കനൗജ്:യു പിയിൽ ബസ് പാഞ്ഞു കയറി ആറു വിദ്യാർത്ഥികളും ഒരധ്യാപകനും മരിച്ചു. വിദ്യാര്‍ഥികളടക്കം ഒൻപതു പേരുടെ ദേഹത്തുകൂടെയാണ് ബസ് കയറിയിറങ്ങിയത്. ആറു പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചും മരിച്ചു. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.ഉത്തര്‍പ്രദേശ് ആഗ്ര- ലക്നോ എക്സ്പ്രസ്വേയില്‍ കനൗജിനടുത്ത് പുലര്‍ച്ചെ നാലിനാണ് സംഭവം.സന്ത് കബീര്‍ നഗര്‍ ജില്ലയില്‍ നിന്ന് ഹരിദ്വാരിലേക്ക് പോകുകയായിരുന്നു വിദ്യാര്‍ഥികളടങ്ങിയ സംഘം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും.
തപാൽ സമരം പിൻവലിച്ചു
ന്യൂഡൽഹി:തപാൽ ജീവനക്കാർ കഴിഞ്ഞ 16 ദിവസമായി നടത്തിവന്നിരുന്ന സമരം പിൻവലിച്ചു.തപാൽ വകുപ്പിലെ ഗ്രാമീൺ ഡാക് സേവക്(ജി.ഡി.എസ്) ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കുന്നതിനു ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നിങ്ങനെ രണ്ടു തസ്തികകളാക്കി തിരിച്ചാണ് ശന്പള പരിഷ്കരണം നടപ്പാക്കുക. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 12,000 രൂപയും അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 10,000 രൂപയും ഇനി കുറഞ്ഞ ശമ്പളമായി ലഭിക്കും.റിസ്ക് ആന്‍റ് ഹാൻഡ്ഷിപ്പ് അലവൻസ് എന്ന നിലയിൽ അധിക ബത്തയും ഇനി ഇവർക്ക് ലഭിക്കും. രാജ്യത്തെ 3.07 ലക്ഷം തപാൽ ജീവനക്കാർക്കാണ് കേന്ദ്ര സർക്കാരിന്‍റെ ശമ്പള വർധനവ് വഴി ഗുണം ലഭിക്കുക.2016 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്‌ക്കരണം നടപ്പിലാക്കുക.കുടിശ്ശിക ഒറ്റതവണയായി നൽകും.ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായി 2018-19 വർഷ കാലയളവിൽ 1,257.75 കോടി രൂപയുടെ അധിക ബാധ്യത സർക്കാരിന് വരുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.
സുനന്ദ കേസ്;ശശി തരൂരിനോട് ജൂലൈ ഏഴിന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം
ന്യൂഡൽഹി:സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവും കോൺഗ്രസ് എംപിയുമായ ശശി തരൂരിനോട് ജൂലൈ ഏഴിന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു. ഡൽഹി ചീഫ് മെട്രോപൊളിറ്റൻ കോടതിയിലാണ് ഹാജരാകേണ്ടത്.ഇന്ത്യൻ ശിക്ഷ നിയമത്തിലെ 498-എ(ഭർത്താവോ അയാളുടെ ബന്ധുക്കളോ സ്ത്രീകളോട് ക്രൂരത കാട്ടൽ),306(ആത്മഹത്യാ പ്രേരണ) എന്നീ വകുപ്പുകൾ പ്രകാരം തരൂരിനെതിരെ നടപടികളുമായി നീങ്ങാൻ മതിയായ കാരണങ്ങൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.ഡൽഹി പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിച്ചതായി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സമർ വിശാൽ പറഞ്ഞു.