ന്യൂഡൽഹി:ഓള്‍ഡ് സീമാപുരിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു.ചൊവ്വാഴ്ച പുലര്‍ചെ നാല് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഒരു മുറിയിലാണ് തീപിടിത്തമുണ്ടായത്. ഹരിലാല്‍ (56), ഭാര്യ റീന (55), ഇവരുടെ മകന്‍ ആഷു(24), മകള്‍ രോഹിണി(18) എന്നിവരാണ് മരിച്ചത്. വന്‍ തീപിടിത്തത്തെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് നാലുപേരും മരിച്ചത്. എല്ലാ മൃതദേഹങ്ങളും പോസ്റ്റ് മോര്‍ടെത്തിനായി ആശുപത്രിയിലേക്ക് അയച്ചു.പുലര്‍ച്ചെ 4.07നാണ് അഗ്‌നിശമനസേനയ്ക്ക് സന്ദേശം ലഭിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കൊതുകിനെ കൊല്ലാനുള്ള മൊസ്‌കിറ്റോ കോയിലിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍; 50,000 ടണ്‍ അരി അധിക വിഹിതമായി നല്‍കും
ന്യൂഡൽഹി: പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തിന് 50,000 ടണ്‍ അരി നല്‍കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ സംസ്ഥാനത്തിന് ഉറപ്പ് നല്‍കി. ദില്ലിയില്‍ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാനത്തിന് ആശ്വാസമാകുന്ന നിര്‍ണ്ണായക പ്രഖ്യാപനം കേന്ദ്രമന്ത്രി നടത്തിയത്.ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ജയ, സുരേഖ വിഭാഗത്തിലുള്ള അരി കേരളത്തിന് കൂടുതല്‍ ലഭ്യമാക്കും. ഇത് നവംബര്‍ മാസം മുതല്‍ പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. അന്ത്യോദയ അന്ന യോജന (എ.എ.വൈ), പ്രയോരിറ്റി ഹൗസ് ഹോള്‍ഡ് (പി എച് എച്) പ്രയോറിറ്റി വിഭാഗങ്ങളുടെ എണ്ണം എന്‍ എഫ് എസ് എ മാനദണ്ഡമനുസരിച്ച് കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളത് 1,54,80,040 ആണ്.എന്നാൽ ഈ വിഭാഗങ്ങളിൽ കേരളത്തിൽ കൂടുതൽ ഗുണഭോക്താക്കളുണ്ട്. അയതിനാൽ ഇത് സംബന്ധിച്ച നിബന്ധനകൾ പരിഷ്‌കരിക്കണം എന്ന് കൂടിക്കാഴ്ചയിൽ കേരളം ആവശ്യപ്പെട്ടു. സംസ്ഥാനം മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന വസ്തുതയും ചൂണ്ടിക്കാട്ടി.
മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം;ഒരാള്‍ മരിച്ചു;നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
മുംബൈ: മുംബൈയിലെ പരേലില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം.നഗരത്തിലെ ആഡംബര പാര്‍പ്പിട സമുച്ചയത്തിന്റെ 19-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പതിനാല് ഫയര്‍ എഞ്ചിനുകള്‍ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അവിഘ്‌ന പാര്‍ക്ക് അപാര്‍ട്ട്‌മെന്റിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നിരവധിപേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.കെട്ടിടത്തിന്റെ പത്തൊന്‍പതാം നിലയില്‍ നിന്ന് ഒരാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുന്ന ദൃശ്യങ്ങല്‍ പുറത്തുവന്നിരുന്നു. ഉച്ചയ്ക്ക് 12.45 ഓടെയാണ് അരുണ്‍ തിവാരി (30) എന്നയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്ബ് തന്നെ ഇയാള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.കിലോമീറ്ററുകളോളം കാണാവുന്ന രീതിയില്‍ കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
പുതിയ ചരിത്രം രചിച്ചു;100 കോടി ഡോസ് വാക്‌സിൻ രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനം; പ്രധാനമന്ത്രി
ന്യൂഡൽഹി: 100 കോടി വാക്സിൻ വിതരണമെന്ന അസാധാരണ ലക്ഷ്യമാണ് രാജ്യം പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരോ ഇന്ത്യക്കാരന്റെയും നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 100 കോടി ഡോസ് വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 100 വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. ഇതില്‍ നിന്ന് രാജ്യം കരകയറുമോയെന്ന ആശങ്ക പലരിലും ശക്തമായിരുന്നു. എന്നാല്‍ വാക്സിന്‍ വിതരണത്തിലൂടെ അസാധാരണമായ ലക്ഷ്യം കൈവരിക്കാന്‍ നമുക്ക് സാധിച്ചു. രാജ്യം കൊറോണയില്‍ നിന്ന് കൂടുതല്‍ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.പല വികസിത രാജ്യങ്ങളേക്കാള്‍ മികച്ച രീതിയിലാണ് ഇന്ത്യയിലെ വാക്സിന്‍ വിതരണം നടന്നത്. കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ സൃഷ്ടിച്ച കൊവിന്‍ പ്ലാറ്റ്ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകം മുഴുവന്‍ ഇന്ത്യയുടെ നേട്ടങ്ങളെ അഭിന്ദിക്കുകയാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എല്ലാവരും വാക്സിന്‍ എടുക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി വാക്സിന്‍ എടുത്തവര്‍ എടുക്കാത്തവരെ പ്രോല്‍സാഹിപ്പിക്കണമെന്നും നിര്‍ദേശിച്ചു
രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർദ്ധനവ്; തിരുവനന്തപുരത്ത് പെട്രോള്‍ വില 109.20 രൂപ
ന്യൂഡൽഹി:രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർദ്ധനവ്.പെട്രോളിന് ഒരു ലിറ്ററിന് 35 പൈസയും ഡീസലിന് ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നത്.ഇതോടെ കൊച്ചിയില്‍ ഡീസലിന് 100.96 രൂപയും പെട്രോളിന് 107. 20 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 109.20ഉം ഡീസല്‍ വില 102.75 രൂപയുമായാണ് കൂടിയത്.ഒരു മാസത്തിനിടെ ഡീസലിന് കൂട്ടിയത് 7 രൂപ37 പൈസയാണ്. പെട്രോളിന് 5 രൂപ 70 പൈസയും വര്‍ധിപ്പിച്ചു.അതേസമയം രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍.
കോവിഡ് വാക്‌സിനേഷനിൽ ചരിത്ര നേട്ടത്തിൽ ഇന്ത്യ; വാക്സിനേഷന്‍ 100 കോടി ഡോസിലേക്ക്
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ നൂറ് കോടി ഡോസിലേക്ക്. ഇന്നലെ രാത്രിയിലെ കണക്ക് പ്രകാരം 99.7 കോടി ഡോസാണ് നല്‍കിയത്. ഇന്ന് ഉച്ചയോടെ 100 കോടി ഡോസ് പിന്നിടും. കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക ചുവടുവെപ്പാണിതെന്നും വാക്സിന്‍ സ്വീകരിക്കാത്തവര്‍ ഉടന്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു..2021 ജനുവരി 16 നായിരുന്നു വാക്സിന്‍ വിതരണം ആരംഭിച്ചത്.ചരിത്ര നിമിഷത്തില്‍ വലിയ ആഘോഷ പരിപാടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. രാജ്യത്തെ വിമാനങ്ങള്‍, കപ്പല്‍, ട്രെയിനുകളില്‍ എന്നിവിടങ്ങളില്‍ നൂറ് കോടി ഡോസ് വാക്സിന്‍ കടന്നതിന്റെ പ്രഖ്യാപനമുണ്ടാകും. കേരളത്തിലെ രണ്ട് സ്ഥലങ്ങളിലാണ് ആഘോഷ പരിപാടികള്‍ നടക്കുക. ബേക്കല്‍ കോട്ടയിലും കണ്ണൂര്‍ കോട്ടയിലും ആഘോഷങ്ങള്‍ നടക്കും.കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച്, രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 75 ശതമാനം ആളുകള്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. എന്നാല്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചവരുടെ അനുപാതം 31 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വാക്സിന്‍ വിതരണം നടത്തിയത് ഉത്തര്‍പ്രദേശിലാണ്.ജനുവരി 16നാണ് ഇന്ത്യ വാക്സിനേഷന്‍ യജ്ഞം ആരംഭിക്കുന്നത്. ആദ്യഘട്ടമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കിത്തുടങ്ങി. മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കുത്തിവെപ്പ് നല്‍കാന്‍ തീരുമാനിച്ചു.
