ദില്ലി: സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിയ ചരിത്രപരമായ വിധിക്ക് ശേഷം സുപ്രീം കോടതിയില്‍ നിന്ന് മറ്റൊരു നിര്‍ണായക വിധി കൂടി. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതി വിധി പ്രകാരം പേരറിവാളന്‍ അടക്കമുള്ളവര്‍ നീണ്ട നാളത്തെ ജയില്‍വാസത്തിന് ശേഷം മോചിതരാകും. പ്രതികളെ മോചിതരാക്കാം എന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി.ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം.പേരറിവാളന്‍, നളിനി, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, മുരുഗന്‍, ശാന്തന്‍ എന്നിവരാണ് 27 വര്‍ഷമായി രാജീവ് ഗാന്ധി കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.2014ല്‍ ആണ് കേസിലെ മുഴുവന്‍ പ്രതികളേയും വിട്ടയയ്ക്കാന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തിന് എതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഏകപക്ഷീയമായി പ്രതികളെ വിട്ടയക്കാനുള്ള തീരുമാനം സംസ്ഥാനത്തിന് എടുക്കാനാവില്ലെന്നും പ്രധാനമന്ത്രിയെ വധിച്ച കേസാണെന്നും കേന്ദ്രം വാദിച്ചു.പ്രതികളുടെ ദയാഹര്‍ജി തമിഴ്‌നാട് ഗവര്‍ണര്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രതികളില്‍ ഒരാളായ പേരറിവാളന്റെ അമ്മ അര്‍പ്പുതാമ്മാള്‍ മകന് വേണ്ടി വര്‍ഷങ്ങളായി നടത്തുന്ന നിയമപോരാട്ടം രാജ്യശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാനെത്തിയ സംഘത്തിന് ബോംബ് നിര്‍മ്മിക്കാന്‍ ആവശ്യമായ ബാറ്ററികള്‍ എത്തിച്ച് കൊടുത്തു എന്ന കുറ്റത്തിനാണ് പേരറിവാളനെ അറസ്റ്റ് ചെയ്തത്.
സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ല;സുപ്രീം കോടതിയുടെ ചരിത്ര വിധി
ന്യൂഡൽഹി:സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതിയുടെ ചരിത്ര വിധി വന്നു.ലോകം ഉറ്റുനോക്കുന്ന വിധിയിലൂടെ 157 വർഷം പഴക്കമുള്ള വിധിയാണ് സുപ്രീം കോടതി തിരുത്തിയെഴുതിയത്.സ്വവർഗ ലൈംഗികത കുറ്റകരമായി കണക്കാക്കിയിരുന്ന ഭരണഘടനയിലെ 377 ആം വകുപ്പ് ഇതോടെ ഇല്ലാതാകും.ജീവിക്കാനുള്ള സ്വാതന്ത്രമാണ് പ്രധാനമെന്നും ഒരാളുടെ ലൈംഗികത ഭയത്തോടെ ജീവിക്കാനുള്ള കാരണമാകരുതെന്നും കോടതി പറഞ്ഞു. വൈവിധ്യത്തിന്റെ ശക്തിയെ മാനിക്കണമെന്നും എല്‍ജിബിറ്റി സമൂഹത്തിന് മറ്റെല്ലാവര്‍ക്കും ഉള്ളതുപോലെ അവകാശമുണ്ടെന്നും വിധിയില്‍ വ്യക്തമാക്കുന്നു. അഞ്ചംഗ ബെഞ്ച് ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുത്തത്.സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നര്‍ത്തകന്‍ നവജ്യോത് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ മെഹ്‌റ തുടങ്ങിയവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ഇന്ന് നിര്‍ണ്ണായക വിധി എത്തിയിരിക്കുന്നത്.സ്വവര്‍ഗരതി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കേണ്ടത് പാര്‍ലമെന്റാണെന്ന് ഹര്‍ജിക്കാരെ എതിര്‍ത്ത് ക്രൈസ്തവ സംഘനകള്‍ വാദിച്ചു. നാല് ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷം കഴിഞ്ഞ ജൂലായ് 17നാണ് കേസ് വിധി പറയാന്‍ മാറ്റിവെച്ചത്. ലിംഗവ്യത്യാസമില്ലാതെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന പരാമര്‍ശവും കോടതിയില്‍ നിന്നുണ്ടായി. ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത പൗരാവകാശം എന്ന നിലയിലേക്കാണ് ചരിത്രപരമായ വിധിയിലൂടെ മാറ്റം വന്നിരിക്കുന്നത്.