സുനന്ദയുടെ മരണം ആത്മഹത്യ ആണെന്ന് കണ്ടെത്തിയ ഡൽഹി പോലീസ് തരൂരിനെതിരെ പ്രേരണ കുറ്റത്തിന് മതിയായ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.പത്തു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം തരൂരിനെതിരെയുള്ള കേസ് നിയമവിരുദ്ധവും അസംബന്ധവുമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വികാസ് പഹ്‌വ പറഞ്ഞു. കുറ്റപത്രത്തിന്റെയും മറ്റു രേഖകളുടെയും പകർപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാൻ ആരാധകരോട് ആഹ്വാനം ചെയ്യുന്ന ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ട്വിറ്റർ വീഡിയോ വൈറലാകുന്നു
മുംബൈ:ഇന്ത്യൻ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാൻ ആരാധകരോട് ആഹ്വാനം ചെയ്യുന്ന ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ട്വിറ്റർ വീഡിയോ വൈറലാകുന്നു. ഇന്ത്യയിലെങ്ങും ലോകകപ്പ് ജ്വരം പടർന്നു പിടിക്കുമ്പോഴാണ് സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാനുള്ള ആഹ്വാനവുമായി ഇന്ത്യൻ നായകൻ രംഗത്തെത്തിയത്.ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ചൈനീസ് തായ്പെയിക്കെതിരെ നടത്തിയ ഹാട്രിക് പ്രകടനത്തിനു പിന്നാലെയാണ് ടീം ന്ത്യയുടെ കളികൾ സ്റ്റേഡിയത്തിലെത്തി കാണാനും ടീമിനെ പ്രോത്സാഹിപ്പിക്കാനും ഛേത്രി ആവശ്യപ്പെട്ടത്.ഛേത്രിയുടെ വാക്കുകളിലൂടെ:”കളി കാണാൻ എത്താത്ത എല്ലാവരോടും ഞാൻ അപേക്ഷിക്കുകയാണ്. ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരോടുമായാണിത്.ദയവായി ഞങ്ങളുടെ കാളികാണാനായി സ്റ്റേഡിയത്തിലേക്ക് വരൂ, രണ്ടു കാരണങ്ങൾകൊണ്ടു ഞങ്ങളുടെ കളി കാണുക.അതിലൊന്ന് ലോകത്തെ ഏറ്റവും മികച്ച കളിയാണു ഫുട്ബോൾ എന്നതാണ്.രണ്ടാമത്തേത് ഞങ്ങൾ കളിക്കുന്നത് ഇന്ത്യക്ക് വേണ്ടിയാണ് എന്നുള്ളതാണ്.നിങ്ങൾക്കറിയില്ല നിങ്ങളുടെ പിന്തുണ എത്രമാത്രം വിലമതിക്കുന്നു എന്ന്. ഞങ്ങൾക്കായി ആർപ്പുവിളിക്കൂ, ഞങ്ങളെ പ്രോത്സാഹിപ്പിക്കൂ,വിമർശിക്കൂ,ഞങ്ങളോടൊപ്പം ചേരൂ.യൂറോപ്യൻ ക്ളബ്ബുകളുമായി തട്ടിച്ചു നോക്കുമ്പോൾ ഞങ്ങളുടെ നിലവാരം താഴെയാണെന്ന് പറയുന്നത് ശരിയാണ്.ഞങ്ങളുടെ നിലവാരം വളരെ താഴെയാണ്. പക്ഷേ ഞങ്ങളുടെ അഭിലാഷവും ഇച്ഛാശക്തിയും കൊണ്ട് ഞങ്ങൾ ഉറപ്പുതരുന്നു നിങ്ങളുടെ സമയം നഷ്ടമാകില്ല”.
ഞായറാഴ്ച ഭാരത് ബന്ദ്
ന്യൂഡല്‍ഹി: ഞായറാഴ്ച ഭാരതബന്ദ്. കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഭാരതബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്.കേരളത്തില്‍ ഞായറാഴ്ച ഹര്‍ത്താല്‍ നടത്താന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹായം തേടിയിട്ടുണ്ടെന്നും അവര്‍ സമ്മതിച്ചാല്‍ നടത്തുമെന്നും കിസാന്‍ മഹാസംഘ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.ടി. ജോണ്‍ പറഞ്ഞു.
