മുംബൈ:ഐപിഎല്‍ കലാശപ്പോരില്‍ സണ്‍റൈസേഴ്‍സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ജയം.ഹൈദരാബാദിനെതിരെ എട്ട് വിക്കറ്റിന്റെ രാജകീയ വിജയവുമായാണ് ചെന്നൈ ഒരിടവേളക്ക് ശേഷം ഐപിഎൽ കിരീടം ചൂടിയത്. ഷെയ്‍ന്‍ വാട്സന്റെ തിളക്കമേറിയ സെഞ്ച്വറിയാണ് ചെന്നൈക്ക് കിരീടം സമ്മാനിച്ചത്.ഹൈദരാബാദ് ഉയർത്തിയ 179 റൺസ് എന്ന വിജയലക്ഷ്യം ഒൻപതു ബോൾ ബാക്കി നിൽക്കെ ചെന്നൈ മറികടന്നു.10 റണ്‍സെടുത്ത ഡുപ്ലിസിസിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും വാട്സനും റെയ്നയും ചേര്‍ന്ന് ചെന്നൈയെ മുന്നോട്ട് നയിച്ചു. 12 ഓവറില്‍ ഒരു വിക്കറ്റിന് 104 റണ്‍സ് എന്ന നിലയിലായിരുന്ന ചെന്നൈയുടെ കുതിപ്പിന് സന്ദീപ് ശര്‍മ എറിഞ്ഞ പതിമൂന്നാം ഓവർ ബോണസായി. സന്ദീപിന്റെ ഓവറില്‍ വാട്സ്ണ്‍ പറത്തിയ ഹാട്രിക് സിക്സര്‍ അടക്കം മൊത്തം 27 റണ്‍സാണ് പിറന്നത്.57 പന്തില്‍ നിന്ന് 8 സിക്സറിന്റെയും 11 ബൌണ്ടറികളുടെയും അകമ്പടിയോടെ 117 റണ്‍സാണ് വാട്സന്‍ അടിച്ചുകൂട്ടിയത്. 205.26 ആയിരുന്നു വാട്സന്‍റെ സ്ട്രൈക്ക് റേറ്റ്. സീസണിൽ വാട്സണ്‍ നേടുന്ന രണ്ടാമത്തെ സെഞ്ചുറിയായിരുന്നു ഇത്.റെയ്ന 32 റണ്‍സെടുത്തു.ഡുപ്ലസിസിന്‍റെയും (10 റണ്‍സ്), സുരേഷ് റെയ്നയുടെയും (32 റണ്‍സ്) വിക്കറ്റ് മാത്രമാണ് ചെന്നൈയ്ക്ക് നഷ്ടമായത്.ഒത്തുകളി വിവാദത്തിൽപ്പെട്ട് രണ്ടുവർഷം സസ്പെൻഷനിലായിരുന്ന ചെന്നെയുടെ മടങ്ങിവരവ് മൂന്നാം കിരീടത്തിലേക്കായിരുന്നു.2010,11 വർഷങ്ങളിലും ചെന്നൈ ആയിരുന്നു ഐപിഎൽ ചാമ്പ്യന്മാർ.ഈ സീസണിൽ ഹൈദരാബാദുമായി കളിച്ച നാലുകളികളിൽ നാലും ജയിച്ചാണ് ചെന്നൈ ചാമ്പ്യന്മാരായത്.
കർണാടകത്തിൽ കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ചു
ബെംഗളൂരു:കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ കാര്‍ അപകടത്തില്‍ മരിച്ചു. ജാമഖണ്ടി എംഎല്‍എ സിദ്ധു ബി ന്യാമഗൗഡയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഗോവയില്‍ നിന്നുള്ള യാത്രക്കിടെ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഗോവയില്‍ നിന്ന് തന്റെ മണ്ഡലമായ ജാമഖണ്ടിയിലേക്ക് വരികയായിരുന്നു. തുളസിഗെരിക്കടുത്ത് വച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായതെന്ന് കരുതുന്നു.ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. 67 കാരനായ ന്യാമഗൗഡ നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാരുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്ന വ്യക്തിയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി കൂടിയാണ് അദ്ദേഹം.
