ചെന്നൈ:അന്തരിച്ച ഡിഎംകെ അധ്യക്ഷനും മുൻ തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ സംസ്ക്കാരം ഇന്ന് വൈകുന്നേരം ആറുമണിക്ക് ചെന്നൈ മറീന ബീച്ചിൽ നടക്കും.പൊതുദര്‍ശനത്തിന് വച്ചിരുന്ന ഗോപാലപുരത്തെ രാജാജി ഹാളില്‍ നിന്നും സംസ്കാരം നടക്കുന്ന മറീന ബീച്ചിലേക്ക് മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. പ്രത്യേക അലങ്കരിച്ച വാഹനത്തിലാണ് മൃതദേഹം രാജാജി ഹാളില്‍ നിന്നും മറീന ബീച്ചിലേക്ക് കൊണ്ടുപോകുന്നത്. വന്‍ സുരക്ഷ സന്നാഹവും പോലീസ് ഒരുക്കിയിട്ടുണ്ട്. പ്രിയ നേതാവിനെ അവസാനമായി കാണാന്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകരും സാധാരണ ജനങ്ങളും ചെന്നൈ നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ തമ്പടിച്ചിട്ടുണ്ട്.മറീന ബീച്ചില്‍ അണ്ണാ സമാധിയുടെ സമീപത്തായി സംസ്കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. പൊതുദര്‍ശനം നടന്ന രാജാജി ഹാളില്‍ ജനങ്ങള്‍ തള്ളിക്കയറിയ സാഹചര്യത്തിൽ സംസ്ക്കാര ചടങ്ങുകള്‍ നടക്കുന്ന മറീന ബീച്ചിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. സിആര്‍പിഎഫും കമാന്‍ഡോ വിഭാഗവും തമിഴ്നാട് പോലീസും ചേര്‍ന്നാണ് ഇവിടെ സുരക്ഷയൊരുക്കുന്നത്.
അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധിയുടെ സംസ്ക്കാരം മെറീന ബീച്ചിൽ നടത്താൻ അനുമതി
ചെന്നൈ:അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധിയുടെ സംസ്ക്കാരം മെറീന ബീച്ചിൽ നടത്താൻ അനുമതി.ഇത് സംബന്ധിച്ച് വാദം കേട്ട മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.ഇതോടെ കരുണാനിധിയെ സംസ്‌ക്കരിക്കാന്‍ മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാനാവില്ലെന്ന സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു.സംസ്കാരം മെറീന ബീച്ചില്‍ നടത്തുന്നതു സംബന്ധിച്ച് സര്‍ക്കാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാത്രിയില്‍ വാദം കേട്ട കോടതി ഇതില്‍ വിധി പറയുന്നത് ഇന്ന് രാവിലത്തേക്ക് മാറ്റുകയായിരുന്നു.കരുണാനിധിയെ സംസ്കരിക്കാന്‍ മറീന ബീച്ചിനു പകരം ഗിണ്ടിയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിനു സമീപം രണ്ടേക്കര്‍ സ്ഥലം നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ നിലപാട് പുറത്തു വന്നതിനു പിന്നാലെ കാവേരി ആശുപത്രിക്കു മുന്നില്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ഡിഎംകെ അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മറീനാ ബീച്ചില്‍ അണ്ണാ സമാധിക്കു സമീപം അന്ത്യവിശ്രമസ്ഥലം ഒരുക്കണമെന്നായിരുന്നു കരുണാനിധിയുടെ മക്കളും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നത്. ഇതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹമെന്നും കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിനായി ചെന്നൈ രാജാജി ഹാളിൽ; അന്ത്യവിശ്രമ സ്ഥലത്തിൽ അനിശ്ചിതത്വം തുടരുന്നു
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി ചെന്നൈ രാജാജി ഹാളിലെത്തിച്ചു. പുലര്‍ച്ചെ 5.30 ഓടെയാണ് കരുണാനിധിയുടെ ഭൗതിക ശരീരം രാജാജി ഹാളില്‍ എത്തിച്ചത്. അവസാനമായി അദ്ദേഹത്തിനെ ഒരുനോക്ക് കാണുവാന്‍ രാജാജി ഹാളിലേക്ക് അണികളുടെയും പ്രമുഖരുടെയും ഒഴുക്കാണ്.മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി, ഒ പനീര്‍ സെല്‍വം, നടന്‍ രജനികാന്ത് തുടങ്ങിയവര്‍ പുലര്‍ച്ചെ തന്നെ രാജാജി ഹാളില്‍ എത്തിച്ചേര്‍ന്നു. ഇന്നലെ രാത്രി മുതല്‍ ആയിരക്കണക്കിന് ആളുകള്‍ രാജാജി ഹാളിന് പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. വൈകിട്ടോടെ കരുണാനിധിയുടെ സംസ്കാരം നടക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ അന്ത്യവിശ്രാസ്ഥലത്തെ ചൊല്ലി അനിശ്ചിതത്വം തുടരുകയാണ്. മറീന ബീച്ചില്‍ അണ്ണാ സമാധിയോട് ചേര്‍ന്ന് അന്ത്യവിശ്രം ഒരുക്കണമെന്ന ആവശ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നലെ രാത്രി 11 മണിക്ക് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ബുധനാഴ്ച രാവിലെ 8 മണിക്ക് വീണ്ടും വാദം തുടങ്ങും.
ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി അന്തരിച്ചു
ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ മുത്തുവേല്‍ കരുണാനിധി(94) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ജൂലൈ ഇരുപത്തിയൊമ്പതാം തീയതിയാണ് രക്തസമ്മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്ന് കരുണാനിധിയെ കാവേരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി വഷളായെങ്കിലും പിന്നീട് മെച്ചപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകീട്ടോടെ ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് വൈകീട്ടോടെയാണ് അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചെന്നും ചികിത്സകള്‍ ഫലം കാണുന്നില്ലെന്നുമുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നത്. തുടര്‍ന്ന് വൈകീട്ട് 6.30 നാണ് അന്ത്യം സംഭവിച്ചത്.
1924 ജൂണ്‍ 3ന് തമിഴ്നാട്ടിലെ തിരുക്കുവളൈയിലാണ് കരുണാനിധി ജനിച്ചത്. 80 വര്‍ഷത്തോളം പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. തിരക്കഥാകൃത്ത്, കവി, നോവലിസ്റ്റ്, ജീവചരിത്രകാരന്‍ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു. രജതി അമ്മാള്‍, ദയാലു അമ്മാള്‍ എന്നിവരാണ് ഭാര്യമാര്‍. എം കെ സ്റ്റാലിന്‍, കനിമൊഴി, എം കെ അളഗിരി, എം കെ മുത്തു, എം കെ തമിഴരസു, എം കെ സെല്‍വി എന്നിവരാണ് മക്കള്‍.1969 മുതല്‍ 2011 വരെയായി അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു. ഏറ്റവും കൂടുതല്‍ കാലം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ആള്‍ എന്ന പദവിയും കരുണാനിധിക്ക് സ്വന്തമാണ്.എംജിആറിന്‍റെ മരണശേഷം 1989 ലാണ് കരുണാനിധി ആദ്യമായി മുഖ്യമന്ത്രി ആകുന്നത്. പിന്നീട് 1996-2001, 2006-2011 എന്നീ കാലഘട്ടങ്ങളിലും അദ്ദേഹം തമിഴ്നാടിന്‍റെ മുഖ്യമന്ത്രി പദം അലങ്കരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിനപ്പുറം മികച്ച പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ടു.
കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അദ്ധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലെന്നാണ് ഇപ്പോള്‍ പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. അതുകൂടാതെ ചികിത്സ വേണ്ടത്ര ഫലം കാണുന്നില്ലെന്നും ബുള്ളറ്റിനില്‍ പറയുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറിലാണ് ആരോഗ്യസ്ഥിതി മോശമായതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.കരുണാനിധിയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായെന്ന് പ്രചരിച്ചതോടെ നിരവധി ഡിഎംകെ പ്രവര്‍ത്തകരാണ് ആശുപത്രി പരിസരത്തേക്ക് എത്തുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വന്‍പൊലീസ് സന്നാഹത്തെയാണ് ആശുപത്രി പരിസരത്ത് നിയോഗിച്ചിരിക്കുന്നത്.കഴിഞ്ഞ കുറെ ദിവസങ്ങളായി കരുണാനിധി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടയ്ക്ക് ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പിന്നീട് വീണ്ടും ഗുരുതരാവസ്ഥയിലേക്ക് മാറുകയായിരുന്നു.
