ദില്ലി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ച ശുപാര്‍ശയില്‍ കൊളീജിയം ഉറച്ചു നിന്നതോടെയാണ് ശുപാര്‍ശ അംഗീകരിക്കാന്‍ തയ്യാറായത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെയും സീനിയര്‍ അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രിം കോടതി ജഡ്ജിമാരാക്കാന്‍ ജനുവരി 10 ന് ചേര്‍ന്ന കൊളീജിയമാണ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ കൊളീജിയം ശുപാര്‍ശ ചെയ്ത ഇന്ദു മല്‍ഹോത്രയെ ജഡ്ജിയായി നിയമിക്കുകയും ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന് ജൂലായ് 16ന് യോഗം ചേര്‍ന്ന് ജോസഫിനെ ജഡ്ജിയാക്കാന്‍ കൊളീജിയം വീണ്ടും പ്രത്യേകം ശുപാര്‍ശ നല്‍കുകയായിരുന്നു. ഒരു പേര് രണ്ടാമതും കൊളീജിയം ശുപാര്‍ശ ചെയ്താല്‍ അത് അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. 2016ല്‍ ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ കെ.എം.ജോസഫ് തടഞ്ഞതാണ് അദ്ദേഹത്തെ തഴഞ്ഞതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, അഖിലേന്ത്യാ തലത്തിലുള്ള സീനിയോറിറ്റിയില്‍ 42ആം സ്ഥാനത്താണ് ജസ്റ്റിസ് കെ.എം.ജോസഫ് എന്ന വാദം ഉയര്‍ത്തിയാണ് കേന്ദ്രം ഇതിനെ പ്രതിരോധിച്ചത്.മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശയ്ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. ഫയലുകള്‍ നിയമ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.
ഈ മാസം ഏഴിന് അഖിലേന്ത്യ മോട്ടോർ വാഹന പണിമുടക്ക്
കൊച്ചി:കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തിൽ ഈ മാസം ഏഴിന് അഖിലേന്ത്യ മോട്ടോർ വാഹന പണിമുടക്ക് നടത്തും. ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി യൂണിയനും പണിമുടക്കില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ കരുണാനിധിയെ സന്ദർശിച്ചു
ചെന്നൈ:ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.രാവിലെ വ്യോമമാര്‍ഗം ചെന്നൈയിലെത്തിയ മുഖ്യമന്ത്രി പിന്നീട് കരുണാനിധിയെ പ്രവേശിപ്പിച്ചിരിക്കുന്ന കാവേരി ആശുപത്രിയിലെത്തി.കരുണാനിധിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി പിണറായി വ്യക്തമാക്കി. അദ്ദേഹത്തിന്റെ മക്കളായ എം കെ സ്റ്റാലിൻ,കനിമൊഴി എന്നിവരോട് രോഗവിവരങ്ങള്‍ ആരാഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.
ആധാര്‍ നമ്പർ പരസ്യപ്പെടുത്തരുതെന്ന് യുഐഡിഎഐയുടെ കർശന നിർദേശം
ന്യൂഡൽഹി:ഇന്റർനെറ്റിലും സമൂഹ മാധ്യമങ്ങളിലും അടക്കം പൊതു ഇടങ്ങളിൽ ആധാർ നമ്പർ പരസ്യപ്പെടുത്തരുതെന്ന് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ( യുഐഡിഎഐ) കർശന നിർദേശം.ആധാർ നമ്പർ പരസ്യപ്പെടുത്തിയത് നിയമനടപടി നേരിടേണ്ടി വരുമെന്നും യുഐഡിഎഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മറ്റൊരാളുടെ ആധാര്‍ നമ്പർ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതു നിമയമവിരുദ്ധമാണെന്നും അറിയിപ്പുണ്ട്. ആധാര്‍ നമ്ബര്‍ പരസ്യപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ചലഞ്ചുകള്‍ വ്യാപകമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് സന്ദേശമെന്ന് യുഐഡിഎഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞദിവസം ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ്.ശര്‍മയുടെ ‘ആധാര്‍ ചാലഞ്ച്’ ട്വീറ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. സ്വന്തം ആധാര്‍ നമ്പർ ട്വിറ്ററില്‍ പങ്കുവച്ച അദ്ദേഹം, ഈ നമ്പർ ഉപയോഗിച്ചു തനിക്കെന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്താന്‍ സാധിക്കുമോയെന്നാണ് വെല്ലുവിളിച്ചത്. താമസിയാതെ തന്നെ പ്രശസ്ത ഹാക്കര്‍ ഏലിയറ്റ് ആൻഡേഴ്സൺ ഉൾപ്പെടെയുള്ളവർ ശര്‍മയ്ക്കു മറുപടിയുമായെത്തി. ശര്‍മയുടെ സ്വകാര്യ മൊബൈല്‍ നമ്പർ, കുടുംബചിത്രങ്ങള്‍, വീട്ടുവിലാസം, ജനനത്തീയതി, ഓണ്‍ലൈന്‍ ഫോറത്തില്‍ അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തി പോസ്റ്റ് ചെയ്തു. ചോര്‍ത്തിയ വിവരങ്ങളൊന്നും അപകടമുണ്ടാക്കുന്നതല്ല എന്നായിരുന്നു ശര്‍മയുടെ മറുപടി. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ചോര്‍ത്തിയ വിവരങ്ങള്‍ എല്ലാം ഇന്റര്‍നെറ്റില്‍ ഉണ്ടെന്നും യുഐഡിഎഐയും പറഞ്ഞു. ഇതിനിടെ, ശര്‍മയെ അനുകരിച്ച് ചില വ്യക്തികളും ആധാര്‍ ചാലഞ്ച് നടത്തിയതോടെയാണു മുന്നറിയിപ്പുമായി യുഐഡിഎഐ രംഗത്തെത്തിയത്.
കരുണാനിധിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
ചെന്നൈ:കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കരുണാനിധി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും യന്ത്രങ്ങളുടെ സഹാമില്ലാതെ അദ്ദേഹം ശ്വസിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രി ഐസിയുവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ കരുണാനിധി.മൂത്രാശയ അണുബാധയും രക്തസമ്മര്‍ദം കുറഞ്ഞതും മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ആശുപത്രി പരിസരത്തു തടിച്ചുകൂടിയവരോടു പിരിഞ്ഞു പോകണമെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്‍റ് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. ഇവരെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചുവരികയാണ്.
പ്രധാനമന്ത്രിക്ക് നേരെ രാസാക്രമണം നടത്തുമെന്ന് ഭീഷണി;യുവാവ് പിടിയിൽ
മുംബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ രാസാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. ജാര്‍ഖണ്ഡ് സ്വദേശിയായ കാശിനാഥ് മണ്ഡല്‍ (22) എന്ന യുവാവാണ് പിടിയിലായത്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വെള്ളിയാഴ്ചയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് എന്‍എസ്ജി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുംബൈ ഡിബി മാര്‍ഗ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കാശിനാഥിന്‍റെ മൊബൈല്‍ നമ്പർ പിന്തുടര്‍ന്നു നടത്തിയ അന്വേണഷത്തിലാണ് ഇയാള്‍ പിടിയിലായത്. അടുത്തിടെ ജാര്‍ഖണ്ഡില്‍ നടന്ന നക്സല്‍ ആക്രമണത്തില്‍ തന്‍റെ സുഹൃത്ത് കൊല്ലപ്പെട്ടിരുന്നുവെന്നും ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിനു വേണ്ടിയാണ് ഭീഷണി മുഴക്കിയതെന്നും കാശിനാഥ് പോലീസിനു മൊഴി നല്‍കി. ഇയാൾക്കെതിരെ ഐപിസി 505 പ്രകാരം പോലീസ് കേസെടുത്തു.
കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
ചെന്നൈ:ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.രക്ത സമ്മര്‍ദ്ധം കൂടിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തെ അതീവ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കരുണാനിധിയുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. കരുണാനിധിയുടെ ആരോഗ്യനില മോശമായത് അറിഞ്ഞ് ആയിരക്കണക്കിന് അണികളാണ് അദ്ദേഹത്തിന്റെ ഗോപാലപുരത്തെ വസതിയിലേക്കും ആശുപത്രി പരിസരത്തേക്കും ഒഴുകിയെത്തിയത്. അദ്ദേഹത്തിന്റെ ചിത്രങ്ങളുമായാണ് നിരവധി പേര്‍ എത്തിയിരിക്കുന്നത്. കരുണാനിധിയുടെ ആരോഗ്യനില പൂര്‍ണസ്ഥിതിയിലായതിന് ശേഷമെ മടങ്ങിപ്പോകുവെന്ന വാശിയിലാണ് പലരും. ക്ഷേത്രങ്ങളില്‍ അദ്ദേഹത്തിന് വേണ്ടി പൂജയും വഴിപാടുകളും നടത്താന്‍ നിരവധി പേരാണ് എത്തിച്ചേരുന്നത്.
മുംബൈയിൽ വിനോദയാത്രയ്ക്ക് പോയ കോളേജ് ജീവനക്കാരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 32 പേർ മരിച്ചു
മുംബൈ:മുംബൈയിൽ വിനോദയാത്രയ്ക്ക് പോയ കോളേജ് ജീവനക്കാരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 32 പേർ മരിച്ചു.ദാപൊലീ കാര്‍ഷിക കോളേജിലെ ജീവനക്കാര്‍ സഞ്ചരിച്ച് വാനാണ് റായ്ഗഡ് ജില്ലയിലെ മഹാബലേശ്വറിന് സമീപം മറിഞ്ഞത്. ബസിലുണ്ടായിരുന്ന ജീവനക്കാരില്‍ 32 പേരും മരിച്ചതായിട്ടാണ് സ്ഥിരീകരിക്കാത്ത വിവരം. രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി പൂനയില്‍ നിന്നുള്ള പ്രത്യേക സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. ഏകദേശം 600 അടിയോളം താഴ്ചയിലേക്കാണ് വാന്‍ മറിഞ്ഞത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബസ്സില്‍ 35ഓളം ജീവനക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരാളാണ് അപകട വിവരം മറ്റുള്ളവരെ അറിയിച്ചത്.
ചരക്കുലോറി സമരം പിൻവലിച്ചു
ന്യൂഡൽഹി:രാജ്യത്തെ ചരക്കുലോറി ഉടമകൾ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സമിതിക്ക് രൂപം നല്‍കാനും കേന്ദ്ര റോഡുഗതാഗത-ഹൈവേ മന്ത്രാലയ ഉദ്യോഗസ്ഥരും സമര സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചരക്കുലോറി ഉടമകള്‍ ജൂലൈ 20 നാണ് ചരക്കുലോറിയുടമകള്‍ സമരം ആരംഭിച്ചത്. ഇന്ധന വിലക്കയറ്റം, ഇന്‍ഷുറന്‍സ് വര്‍ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവയ്‌ക്കെതിരെയായിരുന്നു സമരം.കേന്ദ്ര ധനമന്ത്രാലയമാണ് സമരം പിൻവലിച്ചതായി അറിയിച്ചത്.