കൊൽക്കത്തയിൽ പാലം തകർന്ന് 5 പേർ മരിച്ചു;11 പേർക്ക് പരിക്ക്
കൊല്‍ക്കത്ത: മജേര്‍ഹാത് പാലം തകര്‍ന്നുവീണ് അഞ്ച് പേർ മരിച്ചു., 11 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ എണ്ണം കൂടിയേക്കാം എന്നാണ് സൂചന. ഒട്ടേറെ വാഹനങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടങ്ങിക്കിടക്കുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നിരവധി വാഹനങ്ങള്‍ പാലത്തിന് മുകളിലുണ്ടായിരുന്നപ്പോഴാണ് വലിയ ശബ്ദത്തോടെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നത്.നാട്ടുകാരും പൊലീസും ദുരന്തനിവാരണ സേനയും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിവരമറിഞ്ഞ മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തര ബംഗാളിലെ പരിപാടികള്‍ റദ്ദാക്കി കൊല്‍ക്കത്തയിലേക്കു തിരിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
രാജ്യത്ത് ഇന്ധന വില കുതിക്കുന്നു
ന്യൂഡൽഹി:തുടര്‍ച്ചയായി പതിനൊന്നാം ദിവസവും രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 16 പൈസയും, ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ചൊവ്വാഴ്ച ലിറ്ററിന് 79.31 രൂപയാണ് ഡല്‍ഹിയിലെ പെട്രോള്‍ വില, ഡീസലിന് 71.34 രൂപയുമാണ്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 86.72 രൂപയായും, ഡീസല്‍ വില ലിറ്ററിന് 75.74 രൂപയായും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82.7 രൂപയും, ഡീസലിന് ലിറ്ററിന് 76.41 രൂപയുമാണ് വിലയുള്ളത്. കഴിഞ്ഞ അഞ്ച് മാസം കൊണ്ട് ഡീസല്‍ വില ലിറ്ററിന് 4.66 രൂപയും, പെട്രോള്‍ വില ലിറ്ററിന് 6.35 രൂപയുമാണ് വര്‍ധിച്ചത്.രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാന്‍ കാരണമാകുന്നത്. അതേസമയം വിലവർധനയ്ക്ക് കാരണം ബാഹ്യഘടകങ്ങളാണെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.അസംസ്‌കൃത എണ്ണയുത്പാദനം കുറഞ്ഞു.ഉത്പാദനം പ്രതിദിനം പത്തുലക്ഷം വീപ്പയാക്കാമെന്ന് ഒപെക് പറഞ്ഞിരുന്നെങ്കിലും അത് നടപ്പായില്ലെന്നും മന്ത്രി വ്യക്തമാക്കി.
കർണാടകയിൽ വോട്ടെണ്ണലിനിടെ ആസിഡ് ആക്രമണം;25 പേർക്ക് പരിക്ക്
കർണാടക:കര്‍ണാടകയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ ആസിഡ് ആക്രമണം.25 പേര്‍ക്ക് പൊള്ളലേറ്റു. തുമക്കുറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നിലാണ് ആക്രമണമുണ്ടായത്.തുമക്കുറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇനിയത്തുള്ള ഖാന്റെ വിജയത്തെ തുടര്‍ന്ന് ആഹ്ലാദപ്രകടനം നടത്തിയ പ്രവർത്തകർക്കെതിരെയാണ് അക്രമികൾ ആസിഡ് ആക്രമണം നടത്തിയത്.സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. തുമക്കുര്‍, മൈസൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം.