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനവും ശക്തമായ മഴയും;മരിച്ചവരുടെ എണ്ണം 40 ആയി
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 40 ആയി.നിരവധി വീടുകളും പാലങ്ങളും ഒലിച്ചുപോയി. റോഡുകള്‍ തകര്‍ന്നതോടെ വാഹനങ്ങള്‍ ഒറ്റപ്പെടുകയും നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്. ജനങ്ങള്‍ വിവിധ മേഖലകളില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.സൈന്യം അതിവേഗത്തിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.റെയില്‍ ഗതാഗതം പാടെ താറുമായിരിക്കുകയാണ്. ഗൗളാ നദിയുടെ ഒഴുക്ക് ശക്തമായതോടെ നൈനിറ്റാളിലേക്കുള്ള റെയില്‍ പാളങ്ങളും നദിക്കു കുറുകേ നിര്‍മ്മിച്ചിരുന്ന പാലവും ഒലിച്ചുപോയി. കാത്‌ഗോദാം റെയില്‍വ്വേ സ്‌റ്റേഷന്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. രക്ഷപെടാന്‍ റെയില്‍വ്വേ സ്റ്റേഷനിലേക്ക് എത്തിയവരടക്കം കുടുങ്ങിക്കിടക്കുകയാണ്.
ഡൽഹിയിലെ കര്‍ഷക സമരവേദിക്ക് സമീപം യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന്റെ കൈ വെട്ടിമാറ്റി ബാരിക്കേഡില്‍ കെട്ടിതൂക്കി
ഡൽഹി:സിങ്ഘു അതിര്‍ത്തിക്കടുത്ത് കര്‍ഷക സമരവേദിക്ക് സമീപം യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രധാന പ്രതിഷേധ വേദിക്ക് സമീപത്തായി പൊലീസിന്റെ ബാരിക്കേഡില്‍ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന്റെ കൈ വെട്ടിമാറ്റിയ നിലയിലാണ്.ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചെന്നാരോപിച്ച് സിഖ് തീവ്ര സംഘടനയായ നിഹാങ്ങില്‍ ഉള്‍പ്പെട്ടവരാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. തല്ലിക്കൊന്ന് ബാരിക്കേടില്‍ കെട്ടിതൂക്കിയതിനു ശേഷം കൈ വെട്ടിമാറ്റിയതാകാം എന്നാണ് നിഗമനം. എന്നാല്‍ സംഭവത്തില്‍ ഔദ്യോഗികമായ വിശദീകരണം പൊലീസ് ഇതുവരെ നല്‍കിയില്ല. മൃതദേഹം സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.
