കൊച്ചി:രാജ്യത്തെ പെട്രോൾ പമ്പ് ജീവനക്കാർക്കായി കേന്ദ്ര പെട്രോളിയം മന്ത്രാലയം എഴുത്തുപരീക്ഷ നടത്തുന്നു.ഫില്ലിംഗ് സ്റ്റാഫുകളുടെ യോഗ്യത പരീക്ഷിക്കുവാനാണ് സര്‍ക്കാര്‍ പരീക്ഷ നടത്തുന്നത്.എഴുത്തു പരീക്ഷയുടെ കാര്യം അറിഞ്ഞതോടെ പമ്പ് ജീവനക്കാര്‍ ആശങ്കയിലായിരിക്കുകയാണ്. പമ്പുകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും കുറഞ്ഞ വിദ്യാഭ്യാസമുള്ളവരും ഇതര സംസ്ഥാന തൊഴിലാളികളുമാണ്.നിലവില്‍ പമ്പുകളിലുള്ള ജീവനക്കാര്‍ വരുന്ന സെപ്റ്റംബര്‍ മാസം പരീക്ഷ എഴുതേണ്ടി വരും.ഇതില്‍ പാസാകുന്ന ജീവനക്കാര്‍ക്ക് 500 രൂപ ശമ്പള വര്‍ദ്ധന വരുത്തുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചന. പരീക്ഷയില്‍ തോല്‍ക്കുന്ന ജീവനക്കാരെ പിരിച്ച് വിടുകയില്ലെങ്കിലും ഭാവിയില്‍ ജോലി തേടി പമ്പുകളിൽ എത്തുന്നവര്‍ പരീക്ഷ പാസാകേണ്ടി വരും.കഴിഞ്ഞ ഒക്ടോബറില്‍ രാജ്യത്തെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് മിനിമം വേതനം 9,500 ല്‍ നിന്ന് 12,221 രൂപയാക്കി ഉയര്‍ത്തിയിരുന്നു. യോഗ്യരായവരെ നിയമിക്കുന്നതിലൂടെ പെട്രോള്‍ പാമ്പുകളുടെ നിലവാരം ഉയർത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കി സുപ്രീം കോടതി
ന്യൂഡൽഹി:കാറുകൾക്ക് മൂന്നു വർഷത്തെയും ബൈക്കുകൾക്ക് അഞ്ചുവർഷത്തെയും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്.സെപ്റ്റംബർ ഒന്ന് മുതൽ വിൽക്കുന്ന വാഹനങ്ങൾക്കാണ് ഉത്തരവ് ബാധകം.രാജ്യത്തെ അറുപത്തിയാറു ശതമാനം വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലെന്ന് സമിതി കണ്ടെത്തിയിരുന്നു. റോഡപകട മരണങ്ങള്‍ വര്‍ധിക്കുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ സമിതിയുടെ റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടു.റോഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ജസ്‌റ്റിസ് മദന്‍ ബി. ലോക്കൂര്‍, ജസ്‌റ്റിസ് ദീപക് ഗുപ്‌ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ജസ്‌റ്റിസ് കെ.എസ്. രാധാകൃഷ്‌ണന്‍ അധ്യക്ഷനായി സുപ്രീം കോടതി നിയോഗിച്ച റോഡ് സുരക്ഷാ സമിതിയുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.വലിയ അപകടങ്ങളില്‍പ്പെട്ടവര്‍ക്കു പോലും നഷ്‌ടപരിഹാരം കിട്ടുന്നില്ലെന്ന വ്യാപക പരാതി കണക്കിലെടുത്ത് സമിതി ഇക്കാര്യത്തില്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ), ജനറല്‍ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍, ഉപരിതല ഗതാഗത മന്ത്രാലയം, കേന്ദ്ര ധനമന്ത്രാലയം എന്നിവയുമായും ചര്‍ച്ച നടത്തി.ഇതിനുശേഷമാണ് മൂന്നും അഞ്ചും വര്‍ഷം തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. വാഹന വിവരങ്ങളില്‍ ചേര്‍ക്കാനായി ഇന്‍ഷൂറന്‍സ് വിവരങ്ങള്‍ പങ്കുവയ്‌ക്കണമെന്നും ഐ.ആര്‍.ഡി.എയോടു സമിതി നിര്‍ദേശിച്ചിരുന്നു. ഓണ്‍ലൈനായി ഇന്‍ഷൂറന്‍സ് അടയ്‌ക്കാനുള്ള അവസരമൊരുക്കണമെന്നും ഇന്‍ഷൂറന്‍സ് പുതുക്കല്‍ ഉറപ്പാക്കാന്‍ പോലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കണമെന്നുമായിരുന്നു മറ്റു നിര്‍ദേശങ്ങള്‍. ഇവ സെപ്‌റ്റംബര്‍ ഒന്നുമുതല്‍ നടപ്പാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.