സേലത്തെ വാഹനാപകടം;മരിച്ച ഏഴുപേരിൽ ആറുപേരും മലയാളികൾ
സേലം:തമിഴ്‌നാട്ടിലെ സേലത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഏഴുപേരിൽ ആറുപേരും മലയാളികൾ.ഇതില്‍ നാല് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.ആലപ്പുഴ സ്വദേശികളായ ജോര്‍ജ് ജോസഫ് (60), ഭാര്യ അല്‍ഫോന്‍സ (55), മകള്‍ ടീനു ജോസഫ് (32), മകളുടെ ഭര്‍ത്താവ് സിജി വിന്‍സന്‍റ് (35) എന്നിവരാണ് മരിച്ച ഒരു കുടുംബത്തിലെ അംഗങ്ങള്‍. എടത്വ സ്വദേശി ജിം ജേക്കബ് (58), ഷാനു (28) എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.പുലര്‍ച്ചെ ഒന്നോടെ സേലത്തിന് സമീപം മാങ്കമം എന്ന സ്ഥലത്തായിരുന്നു അപകടം. കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ബസ് ദേശീയപാതയില്‍ വച്ച് മറ്റൊരു വാഹനത്തിലിടിച്ച ശേഷം റോഡിലെ മീഡിയനിലൂടെ കടന്ന് ബംഗളൂരുവില്‍ നിന്നും തിരുവല്ലയ്ക്ക് എതിർദിശയിലൂടെ വരികയായിരുന്ന യാത്ര ട്രാവൽസിന്റെ ബസ്സിൽ ഇടിക്കുകയായിരുന്നു.സേലം ജില്ലാ കളക്ടര്‍ ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അപകടത്തില്‍ ബസുകള്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ സേലത്തെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സേലത്ത് വാഹനാപകടം;മലയാളികളടക്കം ഏഴുപേർ മരിച്ചു
സേലം:സേലത്ത് വാഹനാപകടത്തിൽ മലയാളികളടക്കം ഏഴുപേർ മരിച്ചു.ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.സേലത്തിനടുത്ത് മാമാങ്കം എന്ന സ്ഥലത്തു വെച്ചാണ് അപകടം.ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്ന യാത്ര ട്രാവൽസിന്റെ ബസ്സും സേലത്ത് നിന്നും കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.കൃഷ്ണഗിരിയിൽ നിന്നും പോവുകയായിരുന്ന സ്വകാര്യ ബസ് മുന്നിലുള്ള ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറിൽ തട്ടി എതിരെ വരികയായിരുന്ന യാത്ര ട്രാവൽസിന്റെ ബസ്സിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ മരിച്ചവരിൽ നാലുപേർ മലയാളികളാണെന്നണ് സൂചന.മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.ആലപ്പുഴ സ്വദേശി ജിമ്മി ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്. ഭാര്യയോടും മകനോടുമൊപ്പമായിരുന്നു ജേക്കബ് യാത്ര ചെയ്തിരുന്നത്. അപകടത്തില്‍ പരിക്കേറ്റ ഭാര്യയും മകനും ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ പരിക്കേറ്റ 31 പേര സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസഖ്യ ഇനിയും കൂടാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടവിവരം അറിഞ്ഞ ഉടന്‍ ജില്ലാ കലക്ടര്‍ രോഹിണിയുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
ചലച്ചിത്ര നടനും ടിഡിപി മുന്‍ എംപിയുമായിരുന്ന നന്ദമൂരി ഹരികൃഷ്ണ വാഹനാപകടത്തിൽ മരിച്ചു
ഹൈദരാബാദ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന തെലുങ്ക് നടനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റ ഭാര്യ സഹോദരനുമായ നന്ദമൂരി ഹരികൃഷ്ണ(61) അന്തരിച്ചു.മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) സ്ഥാപകനുമായ എന്‍ടി രാമ റാവുവിന്റെ മകനാണ്. 2008 മുതല്‍ 2014 വരെ ടിഡിപിയുടെ രാജ്യസഭ എംപിയായിരുന്നു. ഹൈദരാബാദില്‍നിന്നു നൂറ് കിലോമീറ്റര്‍ അകലെ നല്‍ഗോണ്ടയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഹരികൃഷ്ണ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നന്ദമുരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അമിതവേഗതയിലെത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ലക്ഷ്മിയാണ് ഭാര്യ. രണ്ട് വിവാഹങ്ങളില്‍ നിന്നായി പ്രശസ്ത തെലുങ്ക് നടന്‍ എന്‍ടിആര്‍ ജൂനിയര്‍ അടക്കം അഞ്ച് മക്കളാണുള്ളത്. മറ്റൊരു മകന്‍ കല്യാണ്‍ റാമും നടനാണ്. മറ്റൊരു അറിയപ്പെടുന്ന തെലുങ്ക് നടന്‍ ബാലകൃഷ്ണ സഹോദരനാണ്.