ജമ്മു കശ്മീരിലെ പൂഞ്ചില്‍ വീണ്ടും ഏറ്റുമുട്ടല്‍; 2 സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരു ജൂനിയര്‍ കമീഷന്‍ഡ് ഓഫീസെറും, ജവാനുമാണ് മരിച്ചത്.തിങ്കളാഴ്ച ആക്രമണം നടത്തിയ ഭീകരരുടെ സംഘത്തില്‍പെട്ടവര്‍ തന്നെയാണ് ഈ ആക്രമണത്തിനും പിന്നിലെന്നാണ് സംശയിക്കുന്നത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപോര്‍ടുകള്‍. മേഖലയില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജമ്മു-പൂഞ്ച്-രജൗറി ഹൈവേ അടച്ചു. ഇന്‍ഡ്യയിലേക്ക് നുഴഞ്ഞു കയറിയ സൈനികര്‍ക്കായി പൂഞ്ച് ജില്ലയിലെ നര്‍കാസ് വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സൈനിക ഓഫിസെര്‍ക്കും സൈനികനും ഗുരുതരമായി പരുക്കേറ്റതെന്ന് വ്യാഴാഴ്ച സേനാ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഭീകരവാദികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.അതിര്‍ത്തിയിലെ സുരാന്‍കോട് വനമേഖലയില്‍ ഭീകരര്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ചെ തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഭീകരാക്രമണം. ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്. ഇതേതുടര്‍ന്ന് തിരിച്ചടിച്ച സൈന്യം ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ രണ്ടിടത്തായി അഞ്ച് ഭീകരരെ വധിച്ചു. കശ്മീര്‍ താഴ്‌വരയിലുടനീളം സേന ഭീകരവിരുദ്ധ നടപടി ശക്തമാക്കുകയും ചെയ്തു.കഴിഞ്ഞ തിങ്കളാഴ്ച പൂഞ്ചില്‍ നിയന്ത്രണരേഖയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പെടെ അഞ്ച് ഇന്‍ഡ്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. മലയാളി ജവാന്‍ വൈശാഖിനെ കൂടാതെ ജൂനീയര്‍ കമീഷന്‍ഡ് ഓഫീസെര്‍ ജസ് വീന്ദ്രര്‍ സിങ്, നായിക് മന്‍ദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജന്‍ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികര്‍.
പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച്. വൈശാഖിന്റെ സംസ്‌കാരം ഇന്ന്
കൊല്ലം:കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച്. വൈശാഖിന്റെ സംസ്‌കാരം ഇന്ന് നടക്കും.പൊതുദർശനത്തിന് ശേഷം ഉച്ചയ്‌ക്ക് 12.30ന് കൊല്ലത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം.തിരുവനന്തപുരം വിമാനത്താവളത്തിൽ ബുധനാഴ്ച രാത്രിയെത്തിച്ച മൃതദേഹം സേനയെ പ്രതിനിധീകരിച്ച് പാങ്ങോട് ക്യാമ്പ് അഡ്മിൻ കമാൻഡന്റ് കേണൽ മുരളി ശ്രീധരൻ ഏറ്റുവാങ്ങി.സർക്കാരിനായി മന്ത്രി എൻ.ബാലഗോപാൽ പുഷ്പചക്രം അർപ്പിച്ചു. എം.പി.കൊടിക്കുന്നിൽ സുരേഷ്, കളക്ടർ നവജ്യോത് ഖോസ, ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി.രാജേഷ് എന്നിവരും അന്തിമോപചാരമർപ്പിച്ചിരുന്നു. തുടർന്ന് പാങ്ങോട് മിലിറ്ററി ക്യാമ്പിൽ ഭൗതിക ദേഹമെത്തിച്ചു.കഴിഞ്ഞ തിങ്കളാഴ്‌ച്ച പുലർച്ചെയാണ് വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികർ പൂഞ്ചിൽ വീരമൃത്യു വരിച്ചത്. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് പൂഞ്ച് ജില്ലയിലെ സുരൻഖോട്ട് മേഖലയിലെ ഗ്രാമങ്ങളിൽ നടത്തിയ തിരച്ചിലിനിടയാണ് ഏറ്റുമുട്ടൽ ഉണ്ടായതും വൈശാഖ് അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചതും.