ന്യൂഡൽഹി:പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ കേരത്തിന് യു എ ഇ ഭരണകൂടം പ്രഖ്യാപിച്ച 700 കോടി രൂപ ഉൾപ്പെടെയുള്ള വിദേശ സഹായം സ്വീകരിക്കേണ്ടെന്ന് നിലപാടിൽ ഉറച്ച് കേന്ദ്രസർക്കാർ.2004ലെ സുനാമി ദുരന്തത്തെ തുടർന്ന് അന്നത്തെ മൻമോഹൻ സിംഗ് സർക്കാർ വിദേശ സഹായങ്ങൾ സ്വീകരിക്കേണ്ടെന്ന് നിലപാടെടുത്തിരുന്നു. ഇതേ നയമാണ് തങ്ങൾ തുടരുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം.പ്രളയം പോലുള്ള ദുരന്തങ്ങൾ നേരിടാൻ വിദേശ സഹായം കൈപ്പറ്റേണ്ടെന്ന കീഴ്വഴക്കം മാറ്റില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തെ സഹായിക്കാനുള്ള വിദേശരാജ്യങ്ങളുടെ സന്നദ്ധതയെ ഇന്ത്യ വിലമതിക്കുന്നു.എന്നാൽ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ സ്വയം നിർവഹിക്കുമെന്ന് നയം തുടരും.പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് പ്രവാസികളുടെയും വിദേശ ഇന്ത്യക്കാരുടെയും ഫൗണ്ടേഷനുകളടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെയും സംഭാവന സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ വെള്ളപ്പൊക്ക കെടുതി നേരിടാൻ ആഭ്യന്തര ശ്രമങ്ങളെ ആശ്രയിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നെതെന്ന് വിദേശരാജ്യ പ്രതിനിധികളോട് വ്യക്തമാക്കണമെന്നും കത്തിൽ പറയുന്നു.2004ൽ സുനാമിയുണ്ടായപ്പോൾ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് നിലവിലെ സാഹചര്യം നേരിടാൻ രാജ്യം പ്രാപ്തമാണ്, ആവശ്യമെങ്കിൽ വിദേശ സഹായം സ്വീകരിക്കാമെന്നായിരുന്നു. എന്നാൽ ഈ നിലപാട് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. തുടർന്ന് ഈ നിലപാട് തിരുത്താൻ യുപിഎ സർക്കാർ തീരുമാനിക്കുകയായിരുന്നു. ബഹുരാഷ്ട്ര സാമ്പത്തിക എജൻസികളിൽ നിന്നു മാത്രമല്ല വിദേശ രാജ്യങ്ങളുടെ സഹായവും സ്വീകരിക്കാമെന്ന് നയം തിരുത്തി. പക്ഷെ മൻമോഹൻ സിംഗിന്റെ മുൻനിലപാടിന്റെ ചുവടുപിടിച്ചാണ് മോദി സർക്കാർ കേരളത്തിനുള്ള വിദേശ സഹായം നിരസിക്കുന്നത്.
പ്രശസ്ത മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാർ അന്തരിച്ചു
ന്യൂഡല്‍ഹി:പ്രശസ്‌ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍(95) അന്തരിച്ചു.അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്‌ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ഉച്ചക്ക് ഒരുമണിക്ക് ഡല്‍ഹിയില്‍ നടക്കും. പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, രാജ്യസഭാംഗം, ഇന്ത്യന്‍ ഹൈക്കമീഷണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബിറ്റ്‌വീന്‍ ദി ലൈന്‍സ്(വരികള്‍ക്കിടയില്‍ )എന്ന പ്രതിവാര പക്‌തി ഏറെ വായിക്കപ്പെട്ടിട്ടുള്ളതാണ്.നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്‌തിട്ടുമുണ്ട്.ഡിസ്‌റ്റന്‍റ് നൈബേഴ്‌സ്, എ ടെയില്‍ ഓഫ് സബ് കോണ്ടിനെന്റ്, ഇന്ത്യാ ആഫ്‌റ്റര്‍ നെഹ്‌റു, വാള്‍ അറ്റ് വാഗാ: ഇന്ത്യാ പാകിസ്‌ഥാന്‍ റിലേഷന്‍ ഷിപ്പ് എന്നിവ പ്രധാന കൃതികളാണ്. അടിയന്തരാവസ്‌ഥ കാലത്ത് ഇന്ത്യന്‍ എക്‌സ്‌പ്രസ് ദിനപത്രത്തില്‍ എഴുതിയിരുന്ന കോളങ്ങള്‍ ഏറെ പ്രസിദ്ധമായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വിജയം കേരളത്തിന് സമര്‍പ്പിച്ച് വിരാട് കോലി;മാച്ച് ഫീസായ 2 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും
ട്രെന്റ്ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലെ വിജയം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സമര്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.’കേരളത്തിലെ കാര്യങ്ങള്‍ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന ചെറിയ കാര്യമാണിത്’ കോഹ്‌ലി പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ഗാലറി വിരാട് കോഹ്‌ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്. നേരത്തെ തന്നെ കേരളത്തെ എല്ലാവരും സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സച്ചിന്‍ ടെണ്ടുൽക്കർ,യുവ്‌രാജ് സിങ്, ഹാര്‍ദ്ദിക് പാണ്ഡ്യ, കേരള പരിശീലകന്‍ ഡവ് വാട്‌മോര്‍ ഉള്‍പ്പടെ നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു.ഇന്നത്തെ മത്സരം വിജിച്ചതിലെ മാച്ച് ഫീസായ രണ്ട് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും ബിസിസിഐ അറിയിച്ചു.ഇംഗ്ലണ്ടിൽ ഇന്ത്യ 80 വര്‍ഷത്തെ ചരിത്രത്തില്‍ നേടുന്ന വെറും ഏഴാമത്തെ വിജയം സ്‌പെഷ്യല്‍ ആയിരിക്കുമല്ലോ എന്ന് സമ്മാനദാനചടങ്ങില്‍ മുന്‍ ഇംഗ്ലണ്ട താരം മൈക്കിള്‍ ആതര്‍ട്ടണ്‍ ചോദിച്ചപ്പോഴാണ് നാട്ടില്‍ കേരളത്തിലെ സ്ഥിതിയെക്കുറിച്ച് കോലി പറഞ്ഞത്.
ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് നാലുപേർ മരിച്ചു
മുംബൈ:മഹാരാഷ്ട്രയിലെ മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് നാലുപേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ നഗരത്തിലെ 16 നില പാര്‍പ്പിട സമുച്ചയമായ ക്രിസ്റ്റല്‍ ടവറിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേരാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നത്.പുക ശ്വസിച്ച് ശാരീരികാസ്വാസ്യമുണ്ടായ 20 ഓളം പേരെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്. പരേലിലുള്ള ക്രിസ്റ്റല്‍ ടവറിലെ പന്ത്രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീ പെട്ടന്ന് അടുത്ത ഫ്‌ളാറ്റുകളിലേക്ക് പടരുകയായിരുന്നു. ക്രെയിനുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. തീ നിയന്ത്രണവിധേയമാക്കിയെന്നും ലെവല്‍-2 തീപിടിത്തമാണ് ഉണ്ടായതെന്നും അഗ്‌നിശമനസേന അധികൃതര്‍ പറഞ്ഞു
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് അന്തരിച്ചു
ന്യൂഡൽഹി:മുൻപ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്‌പേയ്(94) അന്തരിച്ചു.ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)ല്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മൂത്രനാളി, ശ്വാസനാളിയിലെ അണുബാധ വൃക്കരോഗങ്ങള്‍ എന്നിവയെ തുടര്‍ന്ന് ജൂണ്‍ 11നാണ് വാജ്പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ മേല്‍നോട്ടത്തിലുള്ള സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചത്. ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.1999 മുതല്‍ 2004 വരെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയ്, രോഗം കാരണം 2009 മുതല്‍ പൊതുവേദികളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയാണ് അടല്‍ ബിഹാരി വാജ്പേയി. രണ്ട് തവണ അദ്ദേഹം പ്രധാനമന്ത്രിയായി. ആദ്യത്തെ തവണ വെറും 13 ദിവസമേ പ്രധാനമന്ത്രിക്കസേരയിലിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. എന്നാല്‍ രണ്ടാം വരവില്‍ വാജ്പേയ് മന്ത്രിസഭ 5 വര്‍ഷം തികച്ചു. 2014ലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. 2014ല്‍ രാജ്യം പരമോന്നത സിവിലിയന്‍ പുരസ്കാരമാ ഭാരതരത്ന നല്‍കി ആദരിച്ചു.