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: മെഡിക്കല്‍പ്രവേശനത്തിന് അഖിലേന്ത്യാതലത്തിലുള്ള യോഗ്യതാ പരീക്ഷയായ നീറ്റിന്റെ ഫലം സി.ബി.എസ്.ഇ. പ്രഖ്യാപിച്ചു.പതിവിലും നേരത്തെയാണ് ഇത്തവണ നീറ്റ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. 13.36 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതിയ നീറ്റ് മേയ് ആറിനാണ് നടന്നത്.വിദ്യാര്‍ത്ഥികള്‍ക്ക് cbseneet.nic.in എന്ന സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഫലം അറിയാം.
ഇന്നും നാളെയും ബാങ്ക് പണിമുടക്ക്
ന്യൂഡൽഹി:സേവന, വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്‍റെ നേതൃത്വത്തിൽ 48 മണിക്കൂർ ബാങ്ക് ജീവനക്കാർ പണിമുടക്കുന്നതിനാൽ ഇന്നും നാളെയും രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം നിശ്ചലമാകും. സഹകരണ, ഗ്രാമീണ്‍ ബാങ്കുകള്‍ ഒഴികെയുള്ള മുഴുവന്‍ ബാങ്കുകളിലെയും ജീവനക്കാര്‍ പണിമുടക്കും. ശമ്ബള വര്‍ധനവ് ആവശ്യപ്പെട്ടു നടക്കുന്ന പണിമുടക്കില്‍ 21 പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള പത്തു ലക്ഷത്തോളം ജീവനക്കാരും ഓഫിസര്‍മാരും പങ്കെടുക്കുന്നുണ്ട്. സമരത്തിനു മുന്നോടിയായി കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മുഖ്യ ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ച ശമ്ബള പരിഷ്‌കരണത്തിന്മേല്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ(യുഎഫ്ബിയു) ഒന്‍പതു ഘടകങ്ങളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍(എഐബിഒസി) വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കുഴപ്പമുണ്ടാകില്ല. ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ, മഹാമൊബൈല്‍ ആപ് തുടങ്ങിയവയുടെ സേവനങ്ങള്‍ ലഭ്യമാകും.രണ്ടു ദിവസവും എടിഎമ്മില്‍ പണവും നിറയ്ക്കില്ല.എന്നാല്‍ എല്ലാ എടിഎമ്മുകളിലും പണിമുടക്കിനു മുന്നോടിയായി പണം നിറച്ചതായി ബാങ്കുകള്‍ അറിയിച്ചിട്ടുണ്ടെങ്കിലും സിറ്റി വിട്ടുള്ള പല എടിഎമ്മുകളും കാലിയാണ്.
ഇന്ധന വില വർധന;നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി കമ്പനികൾ
ന്യൂഡൽഹി:ഇന്ധന വില വർധനവിന്റെ പശ്ചാത്തലത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി കമ്പനികൾ.പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, സോപ്പ്, സോപ്പുപൊടി, ഭക്ഷ്യ എണ്ണ, പലവ്യഞ്ജനങ്ങള്‍ എന്നിവയുടെ വില നാല് മുതല്‍ എഴ് ശതമാനംവരെ കൂടുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. നിത്യോപയോഗ സാധനങ്ങളായതിനാല്‍ വിലവര്‍ധിച്ചാലും ഡിമാന്‍ഡില്‍ കുറവുണ്ടാകില്ലെന്നാണ് കമ്പനികളുടെ നിരീക്ഷണം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണവിലയില്‍ 50 ശതമാനമാണ് വര്‍ധനയുണ്ടായത്. ബാരലിന് 80 ഡോളറിലെത്തിയ വില കഴിഞ്ഞ ദിവസമാണ് 75ലേയ്ക്ക് താഴ്ന്നത്. ക്രൂഡ് വിലവര്‍ധനയെതുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയിരിക്കുകയാണ്.
കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു
ഐസ്വാള്‍: കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ ഐസ്വാളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം അദ്ദേഹം പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.മിസോറം സംസ്ഥാനത്തിന്റെ പതിനെട്ടാമത് ഗവര്‍ണറായാണ് കുമ്മനം രാജശേഖരന്‍ ചുമതലയേറ്റത്.വക്കം പുരുഷോത്തമന് ശേഷം മിസോറമില്‍ ഗവര്‍ണറാകുന്ന രണ്ടാമത്തെ മലയാളി കൂടിയാണ് അദ്ദേഹം.നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ്മ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ബിജെപി കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനത്തെ മിസോറാം ഗവർണറായി നിയമിച്ചത്.ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഇല്ലെന്ന് അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിച്ചെങ്കിലും എത്രയും പെട്ടെന്ന് ചുമതലയേല്‍ക്കാനായിരുന്നു നിര്‍ദേശം.സര്‍ക്കാര്‍ ജോലി രാജിവെച്ച് ആര്‍എസ്‌എസ് പ്രചാരക സ്ഥാനത്ത് എത്തിയ വ്യക്തിയാണ് കുമ്മനം രാജശേഖരന്‍. സസ്യശാസ്ത്രത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടിയ അദ്ദേഹം ദീപിക, കേരള ശബ്ദം തുടങ്ങിയ പത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ പത്രാധിപരും, ചെയര്‍മാനുമായി. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയതോടെയാണ് കുമ്മനമെന്ന പേര് കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് ഫാക്റ്ററി അടച്ചുപൂട്ടാൻ ഉത്തരവ്
ചെന്നൈ: തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണശാലയ്ക്കെതിരേയുള്ള ജനകീയസമരം ഒടുവിൽ വിജയിച്ചു. കടുത്ത പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന ഫാക്ടറി അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. തുടർനടപടികൾക്കു മലിനീകരണ നിയന്ത്രണ ബോർഡിനു നിർദേശവും നൽകി.പരിസ്ഥിതി നിയമങ്ങൾ ആവർത്തിച്ചു ലംഘിക്കുന്ന കമ്പനി തൂത്തുക്കുടിയിലും പരിസരത്തും കാൻസർ ഉൾപ്പെടെ രോഗങ്ങൾക്കും കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനാലാണ് അടച്ചുപൂട്ടുന്നതെന്നു മുഖ്യമന്ത്രി കെ. പളനിസ്വാമി അറിയിച്ചു.1996 ലാണ് തൂത്തുക്കുടിയിൽ കമ്പനി പ്രവർത്തനമാരംഭിച്ചത്. രണ്ടുവർഷത്തിനുശേഷം പൂർണതോതിലേക്കു വളർന്നു. കമ്പനിയിൽ നിന്ന് ഇന്ധനം ചോരുന്നതിനു പുറമേ സമീപവാസികൾക്ക് ശ്വാസതടസം, ശരീരത്തിലെ ചൊറിച്ചിൽ തുടങ്ങിയ പല പ്രശ്നങ്ങളും ഉടലെടുത്തതോടെ മുൻമുഖ്യമന്ത്രി ജയലളിത പ്ലാന്‍റ് പൂട്ടാൻ നിർദേശം നൽകി. എന്നാൽ 2015 ൽ കമ്പനി വീണ്ടും പ്രവർത്തനം പുനരാരംഭിച്ചു. ഇതോടെ സമരം ശക്തമാവുകയായിരുന്നു.കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു നാളുകളായി തുടരുന്ന സമരത്തിന്‍റെ നൂറാംദിനമായ കഴിഞ്ഞ 22 നു പ്രതിഷേധക്കാർക്കുനേരേ നടന്ന വെടിവയ്പിൽ 13 പേർ മരിച്ചിരുന്നു.