എൻഡിടിവി ആറു മണിക്കൂർ കൊണ്ട് കേരളത്തിനായി സമ്പാദിച്ചത് പത്തുകോടി രൂപ
മുംബൈ: പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് കൈത്താങ്ങായി ദേശീയ മാദ്ധ്യമമായ എന്‍.ഡി.ടി.വിയും. ഇന്ത്യ ഫോര്‍ കേരള എന്ന ആറര മണിക്കൂര്‍ നീളുന്ന പരിപാടിയിലൂടെ ചാനല്‍ സ്വരൂപിച്ചത് പത്ത് കോടിയിലേറെ രൂപയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ സംഭാവനകളുമായി രംഗത്തെത്തിയിട്ടുണ്ട്.കേരളം ഒരു പുനര്‍ നിര്‍മാണത്തിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് എന്‍.ഡി.ടി.വി ധനശേഖരണാര്‍ത്ഥം പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ചാനലിന്റെ ഔദ്യോഗിക പ്രസ്ഥാവനയില്‍ വ്യക്തമാക്കി. രാഷ്ട്രീയ- സംസ്‌കാരിക- സാമൂഹിക രംഗത്തെ നിരവധി പേരാണ് കേരളത്തിന് വേണ്ടി സംഭവന ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. പരിപാടി വഴിയെത്തുന്ന എല്ലാ സംഭാവനകളും പ്ലാന്‍ ഇന്ത്യ എന്ന എന്‍.ഡി.ടി.വിയുടെ സന്നദ്ധ സംഘടനയിലേക്കായിരിക്കും എത്തുക. ആ തുക കേരളത്തിലെ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച ഗ്രാമങ്ങളെ സഹായിക്കുന്നതിന് വേണ്ടി ഉപയോഗിക്കുമെന്ന് ചാനല്‍ വെളിപ്പെടുത്തി. അതേസമയം, കേരളത്തെ സഹായിക്കാന്‍ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ച എന്‍.ഡി.ടി.വിക്ക് നന്ദിയും അഭിനന്ദനവും അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി തമിഴ്നാട്;മുഴുവൻ സർക്കാർ ജീവനക്കാരുടെ ഒരുദിവസത്തെ വേതനം കേരളത്തിന് നൽകും
ചെന്നൈ:പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി തമിഴ്നാട്.മുഴുവൻ സർക്കാർ ജീവനക്കാരുടെ ഒരുദിവസത്തെ വേതനം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഏകദേശം 200 കോടി രൂപയോളം വരുന്ന തുകയാകും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക.തമിഴ്‌നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ (ടിഎന്‍ജിഇഎ) സംസ്ഥാന സെക്രട്ടറി സി.ആര്‍.രാജുകുമാറാണ് ഈ വിവരം അറിയിച്ചത്. ഈ മാസത്തെ ശമ്പളത്തിൽ നിന്നും ഇതു നല്‍കാനാണു തീരുമാനം.കേരളത്തിന് നേരത്തെ നല്‍കി വന്നിരുന്ന സഹായങ്ങള്‍ക്ക് പുറമെയാണിത്. കഴിഞ്ഞ ദിവസങ്ങളിലായി ഒരു ലക്ഷം ലിറ്റര്‍ ‘അമ്മ’ ബ്രാന്‍ഡ് കുടിവെള്ളം തമിഴ്‌നാട് കേരളത്തില്‍ എത്തിച്ചിരുന്നു. ഇത് കൂടാതെ 4000 കിലോ അരി, ആവശ്യമരുന്നുകള്‍, കുട്ടികളുടെ ഉടുപ്പുകള്‍, ബെഡ്ഷീറ്റുകള്‍, സാരികള്‍, ജാക്കറ്റുകള്‍ എന്നിവ തമിഴ്‌നാട് ജീവനക്കാര്‍ തിരുവനന്തപുരത്തും ഇടുക്കിയിലും എത്തിച്ചിരുന്നു.തമിഴ് സിനിമാ അഭിനേതാക്കളും പ്രവര്‍ത്തകരും സിനിമാ സംഘടനകളും നിരവധി സഹായങ്ങള്‍ കേരളത്തിനായി എത്തിച്ചിരുന്നു.