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മിസോറാം ഗവർണ്ണർ
ന്യൂഡൽഹി:ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചു.ഇതു സംബന്ധിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങി.നിലവിലെ ഗവർണർ നിർഭയ് ശർമ വിരമിക്കുന്ന ഒഴിവിലേക്കാണ് കുമ്മനത്തെ നിയമിക്കുന്നത്. നിർഭയ് ശർമയുടെ കാലാവധി ഈ മാസം 28 ന് അവസാനിക്കും.കോട്ടയം കുമ്മനം സ്വദേശിയായ രാജശേഖരൻ ഹിന്ദു ഐക്യ വേദിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.1987-ൽ സർക്കാർ സർവീസിൽ നിന്ന് രാജിവച്ച അദ്ദേഹം ആർഎസ്എസിന്‍റെ മുഴുവൻ സമയ പ്രവർത്തകനായി. ബാലസദനങ്ങളുടെ മേൽനോട്ടം, വിശ്വ ഹിന്ദു പരിഷതിന്‍റെയും ക്ഷേത്ര സംരക്ഷണ സമിതിയിലേയും പ്രവർത്തനങ്ങൾ എന്നിവയൊക്കെ ഇദ്ദേഹത്തിനെ ശ്രദ്ധേയനാക്കി.
കർണാടകയിൽ കുമാരസ്വാമി വിശ്വാസം നേടി; വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു
ബെംഗളൂരു:കർണാടക നിയമസഭയിൽ കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് നേടി.117 എംഎൽഎമാർ വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.സർക്കാർ വിശ്വാസ വോട്ട് നേടിയതായി സ്പീക്കർ കെ.ആർ രമേശ് കുമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു.പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ 104 അംഗങ്ങളും വിശ്വാസ വോട്ടെടുപ്പിന് നിൽക്കാതെ സഭയിൽ നിന്നും ഇറങ്ങി പോയി.വിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് സഭയിൽ കുമാരസ്വാമി നടത്തിയ പ്രസംഗത്തിന് മറുപടി പറഞ്ഞ ശേഷമാണ് യെദ്യൂരപ്പ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.ബിജെപിയുമായി നേരത്തെ സഖ്യം രൂപീകരിച്ചത് കറുത്ത അധ്യായമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.അച്ഛൻ ദേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാനാണ് ആഗ്രഹം.ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള തന്‍റെ തീരുമാനം പിതാവിനെ ഏറെ വേദപ്പിച്ചിരുന്നു. അതിന് പിതാവിനോട് മാപ്പ് പറയുന്നുവെന്നും കുമാരസ്വാമി നിയമസഭയിൽ പറഞ്ഞു. കുമാരസ്വാമിക്കു പിന്നാലെ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പയും സഭയിൽ സംസാരിച്ചു. കുമാരസ്വാമിയെ പിന്തുണച്ചതിൽ ഖേദിക്കുന്നുവെന്ന് യെദിയൂരപ്പയും പറഞ്ഞു.അതേസമയം കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഡി.കെ ശിവകുമാറിനെതിരെ ആഞ്ഞടിച്ച യെദ്യൂരപ്പ ശിവകുമാർ ഭാവിയിൽ ദുഖിക്കേണ്ടി വരുമെന്നും പറഞ്ഞു.എന്നാൽ തനിക്കെതിരായ യെദ്യൂരപ്പയുടെ പ്രസ്താവനയ്ക്ക് ചിരിക്കുക മാത്രമാണ് ശിവകുമാർ ചെയ്തത്.
കർണാടകയിൽ കുമാരസ്വാമി സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന്
ബെംഗളൂരു:കർണാടകയിൽ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെഡിഎസ് സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും.117 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമി സര്‍ക്കാരിന് ഇപ്പോഴുളളത്. ഇന്നുതന്നെ സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. കോൺഗ്രസും ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. കെ.ആർ. രമേശ്കുമാറാണു കോൺഗ്രസ് സ്ഥാനാർഥി. മുതിർന്ന എംഎൽഎ എസ്. സുരേഷ്കുമാറാണു ബിജെപി സ്ഥാനാർഥി.വിശ്വാസ വോട്ടെടുപ്പിനു ശേഷം മാത്രമായിരിക്കും കോൺഗ്രസ്-ജനതാദൾ (എസ്) എംഎൽഎമാർ സ്വതന്ത്രരാവുക. കുതിരക്കച്ചവടം ഭയന്ന് എംഎൽഎമാരെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ്.കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത് നഗരത്തിലെ ഹില്‍ട്ടണ്‍ എംബസി ഗോള്‍ഫ് ലിങ്സിലാണ്. നഗരത്തിന് പുറത്തുള്ള ദേവനഹള്ളിയിലെ ഗോള്‍ഫ് ഷെയര്‍ റിസോര്‍ട്ടിലാണ് ജെഡിഎസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. വിശ്വാസവോട്ടെടുപ്പിന് തൊട്ട് മുന്‍പ് മാത്രമേ ഇവരെ വിധാന്‍ സൗധയില്‍ എത്തിക്കുള്ളു. ഇതിനിടെ എംഎല്‍എമാരെ സിദ്ധരാമയ്യയും കുമാരസ്വാമിയും നേരില്‍ സന്ദര്‍ശിച്ച് വീണ്ടും പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.കഴിഞ്ഞ ബുധനാഴ്ചയാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസില്‍ നിന്നും 22 പേരും ജെഡിഎസില്‍ നിന്ന് 12 പേരുമാണ് മന്ത്രിസഭയില്‍ ഉണ്ടാകുക. കോണ്‍ഗ്രസിലെ ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യത്തില്‍ ഇതുവരെ തിരുമാനം ആയിട്ടില്ല.
തൂത്തുക്കുടിയിലെ പോലീസ് വെടിവെയ്പ്പിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ ഇന്ന് ബന്ദ്
തൂത്തുക്കുടി:തൂത്തുക്കുടിയിലെ പോലീസ് വെടിവെയ്പ്പിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ ഇന്ന് ബന്ദ്.ഡി.എം.കെയും പ്രതിപക്ഷ പാർട്ടികളുമാണ് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിനുനേരെ ഉണ്ടായ പോലീസ് വെടിവെയ്പ്പിൽ പതിമൂന്നുപേരാണ് മരിച്ചത്.നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിമൂന്നുപേരെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ഇന്നലെ ഉപരോധവും സമരം നടത്തിയിരുന്നു.ഉപരോധ സമരം നടത്തിയ സ്റ്റാലിൻ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.ഇതിനിടെ തൂത്തുക്കുടി, കന്യാകുമാരി,തിരുനെൽവേലി മേഖലകളിൽ ഇന്റർനെറ്റ് നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.വേതാന്ത കമ്പനിക്കെതിരെ ദിനംപ്രതി ജനപിന്തുണ കൂടി വരുന്ന സാഹചര്യത്തിലാണ് നടപടി.പ്ലാന്റിലേക്കുള്ള വൈദ്യുതി തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് പിൻവലിച്ചു. ലൈസൻസ് പുനഃസ്ഥാപിക്കുന്നതു വരെ ഉത്പാദനം നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് നടപടി.
തമിഴ്നാട് തൂത്തുക്കുടിയിൽ വീണ്ടും പോലീസ് വെടിവെയ്പ്പ്;ഒരാൾ കൂടി മരിച്ചു
തൂത്തുക്കുടി: തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാർക്ക് നേരെ വീണ്ടും പോലീസ് വെടിവയ്പ്. അണ്ണാ നഗറിലുണ്ടായ പോലീസ് വെടിവയ്പിൽ ഒരാൾ കൂടി മരിച്ചു.അണ്ണാനഗര്‍ സ്വദേശി കാളിയപ്പന്‍ (24)ആണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തൂത്തുക്കുടി എസ്.പി മഹേന്ദ്രന്‍ അടക്കം മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം നടന്നത്.ചൊവ്വാഴ്ചയുണ്ടായ വെടിവയ്പിൽ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സർക്കാർ ആശുപത്രിക്ക് പുറത്ത് പ്രതിഷേധവുമായി ഇറങ്ങിയവർക്ക് നേരെയാണു പോലീസ് വെടിവച്ചത്. സ്റ്റെർലൈറ്റ് പ്ലാന്‍റിനെതിരെയും പോലീസിനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് വെടിവയ്ക്കുകയായിരുന്നു. അക്രമാസക്തരായ ജനങ്ങൾ ബസിനും തീവെച്ചു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രണ്ടില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, നിരോധനാജ്ഞ ലംഘിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയായിരുന്നു. പലയിടത്തും സമരക്കാര്‍ പോലീസുമായി ഏറ്റുമുട്ടി.രൂക്ഷമായ മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന സ്‌റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണ ശാല പൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. നൂറ് ദിവസത്തോളമായി ഇവിടെ നാട്ടുകാര്‍ പ്രതിഷേധ പരിപാടികള്‍ നടത്തിവരികെയായിരുന്നു ഇതിനിടെയാണ് വെടിവെപ്പുണ്ടായത്.
കർണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി.കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടക പിസിസി അധ്യക്ഷന്‍ കൂടിയായ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു.വിധാന്‍ സൗധക്കുമുന്നില്‍ പ്രത്യേകമായി ഒരുക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. മറ്റന്നാളാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ വിശ്വാസ വോട്ടെടുപ്പ് നടക്കുക..കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി,ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി,തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബി.എസ്.പി. നേതാവ് മായാവതി, എന്നിവര്‍ ചടങ്ങിനു സാക്ഷ്യം വഹിച്ചു.ഇത് രണ്ടാം തവണയാണ് കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയാകുന്നത്.ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന തെരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടിയ ബിജെപി ആദ്യം അധികാരം പിടിക്കാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയായ ബി.എസ്.യെദിയൂരപ്പ ആദ്യം സത്യപ്രതിജ്ഞ ചെയ്തെങ്കിലും പിന്നീടുണ്ടായ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ രാജിവച്ച് പുറത്തുപോവുകയായിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ സർക്കാർ അധികാരമേറ്റത്.
കർണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ബെംഗളൂരു:കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന്. മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷന്‍ ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.ബുധനാഴ്ച്ച വൈകിട്ട് ചേരുന്ന യോഗത്തിൽ ഇരുപാർട്ടികളും ക്യാബിനറ്റിനെ കുറിച്ച് അന്തിമരൂപമുണ്ടാക്കും.സംസ്ഥാനത്തെ 34 മന്ത്രിമാരിൽ 22 എണ്ണം കോൺഗ്രസിനും മുഖ്യമന്ത്രി പദവി ഉൾപ്പെടെ 12 മന്ത്രിസ്ഥാനങ്ങൾ ജെഡിഎസിനുമാണ് ലഭിക്കുക.അവശേഷിക്കുന്ന മന്ത്രി സ്ഥാനങ്ങൾ സംബന്ധിച്ച് സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം തീരുമാനിക്കും.അതേസമയം ഇന്ന് സത്യപ്രതിജ്ഞ നടക്കാനിരിക്കെ സംസ്ഥാനത്തൊട്ടാകെ വൻ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി.പാർട്ടി വക്താവ് എസ്.ശാന്താറാമാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്.സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്നും ശാന്താറാം അറിയിച്ചു. ബുധനാഴ്ച രാവിലെ ആരംഭിക്കുന്ന പ്രതിഷേധ പരിപാടികൾ പാർട്ടി സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെദിയൂരപ്പ ഉദ്ഘാടനം ചെയ്യും.ബിജെപിയുടെ പ്രതിഷേധ പരിപാടികൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
തമിഴ്‌നാട് തൂത്തുക്കുടിയിൽ സമരക്കാർക്കെതിരെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ ഒൻപതുപേർ മരിച്ചു
തൂത്തുക്കുടി:തമിഴ്‌നാട് തൂത്തുക്കുടിയിൽ സ്റ്റെർലെറ്റ് വിരുദ്ധ സമരക്കാർക്കു നേരെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ 9 സമരക്കാർ മരിച്ചു.നിരവധി പേർക്ക് വെടിവയ്പ്പിലും സംഘർഷത്തിലും പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കളക്ടറുടെ ഓഫീസിലേക്ക് സമരക്കാര്‍ നടത്തിയ മാര്‍ച്ചിന് നേരെയാണ് പോലീസ് വെടിവച്ചത്. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതാണ് വെടിവയ്ക്കാന്‍ കാരണമെന്ന് പോലീസ് പറയുന്നു.സമരക്കാർ നിരവധി സ്വകാര്യ വാഹനങ്ങൾ തകർക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു.കല്ലേറ് രൂക്ഷമായതോടെ പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തി. ബാരിക്കേഡ് തകർത്ത് പ്രതിഷേധക്കാർ കളക്‌ട്രേറ്റ് വളപ്പിൽ കടന്നതോടെ പോലീസ് വെടിവയ്ക്കുകയായിരുന്നു. കളക്‌ട്രേറ്റ് വളപ്പിൽ കിടന്ന വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു.സ്ഥിതിഗതികൾ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങിയതോടെ സമീപ ജില്ലകളിൽ നിന്നും കൂടുതൽ പോലീസ് സംഘത്തെ തൂത്തുക്കുടിയിലേക്ക് വിളിപ്പിച്ചു.സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.
ലണ്ടന്‍ ആസ്ഥാനമായുള്ള വേദാന്ത റിസോഴ്‌സസ് എന്ന കമ്പനിയുടെ കീഴിലുള്ള സ്ഥാപനത്തിനെതിരെയാണ് പ്രദേശവാസികളുടെ സമരം.ബിഹാര്‍ സ്വദേശിയായ വ്യവസായി അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതിയുള്ള കമ്പനിയാണ് വേദാന്ത റിസോഴ്‌സസ്. ഈ കമ്പനിക്ക് കീഴിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്റസ്ട്രീസ് എന്ന സ്ഥാപനമാണ് തൂത്തുകുടിയിലുള്ളത്. ഖനനം ചെയ്ത ചെമ്പ് ശുദ്ധീകരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ പര്യാപ്തമാക്കുകയാണ് ഇവിടെ ചെയ്യുന്നത്.ഈ സ്ഥാപനത്തിന് കീഴില്‍ നിരവധി പ്ലാന്റുകള്‍ തൂത്തുകുടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വസിച്ച് ക്യാന്‍സര്‍ പോലുള്ള മാരക രോഗം ബാധിക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സമരം തുടങ്ങിയത്.മലിനീകരണ തോത് കണ്ടെത്തുന്നതിനും കമ്പനിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പഠിക്കുന്നതിനും പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിരവധി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.