ചെന്നൈയിൽ ട്രെയിനിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്ത നാലുപേർ തൂണിലിടിച്ചു മരിച്ചു
ചെന്നൈ:ട്രെയിനിന്റെ വാതിലിനരികെ തൂങ്ങി നിന്ന് യാത്ര ചെയ്യുന്നതിനിടെ നാലുപേർ തൂണിലിടിച്ച് മരിച്ചു. ചെന്നൈ ബീച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരുമാല്‍പൂര്‍ സ്റ്റേഷനിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനിലാണ് അപകടമുണ്ടായത്.സെന്റ് തോമസ് മൗണ്ട് സ്‌റ്റേഷനിലാണ് സംഭവം. ഏഴു പേരാണ് ട്രെയിനില്‍ തൂങ്ങി യാത്ര ചെയ്തിരുന്നത്. ട്രാക്കിന്റെ അരികിലുള്ള ഇരുമ്പ് തൂണിലിടിച്ച് ഇവര്‍ പുറത്തേക്കു വീഴുകയായിരുന്നു. ഇതില്‍ നാലു പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ചയും സമാന രീതിയില്‍ ട്രെയിനില്‍ നിന്നും വീണ് ഇതേ സ്റ്റേഷനില്‍ രണ്ടു പേര്‍ മരിച്ചു. ഇതോടെ രണ്ടു ദിവസങ്ങളിലാണ് ആറു പേരാണ് മരണപ്പെട്ടിരിക്കുന്നത്. സംഭവത്തെ കുറിച്ച് റെയില്‍വേയും തമിഴ്‌നാട് സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സുപ്രീം കോർട്ട് കോളേജിയം നിർദേശിച്ച ജഡ്ജിയുടെ പേര് മോഡി ഗവണ്മെന്റ് തള്ളി
ന്യൂഡൽഹി:ഡൽഹി ഹൈകോർട്ട് ചീഫ് ജസ്റ്റിസായി സുപ്രീം കോർട്ട് കോളേജിയം നിർദേശിച്ച ജഡ്ജിയുടെ പേര് മോഡി ഗവണ്മെന്റ് തള്ളി.2004 മുതൽ കൊൽക്കത്ത ഹൈക്കോടതി ജഡ്ജായിരുന്ന അനിരുദ്ധ ബോസിന്റെ പേരാണ് സുപ്രീംകോർട്ട് കോളേജിയം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിർദേശിച്ചത്. ജസ്റ്റിസ് അനിരുദ്ധ ബോസ് 2004 മുതൽ കൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്നെങ്കിലും ഡെൽഹിപോലെ പ്രാധാന്യമുള്ള ഒരു ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് പദവി വഹിക്കാനുള്ള പരിചയം അദ്ദേഹത്തിനില്ല എന്നതാണ് ജസ്റ്റിസ് അനിരുദ്ധിന്റെ പേര് തള്ളിക്കളയാൻ ഗവന്മെന്റ് വ്യക്തമാക്കുന്ന കാരണം.ജസ്റ്റിസ് അനിരുദ്ധിന്റെ പേരിനു പകരമായി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് മറ്റൊരു പേര് നിർദ്ദേശിക്കാനും ഗവണ്മെന്റ് സുപ്രീം കോർട്ട് കോളീജിയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഒരു വർഷത്തിലേറെയായി ഡൽഹി ഹൈക്കോടതിയിൽ ഒരു മുഴുവൻ സമയ ചീഫ് ജസ്റ്റിസ് ഇല്ല എന്നതും ശ്രദ്ധേയമാണ്.അതേസമയം പരിചയക്കുറവുണ്ടെന്ന കാരണത്താൽ ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ പേര് നിരസിച്ച സർക്കാർ ഡൽഹി ഹൈകോർട്ട് ചീഫ് ജസ്റ്റിസായിരുന്ന പലരും നേരത്തെ മറ്റു കോടതികളിൽ മുതിർന്ന ജഡ്ജസായിരുന്നെന്ന കാര്യം സൗകര്യപൂർവം മറക്കുകയാണ്.ഡൽഹി ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട ജസ്റ്റിസ് ജി.രോഹിണി നേരത്തെ ആന്ധ്രാപ്രദേശ് ഹൈകോർട്ട് ജഡ്ജായിരുന്നു.അതുപോലെ തന്നെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായിരുന്ന ജസ്റ്റിസ് എൻ.വി രാമണ്ണയും മുൻപ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജായിരുന്നു.അതേസമയം ഗവണ്മെന്റിന്റെ എതിർപ്പ് പരിഗണിച്ച് ജസ്റ്റിസ് അനിരുദ്ധ ബോസിനെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള നിർദേശം സുപ്രീം കോടതി കൊളീജിയം പിൻവലിക്കുമെന്നാണ് സൂചന. ഇക്കാര്യം കൊളീജിയം ഉടൻ ചർച്ച ചെയ്യുകയും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യും.
