വരുത്തി. പിന്നീട് പരീക്ഷഹാളില്‍ വിദ്യാര്‍ഥികള്‍ക്കായി മറ്റൊരാളാണ് പരീക്ഷക്കെത്തുക. ഇത്തരത്തില്‍ എത്തുന്നയാള്‍ക്ക് വ്യാജ ആധാര്‍ കാര്‍ഡും നല്‍കും.അഞ്ച് വിദ്യാര്‍ഥികള്‍ക്കായി ആര്‍.കെ എഡ്യുക്കേഷന്‍ ഇത്തരത്തില്‍ ആള്‍മാറാട്ടം നടത്താന്‍ ആളുകളെ തയാറാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയതോടെ തട്ടിപ്പില്‍ നിന്നും പിന്മാറിയെന്നുമാണ് സി.ബി.ഐ വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയ സി.ബി.ഐ അറസ്റ്റുകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പരിശീലന പറക്കലിനിടെ സൈനിക ഹെലികോപട്ര്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു.മേജര്‍ രോഹിത് കുമാര്‍, മേജര്‍ അനുജ് രാജ്പുത് എന്നിവരാണ് മരണമടഞ്ഞതെന്ന് നോര്‍ത്ത് കമാന്‍ഡ് ലഫ് ജനറല്‍ വൈ.കെ ജോഷി പറഞ്ഞു.ഉദ്ധംപുരിലെ പട്‌നിടോപ് മേഖലയില്‍ കൊടുംവനത്തിലാണ് കോപ്ടര്‍ തകര്‍ന്നുവീണത്.പ്രദേശവാസികളാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത് ആദ്യം കണ്ടത്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന പൈലറ്റിനെയും കോ പൈലറ്റിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാവിലെ 10.30-10.45നുമിടയിലാണ് അപകടമെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ആര്‍മി ഏവിയേഷന്‍ വിഭാഗം പരിശീലനത്തിന് ഉപയോഗിക്കുന്ന ചീറ്റ ഹെലികോപ്ടര്‍ ആണ് തകര്‍ന്നത്. അപകടം സംബന്ധിച്ച വിശദീകരണം സൈന്യം പിന്നീട് നല്‍കും. കനത്ത മഞ്ഞ് കാഴ്ച തടസപ്പെട്ടതാവാം അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഓഗസ്റ്റ് മൂന്നിന് ഇന്ത്യന്‍ ആര്‍മിയുടെ മറ്റൊരു ഹെലികോപ്റ്ററും അപകടത്തില്‍പ്പെട്ടിരുന്നു.
ഭക്ഷ്യവിഷബാധ; തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ അംഗനവാടിയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 17 കുട്ടികള്‍ ആശുപത്രിയില്‍
ചെന്നൈ: തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ അംഗനവാടിയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 17 കുട്ടികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് സംഭവം. പൂതങ്ങാട്ടി ഗ്രാമത്തിലെ അംഗനവാടിയില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ ഛര്‍ദ്ദിക്കുകയും ബോധക്ഷയം ഉണ്ടാകുകയായിരുന്നു.ഉടന്‍ തന്നെ കുട്ടികളെ ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. കുട്ടികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പല്ലിയുണ്ടായിരുന്നുവെന്നും ഇതാണ് ഭക്ഷ്യവിഷബാധക്ക് ഇടയാക്കിയതെന്നും മാതാപിതാക്കള്‍ ആരോപിച്ചു.സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി.
വിദ്യാലയങ്ങൾ തുറക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കട്ടെയെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അടച്ചുപൂട്ടിയ വിദ്യാലയങ്ങള്‍ തുറക്കുന്നതിനായി നിര്‍ദേശം നല്കാന്‍ കഴിയില്ലെന്ന് സുപ്രിം കോടതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ എടുക്കട്ടെയെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.തീരുമാനങ്ങളെടുക്കുമ്പോൾ കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത വേണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എല്ലാ കുട്ടികളും സ്‌കൂളില്‍ പോകണമെന്ന് കോടതിക്ക് എങ്ങനെ പറയാന്‍ സാധിക്കുമെന്നും സുപ്രിംകോടതി ചോദിച്ചു.നിലവില്‍ 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. മൂന്നാം തരംഗമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാതെ എങ്ങനെ സ്‌കൂളിലേക്ക് കുട്ടികളെ വിടാനാകുമെന്നും കോടതി ആരാഞ്ഞു.
ഡല്‍ഹി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് സ്കൂളുകള്‍ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കൊറോണ കാരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മുതല്‍ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണെന്നും ഇത് വിദ്യാര്‍ത്ഥികളില്‍ മാനസികമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുനതായും 12 വയസ്സുള്ള അമര്‍ പ്രേം പ്രകാശ് കോടതിയില്‍ പറഞ്ഞു. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളുണ്ട്. സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളുണ്ടെങ്കിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.
നിപ സംശയം;മംഗലൂരുവിൽ ചികിത്സയിലുള്ള കർണാടക സ്വദേശിക്ക് വൈറസ് ബാധയില്ല
മംഗളൂരു: നിപ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലിരുന്ന മംഗളൂരു കാര്‍വാര്‍ സ്വദേശിയായ 25 കാരന്റെ ഫലം നെഗറ്റീവ്. പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനാ ഫലമാണ് ലഭിച്ചത്.കഴിഞ്ഞ ദിവസമാണ് നിപ്പ രോഗ ലക്ഷണങ്ങളോടെ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരളത്തിൽ നിന്നും മടങ്ങിയെത്തിയ ഒരാളുമായി ഇയാൾ സമ്പർക്കം പുലർത്തിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു.ഇതോടെ, മംഗളൂരുവില്‍ നിപ ഭീതി പരക്കുകയും കേരളത്തില്‍നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് ഇയാൾ യാത്ര നടത്തി.