സീനിയോറിറ്റി വിവാദത്തിനിടെ സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് കെഎം ജോസഫടക്കം മൂന്ന്പേര്‍ സത്യപ്രതിജ്ഞ ചെയ്തു
ഡൽഹി:സീനിയോറിറ്റി വിവാദത്തിനിടെ സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് കെഎം ജോസഫടക്കം മൂന്ന്പേര്‍ സത്യപ്രതിജ്ഞ ചെയ്തു.ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ജഡ്ജുമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.15 മിനിട്ട് മാത്രം നീണ്ടുനിന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുതിര്‍ന്ന അഭിഭാഷകരും ജഡ്ജുമാരും പങ്കെടുത്തു.ചീഫ് ജസ്റ്റിസിനെ സത്യപ്രതിജ്ഞാ ചടങ്ങിന് ചുമതലപ്പെടുത്തിയ രാഷ്ട്രപതിയുടെ അറിയിപ്പ് വായിച്ചതോടെയാണ് സത്യപ്രതിജ്ഞയുടെ നടപടികള്‍ക്ക് തുടക്കമായത്. മുന്‍ നിശ്ചയിച്ച സീനിയോറിറ്റി പ്രകാരം ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, വിനീത് സരണ്‍, ജസ്റ്റിസ് കെ എം ജോസഫ് എന്ന ക്രമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.7 മാസത്തെ വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടായിരുന്നു സുപ്രീംകോടതി ജഡ്ജിയായുള്ള കെ എം ജോസഫിന്റെ സത്യപ്രതിജ്ഞ. ദൈവനാമത്തിലായിരുന്നു കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. 4 വര്‍ഷവും 10 മാസവും സുപ്രീംകോടതി ജഡ്ജിയായി കെ എം ജോസഫിന് സേവനമനുഷ്ഠിക്കാനാകും. 7 മാസം കൊളീജിയം അംഗമായും അദ്ദേഹത്തിന് പ്രവര്‍ത്തിക്കാം.ജഡ്ജിയായി കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഏറെ ചര്‍ച്ചയായ സീനിയോറിറ്റി പ്രശ്‌നം സത്യപ്രതിജ്ഞയ്ക്ക് ശേഷവും സുപ്രീംകോടതിയില്‍ അവസാനിക്കില്ലെന്ന സൂചനയാണ് നിലവിലുള്ളത്.
ഇന്ന് അർധരാത്രി മുതൽ ദേശീയ വാഹന പണിമുടക്ക്
തിരുവനന്തപുരം:വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ മോട്ടോര്‍വാഹന തൊഴിലാളികള്‍ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്നു രാത്രി 12ന് തുടങ്ങും. ബസ് ചാര്‍ജ് വര്‍ധന സ്വകാര്യ കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കുന്നതുള്‍പ്പെടെ കേന്ദ്ര മോട്ടോര്‍വാഹന നിയമ ഭേദഗതിക്കെതിരേയാണു സമരം. ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സമരത്തിൽ പങ്കെടുക്കും.വര്‍ക്‌ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഡ്രൈവിങ് സ്കൂളുകള്‍ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും.മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്കുന്നുണ്ട്. സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി., കെ.എസ്.ടി.ഡി.യു. തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനംചെയ്തിട്ടുള്ളത്.ഓട്ടോറിക്ഷ, ടാക്‌സി,ചരക്കുകടത്തു വാഹനങ്ങള്‍, സ്വകാര്യബസ്, ദേശസാത്കൃത ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ തുടങ്ങി പൊതുഗതാഗത ചരക്കുകടത്ത് വാഹനങ്ങള്‍ സർവീസ് നടത്തില്ല.
കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതി; രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിടും
ചെന്നൈ:വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതി.എം.കരുണാനിധി രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്ന് ഡി.എം.കെ അറിയിച്ചു. പാര്‍ട്ടിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദുരൈ മുരുകനാണ് ഇക്കാര്യം അറിയിച്ചത്.നമ്മള്‍ പറയുന്നത് അദ്ദേഹത്തിന് മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും അപകടനില തരണം ചെയ്‌ത അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടുവരികയാണെന്നും ദുരൈ മുരുകന്‍ കൂട്ടിച്ചേര്‍ത്തു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം രക്ത സമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ജൂലായ് 28 നായിരുന്നു കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസം കൂടി അനുഭവപ്പെട്ടതോടെ അരോഗ്യനില കൂടുതല്‍ മോശമാവുകയായിരുന്നു.
കേരളാഹൗസിൽ സുരക്ഷാ വീഴ്ച;കത്തിയുമായി മുഖ്യമന്ത്രിയുടെ താമസസ്ഥലത്ത് മലയാളിയുടെ പ്രതിഷേധം
ന്യൂഡൽഹി:മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന കേരളാ ഹൗസിൽ വൻ സുരക്ഷാ വീഴ്ച.കത്തിയുമായി മുഖ്യമന്ത്രിയുടെ താമസസ്ഥലത്തെത്തിയ മലയാളി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയർത്തി. സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി താമസിക്കുന്ന കേരളഹൗസിലെ കൊച്ചിന്‍ ഹൗസിന് മുന്നിലായിരുന്നു വിമല്‍രാജിന്റെ പ്രതിഷേധം. തൊഴില്‍ സംബന്ധമായ തന്റെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു വിമല്‍രാജിന്റെ പ്രതിഷേധം. പോക്കറ്റില്‍ ദേശീയപതാകയും കൈയില്‍ കത്തിയുമായി കേരളാ ഹൗസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച വിമല്‍രാജിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയും കീഴ്‌പ്പെടുത്തി കത്തി പിടിച്ചു വാങ്ങുകയുമായിരുന്നു. നാല് ജില്ലകളിലായി മുഖ്യമന്ത്രിയെ കാണുന്നതിന് ശ്രമിച്ചു. എന്നാല്‍, നടന്നില്ല. അതിനാലാണ താന്‍ ഡല്‍ഹിയിലെത്തിയതെന്ന് വിമല്‍കുമാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.ഗതികേടു കൊണ്ടാണ് താന്‍ ഇത്തരമൊരു പ്രതിഷേധത്തിന് മുതിർന്നതെന്നും തന്നെ വേണമെങ്കില്‍ തല്ലിക്കൊന്നോളൂവെന്നും വിമല്‍ പറഞ്ഞു.
ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീം കോടതി ജഡ്ജിയാകും;വിജ്ഞാപനം പുറത്തിറങ്ങി
ന്യൂഡൽഹി:ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ഇന്നലെ രാവിലെ തന്നെ കെ എം ജോസഫിന്റെ നിയമനം കേന്ദ്രം അംഗീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമനം രാഷ്ട്രപതി അംഗീകരിച്ചതോടെ കേന്ദ്ര നിയമമന്ത്രാലയം ഇതുസംബന്ധിച്ച നിയമന ഉത്തരവ് പുറത്തിറക്കുകയായിരുന്നു.കെ എം ജോസഫിനെ കൂടാതെ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ഇന്ദിര ബാനര്‍ജിയേയും ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണിനേയും മറ്റ് രണ്ട് പുതിയ ജഡ്ജിമാരായി സുപ്രീംകോടതിയിലേക്ക് നിയമിക്കുന്നുണ്ട്. ഇവരുടെ നിയമന ഉത്തരവുകളും കേന്ദ്ര നിയമമനന്ത്രാലയം ഇറക്കിയിട്ടുണ്ട്. കെ എം ജോസഫിനൊപ്പം തന്നെ കേരള ഹൈക്കോടതിയിലെ നിലവിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും നിയമമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.