ജനങ്ങൾക്ക് കൈവശം വെയ്ക്കാവുന്ന പണത്തിന്റെ പരിധി ഒരുകോടി രൂപയാക്കാൻ ശുപാർശ
അഹമ്മദാബാദ്: ജനങ്ങള്‍ക്ക് കൈവശം കരുതാവുന്ന പണത്തിന്റെ പരിധി ഒരു കോടി രൂപയാക്കാന്‍ കേന്ദ്രത്തിനു മുന്നില്‍ ശുപാര്‍ശ.കള്ളപ്പണം തടയാനുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിധി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തത്.പരിധിക്കു മുകളില്‍ പണം കണ്ടെത്തിയാല്‍ ആ തുക പൂര്‍ണമായി സര്‍ക്കാരിന്റെ ഖജനാവിലേക്ക് പിടിച്ചെടുക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ തലവന്‍ ജസ്റ്റിസ് (റിട്ട.) എം.ബി. ഷാ പറഞ്ഞു.നേരത്തെ 20 ലക്ഷം രൂപ എന്ന ശുപാര്‍ശയായിരുന്നു സംഘം മുന്നോട്ടുവച്ചിരുന്നത്.ഈ തുക തീരെ കുറവായതിനാലാണ് ഇത് ഒരു കോടിയാക്കി ഉയര്‍ത്തിക്കൊണ്ട് ശുപാര്‍ശ ചെയ്തത്.
നിലവിലുള്ള നിയമം അനുസരിച്ച് ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന പണത്തിന്റെ 40 ശതമാനം ആദായ നികുതിയും പിഴയും ഒടുക്കിയാല്‍ മതി.
ദത്തെടുക്കൽ അംഗീകരിക്കുന്നതിന് അധികാരപ്പെട്ട അതോറിറ്റിയായി ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലപ്പെടുത്തി ജുവനൈൽ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനം
ന്യൂഡൽഹി:ദത്തെടുക്കൽ അംഗീകരിക്കുന്നതിന് അധികാരപ്പെട്ട അതോറിറ്റിയായി ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലപ്പെടുത്തി ജുവനൈൽ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനം.വനിതാ-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശം അംഗീകാരത്തിനായി ബുധനാഴ്ച ക്യാബിനറ്റിന് മുന്നിൽ സമർപ്പിച്ചു.മജിസ്‌ട്രേറ്റിന്റെ അധികാരപ്പെടുത്തുന്നതിലൂടെ നിലവിൽ ദത്തെടുക്കൽ പ്രക്രിയയ്ക്ക് ആവശ്യമായി വരുന്ന കാലതാമസവും ചിലവും പരിഹിക്കപ്പെടുമെന്ന് സർക്കാർ വ്യക്തമാക്കി. നിലവിൽ സിവിൽ കോടതിക്കാണ് ദത്തെടുക്കൽ സംബന്ധിച്ചുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം.എന്നാൽ സിവിൽ കോടതികളിൽ ധാരാളം കേസുകൾ നിലവിൽ കെട്ടിക്കിടക്കുന്നുണ്ട്.അതുകൊണ്ടു തന്നെ അഡോപ്ഷൻ സംബന്ധിച്ചുള്ള കേസുകൾ തീർപ്പാക്കാൻ കാലതാമസം നേരിടുന്നു.ഇത്തരം കേസുകൾ വർഷങ്ങളായി കോടതിയിൽ തീർപ്പാകാതെ കിടക്കുന്നുണ്ടെന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന ശിശുക്ഷേമ സമിതികളും സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് ഏജൻസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് മേനക ഗാന്ധി എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. മദർ തെരേസ മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ശിശുക്ഷേമ ഭവനങ്ങളിലും പരിശോധന നടത്താനും സംസ്ഥാന ഗവണ്മെന്റുകൾക്ക് മന്ത്രി നിർദേശം നൽകി.
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പത്തുപേർ മരിച്ചു
ഋഷികേശ്: ഉത്തരാഖണ്ഡിലെ തെഹ്രിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.ഋഷികേശ്-ഗംഗോത്രി ദേശീയപാതയില്‍ സുല്‍യധാറിലായിരുന്നു അപകടം.ഉത്തരാഖണ്ഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ ബസാണ് അപകടത്തില്‍പെട്ടത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നിലഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ബസ് 250 മീറ്റര്‍ താഴ്ച്ചയിലേക്കാണ് മറിഞ്ഞത്.രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്.
ഇന്ന് അർധരാത്രി മുതൽ രാജ്യത്ത് ചരക്കുലോറി സമരം
കൊച്ചി:ഇന്ന് അർധരാത്രി മുതൽ രാജ്യത്ത് ചരക്കുലോറി സമരം.ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു. ഇന്ധന വിലക്കയറ്റം, ടോള്‍ പിരിവിലെ പ്രശ്‌നങ്ങള്‍, ഇന്‍ഷുറന്‍സ് വര്‍ധന എന്നിവയ്‌ക്കെതിരെയാണ് സമരം.എണ്‍പത് ലക്ഷം ചരക്ക്‌ലോറികള്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കേരളത്തില്‍ നിന്നുള്ള ചരക്കുലോറികളും ഇത്തവണ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരം കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഒരാഴ്ചയിലധികം സമരം നീണ്ടുപോയാല്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നേക്കും. ഇന്ധന ടാങ്കറുകള്‍ , ഗ്യാസ് ടാങ്കറുകള്‍, ഓക്‌സിന്‍ വാഹനങ്ങള്‍, തപാല്‍ എന്നിവയെ സമരത്തിന്റെ ആദ്യഘട്ടത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ മാത്രം മൂന്ന് ലക്ഷത്തോളം ചരക്ക്‌ലോറികള്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുമെന്നാണ് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നത്.
ഡൽഹി ഗ്രെയ്റ്റർ നോയിഡയിൽ ആറുനില കെട്ടിടം തകർന്നു വീണ് മൂന്നുപേർ മരിച്ചു
എസ്ബിഐ നാളെ രാജ്യമൊട്ടാകെ ‘കിസാൻ മേള’ സംഘടിപ്പിക്കും;കേരളത്തിൽ 975 ശാഖകളിലും
കൊച്ചി:എസ്ബിഐ ബുധനാഴ്ച രാജ്യമൊട്ടാകെയുള്ള ശാഖകളിൽ ‘കിസാൻ മേള’ സംഘടിപ്പിക്കുന്നു. കർഷകരുടെ ഇടയിൽ ബാങ്കിങ് സേവങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാന് മേള സംഘടിപ്പിക്കുന്നത്.കർഷകർക്കായി രൂപം നൽകിയിട്ടുള്ള വായ്‌പ്പാ,നിക്ഷേപ പദ്ധതികളെ കുറിച്ചും മേളയിൽ വിശദീകരിക്കും. രാജ്യമൊട്ടാകെ ഏതാണ്ട് 14000 ശാഖകളിലാണ് എസ്‌ബിഐ മേള സംഘടിപ്പിക്കുന്നത്.കേരളത്തിൽ 975 അർദ്ധനഗര-ഗ്രാമീണ ശാഖകളിലും മേള ഉണ്ടാകും. വൻകിട നഗരങ്ങളിലെ ശാഖകളിലും കിസാൻമേള ഉണ്ടാകും.