മുൻപ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ നില അതീവ ഗുരുതരം;പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും സന്ദർശിച്ചു
ന്യൂഡല്‍ഹി: കഴിഞ്ഞ 9 ആഴ്ചകളായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിൽ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ ആരോഗ്യ നില വളരെ ഗുരുതരാവസ്ഥയില്‍. എയിംസ് ഇന്നലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നതെന്നും എയിംസ് പത്രക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില കൂടുതല്‍ മോശമായത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി,ഉപരാഷ്ട്രപതി തുടങ്ങിയവർ വാജ്‌പേയ്‌യിയെ സന്ദർശിച്ചു.
മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു
കൊൽക്കത്ത:മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായിരുന്നു.ജൂണ്‍ അവസാനവാരം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു.എന്നാൽ സ്ഥിതി മെച്ചപ്പെട്ടതിനെ തുര്‍ന്ന് 40 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി.എന്നാല്‍ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച വീണ്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പത്തു തവണ ലോക്സഭാംഗമായിരുന്നു സോമനാഥ് ചാറ്റര്‍ജി. 2004 മുതല്‍ 2009 വരെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇദ്ദേഹം ലോക്സഭാ സ്പീക്കറായിരുന്നത്.
കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഏഴ് കുട്ടികള്‍ മരിച്ചു
അഹമ്മദാബാദ്: കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഏഴ് കുട്ടികള്‍ മരിച്ചു. അഹമ്മദാബാദില്‍നിന്നും 180 കിലോമീറ്റര്‍ അകലെ ജംബുഗോഡയിലെ ഭാട്ട് ഗ്രാമത്തിലാണ് അപകടമുണ്ടായത്. പത്ത് പേര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മുഹമ്മദ് ബിലാല്‍ (17), മുഹമ്മദ് റൗഫ് (14), മുഹമ്മദ് സാജിദ് (13), ഗുല്‍ അഫ്റോസ് (13), അസീന ബാനു (11), മുഹമ്മദ് താഹിര്‍ (11), മുഹമ്മദ് യൂസഫ് (ഏഴ്) എന്നിവരാണ് മരിച്ചത്.റോഡിലെ വളവ് തിരിയുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. അപകടം നടന്നയുടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരാണ് മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ചത്.
മുംബൈയിൽ സ്കൂളിൽ വിതരണം ചെയ്ത അയേൺ ഗുളിക കഴിച്ച വിദ്യാർത്ഥിനി മരിച്ചു;160 പേർ ആശുപത്രിയിൽ
മുംബൈ: മുംബൈയില്‍ സ്‌കൂളില്‍ വിതരണം ചെയ്ത അയണ്‍ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ വിദ്യാര്‍ഥിനി മരിച്ചു, 160 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗോവംടിയിലെ മുനിസിപ്പല്‍ ഉര്‍ദു സ്‌കൂളിലെ വിദ്യാര്‍ഥിനി ചാന്ദിനി ശൈഖ് (12) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്‌കൂളില്‍ ഗുളിക വിതരണം ചെയ്തത്. ചൊവ്വാഴ്ച സ്‌കൂളില്‍ വരാതിരുന്ന കുട്ടി ബുധനാഴ്ചയും വ്യാഴാഴ്ചയും എത്തിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാത്രി രക്തം ഛര്‍ദ്ദിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തത്തില്‍ വിഷാംശമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് ആറിനാണ് ബി എം സി സ്‌കൂളില്‍ കുട്ടികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റ് കുട്ടികളുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
തമിഴ്‌നാട്ടിൽ ബസ് ലോറിയിലിടിച്ച് മൂന്നു മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു
നാമക്കൽ:തമിഴ്‌നാട്ടില്‍ ബസ് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36) മകന്‍ ഷിബു വര്‍ഗീസ് (10) റിജോ, ബസ് ഡ്രൈവറായിരുന്ന സിദ്ധാര്‍ഥ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 15പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തു വെച്ചായിരുന്നു അപകടമുണ്ടായത്. പള്ളക്കപാളയത്തേക്ക് പോയ ലോറിയുടെ പിന്നില്‍ ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.